തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് ഓരോന്നിനും രണ്ടര ലക്ഷം ഡോളറാണ് നിക്ഷേപം നൽകുക. 1.79 കോടി രൂപയോളം വരുമിത്.
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള സ്റ്റാർട്ട് അപ്പ് സംരംഭങ്ങളെ സഹായിക്കാൻ ബ്രിങ്ക് ഇന്ത്യ നിക്ഷേപവുമായി എത്തും. കേരളത്തിലെ ഹാർഡ്‌വെയർ, ഇന്റർനെറ്റ് ഓഫ് തിങ്സ് സ്റ്റാർട്ട് അപ്പുകൾക്കാണ് സഹായം ലഭിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് ഓരോന്നിനും രണ്ടര ലക്ഷം ഡോളറാണ് നിക്ഷേപം നൽകുക. 1.79 കോടി രൂപയോളം വരുമിത്.
കേരള സ്റ്റാർട്ട്അപ്പ് മിഷൻ, മേക്കർ വില്ലേജ് എന്നിവയുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് കമ്പനി നിക്ഷേപിക്കാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ ബാച്ചിൽ മേക്കർ വില്ലേജിൽ നിന്നുള്ള രണ്ട് കമ്പനികൾക്ക് സഹായം ലഭിച്ചിരുന്നു. ഫെബ്രുവരി 15 വരെ നിക്ഷേപത്തിനായി അപേക്ഷിക്കാം. https://www.brinc.io/apply എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് മൂന്ന് ഘട്ടങ്ങളിലായാണ് നിക്ഷേപം നൽകുന്നത്. ആദ്യ ഘട്ടത്തിൽ 40000 ഡോളർ, രണ്ടാം ഘട്ടത്തിൽ 80000 ഡോളർ, മൂന്നാം ഘട്ടത്തിൽ 1.3 ലക്ഷം ഡോളർ എന്നിങ്ങനെയാണ് നിക്ഷേപ സഹായം നൽകുക.
നിക്ഷേപം നടത്തുന്ന സ്റ്റാർട്ടപ്പുകളിൽ ബ്രിങ്ക് ഇന്ത്യയ്ക്ക് 12.25 ശതമാനം മുതൽ 22.42 ശതമാനം വരെ ഓഹരി പങ്കാളിത്തവും ലഭിക്കും. വിദഗ്ദ്ധ ഉപദേശം, നിക്ഷേപ ശൃംഖലകളുമായുള്ള ബന്ധം, പരിശീലനം തുടങ്ങിയവയും കമ്പനിയിൽ നിന്ന് ലഭിക്കും. ആശയത്തെ ഉൽപ്പന്നമായി വികസിപ്പിക്കുന്നതിനും പിന്നീട് അതിന്റെ വാണിജ്യ ഉൽപ്പാദനത്തിനും സഹായം നൽകും.