ഇപ്പോൾ പ്രചരിക്കുന്നത് എയർടെല്ലിന്‍റെ ഡാറ്റാബേസ് ആകാൻ സാധ്യത കുറവാണെന്നാണ് ലഭ്യമായ വിവരങ്ങൾ വച്ച് സ്വതന്ത്ര നിരീക്ഷകരും അഭിപ്രായപ്പെടുന്നത്
മുംബൈ: മുപ്പത്തിയേഴ് കോടിയോളം വരുന്ന എയർടെൽ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോർത്തിയെന്ന അവകാശവാദവുമായി ഒരു ഹാക്കർ രംഗത്തെത്തിയിരിക്കുകയാണ്. വിവരങ്ങൾ നല്ല തുകയക്ക് ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണയാൾ. എന്നാൽ അവകാശവാദം കള്ളമാണെന്നും വിവരങ്ങൾ ചോർന്നിട്ടില്ലെന്നും എയർടെൽ ഉറപ്പിച്ച് പറയുന്നു.
ജൂലൈ നാലിനാണ് മുപ്പത്തിയേഴരക്കോടി എയർടെൽ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോർത്തിയെന്ന അവകാശവാദവുമായി ഒരാൾ രംഗത്ത് വരുന്നത്. കുപ്രസിദ്ധമായ ഒരു സൈബർ ക്രൈം ഫോറത്തിൽ ക്സെൻ സെൻ എന്ന യൂസർ ഐഡിയിൽ നിന്നെത്തിയ പോസ്റ്റിനൊപ്പം കുറച്ച് ഡാറ്റ സാന്പിളും നൽകിയിരുന്നു. ആധാർ നന്പറും, ജന്മദിനവും, വിലാസവും, ഇ മെയിൽ ഐഡിയും, ഫോട്ടോ ഐഡിയും അടക്കം വിവരങ്ങളാണ് വിൽപ്പനയ്ക്ക് വച്ചത്. ജൂൺ വരെയുള്ള വിവരങ്ങൾ ലഭ്യമാണെന്നാണ് ഹാക്കറുടെ അവകാശവാദം.
undefined
Read more: 'വമ്പന്‍ പണി'യുമായി ജിയോയും എയര്‍ടെല്ലും; 'അണ്‍ ലിമിറ്റഡ് 5ജി ഇനിയില്ല'
എന്നാൽ എയർടെൽ ഹാക്കറുടെ വാദങ്ങൾ തള്ളിക്കളയുകയാണ്. സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്നും ഉപഭോക്താക്കളുടെ വിവരങ്ങൾ സുരക്ഷിതമാണെന്നും കന്പനി വാർത്താക്കുറിപ്പിറക്കിയിട്ടുണ്ട്. കന്പനിയുടെ വിശ്വാസ്യത തകർക്കാൻ നിക്ഷിപ്ത താൽപര്യക്കാർ പടച്ചുവിട്ട വാർത്തയാണിതെന്നാണ് ആക്ഷേപം.
ഇപ്പോൾ പ്രചരിക്കുന്നത് എയർടെല്ലിന്‍റെ ഡാറ്റാബേസ് ആകാൻ സാധ്യത കുറവാണെന്നാണ് ലഭ്യമായ വിവരങ്ങൾ വച്ച് സ്വതന്ത്ര നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. പലയിടത്ത് നിന്നായി ശേഖരിച്ച വിവരങ്ങൾ ചേർത്ത് വച്ച് എയർടെല്ലിന്റെ യൂസർ ഡാറ്റാബേസ് എന്ന പേരിൽ വിൽക്കാനാണ് ഹാക്കറുടെ ശ്രമമെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്. പക്ഷേ അപ്പോഴും ഈ വിവരങ്ങൾ ഹാക്കർ എവിടെ നിന്നെടുത്തു എന്ന ചോദ്യം പ്രസക്തമാണ്. ഇന്ത്യൻ യൂസർമാരുടെ വിവരങ്ങൾ പലയിടത്ത് നിന്നായി ചോർത്തിയെടുത്ത് വിൽപ്പനയ്ക്ക് വയ്ക്കുന്ന സംഘങ്ങൾ സജീവമാണ്. 2023ൽ അവതരിപ്പിച്ച ഇന്ത്യൻ ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് അനുസരിച്ച് ഡാറ്റ പ്രൊടക്ഷൻ അതോറിറ്റി എന്ന പുതിയ സംവിധാനമാണ് ഇത്തരം സാഹചര്യങ്ങളിൽ നടപടിയെടുക്കേണ്ടത്. ഈ സംവിധാനം ഇത് വരെ നിലവിൽ വന്നിട്ടില്ല.