ഓഹരി വിഹിതം 51 ശതമാനത്തിന് താഴേക്ക് പോയാല്‍ പൊതുമേഖല സ്ഥാപനം എന്ന പദവി അതാത് സ്ഥാപനങ്ങള്‍ നഷ്ടമായേക്കുമോ എന്ന ആശങ്കും ഉണ്ട്. ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ നിരവധി നിയമ ഭേദഗതികളും സര്‍ക്കാരിന് വേണ്ടിവന്നേക്കും.
ദില്ലി: കേന്ദ്ര സര്‍ക്കാരിന് കീഴിലുളള പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിന് താഴേക്ക് കുറയ്ക്കാനുളള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വൈകാതെ നിതി ആയോഗിന്‍റെയും ഊര്‍ജ, പെട്രോളിയം മന്ത്രാലയം തുടങ്ങിയവയുമായും കൂടിയാലോചന നടത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട് നിതി ആയോഗില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടാനും സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.
നിലവില്‍ രാജ്യത്തെ വളര്‍ച്ചാ മുരടിപ്പിന്‍റെ പശ്ചാത്തലത്തില്‍ ധനസമാഹരണത്തിന്‍റെ ഭാഗമായി പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കി വരുകയാണ്. ഇതിന് പിന്നാലെയാണ് പൊതുമേഖല സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരി വിഹിതം 51 ശതമാനത്തിന് താഴേക്ക് കുറയ്ക്കുന്നതിനെ സംബന്ധിച്ച് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കാനാണ് ആലോചന. തുടക്കത്തില്‍ രണ്ട് മുതല്‍ മൂന്ന് സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ചേക്കും. ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതിക്ക് തുടക്കമിട്ടേക്കും.
ഓഹരി വിഹിതം 51 ശതമാനത്തിന് താഴേക്ക് പോയാല്‍ പൊതുമേഖല സ്ഥാപനം എന്ന പദവി അതാത് സ്ഥാപനങ്ങള്‍ നഷ്ടമായേക്കുമോ എന്ന ആശങ്കും ഉണ്ട്. ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ നിരവധി നിയമ ഭേദഗതികളും സര്‍ക്കാരിന് വേണ്ടിവന്നേക്കും. അതിലാണ് നിതി ആയോഗിന്‍റെ വിശദമായ ഉപദേശം തേടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ പദ്ധതിക്കായി ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്‍റില്‍ (ദീപം) നിന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടും.
കേന്ദ്ര സര്‍ക്കാരിന്‍റെ മറ്റ് മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് ഈ വിഷയത്തില്‍ മന്ത്രിതല ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കേണ്ടതിന്‍റെ രീതികളും തന്ത്രങ്ങളും ആവിഷ്കരിക്കാനും ദീപത്തിന് സര്‍ക്കാര്‍ ചുമതല നല്‍കിയേക്കും. 51 ശതമാനത്തിന് താഴേക്ക് ഓഹരി വിഹിതം കുറഞ്ഞാല്‍ ഇത്തരം സ്ഥാപനങ്ങള്‍ /കമ്പനികള്‍ തുടങ്ങിയവ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെയും (സിഎജി) കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍റേയും നിയന്ത്രണത്തില്‍ നിന്ന് സ്വതന്ത്രമാകും. ഈ സ്ഥാപനങ്ങളിലെ റിക്രൂട്ട്മെന്‍റ്, തൊഴില്‍ നിയമങ്ങള്‍ എന്നിവയിലും വലിയ മാറ്റങ്ങളുണ്ടായേക്കും. ഈ പദ്ധതി പൂര്‍ണതോതില്‍ നടപ്പാക്കിയാല്‍ കേന്ദ്ര സര്‍ക്കാരിന് വന്‍ തോതില്‍ ധനസമാഹരണം നടത്താനായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.