രുചിപ്പെരുമയില്‍ വന്‍ നേട്ടവുമായി ഇന്ദ്രി, അന്താരാഷ്ട്ര ബ്രാൻഡുകളെ പിന്തള്ളി ഇന്ത്യന്‍ വിസ്കി

By Web Team  |  First Published Oct 28, 2023, 11:51 AM IST

സ്കോച്ച്, ബര്‍ബണ്‍, കനേഡിയന്‍, ഓസ്ട്രേലിയന്‍, ബ്രിട്ടീഷ് സിംഗിള്‍ മാള്‍ട്ട് എന്നിവയെ പിന്തള്ളിയാണ് ഇന്ദ്രിയുടെ നേട്ടം


ദില്ലി: ലോകത്തിലെ ഏറ്റവും മികച്ച വിസ്കിയായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു ഇന്ത്യന്‍ ബ്രാന്‍ഡ്. നിരവധി റൌണ്ടുകളിലായി നടന്ന രുചി പരിശോധനയ്ക്ക് ഒടുവിലാണ് ഇന്ത്യയുടെ ഇന്ദ്രി എന്ന സിംഗിള്‍ മാള്‍ട്ട് വിസ്കി ലോകത്തിന്റെ നെറുകയിലെത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിസ്കി രുചി പരിശോധനയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള നൂറിലധികം വിസ്കികളുമായായിരുന്നു ഹരിയാനയില്‍ നിര്‍മ്മിക്കുന്ന ഇന്ദ്രിയുടെ പോരാട്ടം.

സ്കോച്ച്, ബര്‍ബണ്‍, കനേഡിയന്‍, ഓസ്ട്രേലിയന്‍, ബ്രിട്ടീഷ് സിംഗിള്‍ മാള്‍ട്ട് എന്നിവയെ പിന്തള്ളിയാണ് ഇന്ദ്രിയുടെ നേട്ടം. 2021ലാണ് ഇന്ദ്രി വിസ്കി ലോഞ്ച് ചെയ്യുന്നത്. ഹരിയാനയിലെ പികാഡിലി ഡിസ്റ്റിലറീസ് ആണ് ഇന്ദ്രിയുടെ നിർമാതാക്കള്‍. ഇന്ത്യയിലെ ആദ്യ ട്രിപ്പിള്‍ ബാരല്‍ സിംഗിള്‍ മാള്‍ട്ട് കൂടിയാണ് ഇന്ദ്രി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 14 അന്താരാഷ്ട്ര അവാര്‍ഡുകളാണ് ഇന്ദ്രി സ്വന്തമാക്കിയത്. രാജ്യാന്തര തലത്തില്‍ സിംഗിള്‍ മാള്‍ട്ട് വിസ്കിയുടെ രുചിയില്‍ ഇന്ത്യയുടെ പേര് എത്തിക്കുന്ന നേട്ടമാണ് നിലവില്‍ ഇന്ദ്രിയുടേത്.

Latest Videos

undefined

ഇതിന് പുറമേ അമൃത് ഡിസ്റ്റലറീസിന്റെ വിസ്കികളും മത്സരത്തില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. രാജ്യത്തെ 19 സംസ്ഥാനങ്ങളിലും 17 ലോകരാജ്യങ്ങളിലും ഇതിനോടകം ഇന്ദ്രി പ്രശസ്തമാണ്. ജീവിത ശൈലികള്‍ മാറുന്നതിന് പിന്നാലെ രാജ്യത്ത് വിസ്കിയുടെ ഉപഭോഗം വർധിക്കുന്നതായാണ് കണക്കുകള്‍ വിശദമാക്കുന്നത്. നേരത്തെ രാജ്യത്തെ മുന്‍ നിര മദ്യ നിര്‍മാതാക്കളായ അലൈഡ് ബ്ലെൻഡേഴ്‌സ് ആൻഡ് ഡിസ്റ്റിലേഴ്‌സ് പ്രൈവറ്റ് റഷ്യൻ വിപണിയിലേക്ക് എത്തിയിരുന്നു. യുക്രൈൻ അധിനിവേശത്തിന് ശേഷം റഷ്യയിൽ നിന്നും പടിയിറങ്ങിയ പാശ്ചാത്യ മദ്യ ബ്രാൻഡുകൾക്ക് പകരമായാണ് ഇന്ത്യൻ ബ്രാൻഡ് റഷ്യൻ വിപണിയിലേക്ക് എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!