2018 ൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് ഇത്.
ദില്ലി: റെയിൽവേക്ക് കീഴിലെ എഞ്ചിനീയറിങ് കമ്പനിയായ ഇർകോൺ ഇന്റർനാഷണൽ ലിമിറ്റഡിന്റെ (IRCON International Ltd) 15 ശതമാനം ഓഹരികൾ വിൽക്കാൻ കേന്ദ്രസർക്കാർ ആലോചന തുടങ്ങി. കേന്ദ്രസർക്കാരിന് നിലവിൽ 89.18 ശതമാനം ഓഹരികളാണ് പൊതുമേഖലാ സ്ഥാപനത്തിൽ ഉള്ളത്. മാർക്കറ്റിലെ സാഹചര്യം നോക്കി 10 മുതൽ 15 ശതമാനം വരെ ഓഹരികൾ വിൽക്കാനാണ് ആലോചിക്കുന്നതെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു.
2018 ൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ് ഇത്. അന്ന് ഐപിഒയിലൂടെ 467 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. 77.95 രൂപയായിരുന്നു വെള്ളിയാഴ്ച വിപണി അവസാനിച്ചപ്പോൾ കമ്പനിയുടെ ഒരു ഓഹരിയുടെ വില. നിലവിലെ മാർക്കറ്റ് വില അനുസരിച്ച് 15 ശതമാനം ഓഹരി വിറ്റ് 540 കോടി കേന്ദ്രസർക്കാരിന് നേടാനാവും.
നടപ്പു സാമ്പത്തിക വർഷത്തിൽ ഓഹരികൾ വിറ്റഴിച്ച് 2.10 ലക്ഷം കോടി സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികളിൽ നിന്ന് 1.20 ലക്ഷം കോടിയും സാമ്പത്തിക സ്ഥാപനങ്ങളിലെ സർക്കാർ ഓഹരികൾ വിറ്റഴിച്ച് 90000 കോടിയും സമാഹരിക്കാനാണ് നീക്കം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റ് ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ 6138 കോടി രൂപയാണ് കേന്ദ്രസർക്കാർ സമാഹരിച്ചത്.