'കട്ട ദിലീപ് ഫാനാണ് ഞങ്ങളുടെ നായകന്‍'; 'ഷിബു'വിന്റെ സംവിധായകന്‍ സംസാരിക്കുന്നു

By Nirmal Sudhakaran  |  First Published Jun 4, 2019, 6:57 PM IST

'സിനിമ എന്ന ആഗ്രഹവുമായി നടന്ന കാലത്ത് ഞങ്ങളെല്ലാം നേരിട്ട പ്രതിസന്ധികളുണ്ട്. അതില്‍നിന്നൊക്കെയാണ് ഇത് ഡെവലപ്പ് ചെയ്തിരിക്കുന്നത്. ഞങ്ങളുടെ നായകന്‍ കാര്‍ത്തിക് രാമകൃഷ്ണനും സിനിമ പഠിക്കാന്‍ എറണാകുളത്തേക്ക് ഷിഫ്റ്റ് ചെയ്ത ആളാണ്. കാര്‍ത്തിക്കിന്റെ യഥാര്‍ഥ അനുഭവങ്ങളും സിനിമയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രം.'


2015ല്‍ പുറത്തെത്തിയ '32-ാം അധ്യായം 23-ാം വാക്യം' എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് എത്തിയ ഇരട്ട സംവിധായകരാണ് അര്‍ജുന്‍ പ്രഭാകരനും ഗോകുല്‍ രാമകൃഷ്ണനും. നാല് വര്‍ഷത്തിന് ശേഷം കാര്‍ത്തിക് രാമകൃഷ്ണന്‍ എന്ന പുതുമുഖത്തെ നായകനാക്കി 'ഷിബു' എന്ന ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നറുമായി വരികയാണ് അവര്‍. പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് സംവിധായകരില്‍ ഒരാളായ അര്‍ജുന്‍ പ്രഭാകരന്‍..

ആരാണ് 'ഷിബു'?

Latest Videos

undefined

പാലക്കാടാണ് സിനിമയുടെ പശ്ചാത്തലം. സിനിമാ സംവിധായകനാവാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് 'ഷിബു'. അതിന് അയാള്‍ പല വഴികളില്‍ ശ്രമം നടത്തുന്നുവെങ്കിലും ഒന്നും ശരിയാവുന്നില്ല. അവസാനം എറണാകുളത്തുള്ള ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ വരുന്നു. ഗ്രാമത്തില്‍ നിന്ന് നഗരത്തിലെത്തുമ്പോള്‍ അയാള്‍ക്കുണ്ടാവുന്ന ചില ആശയക്കുഴപ്പങ്ങളൊക്കെയുണ്ട്. സിനിമ എന്ന മോഹത്തിലേക്കുള്ള നായകന്റെ ഒരു യാത്രയാണ് സിനിമ. ഒരു ദിലീപ് ആരാധകനാണ് 'ഷിബു'. ദിലീപിന്റെ നായകനാക്കി ഒരു സിനിമ ചെയ്യുക എന്നതാണ് അയാളുടെ സ്വപ്നം. ലളിതവും പ്രാദേശികവുമായ ഒരു പേര് വേണമെന്ന് ചിന്തിച്ചിട്ടാണ് 'ഷിബു' എന്ന പേരിലെത്തുന്നത്. ഏത് നാട്ടിന്‍പുറത്ത് ചെന്നാലും ഈ പേരുകാര്‍ ഉണ്ടാവുമല്ലോ. സ്‌കൂള്‍ കാലം മുതല്‍ നായകന്റെ ഏഴെട്ടുവര്‍ഷത്തെ യാത്രയാണ് സിനിമ. സിനിമ എന്ന ആഗ്രഹവുമായി നടന്ന കാലത്ത് ഞങ്ങളെല്ലാം നേരിട്ട പ്രതിസന്ധികളുണ്ട്. അതില്‍നിന്നൊക്കെയാണ് ഇത് ഡെവലപ്പ് ചെയ്തിരിക്കുന്നത്. ഞങ്ങളുടെ നായകന്‍ കാര്‍ത്തിക് രാമകൃഷ്ണനും സിനിമ പഠിക്കാന്‍ എറണാകുളത്തേക്ക് ഷിഫ്റ്റ് ചെയ്ത ആളാണ്. കാര്‍ത്തിക്കിന്റെ യഥാര്‍ഥ അനുഭവങ്ങളും സിനിമയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഒരു ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നറായിരിക്കും ചിത്രം. 

ഇരട്ട സംവിധായകരാണ്. '32-ാം വാക്യ'വും ഇപ്പോള്‍ 'ഷിബു'വും സംവിധാനം ചെയ്തത് ഗോകുല്‍ രാമകൃഷ്ണനുമായി ചേര്‍ന്നാണ്. എങ്ങനെയാണ് നിങ്ങളുടെ കോമ്പിനേഷന്‍ സംഭവിച്ചത്? 

എട്ടാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് ഞാനും ഗോകുലും. എന്നും ഞങ്ങളുടെ പ്രധാന ചര്‍ച്ചാവിഷയം സിനിമയായിരുന്നു. സംവിധാനം ചെയ്യുക എന്ന ആഗ്രഹം ആരംഭിക്കുംമുന്‍പേ ഞങ്ങള്‍ക്ക് ആ ശീലം ഉണ്ടായിരുന്നു. ആദ്യം വെവ്വേറെയായിരുന്നു ഞങ്ങളുടെ സിനിമാ ശ്രമങ്ങളൊക്കെ. പക്ഷേ അതൊന്നും ഫലവത്തായില്ല. ഒരുമിച്ച് ശ്രമിച്ചാല്‍ കുറച്ചുകൂടി സാധ്യതയുണ്ടെന്ന് മനസിലാക്കിയത് പിന്നീടാണ്. അങ്ങനെ ഒരുമിച്ചുള്ള മൂന്നാല് വര്‍ഷത്തെ പരിശ്രമത്തിന് ശേഷമാണ് ആദ്യത്തെ സിനിമ '32-ാം അധ്യായം 23-ാം വാക്യം' സംവിധാനം ചെയ്യുന്നത്. 2015ല്‍ ആയിരുന്നു അത്. ആ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഏത് ഫിലിംമേക്കറെയും സംബന്ധിച്ച് ദുരന്തമാണ് അത്. അതിനാല്‍ത്തന്നെ ആദ്യസിനിമയേക്കാള്‍ ഇരട്ടി അധ്വാനിക്കേണ്ടി വന്നിട്ടുണ്ട് ഈ സിനിമ നടപ്പാക്കിയെടുക്കാന്‍. ആദ്യ സിനിമ ബോക്‌സ്ഓഫീസില്‍ വര്‍ക്കായില്ല എന്ന് കേള്‍ക്കുമ്പോള്‍ പല നിര്‍മ്മാതാക്കളും താരങ്ങളുമൊക്കെ നമ്മളുമൊത്ത് ഇരിക്കാന്‍ പോലും തയ്യാറാവില്ല. ആദ്യ സിനിമയിലെ പോരായ്മകളൊക്കെ മനസിലാക്കി തിരുത്തിയാണ് ഇപ്പോള്‍ 'ഷിബു' ചെയ്തിരിക്കുന്നത്. ഫൈനല്‍ വര്‍ക്കെല്ലാം കഴിഞ്ഞിരിക്കുമ്പോള്‍ നന്നായി വന്നിരിക്കുന്നു എന്ന അഭിപ്രായമാണുള്ളത്. 

എങ്ങനെയാണ് ഒരു പുതുമുഖത്തെ നായകനാക്കാന്‍ തീരുമാനിക്കുന്നത്?

ഞങ്ങള്‍ക്ക് നേരത്തേ അറിയാവുന്ന സുഹൃത്താണ് കാര്‍ത്തിക്. ഒരുമിച്ച് ഷോര്‍ട്ട് ഫിലിംസ് ഒക്കെ ചെയ്തിരുന്നു. വളരെ ടാലന്റഡ് ആയിട്ടുള്ള ഒരു നടനാണ്. ഞങ്ങളുടെ ആദ്യ ചിത്രം 32-ാം വാക്യത്തില്‍ കാര്‍ത്തികിനെയാണ് ആദ്യം നായകനായി നിശ്ചയിച്ചിരുന്നത്. പക്ഷേ നിര്‍മ്മാതാവ് മാറിയപ്പോള്‍ പ്രേക്ഷകര്‍ക്ക് പരിചയമുള്ള ഒരു നായകന്‍ വേണമെന്ന് പറഞ്ഞതിനാല്‍ അവസാനനിമിഷം മാറ്റേണ്ടിവന്നതാണ്. പിന്നീട് അതേചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലാണ് അവന്‍ അഭിനയിച്ചത്. അന്നേ അവന് ഉറപ്പ് കൊടുത്തതാണ്, ഇനിയൊരു സിനിമ ചെയ്യുമ്പോള്‍ ടീമായേ പ്രവര്‍ത്തിക്കൂ എന്ന്. അങ്ങനെയാണ് കാര്‍ത്തിക് ഷിബുവിലെ നായകനാവുന്നത്. 32-ാം വാക്യത്തില്‍ കാര്‍ക്കിനെ മാറ്റിയതുപോലെ ആദ്യം തീരുമാനിച്ചിരുന്ന നായികയെയും മാറ്റേണ്ടിവന്നിരുന്നു. ഇപ്പോള്‍ ജോണ്‍പോള്‍ ജോര്‍ജ്ജിന്റെ 'അമ്പിളി'യില്‍ സൗബിന്റെ നായികയാവുന്ന തന്‍വി റാം ആയിരുന്നു ആ നടി. അന്ന് ഞങ്ങളുടെ ആദ്യസിനിമയില്‍ നിന്ന് നിര്‍ഭാഗ്യവശാല്‍ ഒഴിവാക്കേണ്ടിവന്ന രണ്ടുപേര്‍ ഇപ്പോള്‍ രണ്ട് വ്യത്യസ്ത സിനിമകളില്‍ മികച്ച വേഷങ്ങളില്‍ വരുന്നു എന്ന സന്തോഷമുണ്ട്. 

'ഞാന്‍ പ്രകാശന്‍' കണ്ടതിന് ശേഷമാണോ അഞ്ജു കുര്യനെ നായികയായി തീരുമാനിക്കുന്നത്?

അല്ല, 'പ്രകാശന്‍' തീയേറ്ററുകളിലെത്തുന്നതിന് മുന്‍പേ അഞ്ജുവിനെ തീരുമാനിച്ചിരുന്നു. സ്‌ക്രിപ്റ്റ് പൂര്‍ത്തിയായതിന് പിന്നാലെ ഒരുപാട് നായികമാരെ നോക്കിയിരുന്നു. ശരിക്കും ആദ്യസിനിമയുടെ സമയത്തേ അഞ്ജുവിനെ നോക്കിയിരുന്നു. പക്ഷേ അതില്‍ അവര്‍ക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റിയില്ല. പക്ഷേ 'ഷിബു'വിന്റെ സമയത്ത് അവര്‍ക്ക് സമയമുണ്ടായിരുന്നു. ഈ കഥാപാത്രത്തിന്റെ മാനറിസങ്ങള്‍ക്കും ആറ്റിറ്റിയൂഡിനുമൊക്കെ അനുയോജ്യയായ നടിയായിരുന്നു അഞ്ജു. കല്യാണി എന്ന ഒരു ഡോക്ടറാണ് അവരുടെ കഥാപാത്രം. കാര്‍ത്തികിന്റെയും അഞ്ജുവിന്റെയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിയും നന്നായി വന്നിട്ടുണ്ട്. 

സച്ചിന്‍ വാര്യര്‍ എങ്ങനെയാണ് സംഗീത സംവിധായകനായി എത്തുന്നത്?

റൊമാന്റിക് ഈണങ്ങളിലൂടെയാണ് സച്ചിനെ നമുക്ക് പരിചയം. ഞങ്ങളുടെ ആദ്യ സിനിമയിലും അദ്ദേഹം പാടിയിട്ടുണ്ടായിരുന്നു. പിന്നീട് 'ആനന്ദ'ത്തിലൂടെ അദ്ദേഹം ആദ്യമായി സംഗീത സംവിധായകനായി. ഞങ്ങള്‍ ഈ സിനിമയുടെ കാര്യം പറഞ്ഞപ്പോള്‍ സന്തോഷത്തോടെ തന്നെ ഏറ്റെടുക്കുകയായിരുന്നു. ഒരു മ്യൂസിക്കല്‍ റൊമാന്റിക് കോമഡിയാണ് 'ഷിബു'. പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ട് കൂടിയാണ് സച്ചിനെ തീരുമാനിച്ചത്. 

click me!