200ലേറെ വനിതകളെ അണിനിരത്തിക്കൊണ്ടുള്ള ബൈക്ക് റാലി നടത്തിയത്
ബ്രസ്റ്റ് കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ പിങ്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. ഇരുന്നൂറിലധികം വനിതകൾ പങ്കെടുത്ത റാലി കടപ്പുറം ചുറ്റി ആശുപത്രിയിൽ അവസാനിച്ചു. രോഗം മുന്‍കൂട്ടി തിരിച്ചറിയലാണ് ഏറ്റവും വലിയ പ്രതിരോധമെന്നു പ്രഖ്യാപിച്ചാണ് ബ്രസ്റ്റ് കാന്‍സര്‍ ബോധവത്കരണ മാസത്തോടനുബന്ധിച്ച് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ പിങ്ക് ബൈക്ക് റാലി സംഘടിപ്പിച്ചത്. സ്ത്രീകള്‍ക്കിടയില്‍ മാറിലെ അർബുദം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് 200ലേറെ വനിതകളെ അണിനിരത്തിക്കൊണ്ടുള്ള ബൈക്ക് റാലി നടത്തിയത്. അർബുദചികിത്സയെ സംബന്ധിച്ചും പരിചരണത്തെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ അടങ്ങിയ പ്രചാരണറാലി മേയ്ത്ര ഹോസ്പിറ്റലില്‍ നിന്ന് തുടങ്ങി കോഴിക്കോട് ബീച്ച് വഴി തിരിച്ച് ഹോസ്പിറ്റലില്‍ തന്നെ അവസാനിച്ചു.
പിങ്ക് ബൈക്ക് റാലി ബ്ലഡ് ഡിസീസ്, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്‍റ് ആൻഡ് കാന്‍സര്‍ ഇമ്യൂണോ തെറപ്പി ഡയറക്ടര്‍ ഡോ. രാഗേഷ് രാധാകൃഷ്ണന്‍, മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ആന്‍റണി ജോർജ്ജ് ഫ്രാൻസിസ് തോട്ടിയാൻ, പീപ്ൾ ആൻഡ് കൾചർ വൈസ് പ്രസിഡന്‍റ് കപിൽ ഗുപ്ത, ഗൈനക്കോളജിസ്റ്റ് ഡോ. രേഷ്മ റഷീദ്, ചീഫ് നഴ്സിങ് ആൻഡ് ക്വാളിറ്റി ഓഫിസർ ആർ. ബോബി, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. വാണി ലക്ഷ്മണൻ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ചികിത്സിച്ചാല്‍ ഭേദമാകാത്ത അസുഖമെന്ന നിലയിലാണ് എല്ലാവരും അർബുദത്തെ കാണുന്നതെന്നും എന്നാല്‍ ശരിയായ സമയത്ത് ശരിയായ രോഗനിര്‍ണയം സാധ്യമായാല്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന അസുഖമാണ് അർബുദം എന്ന സന്ദേശമാണ് പിങ്ക് ബൈക്ക് റാലി നല്‍കുന്നതെന്ന് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു.