'നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്ത് അരങ്ങിലേത്തിക്കുന്നതിനിടെ, ഗ്രീന്‍ റൂം എന്ന നാടകത്തിലെ രാഹുല്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള ബഹുമതി നേടി. പിന്നാലെ അന്നുണ്ടായിരുന്ന കാലിത്തീറ്റ കമ്പനിയിലെ ജോലിയും പോയി. പിന്നീട് ഉപജീവനത്തിനായി എംപ്ലോയ്‍മെന്‍റ് ഓഫീസ് വഴി പല ജോലികള്‍ ജീവിതത്തിൽ കെട്ടിയാടി. അപ്പോഴും നാടകത്തെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു'
"മോളേ... ചോറ് മാത്രം അടുപ്പിൽത്തന്നെ വയ്‌ക്കണേ", "വാഷിങ് മെഷീനിലിട്ടാൽ തുണി പൊടിഞ്ഞു പോവില്ലേ മോളേ..', "ഞാന്‍ പല്ല് തേച്ചിട്ടില്ല മോളേ, എനിക്ക് ബ്രഷ് കിട്ടീട്ടില്ല...". സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന, ജിയോ ബേബി സംവിധാനം ചെയ്‌ത "ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന സിനിമയിലെ നായകന്‍റെ അച്ഛന്‍ കഥാപാത്രത്തിന്‍റെ ഡയലോഗുകൾ ആണിത്. 'മോളേ' എന്ന് നീട്ടി വിളിച്ച് ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന അമ്മായിയച്ഛനെ തിരയുകയാണ് സോഷ്യല്‍ മീഡിയ. ഈ കക്ഷിയെ നേരിട്ടു കണ്ടിരുന്നെങ്കില്‍ 'ഒന്നു പൊട്ടിക്കാമായിരുന്നു' എന്ന മട്ടില്‍ പോലുമാണ് ചില പ്രേക്ഷക പ്രതികരണങ്ങള്‍. അതേസമയം പ്രേക്ഷകര്‍ക്ക് തോന്നുന്ന ആ വെറുപ്പില്‍ കഥാപാത്രം വിജയിച്ചതിന്‍റെ ആനന്ദം കണ്ടെത്തുകയാണ് അവതരിപ്പിച്ച ടി സുരേഷ് ബാബു. കോഴിക്കോട് സ്വദേശിയായ പ്രശസ്ത നാടക കലാകാരന്‍ ടി സുരേഷ് ബാബുവാണ് ആ വേഷം സമര്‍ത്ഥമായി കൈകാര്യം ചെയ്തത്. 'നാടകഗ്രാമ'ത്തിന്‍റെ സ്ഥാപകനും ഡയറക്‌ടറും കൂടിയാണ് സുരേഷ് ബാബു. ടി സുരേഷ് ബാബുവുമായി നിര്‍മല ബാബു നടത്തിയ അഭിമുഖം
undefined
മൂന്നാം ക്ലാസ്സിൽ തുടങ്ങിയ നാടകാഭിനയം
അമ്മയുടെ നാടായ മാഹിയില്‍ മൂന്നാം ക്ലാസിൽ പഠിക്കുമ്പോള്‍ പെൺവേഷം കെട്ടിയാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. വളരുന്തോറും അഭിനയത്തോടുള്ള ഇഷ്‌ടം ഏറിവന്നു. പിന്നീട് സംവിധാന രംഗത്തേക്ക് കടന്നു. ഏറെ ഇഷ്ടം ചാര്‍ളി ചാപ്ലിനെ ആയിരുന്നു. അതുപോലെയാവണം എന്നൊക്കെയായിരുന്നു ആഗ്രഹം. ഉപജീവനത്തിനായി 18 വയസ് മുതൽ മെഡിക്കൽ സ്‌റ്റോറിൽ ജോലിക്കു കയറി. 12 മണിക്കൂര്‍ ജോലി ചെയ്തശേഷം രാത്രിയിൽ നാടക ക്യാമ്പിലേക്ക് പോകും. പുരാണ നാടകങ്ങളിലേ മുനിശ്രേഷ്ഠന്‍റെയൊക്കെ വേഷമായിരുന്നു അന്ന് ചെയ്തിരുന്നത്. ഏറെ ദൂരം സൈക്കിൾ ചവിട്ടി നാടകം ചെയ്യാന്‍ പോകുന്നത് അഭിനയത്തോടും നാടകത്തോടുമുള്ള അടങ്ങാത്ത ഭ്രാന്തുള്ളത് കൊണ്ടായിരുന്നു. 23-ാം വയസില്‍ സംവിധാനം ചെയ്ത കുട്ടികള്‍ക്കുള്ള നാടകം പുരസ്കാരത്തിന് അര്‍ഹമായിട്ടുണ്ട്.
നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്ത് അരങ്ങിലേത്തിക്കുന്നതിനിടെ, ഗ്രീന്‍ റൂം എന്ന നാടകത്തിലെ രാഹുല്‍ എന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള ബഹുമതി നേടി. പിന്നാലെ അന്നുണ്ടായിരുന്ന കാലിത്തീറ്റ കമ്പനിയിലെ ജോലിയും പോയി. പിന്നീട് ഉപജീവനത്തിനായി എംബ്ലോയിമെന്റ് ഓഫീസ് വഴി പല ജോലികള്‍ ജീവിത്തിൽ കെട്ടിയാടി. അപ്പോഴും നാടകത്തെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു. 2000 ന്‍റെ തുടക്കത്തിൽ നാടക അഭിനേതാക്കൾ എല്ലാം സീരിയലിലേക്ക് ചേക്കേറിയപ്പോഴും നാടകം വരുമാനത്തിനുള്ള മാർഗ്ഗം മാത്രമായി കാണാൻ മനസ്സ് അനുവദിച്ചില്ല. ഗ്രാമ പ്രദേശങ്ങളിലും നാടകത്തിനുള്ള ശ്രദ്ധ കുറഞ്ഞുവന്നപ്പോൾ സംരക്ഷിക്കാന്‍ പല ഇടപെടലുകള്‍ നടത്തി. എല്ലാ ഗ്രാമത്തിലും ഒരു നാടക ഭ്രാന്തനെങ്കിലും ഉണ്ടാവും എന്ന് തിരിച്ചറിഞ്ഞപ്പോൾ, അവരെ കണ്ടെത്തി ഒരു സംഘം രൂപീകരിച്ചു.
2000 ത്തിലാണ് 'നാടകഗ്രാമം' എന്ന സമിതിയുടെ ജനനം. നാടകം ഉപജീവനമായി മാറ്റരുതെന്ന് നിർബന്ധമുള്ളതുകൊണ്ട് എൽഐസി ഏജന്‍റായി ജോലിയും ചെയ്തു. ഒപ്പമുള്ള കലാകാരന്‍മാര്‍ ഒത്തിരി സഹായിച്ചിട്ടുണ്ട്. പിന്നീട് കുടുംബവും നാടക രംഗത്തേക്ക് എത്തി എന്നതാണ് ഏറെ സന്തോഷം നൽകുന്ന കാര്യം. ഭാര്യ ഇപ്പോള്‍ നാടകത്തിൽ അഭിനയിക്കുന്നുണ്ട്. മകൻ നാടക നടനും സംവിധായകനുമാണ്. ഒരുമിച്ച് ചെയ്ത കുറെ സംരംഭങ്ങള്‍ ജീവിതത്തില്‍ ഒത്തിരി സന്തോഷം നല്‍കി, ഇപ്പോള്‍ സിനിമയിലെ നേട്ടവും.
'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനി'ലേക്ക്
'കപ്പേള' സിനിമയുടെ സംവിധായകനും നടനുമായ മുഹമ്മദ് മുസ്‌തഫയുമായി അടുത്ത പരിചയമുണ്ട്. അദ്ദേഹത്തോടാണ് ആദ്യം വേഷം ചോദിച്ചതും. ദി ഇന്ത്യൻ ഗ്രേറ്റ് കിച്ചനിലെ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ സംവിധായകൻ ജിയോയ്‌ക്ക് മുസ്‌തഫ ആണ് ഫോട്ടോ കാണിച്ചുകൊടുത്തത്. കഥാപാത്രത്തിന് ആവശ്യമുള്ള രൂപമായിരുന്നതുകൊണ്ട് വിളിച്ചു. ജിയോയ്‌ക്ക് നേരിട്ട് കണ്ടപ്പോഴും ഏറെ ഇഷ്ടമായി. അങ്ങനെയാണ് സിനിമാ ലോകത്തിലേക്ക് എത്തുന്നത്. ഈ സിനിമയിലെ ടീം എടുത്ത് പറയേണ്ട ഒന്നാണ്. കൂടെ അഭിനയിച്ച സുരാജും നിമിഷയും അടക്കം എല്ലാവരും നല്‍കിയ സ്നേഹം അത്ര വലുതായിരുന്നു. ഏറ്റവും മറക്കാന്‍ പറ്റാത്ത ഒരു ഓര്‍മ്മ പറയുകയാണെങ്കില്‍, ഷൂട്ടിന് മുമ്പ് ബാര്‍ബര്‍ ഷോപ്പിലേക്ക് പോയതാണ്. അന്ന് എന്നെ കൊണ്ടുപോയത് സിനിമയുടെ പ്രോഡ്യൂസര്‍മാരില്‍ ഒരാള്‍ കൂടിയാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം. ഇപ്പോഴും മറന്നിട്ടില്ല. ആദ്യം വിചാരിച്ച സിനിമാ സങ്കൽപ്പമല്ല അതിലേക്ക് എത്തിയപ്പോൾ കിട്ടിയത്. ഇപ്പോൾ കൂടുതൽ ആത്മവിശ്വാസമുണ്ട്.
സിനിമയിലേ 'മോളേ' വിളി
സിനിമയിലെ അച്ഛന്‍ കഥാപാത്രമായി ചേട്ടന്‍ അഭിനയിക്കുകയൊന്നും വേണ്ട വേറുതെ ഒന്ന് നിന്നുതന്നാല്‍ മതി എന്നാണ് ജിയോ ആദ്യം പറഞ്ഞത്. എന്താണ് ചെയ്യണ്ടത് സ്ക്രിപ്റ്റ് ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍, ഏഴുതി വെച്ച ഡയലോഗുകള്‍ ഒന്നും സിനിമയില്‍ ഇല്ല, തിരക്കഥയിലെ സന്ദര്‍ഭത്തിനനുസരിച്ച് സ്വാഭാവികമായി വരുന്ന സംഭാഷണങ്ങള്‍ അങ്ങ് പറഞ്ഞാല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ആദ്യം ഒന്നു പകച്ച് പോയി എങ്കിലും പിന്നെ അതുപോലെതന്നെ റെഡിയായി വന്നു. എന്താണ് ചെയ്യേണ്ടത് എന്ന് സംവിധായകൻ കൃത്യമായി പറഞ്ഞുതന്നിരുന്നു. 'മോളേ' വിളിയും അങ്ങനെ വന്നതാണ്.
ആദ്യ ഷോട്ട് എടുക്കുമ്പോഴും അറിയില്ലായിരുന്നു ആളുകള്‍ക്ക് ദേഷ്യം തോന്നിക്കുന്ന കഥാപാത്രം ആയിരിക്കും എന്ന്. സുരാജും ഞാനും ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോകുന്ന സീനായിരുന്നു ആദ്യം ചെയ്തത്. ജിയോ പറഞ്ഞതു പോലെ അത് ചെയ്തു. പിന്നീട് എടുത്ത സീനില്‍ ഞാന്‍ ഇല്ലായിരുന്നു. ഞങ്ങള്‍ കഴിച്ച ഭക്ഷണത്തിന്‍റെ വെസ്റ്റ് നിറഞ്ഞ മേശയിൽ വന്നിരുന്ന് മരുമകളും ഭാര്യയും ഭക്ഷണം കഴിക്കുന്ന സീൻ ആയിരുന്നു അത്. അത് കണ്ടപ്പോഴാണ് സിനിമ കൈകാര്യം ചെയ്യുന്ന ആശയത്തെപ്പറ്റിയും അതിന്‍റെ ഗൗരവത്തെപ്പറ്റിയും മനസിലാവുന്നത്. ശരിക്കും ആ കഥാപത്രം അല്ല വില്ലന്‍. കാലങ്ങളായി കൈമാറി വരുന്ന രീതികളാണ് ശരിയായ വില്ലന്‍. നിമിഷയുടെ കഥാപാത്രം ജോലിക്കു പോകാൻ അനുവാദം ചോദിക്കുമ്പോൾ, എംഎ വരെ പഠിച്ചിട്ടും ഇവിടുത്തെ അമ്മ ജോലിക്ക് പോയിട്ടില്ല എന്ന് പറയുന്നതും ഈ കൈമാറ്റത്തിന്‍റെ ഭാഗമാണ്. അതാണ് മാറേണ്ടത്.
ചെറുപ്പത്തിൽ എന്‍റെ വീട്ടിൽ കണ്ടിരുന്ന പല കാഴ്‌ചകളുമാണ് സിനിമയിലെ അടുക്കളയിലും വീട്ടിലുമായി കാണുന്നത്. ഇപ്പോഴും കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് സിനിമയില്‍ ചർച്ച ചെയ്യുന്നത്. ആർത്തവത്തെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണകളും സ്‌ത്രീകളോട് ചെയ്യുന്ന വിവേചനങ്ങളും എല്ലാം നാം മനപ്പൂര്‍വ്വം കണ്ടില്ല എന്ന് നടിക്കാറാണ് പതിവ്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ പലപ്പോഴും എനിക്ക് വീട് ഓര്‍മ്മ വന്നു. ഞാന്‍ എങ്ങനെയാണ് എന്ന് മനസില്‍ പല തവണ വിലയിരുത്തിയിരുന്നു.
ഓഫ് സ്ക്രീനിലെ അച്ഛന്‍, അമ്മായിയച്ഛന്‍
ഭാര്യ സായിജ, മകന്‍ ഛന്ദസ്, ധീരജ്, മരുമകള്‍ അഞ്ജു എന്നിവര്‍ അടങ്ങുന്നതാണ് കുടുംബം. യഥാര്‍ത്ഥ ജീവിതത്തില്‍ ഫാസിസ്റ്റ് ആണെന്ന് പറയേണ്ടി വരും. സിനിമയിലെ കഥാപത്രത്തെപ്പോലെ വില്ലനല്ല ജീവിത്തില്‍. പക്ഷേ, എന്നിലേക്ക് കുത്തിനിറച്ച മാലിന്യങ്ങളും ഞാന്‍ കണ്ട ലോകത്തിന്‍റെ പകര്‍പ്പും ജീവിതത്തില്‍ ഇടയ്ക്ക് പുറത്തേക്ക് വരും. പക്ഷേ അത് മാറ്റാനുള്ള ശ്രമത്തിലാണ്. സിനിമ അതിന് ഗുണം ചെയ്തിട്ടുണ്ട്. സിനിമയ്ക്ക് മുമ്പും അടുക്കളയില്‍ കയറി ജോലി ചെയ്യുമായിരുന്നു. പക്ഷേ മടിയാണ്. അത് തലമുറകളായി കൈമാറി തുടര്‍ന്ന് പോരുന്ന ശീലക്കേടുകളാണ്. അത് മാറി വരണം. ഇത്തരം സിനിമയിലൂടെയും തുടര്‍ ചര്‍ച്ചകളിലൂടെയും പുരുഷമേധാവിത്വത്തില്‍ നിന്ന് മാറി പരസ്പരം ബഹുമാനിക്കുന്ന കുടുംബ പശ്ചാത്തലം ഉണ്ടായി വരട്ടെ എന്നാണ് ആഗ്രഹിക്കുന്നത്.
ഏറ്റവും കൂടുതല്‍ വിളിച്ചത് 'എതിരാളികള്‍'
നാടകത്തിലെ 'എതിരാളികള്‍' എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന സുഹുത്തുക്കള്‍ സിനിമ കണ്ട് വിളിച്ചപ്പോഴാണ് ഏറെ സന്തോഷമുണ്ടായത്. കുറെ ആളുകള്‍ നല്ല അഭിപ്രായം പറഞ്ഞു. ഒത്തിരി സന്തോഷം. ഇത്തിരി വിഷമം ഉണ്ടാക്കിയത് മരുമകളുടെ ഒരു ഡയലോഗാണ്. ഈ അടുത്താണ് മകന്‍റെ വിവാഹം കഴിഞ്ഞത്. മരുമകളെ ഏറെ സ്നേഹത്തോടെയാണ് മോളെ എന്ന് വിളിച്ചിരുന്നത്. സിനിമ കണ്ടശേഷം, താന്‍ മോളെ എന്ന് വിളിക്കുമ്പോൾ ഉള്ളിൽ ഒരു കാളലാണെന്നാണ് അവൾ തമാശയ്‌ക്ക് പറഞ്ഞത്. അതിന് ശേഷം എനിക്ക് ആരെയെങ്കിലും മോളേ എന്ന് വിളിക്കുമ്പോള്‍ മനസില്‍ ഒരു ശങ്കയാണ്.
അടുത്ത സിനിമ വിജയ് സേതുപതിക്കൊപ്പം
ഇതിനിടയിൽ വിജയ് സേതുപതിക്കൊപ്പവും അഭിനയിച്ചു. വിജയ് സേതുപതിയും നിത്യ മേനോനും ഒന്നിക്കുന്ന, വി എസ് ഇന്ദു സംവിധാനം ചെയ്യുന്ന 19(1) എ ആണ് അടുത്ത സിനിമ. ചെറിയ വേഷമാണെങ്കിലും വലിയ സന്തോഷവും ആത്മവിശ്വാസവുമാണ് വിജയ് സേതുപതിക്കൊപ്പമുള്ള അനുഭവം.