എന്തുകൊണ്ട് ഡബ്ല്യുസിസിയില്‍ ഇപ്പോള്‍ സജീവമല്ല? മഞ്ജു വാര്യരുടെ മറുപടി

By Web Team  |  First Published Dec 25, 2019, 9:02 PM IST

'ഒരു സംഘടന എന്ന് പറഞ്ഞാല്‍ പലതരം ആളുകളുള്ള ഇടമാണല്ലോ. അഭിപ്രായവ്യത്യാസങ്ങളൊക്കെ സ്വാഭാവികമായിട്ടും ഉണ്ടാവും.'
 


നല്ല സിനിമകളുടെ ഭാഗമാവുക എന്നത് മാത്രമാണ് താന്‍ സിനിമയില്‍ നില്‍ക്കുന്നതിന്റെ ഉദ്ദേശ്യമെന്ന് മഞ്ജു വാര്യര്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, ഡബ്ല്യുസിസിയുടെ ചര്‍ച്ചാവേദികളില്‍ അടുത്തകാലത്തെ മഞ്ജുവിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ജിമ്മി ജെയിംസിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍.

ഡബ്ല്യുസിസിയില്‍ ഇപ്പോഴും അംഗമാണെങ്കിലും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായി ഇടപെടാന്‍ തനിക്ക് പറ്റാറില്ലെന്ന് മഞ്ജു വാര്യര്‍ പറയുന്നു. 'സംഘടനയുടെ രൂപീകരണ ഘട്ടത്തില്‍ ഉണ്ടായിരുന്നു. അതിനുശേഷം അതിന്റെ മുന്‍നിരയില്‍ നിന്ന് കാര്യങ്ങള്‍ ചെയ്യാനുള്ള സമയം ഉണ്ടായിട്ടില്ല', മഞ്ജു പറയുന്നു.

Latest Videos

undefined

'അമ്മ'യില്‍നിന്ന് രാജി വച്ച നടിമാര്‍ സംഘടനയുടെ ഭരണഘടനയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട വേദികളിലും മഞ്ജുവിന്റെ അസാന്നിധ്യം ഉണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ- 'എനിക്ക് എല്ലാ കാര്യങ്ങളിലും സ്വതന്ത്രമായ, വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ആവശ്യമുള്ള ഘട്ടങ്ങളിലേ ഞാന്‍ അഭിപ്രായങ്ങള്‍ പറയാറുള്ളൂ. പറയേണ്ട അഭിപ്രായങ്ങളും നിലപാടുകളും പറയേണ്ടിടത്ത് കൃത്യമായി പറഞ്ഞിട്ടുമുണ്ട്'. ഈ വിഷയത്തിലുള്‍പ്പെടെ ഡബ്ല്യുസിസിയില്‍ അഭിപ്രായവ്യത്യാസമുണ്ടോ എന്ന ജിമ്മി ജെയിംസിന്റെ ചോദ്യത്തിന് മഞ്ജു വാര്യരുടെ മറുപടി ഇങ്ങനെ- 'ഒരു സംഘടന എന്ന് പറഞ്ഞാല്‍ പലതരം ആളുകളുള്ള ഇടമാണല്ലോ. അഭിപ്രായവ്യത്യാസങ്ങളൊക്കെ സ്വാഭാവികമായിട്ടും ഉണ്ടാവും.' മഞ്ജു വാര്യരുടേതായി ക്രിസ്മസ് റിലീസായി തീയേറ്ററുകളിലെത്തിയ 'പ്രതി പൂവന്‍കോഴി' എന്ന ചിത്രത്തെക്കുറിച്ചും അഭിമുഖത്തില്‍ വിശദമായി സംസാരിക്കുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും അഭിമുഖത്തില്‍ മഞ്ജുവിനൊപ്പം ഉണ്ടായിരുന്നു.

"

click me!