ഐഫോണ്‍, ടി20 ലോകകപ്പ് ടിക്കറ്റുകള്‍, ഷോപ്പിങ് വൗച്ചറുകള്‍, റിവാര്‍ഡ്‌സ് പോയിന്റുകള്‍ തുടങ്ങിയ റിവാർഡുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്
ദില്ലി: യുപിഐ വിപണിയിൽ സ്വാധീനം മെച്ചപ്പെടുത്താൻ അമ്പരപ്പിക്കുന്ന ഓഫർ വാഗ്ദാനം ചെയ്ത് ഫിൻടെക് കമ്പനികളിലെ പ്രമുഖരായ പേടിഎം. ഒക്ടോബർ 14 ന് തുടങ്ങിയ ഓഫർ വഴി ദിവസവും ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ ക്യാഷ്ബാക്ക് കിട്ടുന്ന പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. പേടിഎം ആപ്പിലൂടെ പണം അയക്കല്‍, ഓണ്‍ലൈന്‍ / ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍, റീചാര്‍ജുകള്‍ തുടങ്ങിയവയിലൂടെ കാഷ്ബാക്ക് നേടാനാവും.
പേടിഎം യുപിഐ, പേടിഎം വാലറ്റ്, പേടിഎം പോസ്റ്റ്‌പെയ്ഡ് തുടങ്ങിയവ വഴി ഉത്സവ കാലത്ത് ഓഫറിനും മറ്റുമായി 100 കോടി രൂപയാണ് കമ്പനി നീക്കിവെച്ചിരിക്കുന്നത്. ഇത് പ്രകാരം നവംബർ 14 വരെ ദിവസവും 10 ഭാഗ്യവാന്മാര്‍ക്ക് ഒരു ലക്ഷം രൂപ വീതം നേടാന്‍ അവസരമുണ്ട്. പുറമെ 10000 പേർക്ക് 100 രൂപ വീതം കാഷ്ബാക്ക് ലഭിക്കും. മറ്റൊരു 10000 പേർക്ക് 50 രൂപ വീതവും ലഭിക്കും. ദീപാവലിയോട് അടുത്ത് നവംബര്‍ ഒന്നിനും മൂന്നിനുമിടയിൽ ഉപഭോക്താക്കള്‍ക്ക് 10 ലക്ഷം രൂപവരെ നേടാനാവും.
ഐഫോണ്‍, ടി20 ലോകകപ്പ് ടിക്കറ്റുകള്‍, ഷോപ്പിങ് വൗച്ചറുകള്‍, റിവാര്‍ഡ്‌സ് പോയിന്റുകള്‍ തുടങ്ങിയ റിവാർഡുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മൊബൈല്‍, ബ്രോഡ്ബാന്‍ഡ്, ഡിടിഎച്ച് റീചാര്‍ജുകള്‍, ബില്ലുകള്‍ അടയ്ക്കല്‍, പണം ട്രാന്‍സ്ഫര്‍ ചെയ്യല്‍, യാത്ര ടിക്കറ്റുകള്‍ (വിമാനം, ട്രെയിന്‍, ബസ്) ബുക്ക് ചെയ്യുക, ക്രെഡിറ്റ് ബില്‍ അടയ്ക്കുക, ഇന്ധനം നിറയ്ക്കല്‍, സിനിമ ടിക്കറ്റ് ബുക്കിങ്, ഫാസ്ടാഗ് പേയ്‌മെന്റ്, കിരാന സ്റ്റോറുകളില്‍ ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍, ഷോപ്പിങ് മാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍, റെസ്റ്റോറന്റ് തുടങ്ങിയ ഇടങ്ങളിലെ ബില്ലടയ്ക്കാൻ ആപ്പ് ഉപയോഗിക്കുമ്പോഴും കാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്പനി അനുവദിച്ചിട്ടുള്ള പേമെന്റ് സംവിധാനങ്ങൾ വഴി മാത്രമേ ഓഫര്‍ ലഭിക്കൂ.