ഫോഡ് ഇന്ത്യ തൊഴിലാളികൾ ആശങ്കയിൽ: കോടതിയെ സമീപിക്കുമെന്ന് എംപ്ലോയീസ് യൂണിയൻ; യോ​ഗം ചേർന്ന് തമിഴ്നാട് സർക്കാർ

By Web Team  |  First Published Sep 14, 2021, 8:27 PM IST

നിർമാണ യൂണിറ്റ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ ചെന്നൈ ഫോർഡ് എംപ്ലോയീസ് യൂണിയൻ നേരത്തെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. 2,700 ഓളം ജീവനക്കാരുടെ ഉപജീവനമാർഗത്തെ ബാധിക്കാതിരിക്കാൻ മാനേജ്മെന്റ് ബദൽ നടപടികൾ സ്വീകരിക്കണമെന്നാണ് തൊഴിലാളി യൂണിയൻ ആവശ്യപ്പെടുന്നത്. 


യുഎസ് ആസ്ഥാനമായുള്ള ഫോഡ് കമ്പനിയുടെ ഫാക്ടറി അടച്ചുപൂട്ടാനുള്ള തീരുമാനത്തിനെതിരെ ചൊവ്വാഴ്ച ചെന്നൈ മരൈലൈന​ഗറിലെ നിർമാണ കേന്ദ്രത്തിൽ ജീവനക്കാർ പ്രതിഷേധം സംഘടിപ്പിച്ചു. വിഷയത്തിൽ തമിഴ്‍നാട് സർക്കാരിന്റെ ഇടപെടൽ തേടിയതായും ചെന്നൈ ഫോഡ് എംപ്ലോയീസ് യൂണിയൻ വൃത്തങ്ങൾ അറിയിച്ചു.

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, വ്യവസായ മന്ത്രി തങ്കം തെന്നരസു, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ സെക്രട്ടേറിയറ്റിൽ യോഗം ചേർന്ന് തുടർനടപടികൾ ചർച്ച ചെയ്തതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

Latest Videos

undefined

നിർമാണ യൂണിറ്റ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ ചെന്നൈ ഫോർഡ് എംപ്ലോയീസ് യൂണിയൻ നേരത്തെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. 2,700 ഓളം ജീവനക്കാരുടെ ഉപജീവനമാർഗത്തെ ബാധിക്കാതിരിക്കാൻ മാനേജ്മെന്റ് ബദൽ നടപടികൾ സ്വീകരിക്കണമെന്നാണ് തൊഴിലാളി യൂണിയൻ ആവശ്യപ്പെടുന്നത്. തൊഴിലാളി യൂണിയനുകൾ ഉന്നയിച്ച ആവശ്യം അമേരിക്കയിലെ കമ്പനി ആസ്ഥാനത്ത് അറിയിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വ്യക്തമാക്കി. തീരുമാനം യുഎസ്സിലെ ആസ്ഥാനത്ത് നിന്നാണ് ഉണ്ടാകേണ്ടതെന്നും അവർ അറിയിച്ചു.   

കഴിഞ്ഞ രണ്ട് ദിവസമായി ജീവനക്കാരും മാനേജ്മെന്റും തമ്മിൽ നടന്നുവന്ന ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞു, ഇത് ചെന്നൈ നഗരത്തിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള മരൈലൈന​ഗറിലെ ഫാക്ടറിക്ക് മുന്നിൽ ജീവനക്കാരുടെ പ്രതിഷേധത്തിന് കാരണമായി.

സിഐടിയു പിന്തുണയോടെയായിരുന്നു പ്രതിഷേധം, സംസ്ഥാന സർക്കാരിന്റെ ഇടപെടലാണ് അവർ ആവശ്യപ്പെടുന്നത്. ചെന്നൈ മരൈലൈന​ഗർ, സനന്ദ് (ഗുജറാത്ത്) പ്ലാന്റുകളിൽ 2.5 ബില്യൺ യുഎസ് ഡോളർ നിക്ഷേപിച്ച കമ്പനി ഈ ഫാക്ടറികളിൽ നിന്നുളള ഉൽപ്പാദ​നം നിർത്തുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

4,000 ത്തോളം നേരിട്ടുള്ള ജീവനക്കാരുടെയും 40,000 ത്തോളം പരോക്ഷ തൊഴിലാളികളുടെയും ഭാവിയെ ഈ നീക്കം ബാധിക്കും. ഫോഡ് മോട്ടോർ കമ്പനിയെ ആശ്രയിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഭാവിയെയും തീരുമാനം പ്രതികൂലമായി ബാധിക്കും. പലർക്കും അടുത്ത 20 വർഷത്തേക്ക് ഉറപ്പായിരുന്ന തൊഴിലാണ് ഒറ്റയടിക്ക് ഇല്ലാതായതെന്നും ചർച്ച ഫലം കാണുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും യൂണിയൻ വ്യക്തമാക്കി.

നിർമാണ പ്ലാന്റ് ഏറ്റെടുക്കുന്ന കമ്പനികൾ നിലവിലുള്ള തൊഴിലാളികളെ ജോലിക്കെടുക്കുമെന്ന രേഖാമൂലമുള്ള ഉറപ്പും തൊഴിലാളികൾ ആവശ്യപ്പെടുന്നു. പ്ലാന്റ് ഏറ്റെടുക്കുന്നവർക്കായി തമിഴ്നാട് സർക്കാർ പ്രത്യേക സാമ്പത്തിക സഹായ പദ്ധതികൾ ഒരുക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നികുതി ഇളവ് ഉൾപ്പെടെയുള്ളവ നൽകാനും തമിഴ്നാട് സർക്കാരിന്റെ പദ്ധതി ഉളളതായാണ് ലഭിക്കുന്ന സൂചന. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!