ആര്യയുടെ മുഖത്ത് പരുക്കേറ്റു; പതിനെട്ടാംപടിയിലെ ആക്ഷൻ രംഗങ്ങളെ കുറിച്ച് ശങ്കര്‍ രാമകൃഷ്‍ണൻ

By Web Team  |  First Published Jul 8, 2019, 12:03 PM IST

ആദ്യ ഫീച്ചര്‍ സിനിമയില്‍ എന്തുകൊണ്ട് ഇത്രത്തോളം പുതുമുഖങ്ങൾ? മമ്മൂട്ടിയും പൃഥ്വിരാജും എങ്ങനെ ചിത്രത്തിന്‍റെ ഭാഗമായി? പതിനെട്ടാംപടി എന്ന സിനിമയെ കുറിച്ച് ശങ്കര്‍ രാമകൃഷ്‍ണൻ ഏഷ്യാനെറ്റ് ന്യൂസ്  ഓണ്‍ലൈനുമായി  സംസാരിക്കുന്നു.


കഴിഞ്ഞ 14 വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് ശങ്കർ രാമകൃഷ്‍ണൻ. തിരക്കഥാക്യത്തായും നടനായും പേരെടുത്ത ശങ്കര്‍ രാമകൃഷ്‍ണൻ ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് പതിനെട്ടാം പടി. തീയേറ്ററുകളില്‍  മികച്ച അഭിപ്രായം നേടി  മുന്നേറുന്ന  ചിത്രത്തില്‍  മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, അടക്കമുള്ള വമ്പൻ താരങ്ങളുമുണ്ട്. ആദ്യ ഫീച്ചര്‍ സിനിമയില്‍ എന്തുകൊണ്ട് ഇത്രത്തോളം പുതുമുഖങ്ങൾ? മമ്മൂട്ടിയും പൃഥ്വിരാജും എങ്ങനെ ചിത്രത്തിന്‍റെ ഭാഗമായി? പതിനെട്ടാംപടി എന്ന സിനിമയെ കുറിച്ച് ശങ്കര്‍ രാമകൃഷ്‍ണൻ ഏഷ്യാനെറ്റ് ന്യൂസ്  ഓണ്‍ലൈനുമായി  സംസാരിക്കുന്നു.

ക്യാമറയ്ക്കു മുന്നിലും പിന്നിലും എഴുപതോളം പുതുമുഖങ്ങൾ?

Latest Videos

undefined

രണ്ട് സ്‍കൂളുകൾ കേന്ദ്രീകരിച്ചുള്ള കഥയാണ് ചിത്രത്തിന്റേത്.  അതിന് ഏറ്റവും യോജിച്ചത്  പുതുമുഖങ്ങൾ തന്നെയാണെന്ന് തോന്നിയിട്ടാണ് ഇത്രത്തോളം ചെറുപ്പക്കാരെ കണ്ടെത്തിയത്. 17000ത്തോളം അപേക്ഷകളിൽ നിന്നാണ് സിനിമയിലേക്കുള്ളവരെ  പല ഘട്ടങ്ങളിലൂടെ കണ്ടെത്തിയത്.  ഒരു വർഷം നീണ്ടുനിന്ന പ്രക്രിയ ആയിരുന്നു അത്. തിരക്കഥ പൂര്‍ത്തിയായതോടെ  ക്യാരക്ടര്‍ സ്കെച്ച് വരച്ചു. പിന്നീട് നടത്തിയ ഓഡീഷനിലൂടെ ആ ക്യാരക്ടര്‍ സ്കെച്ചിന് യോജിച്ചവരെ കണ്ടെത്തുകയായിരുന്നു. ഇതുവരെ  സിനിമയിൽ പ്രവർത്തിച്ചിട്ടില്ലാത്ത ഒരു കൂട്ടം അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും  വച്ച് ഒരു വാണിജ്യ സിനിമ ചെയ്യാൻ സാധിക്കുമോ എന്ന അന്വേഷണത്തിന്‍റെ ഉത്തരം കൂടിയാണ് ചിത്രം.


മമ്മൂട്ടിയും പൃഥ്വിരാജും എങ്ങനെ ചിത്രത്തിന്‍റെ ഭാഗമായി?

കഥ രൂപപ്പെട്ട ഉടൻ തന്നെ അതിന്‍റെ ഒരു ആശയം ഞാൻ പറഞ്ഞത്  പൃഥ്വിരാജിനോടാണ്. എന്‍റെ എല്ലാ കഥകളും ആദ്യം കേൾക്കുന്ന സുഹൃത്തു കൂടിയാണ് പൃഥ്വി. ലൂസിഫറിന്‍റെ ഷൂട്ടിനിടയില്‍ സമയം കണ്ടെത്തിയാണ് പതിനെട്ടാംപടിക്കായി പൃഥ്വിരാജ് എത്തിയത്. ചെറിയ വേഷമാണെങ്കിലും ആ കഥാപാത്രത്തെ പൃഥ്വി മനോഹരമാക്കി. അതുപോലെ ഒന്നാണ് ചിത്രത്തിലെ ആര്യയുടെ കഥാപാത്രവും. ഉറുമി മുതല്‍ എന്‍റെ എല്ലാകാര്യങ്ങൾക്കും കൂടെയുള്ള വ്യക്തിയാണ് ആര്യ. തിരക്കഥ പൂര്‍ത്തിയായപ്പോൾ തന്നെ മമ്മൂട്ടി  ചിത്രത്തിന്‍റെ ഭാഗമാവണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. ജോണ്‍ എബ്രഹാം പാലയ്ക്കല്‍  എന്ന കഥാപാത്രമായി  അദ്ദേഹത്തെയല്ലാതെ മറ്റാരെയും സങ്കല്‍പിക്കാനാവില്ല. ഏഴ് ദിവസത്തോളമായിരുന്നു ചിത്രത്തില്‍  അദ്ദേഹത്തിന് ഷൂട്ട് ഉണ്ടായിരുന്നത്.

മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്ക്.. അതിരപ്പിള്ളിയിലെ ലെക്കേഷനുകൾ?

അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‍സിറ്റിയിൽ പ്രൊഫസറായ ജോൺ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. തിരക്കഥ പൂര്‍ത്തിയായപ്പോൾ തന്നെ തീരുമാനിച്ചതാണ് മമ്മൂട്ടിയുടെ ലുക്കില്‍ മാറ്റം വേണമെന്ന്. അങ്ങനെ അഭിലാഷ് നാരായണൻ എന്ന ചിത്രകാരനാണ്  മമ്മൂട്ടിയുടെ ലുക്ക്  പോസ്റ്റര്‍ വരച്ചത്. അത് മമ്മൂട്ടിക്കും നി‌ര്‍മാതാവ് ഷാജി നടേശനും കൂടുതല്‍ ഇഷ്‍ടമായി. അങ്ങനെ അത് തീരുമാനിക്കുകയായിരുന്നു. അതിരപ്പിള്ളിയിലെ ലൊക്കേഷൻ തന്നെയാണ് ചിത്രത്തില്‍ ഏറ്റവും മനോഹരം.

കേച്ച കംബക്സിയുടെയും  സുപ്രീം സുന്ദറിന്‍റെയും ആക്ഷൻ രംഗങ്ങൾ?

കേച്ച ഒരു ഇന്‍റര്‍നാഷണല്‍ കൊറിയോഗ്രാഫറാണ്. അദ്ദേഹത്തിന്‍റെ നല്ലൊരു സഹകരണം ചിത്രത്തിലുണ്ട്. പുതുമുഖങ്ങളുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് കേച്ചയായിരുന്നു. മമ്മൂട്ടിയുടെയും ആര്യയുടെയും ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്   സുപ്രീം സുന്ദറാണ്. ആര്യയുടെ ഭാഗം ഷൂട്ട് ചെയ്യുന്ന സമയത്ത് ഒരു അപകടമുണ്ടായി. മുഖത്ത്  പരുക്കേറ്റിരുന്നു. വലിയ റിസ്‍ക് എടുത്ത് ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളാണ് സുപ്രീം സുന്ദര്‍ ഒരുക്കിയത്.

സിനിമയിലെ ഗാനങ്ങൾ?

എ ആർ റഹ്‍മാന്റെ സഹോദരിയുടെ മകനായ  കാശിഫാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിരിക്കുന്നത്. പശ്ചാത്തലസംഗീതം ചെയ്‍തിരിക്കുന്നതും കാശിഫ് തന്നെയാണ്. വളരെ മനോഹരമായി ഗാനങ്ങൾ  കാശിഫ് ഒരുക്കിയിട്ടുണ്ട്. 11 ഗായകർ ഈ സിനിമയ്ക്കായി പാടിയിട്ടുണ്ട്.

രഞ്ജിത്ത് എന്ന ഗുരു?

2005 മുതലാണ് മുഖ്യധാരാ സിനിമയുമായുള്ള എന്‍റെ  ചങ്ങാത്തം തുടങ്ങുന്നത്. സംവിധായകൻ രഞ്ജിത്തിന്‍റെ  അസോസിയേറ്റ് ആയിട്ടാണ് ഞാൻ സിനിമയിൽ വരുന്നത്. പിന്നീട് അദ്ദേഹത്തിന്‍റെ  സിനിമകളില്‍  കൂടെ പ്രവർത്തിച്ചു. കേരള കഫെയിലെ ഐലൻഡ് എക്സ്പ്രസ് എന്ന ലഘുചിത്രം രഞ്ജിയേട്ടന്റെ പ്രോത്സാഹനത്തിന്റെ ഭാഗമായി സംഭവിച്ചതാണ്. സിനിമയിൽ എഴുത്തുകാരൻ ആകാനാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷേ, രഞ്ജിയേട്ടന് എന്നെ സംവിധായകൻ ആക്കാനായിരുന്നു താൽപര്യം.

click me!