വിപണി നിലനിർത്താൻ കൂടുതൽ വില നൽകി സംസ്ഥാനത്തിന് പുറത്ത് നിന്ന് പാൽ വാങ്ങുന്നതും കനത്ത നഷ്ടമുണ്ടാക്കുന്നതായി മിൽമ അധികൃതർ പറഞ്ഞു.
കൊച്ചി: പാൽ ക്ഷാമം രൂക്ഷമായതോടെ പാൽ വില കൂട്ടണമെന്ന ആവശ്യവുമായി മിൽമ എറണാകുളം യൂണിയൻ. ലിറ്ററിന് ആറ് രൂപ കൂട്ടിയാൽ മാത്രമേ ക്ഷീരമേഖലക്ക് മുന്നോട്ട് പോകാനാകൂ എന്നാണ് അധികൃതരുടെ നിലപാട്. വില കൂട്ടണമെന്ന് എറണാകുളം യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. കടുത്ത വേനലിൽ പാൽ ഉത്പാദനം കുറഞ്ഞതും കാലിത്തീറ്റ വില കൂടിയതും ക്ഷീര കർഷകന് തിരിച്ചടിയായെന്ന് മിൽമ അധികൃതർ ചൂണ്ടിക്കാട്ടി.
വിപണി നിലനിർത്താൻ കൂടുതൽ വില നൽകി സംസ്ഥാനത്തിന് പുറത്ത് നിന്ന് പാൽ വാങ്ങുന്നതും കനത്ത നഷ്ടമുണ്ടാക്കുന്നതായി മിൽമ അധികൃതർ പറഞ്ഞു. ശനിയാഴ്ച തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാന ഭരണ സമിതി യോഗത്തിൽ വില കൂട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.