വാഹനങ്ങളുടെ വില വർധിപ്പിക്കും: കൂടുതൽ സെയിൽസ്, സർവീസ് എക്സിക്യൂട്ടീവുകളെ നിയമിക്കാൻ ആവശ്യപ്പെട്ട് നിസ്സാൻ

By Web Team  |  First Published Mar 23, 2021, 3:47 PM IST

പുതിയ കോംപാക്റ്റ് സ്പോർട്സ് യൂട്ടിലിറ്റി വാഹനമായ മാഗ്നൈറ്റിനോടുള്ള ഉപഭോക്തൃ പ്രതികരണത്തിലെ പ്രചോദനം ഉൾക്കൊണ്ട് നിസ്സാൻ ഉൽപാദനം വർദ്ധിപ്പിക്കാനും ആയിരത്തോളം താൽക്കാലിക തൊഴിലാളികളെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. 


മുംബൈ: ഉരുക്ക്, ചെമ്പ്, അസംസ്കൃത എണ്ണ തുടങ്ങിയ ചരക്കുകളുടെ ആഗോള വിലയിൽ ഗണ്യമായ വർധനവുണ്ടായതിനെ തുടർന്ന് വാഹനങ്ങളുടെ വില ഉയർത്തുകയാണെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. ഏപ്രിൽ മുതലാകും വിലയിൽ മാറ്റം ഉണ്ടാകുക. 

"ഓട്ടോ ഘടക വിലകളിൽ തുടർച്ചയായി വർദ്ധനവ് ഉണ്ടായിട്ടുണ്ട്, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ വർദ്ധനവിനെ കൈകാര്യം ചെയ്യാൻ ഞങ്ങൾ ശ്രമിച്ചു. എല്ലാ നിസ്സാൻ, ഡാറ്റ്സൺ മോഡലുകളിലും വില വർദ്ധിപ്പിക്കാൻ ഞങ്ങൾ ഇപ്പോൾ നിർബന്ധിതരാണ്, വർദ്ധനവ് മോഡലുകൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

Latest Videos

undefined

ജപ്പാനിലെ നിസ്സാൻ മോട്ടോർ കമ്പനിയുടെ ഇന്ത്യൻ വിഭാ​ഗമായ കമ്പനി വിലവർദ്ധനവിന്റെ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല. അടുത്ത മാസം വില ഉയർത്താനുള്ള തീരുമാനം മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിസാന്റെയും അറിയിപ്പ് പുറത്തുവരുന്നത്. മറ്റ് കാർ നിർമ്മാതാക്കളും ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ കോംപാക്റ്റ് സ്പോർട്സ് യൂട്ടിലിറ്റി വാഹനമായ മാഗ്നൈറ്റിനോടുള്ള ഉപഭോക്തൃ പ്രതികരണത്തിലെ പ്രചോദനം ഉൾക്കൊണ്ട് നിസ്സാൻ ഉൽപാദനം വർദ്ധിപ്പിക്കാനും ആയിരത്തോളം താൽക്കാലിക തൊഴിലാളികളെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. തമിഴ്നാട് ആസ്ഥാനമായുള്ള നിർമാണ പ്ലാന്റിന്റെ ശേഷിയും വർധിപ്പിക്കും. ഷോറൂമുകളിൽ കൂടുതൽ സെയിൽസ്, സർവീസ് എക്സിക്യൂട്ടീവുകളെ നിയമിക്കാനും കമ്പനി ഡീലർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, നിലവിലെ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ വിൽപ്പനയിൽ ഇരട്ട അക്ക വളർച്ചയുണ്ടായെങ്കിലും വാഹന നിർമാതാക്കളുടെ പ്രവർത്തന ലാഭവും മാർജിനുകളും അടുത്ത പാദത്തിലും 2022 സാമ്പത്തിക വർഷത്തിലും കുറയും, വരും കാലയളവിൽ കമ്മോഡിറ്റി നിരക്കുകളുടെ വർധനയും മറ്റ് ചെലവുകളുടെ ആഘാതവും നികത്താൻ കമ്പനികൾക്ക് ബുദ്ധിമുട്ടായിരിക്കുമെന്നാണ് പ്രവചനങ്ങൾ. 
 

click me!