'തലവൻ' ജിസ് ജോയിക്ക് പൂ പറിക്കുന്നത് പോലെ നിസാരം: അരുൺ നാരായൺ

By Web Team  |  First Published May 30, 2024, 7:05 PM IST

"സിനിമയോട് എനിക്ക് ബിസിനസിന് അപ്പുറം പാഷനാണ് ഉള്ളത്."


ആസിഫ് ആലിയും ബിജു മേനോനും പ്രധാനകഥാപാത്രങ്ങളായ 'തലവൻ' മികച്ച പ്രേക്ഷകപ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. നടൻ കൂടെയായ അരുൺ നാരായൺ ആണ് ചിത്രം നിർമ്മിച്ചത്. 'തലവന്റെ' വിജയത്തിന് പിന്നാലെ അരുൺ സംസാരിക്കുന്നു.

അരുൺ പ്രൊഡ്യൂസർ ആകുന്നതിന് മുൻപ് നടനായാണ് തുടങ്ങിയത് അല്ലേ?

Latest Videos

undefined

ഞാൻ ടെലിവിഷൻ ആങ്കർ ആയിട്ടാണ് ഈ മേഖലയിൽ തുടങ്ങിയത്. തിരുവനന്തപുരത്ത് പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ കിരൺ ടിവിയിൽ ലൈവ് ഷോകൾ ചെയ്തു. ഏതാണ്ട് 3000 എപ്പിസോഡ് ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞ് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തു. ഒരുപാട് സിനിമകളുടെ പ്രൊജക്റ്റ് ഡിസൈൻ ചെയ്തു. പിന്നെ പ്രൊഡക്ഷനിലേക്ക് കടന്നു. ആദ്യമായി പ്രൊഡക്ഷൻ ചെയ്തത് 'പുതിയ നിയമം' ആണ്. പിന്നീട് 'പുത്തൻപണം' ചെയ്തു. അരുൺ നാരായൺ പ്രൊ‍ഡക്ഷനിൽ ഇതുവരെ മൂന്നു സിനിമകളാണ് ചെയ്തത്. ആദ്യ സിനിമ 'ഈശോ' ആയിരുന്നു.

എങ്ങനെയാണ് ഈ സിനിമയുടെ പ്രൊഡ്യൂസർ ആയത്?

സംവിധായകൻ ജിസ് ജോയ് എന്റെ വളരെ അടുത്ത സുഹൃത്താണ്. കഥ കേട്ടപ്പോൾ എനിക്ക് താൽപര്യം തോന്നി. ആതുകൊണ്ട് ചെയ്യാം എന്ന് തീരുമാനിച്ചു. എന്റെ അടുത്ത സുഹൃത്തായ സിജോ സെബാസ്റ്റ്യന്റെ ലണ്ടൻ സിനിമാസ് എന്ന ബാനറിനൊപ്പം ചേർന്നാണ് ഈ സിനിമ നിർമ്മിച്ചത്.

ജിസ് ജോയ് എന്നാൽ ഫീൽ ​ഗുഡ് സിനിമകൾ ചെയ്യുന്നയാൾ എന്നൊരു ലേബൽ ഉണ്ടല്ലോ. ഒരു കുറ്റാന്വേഷണ സിനിമ ജിസ് ജോയ്ക്ക് ചേരുമോ എന്നതിൽ സംശയിച്ചോ?

ജിസ് ജോയ് വളരെ പാഷനേറ്റ് ആയ വ്യക്തിയാണ്. ഒരിക്കൽ ഒരു നല്ല സിനിമ ചെയ്ത് കഴിവ് തെളിയിച്ച ഒരാൾക്ക് മറ്റു സബ്ജക്റ്റുകൾ ചെയ്യാൻ ബുദ്ധിമുട്ടില്ല. ജിസ് ജോയ് പരസ്യങ്ങൾ ചെയ്യും, ഡബ്ബ് ചെയ്യും, വരികൾ എഴുതും. അങ്ങനെ ചെറിയ സ്പാനിൽ നിന്ന് വലിയ കഥകൾ പറയാൻ കെൽപ്പുള്ളയാളാണ് ജിസ് ജോയ്. ഈ സിനിമ ജിസ് ജോയിയെ സംബന്ധിച്ച്, മുൻപ് ലാലേട്ടന്റെ ആറാം തമ്പുരാനിലെ കഥാപാത്രം പറയുന്നത് പോലെ പൂ പറിക്കുന്നത് പോലെ നിസ്സാരമാണ്.

സിനിമയിലെ പ്രധാന കഥാപാത്രങ്ങളായാണ് ആസിഫ് അലിയും ബിജു മേനോനുമാണ്. ആർട്ടിസ്റ്റുകളെ തെരഞ്ഞെടുക്കുന്നതിലുൾപ്പെടെ ഇടപെട്ടോ?

ജിസ് ആയിട്ട് വർക്ക് ചെയ്യുമ്പോൾ ഏറ്റവും വലിയ പ്രത്യേകത ഈ​ഗോ ഒട്ടുമില്ലാത്ത വ്യക്തിയാണ്. ഒരു ​ഗിവ് ആൻഡ് ടേക്കിൽ വിശ്വസിക്കുന്നയാളാണ്. കാര്യങ്ങൾ കേൾക്കും, ഒ.കെ ആണെങ്കിൽ അങ്ങനെ തന്നെ പറയും. അതൊരു സുഖമുള്ള പ്രോസസ് ആണ്. സിനിമയോട് എനിക്ക് ബിസിനസിന് അപ്പുറം പാഷനാണ് ഉള്ളത്. അതുപോലെ പാഷനുള്ള വ്യക്തിയാണ് ജിസ്.

എന്താണ് ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ ഒരു സിനിമ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം?

സത്യത്തിൽ ഇതുവരെയുള്ള എന്റെ പ്രോജക്റ്റുകളെല്ലാം സുഹൃത്തുക്കളുടെ കൂടെയാണ്. ആദ്യ സിനിമ നാദിർഷയുടെ കൂടെ. അദ്ദേഹത്തെ എനിക്ക് വളരെ നാളത്തെ പരിചയമുണ്ട്. അടുത്തത് ടിനു പാപ്പച്ചൻ. ടിനു, അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലം മുതൽ എനിക്ക് പരിചയമുണ്ട്. ഇപ്പോഴിതാ ജിസ് ജോയ്.

'തലവൻ' പ്രതീക്ഷച്ചതിനപ്പുറം വലിയ ഹിറ്റ് ആയോ?

ഉള്ളടക്കത്തിൽ ഉറപ്പുള്ളത് കൊണ്ടാണ് സിനിമ ചെയ്യുന്നത്. സിനിമ ഒരു പ്രവചനീയമായ മേഖലയല്ല. അത് മനസ്സിലുറപ്പിച്ച് തന്നെയാണ് സിനിമയെ സമീപിക്കുന്നത്. ഇപ്പോൾ എനിക്കൊരു എക്സ്ട്രാ ഓർഡിനറി സന്തോഷം ഉണ്ട്. ചെന്നൈയിൽ ഒക്കെ ഡബ്ബ് ചെയ്തല്ല, ഇം​ഗ്ലീഷ് സബ്ടൈറ്റിലോടെയാണ് പടം ഇറങ്ങിയത്. എന്നിട്ടും അവിടെ നിന്ന് വരുന്ന റിവ്യൂസ് അതി​ഗംഭീരമാണ്. ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചത് പോലുമല്ല. സൂപ്പർ ഹാപ്പിയാണ് ഇപ്പോൾ.

സിനിമയുടെ വിജയപരാജയങ്ങൾ വ്യക്തിപരമായി ബാധിക്കാറില്ലേ?

പേഴ്സണലി ബാധിക്കുമോയെന്ന് ചോദിച്ചാൽ സത്യം പറഞ്ഞാൽ ഒരു സിനിമയിലും ഭയങ്കര സന്തോഷം, അല്ലെങ്കിൽ ഭയങ്കര ഡിപ്രഷൻ ഇല്ല. ഇത് ഒരു ​ഗാംബിൾ ആണെന്ന് അറിയാവുന്നത് കൊണ്ട് മനസ്സിൽ അങ്ങനെയാണ് കരുതാറ്. നന്നായാൽ സന്തോഷം, മോശമായാൽ കുഴപ്പങ്ങൾ മനസ്സിലാക്കി പരിഹരിക്കാൻ ശ്രമിക്കും. പക്ഷേ, അതുകൊണ്ട് മാത്രം അടുത്ത സിനിമ വിജയിച്ചുകൊള്ളണമെന്നുമില്ല.

click me!