'ഇവിടെനിന്ന് ക്യാമറ അങ്ങോട്ട് നോക്കുമ്പോഴാണ് ജാതീയത എന്ന് ടേം ചെയ്യപ്പെടുന്നതും പൊള്ളുന്നതും. അവിടെനിന്ന് ഇങ്ങോട്ടായിരുന്നു എക്കാലവും ക്യാമറ. അപ്പോള്‍ ആര്‍ക്കും പൊള്ളില്ല. മലയാളസിനിമ എക്കാലവും ജാതീയത പറഞ്ഞിട്ടുണ്ടെന്നേ ഞാന്‍ പറയൂ. ജാതീയതയെക്കുറിച്ച് പറയാതെ ഇന്ത്യാ മഹാരാജ്യത്ത് ഒരു സിനിമയും എടുക്കാന്‍ പറ്റില്ല. കാരണം ഇന്ത്യന്‍ സമൂഹം ജാതീയതയില്‍ അധിഷ്ഠിതമാണ്. അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അങ്ങനെയല്ലാത്ത ഒരു പടവും ഇവിടെ ഇറങ്ങുന്നില്ല.'
ഹര്‍ഷദിന്റെ ആദ്യ തിരക്കഥയല്ല 'ഉണ്ട'. സംവിധാനവും നിര്‍വ്വഹിച്ച് 2014ല്‍ പുറത്തെത്തിയ 'ദായോം പന്ത്രണ്ടും' ആയിരുന്നു ഹര്‍ഷദിന്റെ ആദ്യ ഫീച്ചര്‍ ഫിലിം സ്‌ക്രിപ്റ്റ്. തീയേറ്ററുകള്‍ കിട്ടാന്‍ തന്നെ പ്രയാസം നേരിട്ട ആ സിനിമ പിന്നീട് സമാന്തര പ്രദര്‍ശനങ്ങളിലൂടെയാണ് കാണികളിലെ ചെറുശതമാനമെങ്കിലും കണ്ടത്. ബിനാലെയിലും 'ദായോം പന്ത്രണ്ടി'ന് പ്രദര്‍ശനമുണ്ടായിരുന്നു. 'expect the unexpected' എന്നായിരുന്നു ചിത്രത്തിന്റെ ടാഗ് ലൈന്‍. ഹര്‍ഷദിനെ മുന്‍പ് അറിയാത്ത പ്രേക്ഷകരെ സംബന്ധിച്ച് ആ ടാഗ് ലൈന്‍ യാഥാര്‍ഥ്യമായിരിക്കുന്നത് 'ഉണ്ട'യിലൂടെയാണ്. 'ഉണ്ട'യുടെ മിനിമല്‍ ക്വാളിറ്റി സാധ്യമായതെങ്ങനെയെന്ന് പറയുന്നു ഹര്‍ഷദ്. പൊളിറ്റിക്കല്‍ കറക്ട്‌നസ് ചര്‍ച്ചകള്‍ക്കിടെ സിനിമയുടെ രാഷ്ട്രീയം എന്തായിരിക്കണമെന്ന് സംസാരിക്കുന്നു അദ്ദേഹം. സിനിമയിലെ പൊലീസ് കഥാപാത്രങ്ങളെക്കുറിച്ചും ജാതീയതയുടെ ഉള്‍പ്പിരിവുകളെക്കുറിച്ചും മമ്മൂട്ടി എന്ന നടനെക്കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു ഹര്‍ഷദ്.
'ഉണ്ട' ഒരാഴ്ച പിന്നിടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മികച്ച അഭിപ്രായമുണ്ട്. എല്ലാത്തരത്തിലുള്ള പ്രേക്ഷകരിലേക്കും എത്തുന്നുണ്ടോ സിനിമ?
undefined
അങ്ങനെയാണ് മനസിലായത്. കുടുംബങ്ങളൊക്കെ തീയേറ്ററുകളിലേക്ക് എത്തുന്നു. റിപ്പീറ്റഡ് ഓഡിയന്‍സ് ഉണ്ടാവുന്നു. വ്യക്തിപരമായി കിട്ടുന്ന ഫോണ്‍കോളുകളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും അതാണ് മനസിലാവുന്നത്.
ജനപ്രീതി നേടിയ കുറേയധികം പൊലീസ് വേഷങ്ങള്‍ മമ്മൂട്ടിയുടേതായുണ്ട്. ഹീറോയിക് പരിവേഷത്തില്‍ ഊന്നിയുള്ള ആ കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തനാണ് 'എസ്‌ഐ മണി'. മമ്മൂട്ടിയെ കണ്‍വിന്‍സ് ചെയ്യിക്കാന്‍ ബുദ്ധിമുട്ടിയോ? ആദ്യകേള്‍വിയില്‍ എന്തായിരുന്നു അദ്ദേഹത്തിന്റെ റിയാക്ഷന്‍?
എന്ത് ബുദ്ധിമുട്ട്? ഒന്നാമത് നിങ്ങള്‍ ആദ്യം പറഞ്ഞ സ്റ്റേറ്റ്‌മെന്റില്‍ തന്നെ ചെറിയ ഒരു തകരാറുണ്ട്. അതായത് ഇതിലും ഹീറോ ആണ് പുള്ളി. ടീം ലീഡര്‍ ആണ്. ഹെഡ് ആണ്. ആ ടീം ലീഡര്‍ ആയിട്ടുതന്നെയാണ് മമ്മൂക്കയുടെ എസ്‌ഐ മണിസാര്‍ എന്ന കഥാപാത്രം ഉള്ളത്. obviously he is a hero. ആ ഹിറോയുടെ ഡയമന്‍ഷനുകളില്‍ വരുന്ന വ്യത്യാസം മാത്രമേയുള്ളൂ. അതിമാനുഷനല്ല എന്നേ പറയാന്‍ പറ്റൂ. നമ്മുടെ ജീവിതത്തിലൊക്കെ ഹീറോസ് ഉണ്ടാവുമല്ലോ? കൂട്ടുകാരിലുണ്ടാവാം, നമ്മുടെ മാഷുമ്മാരില്‍ ഉണ്ടാവാം. സഹോദരന്മാരിലുണ്ടാവാം. ഇവരിലൊക്കെ നമുക്ക് ഹീറോസിനെ കാണാമല്ലോ. സിനിമയില്‍ സഹപ്രവര്‍ത്തകരുടെ, പ്രത്യേകിച്ച് ബിജുകുമാര്‍ കാണുന്ന ഹീറോയാണ് മണിസാര്‍. ആദ്യ സിറ്റിംഗില്‍ തന്നെ മമ്മൂക്ക ഓകെ ആയിരുന്നു. ആദ്യമധ്യാന്തം ഫുള്‍ റൗണ്ടായിട്ടാണ് കഥ പറഞ്ഞത്. പിന്നീട് സ്വാഭാവികമായിട്ടും ഡിസ്‌കഷനാണല്ലോ നടക്കുന്നത്. അതേ ഉണ്ടായിരുന്നുള്ളൂ.
വണ്‍ലൈന്‍ പൂര്‍ത്തിയായതിന് ശേഷമാണ് മമ്മൂട്ടി പ്രോജക്ടിലേക്ക് എത്തിയതെന്ന് പറഞ്ഞിരുന്നു. മമ്മൂട്ടിയെപ്പോലെ സ്റ്റാര്‍ഡം ഉള്ള ഒരാള്‍ വന്നപ്പോള്‍ പൂര്‍ത്തിയാക്കിയ വണ്‍ലൈനിലോ കഥാപാത്രങ്ങളിലോ മാറ്റങ്ങള്‍ വരുത്തേണ്ടതായി വന്നോ?
കഥാപാത്രങ്ങളുടെ ട്രാവലില്‍ മാറ്റമൊന്നും വന്നിട്ടില്ല. പക്ഷേ തിരക്കഥയില്‍ നമ്മള്‍ ആദ്യം കുറച്ച് കൂടുതല്‍ ഏരിയ കവര്‍ ചെയ്തിരുന്നു. ഇവര്‍ ഛത്തിസ്ഗഡിലേക്ക് പോകുന്നതിന് കുറച്ച് മുന്‍പേ സിനിമ തുടങ്ങിയിരുന്നു ആദ്യം. പിന്നെ ആദ്യത്തെ രണ്ടോ മൂന്നോ ഡ്രാഫ്റ്റില്‍ അവരുടെ യാത്രയുടെ ഡീറ്റെയ്ല്‍സ് ഉണ്ടായിരുന്നു. അതൊക്കെ ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു. പൊലീസുകാരോട് ഞങ്ങള്‍ സംസാരിച്ചപ്പോള്‍ അവര്‍ സംസാരിച്ച കുറേ കദന കഥകളൊക്കെയുണ്ട്. യാത്രയുടെ ബുദ്ധിമുട്ടൊക്കെ. അതൊക്കെ ഉള്‍പ്പെടുത്തിയിരുന്നു. അടുത്ത ഡ്രാഫ്റ്റ് ആകുമ്പൊ അത് ബോറടിക്കുമെന്ന് തോന്നി. അങ്ങനെ ട്രിം ചെയ്തിട്ടുണ്ട്. അല്ലാതെ കഥാപാത്ര നിര്‍മ്മിതിയിലോ അവരുടെ കയറ്റിറക്കങ്ങളിലോ ട്രാവലിംഗിലോ ഒന്നും മാറ്റങ്ങള്‍ വന്നിട്ടില്ല.
സിനിമകളിലെ പൊളിറ്റിക്കല്‍ കറക്ട്‌നസ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്ന കാലമാണ്. അതേസമയം പല സിനിമകളിലും 'നിലപാടുകള്‍' ലൗഡ് ആയും പെരിഫെറല്‍ ആയും തോന്നാറുമുണ്ട്. പക്ഷേ ഇത്രയും സെന്‍സിറ്റീവ് ആയ വിഷയങ്ങള്‍ സംസാരിക്കുമ്പോഴും 'ഉണ്ട'യ്ക്ക് ഒരു മിനിമാലിറ്റിയുണ്ട്. ഹര്‍ഷദിന്റെ സിനിമാ കാഴ്ചപ്പാട് അതാണോ? 'മിനിമല്‍' മതി എന്നതാണോ?
അത് എങ്ങനെയാണ് വിശദമായി പറഞ്ഞ് ഫലിപ്പിക്കുക എന്ന് എനിയ്ക്കറിയില്ല. നമ്മളിപ്പൊ ഒരു സിറ്റ്വേഷന്‍ ഉണ്ടാക്കുമ്പൊ ആ സന്ദര്‍ഭത്തിലെ ഡയലോഗ് ഒക്കെ പറയുന്നത് നമ്മുടെ കഥാപാത്രങ്ങളാണല്ലോ. ആ കഥാപാത്രങ്ങളെ നമ്മള്‍ ആദ്യം തന്നെ രൂപപ്പെടുത്തിവച്ചിട്ടുണ്ട്. ആ കഥാപാത്രം പറയേണ്ടത് മാത്രമേ സിനിമയില്‍ പറയാവൂ. ആ കഥാപാത്രം ഏത് ഐക്യു ലെവലിലുള്ള ആളാണ്, ഏത് ഇമോഷണല്‍ ലെവലിലാണ് ഉള്ളതെന്നൊക്കെ നമ്മള്‍ ആദ്യമേ ഫിക്‌സ് ചെയ്തിട്ടുണ്ടല്ലോ. അതിനനുസരിച്ചല്ലേ അയാള്‍ സംസാരിക്കൂ? ഉദാഹരണത്തിന് നമ്മുടെ 'ഉണ്ണി' എന്ന കഥാപാത്രം. അവസാനഘട്ടത്തില്‍ ബിജുകുമാര്‍ അയാളെ 'സാറേ..' എന്ന് വിളിക്കുമ്പോള്‍ 'ഞാനിന്നലെ മരിച്ചു' എന്നേ തിരിച്ചു പറയുന്നുള്ളൂ ആ മൊമെന്റില്‍. അത്രയേ പറയൂ. അല്ലാതെ, ഇത്രയുംകാലം നിന്നോട് ഞാന്‍ അങ്ങനെ ചെയ്തില്ലേടാ, എന്നോട് പൊറുക്കെടാ അങ്ങനൊന്നും അയാള്‍ ആ സമയത്ത് പറയില്ല. അതുപോലെ ബിജുകുമാര്‍ ആ രാത്രിയില്‍ ആദിമധ്യാന്തമുള്ള അയാളുടെ കദനകഥകളൊന്നും പറയുന്നില്ല. വളരെ കുറഞ്ഞ വാക്കുകള്‍, പിന്നെ എനിയ്ക്ക് ഞാനായാല്‍ മതി എന്ന അവസാനത്തെ സ്റ്റേറ്റ്‌മെന്റോടെ നിര്‍ത്തുകയാണ്.
ദൈനംദിന ജീവിതത്തില്‍ നമ്മളൊക്കെ അങ്ങനെയല്ലേ? സിനിമയിലെ നായകന്മാരെപ്പോലെ പ്രസംഗിക്കാറുണ്ടോ? ഇല്ലല്ലോ. സൗഹൃദസംഭാഷണങ്ങളിലാണെങ്കിലും ചെറിയ ചെറിയ വാക്കുകളൊക്കെയല്ലേ നമ്മള്‍ ഉപയോഗിക്കുക. അത് പിന്നീട് മാറ്റിനിര്‍ത്തി വെറൊരിടത്ത് പ്രതിഷ്ഠിക്കുമ്പോഴാണല്ലോ പൊളിറ്റിക്കല്‍ ആകുന്നത്. സൗഹൃദങ്ങളില്‍ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളും പെരുമാറ്റങ്ങളുമൊക്കെ അത് പൊളിറ്റിക്കലി കറക്ടല്ല, വയലന്‍സ് ആണ് എന്നൊക്കെ പറയുന്നത് നമ്മള്‍ അതിനെ മാറ്റിനിര്‍ത്തുമ്പോഴാണല്ലോ. അങ്ങനെയല്ലേ നമ്മള്‍ സ്വാഭാവികമായി സംസാരിക്കാറ്? അതായിരിക്കണം ഇതില്‍ ഉണ്ടാവേണ്ടത് എന്ന് തീരുമാനിച്ചതുകൊണ്ടാവണം നിങ്ങളീ പറഞ്ഞ മിനിമല്‍ എന്ന ക്വാളിറ്റിയില്‍ വന്നിട്ടുണ്ടാവുക. ആരും പ്രസംഗിക്കരുത് എന്ന് നമുക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പ്രസംഗിക്കുന്ന കഥാപാത്രമാണെങ്കില്‍ തീര്‍ച്ഛയായും അയാള്‍ക്ക് പ്രസംഗിക്കാം. അങ്ങനെയൊരു കഥാപാത്രം ദൈവം സഹായിച്ച് ഈ സിനിമയില്‍ ഇല്ലായിരുന്നു. ഞാന്‍ കണ്ടുശീലിച്ച, എനിക്കിഷ്ടപ്പെട്ട സിനിമകളൊക്കെ അങ്ങിനെയാണ്.
ഈ ചര്‍ച്ചകളെ എങ്ങനെയാണ് കാണുന്നത്? സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്‌നസിനെ എങ്ങനെയാണ് ഡിഫൈന്‍ ചെയ്യുക?
അതിന്റെ ഉത്തരമല്ലേ ഞാനീ പറഞ്ഞത്. ഇവിടെയുള്ള ജീവിതമാണല്ലോ നമ്മള്‍ കാണിക്കുന്നത്. അപ്പൊ സമൂഹത്തില്‍ എന്തൊക്കെയാണോ ഉള്ളത്, അതൊക്കെ ഇതിലും കാണും. ടോട്ടാലിറ്റിയില്‍ ഒരു സിനിമ എന്ത് മുന്നോട്ടുവെക്കുന്നു എന്നത് അതിന്റെ ക്രിയേറ്ററുടെ പൊളിറ്റിക്‌സ് ആണ്. അത് നമുക്ക് വേണമെങ്കില്‍ സമ്മതിക്കാം. ക്രിയേറ്ററുടെ രാഷ്ട്രീയം എന്തായാലും സിനിമയില്‍ പ്രതിഫലിക്കും. അല്ലാതെ ഓരോ കഥാപാത്രങ്ങളും പൊളിറ്റിക്കല്‍ കറക്ട്‌നസ് പ്രസംഗിക്കണം എന്നൊക്കെ പറയുമ്പൊ, അതിന് സിനിമ എന്നല്ലല്ലോ പറയുക.
ഒറ്റനോട്ടത്തില്‍ അപകടകാരികളെന്ന് തോന്നിപ്പിക്കുന്ന പൊലീസ് കഥാപാത്രങ്ങളൊന്നും 'ഉണ്ട'യിലില്ല. പൊലീസ് സംവിധാനത്തെക്കുറിച്ചുതന്നെ ചിത്രം അത്തരമൊരു ഇംപ്രഷനാണ് സൃഷ്ടിക്കുന്നതെന്ന വായനകള്‍ വരുന്നുണ്ട്. അത്തരം വായനയില്‍ ഒരു വാസ്തവമില്ലേ? സമീപകാലത്തെ കേരള പൊലീസിന്റെ മാവോയിസ്റ്റ് വേട്ടകള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു?
എട്ട് പൊലീസുകാര്‍ ഒരു ഡ്യൂട്ടിക്ക് പോവുമ്പൊ, ആ ഡ്യൂട്ടി സ്ഥലത്ത് അവര്‍ എന്തൊക്കെ പറയും.. അതോടൊപ്പംതന്നെ അവര്‍ക്കിടയിലുള്ള പ്രശ്‌നങ്ങളും അതില്‍ റൂട്ടഡ് ആയിട്ടുള്ള ജാതീയതയും ഒക്കെ ഞാനിതില്‍ പറയുന്നുണ്ട്. അവര്‍ പരസ്പരം എങ്ങനെയാണ് പെരുമാറുന്നതെന്നും, അവരുടെ ഇടയിലെ സെനോഫോബിയ (xenophobia) വരെ പറയുന്നുണ്ട്. പത്രവാര്‍ത്തകളില്‍ വരുന്ന സംഭവങ്ങളൊക്കെ ആളുകളുടെ മുന്‍വിധിയാല്‍ നടന്നതോ അതല്ലെങ്കില്‍ സ്‌റ്റേറ്റ് നിര്‍മ്മിത കല്‍പിത കഥകളോ ഒക്കെ ആയിരിക്കുമല്ലോ? അതിനെയൊക്കെ carry ചെയ്യുന്നില്ലേ കഥാപാത്രങ്ങളായ ആ എട്ട് പേരും? ഒരു കുട്ടിയെപ്പോലും മാവോയിസ്റ്റ് ആയിട്ടല്ലേ ഇതിലൊരു പൊലീസുകാരന്‍ പറയുന്നത്? അവന്‍ ഇവിടെ കേരളത്തില്‍ തിരികെയെത്തിയിട്ട് ഒരാളെ പിടിച്ച് മാവോയിസ്റ്റ് ആണെന്ന് പറഞ്ഞ് വെടിവെക്കില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ? അത്രയൊക്കെ പോരേ? അല്ലാതെ എല്ലാ സംഭവങ്ങളും ഈ നാല് ദിവസങ്ങള്‍ കൊണ്ട് ഞാന്‍ പറയണോ?
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബസ്തറിലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രാജ്യത്തെ ഏറ്റവും പ്രശ്‌നബാധിത മണ്ഡലമെന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 80,000 സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നുമൊക്കെ. സിനിമയ്ക്കുവേണ്ടി ബസ്തറിലേക്ക് നടത്തിയ യാത്രകളെക്കുറിച്ച് പറയാമോ? ഇതുവരെ പറയാത്ത ബസ്തര്‍ അനുഭവങ്ങളുണ്ടോ?
രണ്ട് തവണയാണ് ബസ്തറിലേക്ക് പോയത്. സിനിമയുടെ തുടക്ക ഘട്ടത്തില്‍ 2016 നവംബറിലാണ് ആദ്യമായി പോയത്. വണ്‍ ലൈന്‍ ആയതിന് ശേഷം, ഫസ്റ്റ് ഡ്രാഫ്റ്റ് ആവുന്നതിന് മുന്‍പ്. അവിടുത്തെ നാട്ടുകാരെ കാണാനും ഏതാണ്ടൊക്കെ ഒരു ധാരണയുണ്ടാക്കാനുമായിരുന്നു ആദ്യത്തെ പോക്ക്. സിനിമയില്‍ നമ്മള്‍ റിക്രിയേറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളൊക്കെ കാണണമെന്നുണ്ടായിരുന്നു. കൂടാതെ പൊലീസ് ഓഫീസര്‍മാരെയും പട്ടാളക്കാരെയും അവരുടെയൊക്കെ ക്യാമ്പുകളും കാണുക, ഷൂട്ട് ചെയ്യേണ്ടിവരികയാണെങ്കില്‍ അവിടുത്തെ ഒഫിഷ്യല്‍സിനെ കാണുക, എത്രത്തോളം ഷൂട്ടിംഗ് ഫ്രണ്ട്‌ലിയാണ് സ്ഥലം എന്നറിയുക ഇതൊക്കെ ആദ്യത്തെ പോക്കിന്റെ ലക്ഷ്യമായിരുന്നു. മാവോയിസ്റ്റുകളെ കാണുക എന്നത് വിദൂരസ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നില്ല. അത് നടപടിയുള്ള കാര്യമല്ലെന്ന് അറിയാമായിരുന്നു. രണ്ടാമത് പോയത് നമ്മുടെ മ്യൂസിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആളുകളെയും കൊണ്ടാണ്. പ്രശാന്ത് പിള്ളയ്ക്കും സംഘത്തിനുമൊപ്പം.
സിനിമയിലെ പൊലീസുകാര്‍ക്ക് ഉണ്ടാവുന്ന ഒരു ട്രാന്‍സിഷന്‍ ഉണ്ടല്ലോ. വളരെ ആഹ്ലാദത്തില്‍ ആരംഭിക്കുന്ന അവരുടെ യാത്ര പതിയെപ്പതിയെ ഭയത്തിലേക്ക് എത്തുകയാണല്ലോ. അത് ഞങ്ങളും അനുഭവിച്ചതാണ്. ഞങ്ങള്‍ അനുഭവിച്ച ഭയം പൊലീസുകാരിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കണമെന്ന ചിന്ത കുറച്ചുകൂടി കൃത്യമായി ബോധ്യപ്പെടുന്നത് ആ യാത്ര കഴിഞ്ഞപ്പോഴാണ്.
ജാതീയതയെ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട് 'ഉണ്ട'. ബിജുകുമാര്‍ എന്ന ആദിവാസി കഥാപാത്രമാണ് ആദ്യം കണ്ണില്‍ ഉടക്കുന്നതെങ്കിലും പല കഥാപാത്രങ്ങളുടെ ഇന്ററാക്ഷനുകള്‍ക്കിടയിലും സൂക്ഷ്മമായി അതുണ്ട്. മുഖ്യധാരാ മലയാള സിനിമ ജാതീയതയെയൊക്കെ അഡ്രസ് ചെയ്യാന്‍ തുടങ്ങിയത് അടുത്തകാലത്തല്ലേ? സജീവമായ ഒരു ചലച്ചിത്ര വ്യവസായത്തില്‍ എന്തുകൊണ്ടാവും അത് ഇത്രയും വൈകിയത്?
അങ്ങനെയല്ല എനിക്ക് തോന്നുന്നത്. നമ്മുടെ ഓര്‍മ്മയിലുള്ള എല്ലാ മലയാളസിനിമകളിലും ഇതില്ലേ? ദളിത് കുടുംബങ്ങളെയൊന്നും അങ്ങനെ കാണിച്ചിരുന്നില്ല എന്നത് ശരി. അപ്പോള്‍ത്തന്നെ അപ്പര്‍ കാസ്റ്റ് എന്ന് അവര്‍ വിളിക്കുന്ന കാസ്റ്റില്‍ പെട്ട ആളുകളുടെ വീടും പരിസരവുമൊക്കെ കാണിക്കുമ്പോള്‍ അവിടെവരുന്ന അതല്ലാത്ത കാസ്റ്റിലുള്ള ഒരാളെ ട്രീറ്റ് ചെയ്യുന്നതൊക്കെ വളരെ സുന്ദരമായിട്ട്, വളരെ നോര്‍മലൈസ് ചെയ്ത് സിനിമകളില്‍ കാണിച്ചിട്ടില്ലേ? അതിനെ എന്താണ് നമ്മള്‍ ജാതീയത എന്ന് വിളിക്കാത്തത്? അതിലൂടെ അവര്‍ പുലര്‍ത്തുന്ന ജാതീയതയെ വളരെ വ്യക്തമായി കാണിക്കുന്നില്ലേ? പക്ഷേ അതിനെ ഒരിക്കല്‍ പോലും ജാതീയത എന്ന് വിളിച്ചിട്ടില്ല. അതേസമയത്ത് ഇവിടെനിന്ന് ക്യാമറ അങ്ങോട്ട് നോക്കുമ്പോഴാണ് ജാതീയത എന്ന് ടേം ചെയ്യപ്പെടുന്നതും പൊള്ളുന്നതും. അവിടെനിന്ന് ഇങ്ങോട്ടായിരുന്നു എക്കാലവും ക്യാമറ. അപ്പോള്‍ ആര്‍ക്കും പൊള്ളില്ല. മലയാളസിനിമ എക്കാലവും ജാതീയത പറഞ്ഞിട്ടുണ്ടെന്നേ ഞാന്‍ പറയൂ. ജാതീയതയെക്കുറിച്ച് പറയാതെ ഇന്ത്യാ മഹാരാജ്യത്ത് ഒരു സിനിമയും എടുക്കാന്‍ പറ്റില്ല. കാരണം ഇന്ത്യന്‍ സമൂഹം ജാതീയതയില്‍ അധിഷ്ഠിതമാണ്. അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അങ്ങനെയല്ലാത്ത ഒരു പടം ഇവിടെ ഇറങ്ങുന്നില്ല.
ദളിത്, മുസ്ലിം കഥാപാത്രങ്ങളുടെ പ്രതിനിധാനങ്ങളിലൊക്കെ മലയാളസിനിമ അല്‍പം ശ്രദ്ധിക്കാന്‍ തുടങ്ങിയത് അടുത്ത കാലത്തല്ലേ? തൊണ്ണൂറുകളിലെയൊക്കെ ആഘോഷിക്കപ്പെട്ട പോപ്പുലര്‍ സിനിമയെടുത്താല്‍ പ്രതിനായകന്മാരില്‍ ഭൂരിഭാഗവും മുസ്ലിം പേരുകാര്‍ ആയിരുന്നു?
പല വിഭാഗങ്ങളില്‍ നിന്നുമുള്ള ഫിലിം മേക്കേഴ്‌സിലും റൈറ്റേഴ്‌സിനുമൊക്കെ ഇപ്പൊഴായിരിക്കാം സിനിമയില്‍ ചാന്‍സ് കിട്ടിത്തുടങ്ങുന്നത്. അവരിലൂടെ കൂടി സിനിമ വരുമ്പോഴായിരിക്കാം അത്തരം വ്യത്യാസങ്ങള്‍ തോന്നുന്നത്. രണ്ടാമത്തെ ചോദ്യത്തെക്കുറിച്ച് അത്തരത്തില്‍ പഠനങ്ങളൊക്കെ വന്നിട്ടുണ്ട്. ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍, മുസ്ലിങ്ങളെ വില്ലന്‍ കഥാപാത്രങ്ങളാക്കി കാണിക്കുന്നതില്‍ എനിയ്ക്ക് പ്രശ്‌നമൊന്നും തോന്നിയിട്ടില്ല. എല്ലാ സമുദായങ്ങളിലും ഉള്ളതുപോലെ ദുഷ്ടന്മാരും വില്ലന്മാരുമൊക്കെ മുസ്ലിം കമ്യൂണിറ്റിയിലും ഉണ്ടല്ലോ. ടോട്ടാലിറ്റിയില്‍ സിനിമ എന്ത് പറയുന്നു എന്നതിലാണ് കാര്യം. അതാണ് ഞാന്‍ നോക്കാറ്.
കോഴിക്കോട്ടെ കനകാലയാ ബംഗ്ലാവിലെ സിനിമാ സൗഹൃദ കൂട്ടായ്മയെ 'മലബാര്‍ സിനിമാറ്റിക് യൂണിവേഴ്‌സ്' എന്നൊക്കെ ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പുകളില്‍ വിശേഷിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട് പ്രേക്ഷകര്‍. സുഡാനി മുതല്‍ ഉണ്ട വരെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആ കൂട്ടായ്മയില്‍ നിന്ന് അഞ്ച് സിനിമകള്‍. എത്ര കാലമായുള്ള സൗഹൃദങ്ങളാണ് അത്?
അങ്ങനെയൊന്നുമില്ല. ഈ സിനിമകളൊക്കെ പല കാലങ്ങളിലായി ഉണ്ടായി വന്നതാണ്. ഇപ്പോഴാണ് എല്ലാം പുറത്തുവന്നത് എന്നേയുള്ളൂ. ഞാന്‍ തന്നെ 2008 മുതല്‍ നടക്കുന്നു. എറണാകുളം-കോഴിക്കോട് ഷട്ടില്‍ സര്‍വ്വീസ് എന്ന മട്ടില്‍. എന്റെ സിനിമ ഇറങ്ങുന്നത് പക്ഷേ ഇപ്പോഴാണ്. അതിനിടയില്‍ വന്നുകൂടിയ സൗഹൃദങ്ങളാണ് ഒക്കെയും. ഞങ്ങളെല്ലാവരും ഷോര്‍ട്ട് ഫിലിം എടുത്ത് തുടങ്ങിയവരാണ്. അതിലൂടെ പരിചയം ഉണ്ടായവരാണ്. ഗ്രാഫിക് ഡിസൈനറാണ് ഞാന്‍. കോഴിക്കോട് ഞാന്‍ വാടക കൊടുക്കുന്ന ഒരു ഫ്‌ളാറ്റായിരുന്നു അത്. പക്ഷേ ഫ്‌ളാറ്റിന്റെ പേരായിരുന്നില്ല കനകാലയ എന്നത്. ആ സ്ഥലത്തിന്റെ, അവിടുത്തെ ബസ് സ്റ്റോപ്പിന്റെ പേരായിരുന്നു. ഞാനും രാജേഷ് രവി എന്ന സുഹൃത്തും ഉണ്ടായിരുന്നു. അവന്‍ ക്യാമറ ഓപറേറ്റ് ചെയ്യുമായിരുന്നു. അവിടം പിന്നെ ഒരു കേന്ദ്രമായി മാറി. 'കനകാലയ' എന്ന പേരിനോട് പ്രാസമൊപ്പിച്ച് പറയാവുന്ന ഒരു വാക്ക് ആതിനാലാവാം 'ബംഗ്ലാവ്' എന്ന് പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. എവിടെയുണ്ടെടാ നീ, എന്ന് ചോദിച്ചാല്‍ കനകാലയ ബംഗ്ലാവില്‍ ഉണ്ടെന്ന് പറയും. പക്ഷേ ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമാണ് ഇപ്പോഴും. അവരവരുടെ തിരക്കഥകളിലൊക്കെ ഓരോരുത്തരും സ്വന്തം നിലയ്ക്കാണ് അധ്വാനിക്കുന്നത്. പക്ഷേ കൂട്ടമായി ആലോചിക്കാറും ചര്‍ച്ച ചെയ്യാറുമൊക്കെയുണ്ട്. അടി കൂടാറുമുണ്ട്. തല്ലുകൂടലിന് ചിലര്‍ നിന്നുതരില്ല, ചിലര്‍ നിന്നുതരും. ചിലതൊക്കെ സിനിമയാവും. ചിലത് സിനിമയാവില്ല. അല്ലാതെ ഞങ്ങളെല്ലാവരും കൂടി രാത്രി കുത്തിയിരുന്ന്, ഇനി ഇങ്ങനെ ചെയ്തുകളയാം എന്ന് തീരുമാനിച്ചതൊന്നുമല്ല. 'ഉണ്ട' എന്ന സ്‌ക്രിപ്റ്റ് അവരാരും ഇതുവരെ വായിച്ചിട്ടില്ല. സിനിമയാണ് അവര്‍ കാണുന്നത്.
നടനെന്ന നിലയില്‍ മണികണ്ഠന്‍ എന്ന കഥാപാത്രം മമ്മൂട്ടിയെ നന്നായി സ്വാധീനിച്ചുവെന്ന് തോന്നിയിട്ടുണ്ട്, പുള്ളിയുടെ ഇന്ററാക്ഷനുകളിലൂടെ. മമ്മൂട്ടിയുടെ സാന്നിധ്യം കൊണ്ട് സിനിമയ്ക്കുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെയാണ്?
(ചിരി) അതുകൊണ്ടല്ലേ ഈ പടം വളരെ വൃത്തിയായിട്ട് ഇറങ്ങിയത്. അത്യാവശ്യം നല്ല ചെലവുള്ള പടമാണ്. മൂപ്പര് നല്ല നടനല്ലേ, എന്താണീ പറയുന്നത്? അതുപോലത്തെ ഒരാള് ചെയ്യുക എന്ന് പറയുന്നത് നമുക്ക് എന്തൊരു സന്തോഷമാണ്? ക്യാരക്ടറിന്റെ ഒരു പരിപാടി പറഞ്ഞാല്‍ ബാക്കി മൂപ്പരങ്ങ് ചെയ്ത് കാണിച്ചുതരികല്ലേ? ഉദ്ദേശിച്ചത് ആയോ, ആയില്ലേ എന്നൊക്കെ നമുക്ക് പിന്നീട് തോന്നുകയാണ് ചെയ്യുക. ഒരു അനുഭവം ഞാന്‍ പറയാം. നമ്മുടെ പരിചയമില്ലായ്മ കൊണ്ടുണ്ടാവുന്ന അബദ്ധത്തിന്റെ കാര്യമാണ് പറയുന്നത്. സഹപ്രവര്‍ത്തകരോട് മാപ്പ് പറയുന്ന ഒരു സീന്‍ ഉണ്ടല്ലോ. 'ക്ഷമിച്ചേരെടാ ഉവ്വേ, പറ്റിപ്പോയി, ഞാനെന്താ ചെയ്യണ്ടേ' എന്നൊക്കെ ചോദിക്കുന്ന സീന്‍. ആ സീന്‍ കഴിഞ്ഞപ്പൊ സെറ്റില്‍ എല്ലാവരും സൈലന്റായി. സ്വാഭാവികം. അത് കഴിഞ്ഞപ്പൊ മമ്മൂക്കയെപ്പോലെ ഒരാളോട് എന്താണ് പറയുക എന്ന് അറിയില്ലായിരുന്നു. മമ്മൂക്ക, നിങ്ങള് നന്നായി എന്ന് പറഞ്ഞാല്‍ അതില്‍പ്പരമൊരു അഹങ്കാരം വേറെ ഉണ്ടാവില്ല. അങ്ങനെയൊക്കെ പറയാന്‍ എനിയ്‌ക്കൊരു ചളിപ്പ് തോന്നി. എന്നാല്‍ എന്തെങ്കിലും പറഞ്ഞേ പറ്റൂ താനും. ഞാന്‍ പതുക്കെച്ചെന്ന് മൂപ്പരുടെ അടുത്തിരുന്ന് കൈപിടിച്ച് താങ്ക്യൂ എന്ന് പറഞ്ഞു. മൂപ്പര്‍ക്ക് മനസിലായി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു എന്ന കാര്യം. സിനിമയില്‍ ഇത് കഴിഞ്ഞിട്ട് വരുന്ന സീനാണ് ഭാര്യയുടെ ഫോണ്‍ വരുന്ന സീന്‍. അത് എടുത്തത് തലേദിവസമായിരുന്നു. പക്ഷേ ആ സീനില്‍ ഞാനത്ര ഹാപ്പി ആയിരുന്നില്ല. ഈ ഗ്യാപ്പില്‍ മമ്മൂക്കയോട് അക്കാര്യം ഞാനവതരിപ്പിച്ചു. ഇന്നലെ എടുത്തത് ഇപ്പോള്‍ എടുത്തതിന്റെ ബാക്കിയല്ലേ, അത് ഓകെ ആണെന്ന് ഇക്കായ്ക്ക് തോന്നുന്നുണ്ടോ എന്ന് ചോദിച്ചു. 'നിനക്ക് ഓകെ അല്ല അല്ലേ, എനിയ്ക്ക് തോന്നി' എന്ന് ഇക്ക എന്നോട് പറഞ്ഞു. ഇന്ന് രാത്രി എഡിറ്ററുടെ അടുത്തുപോയി കണ്ടുനോക്കെന്നും ഓകെ ആയിരിക്കുമെന്നും പറഞ്ഞു. നിഷാദിന്റെ റൂമില്‍ പോയി അന്ന് രാത്രി സംഗതി ഒന്നുകൂടി നോക്കിയപ്പോള്‍ കറക്ടാണ്.
മമ്മൂക്കയെപ്പോലെ ഒരാള്‍ വരുമ്പോള്‍ നമുക്ക് അധികം അധ്വാനിക്കേണ്ടിവരില്ല. ഉദാഹരണത്തിന് ഹാര്‍ട്ട് അറ്റാക്ക് വന്നു എന്നറിയുന്ന സീനിലൊക്കെ, അത്ര എക്‌സ്പീരിയന്‍സ് ഇല്ലാത്ത ഒരു നടനോട് നമ്മള്‍ എന്താണ് പറയുക? നിങ്ങള്‍ എന്ത് വികാരം ഇടണമെന്നാണ് പറയുക? മമ്മൂക്കയെപ്പോലെ ഒരു ആര്‍ട്ടിസ്റ്റിനെ കിട്ടിയാല്‍ അങ്ങനെയുള്ള കുറേ സൗകര്യങ്ങളുണ്ട്. കിട്ടുന്ന ചാന്‍സ് ഏതെങ്കിലും ഫിലിംമേക്കര്‍ ഒഴിവാക്കുമോ? മമ്മൂക്കയും നന്നായി എന്‍ജോയ് ചെയ്തിരുന്നു ഷൂട്ടിംഗ്. 'മണിസാറാ'യിരുന്നു സെറ്റില്‍.
എഴുതി പൂര്‍ത്തിയാക്കിയതോ ചെയ്യണമെന്ന് മനസ്സില്‍ ആഗ്രഹിക്കുന്നതോ ആയ വണ്‍ലൈനുകള്‍ വേറെയുണ്ടോ?
(ചിരി) അതൊക്കെ അവിടെ നില്‍ക്കട്ടെ. കുറച്ചുദിവസം കഴിയട്ടെ എന്ന് വച്ചിട്ടാ. അങ്ങനെ പറയാവുന്ന ഒരു പരുവത്തിലൊന്നും ആയിട്ടുമില്ല. കുറച്ചുദിവസം ഇങ്ങനെ ഫോണൊക്കെ അറ്റെന്‍ഡ് ചെയ്ത്, അതിന്റെ ഹരമൊക്കെ ആസ്വദിച്ച് ഇങ്ങനെ ഇരിക്കട്ടെ. ആളുകള് നല്ലതൊക്കെ പറയുമ്പൊ.. ഞാന്‍ ഭയങ്കര ഹാപ്പിയാണ് ഭായ്.