തനതായ അഭിനയ ശൈലിയിലൂടെ സിനിമാ-സീരിയല്‍ രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ നടന്‍ സായ് കിരണ്‍ അഭിനയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സ് തുറക്കുന്നു...'ആദ്യം സായ് കിരണ്‍ എന്ന പേരുതന്നെ വയ്ക്കാന്‍ ആദിത്യന്‍സാര്‍ പറഞ്ഞുവെങ്കിലും പിന്നീടത് മാറി മോഹന്‍ കുമാറായി. കുയിലമ്മയിലിലെ സ്റ്റാര്‍സിംഗര്‍ മനോജ് കുമാര്‍ മലയാളത്തിലെത്തിയപ്പോള്‍ സിംഗര്‍ മോഹന്‍ കുമാറായി മാറി'.
തിരുവനന്തപുരം: മലയാളികള്‍ക്കേവര്‍ക്കും പ്രിയങ്കരനാണ് 'വാനമ്പാടി'യിലെ മോഹന്‍കുമാര്‍ എന്ന തെലുങ്ക്താരം സായ് കിരണ്‍. നിറം എന്ന മലയാളചിത്രത്തിന്റെ തെലുങ്ക് റീമേക്ക് 'നുവ്വ കവാലി' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കെത്തിയ സായ് കിരണിന് പിന്നീട് മറ്റൊരു മേഖലയേ പറ്റിയും ചിന്തിക്കേണ്ടി വന്നിട്ടില്ല. തന്റെ തനതായ അഭിനയ ശൈലിയിലൂടെ സിനിമാ സിരിയല്‍ രംഗത്ത് തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു സായ് കിരണ്‍. മലയാളത്തിലും, തെലുങ്കിലും വാനമ്പാടി മികച്ച പ്രേക്ഷകപ്രശംസയോടെ മുന്നേറുകയാണ്. മിനി സ്‌ക്രീനിലൂടെ മലയാളികളുടെ മനസ്സുകീഴടക്കിയ സായ് കിരണ്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.
'കുയിലമ്മ' അങ്ങനെ 'വാനമ്പാടി'യായി
തെലുങ്കിലെ 'കുയിലമ്മ'യില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോളാണ്, ആ സീരിയല്‍ മലയാളത്തിലേക്ക് ചെയ്യുന്നു എന്നു പറഞ്ഞ് ആദിത്യന്‍ സാറും, രഞ്ജിത്തും വരുന്നത്. എക്‌സൈറ്റഡായിരുന്നു. നല്ല കഥ എന്നതുകൊണ്ട് തെലുങ്ക് മിനിസ്‌ക്രീനില്‍ സൂപ്പര്‍ഹിറ്റാണ് കുയിലമ്മ. 'വാനമ്പാടി' മലയാളികള്‍ സ്വീകരിച്ചപോലെ തന്നെയാണ് കുയിലമ്മയും. കുയിലമ്മയില്‍ കുട്ടികളുടെ കല്ല്യാണമൊക്കെ കഴിഞ്ഞു എന്ന നിലയ്ക്കാണ് സീരിയല്‍ പോകുന്നത്.
'വാനമ്പാടി'യില്‍ കുട്ടികളുടെ കല്ല്യണം നടക്കുമോ എന്നൊന്നും ഇപ്പോള്‍ അറിയാന്‍ കഴിയില്ല. അതൊക്കെ സംവിധായകനും പ്രൊഡ്യൂസറും തീരുമാനിക്കും. 'കുയിലമ്മ'യില്‍ സ്റ്റാര്‍ സിംഗര്‍ മനോജ് കുമാറാണ്. ആദ്യം സായ് കിരണ്‍ എന്ന പേരുതന്നെ വയ്ക്കാന്‍ ആദിത്യന്‍സാര്‍ പറഞ്ഞുവെങ്കിലും പിന്നീടത് മാറി മോഹന്‍ കുമാറായി. കുയിലമ്മയിലിലെ സ്റ്റാര്‍സിംഗര്‍ മനോജ് കുമാര്‍ മലയാളത്തിലെത്തിയപ്പോള്‍ സിംഗര്‍ മോഹന്‍ കുമാറായി മാറി.
മലയാളവും കേരളവും ഏറെ പ്രിയപ്പെട്ടത്
കേരളത്തില്‍ ഇപ്പോള്‍ രണ്ടരക്കൊല്ലത്തോളമായി താമസിക്കുന്നു. ഇടയ്ക്കിടെ കുയിലമ്മയുടെ ഷൂട്ടിന് ഹൈദരാബാദിലും താമസം. അധികദിവസവും കേരളത്തില്‍ തന്നെയാണ്. അതുകൊണ്ട് എന്റെ സ്വന്തം വീടുതന്നെയാണ് കേരളം എന്നുപറയാം. കണ്‍വെര്‍ട്ടട് മലയാളി എന്നതാണ് ശരിക്കും പറയാവുന്നത്. മലയാളം സംസാരിക്കാനും വായിക്കാനും അറിയാം, പക്ഷെ എഴുതാന്‍ ഇപ്പോഴും ബുദ്ധിമുട്ടുതന്നെയാണ്.
തിരുവനന്തപുരത്ത് ഇരുപത് ദിവസം, ഹൈദരാബാദില്‍ പത്തുദിവസം എന്ന നിലയ്ക്ക് ഓട്ടമാണ്. ജീവിതം ആകെ ഓട്ടപ്പാച്ചില്‍ തന്നെയാണ് ഒരു ടെന്നീസ് മാച്ചുപോലെ. പക്ഷെ ഞാനിത് വളരെയേറെ ആസ്വദിക്കുന്നുണ്ട്. എല്ലായിടത്തും നിറയെ പരിചയക്കാരാണ്. എല്ലാവരും സീരിയല്‍ കണ്ട് എന്നോട് ഇഷ്ടമായവര്‍ തന്നെയാണ്.
ലാലേട്ടനാണെന്റെ പ്രിയങ്കരന്‍
അവസാനം കണ്ട സിനിമ മമ്മൂട്ടിയുടെ ഉണ്ടയാണ്. എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണത്. റിയലായിട്ട് തന്നെയുള്ള കഥയും, അതിന്റെ ബാക്കികാര്യങ്ങളും അതില്‍ ചെയ്തിട്ടുണ്ട്. പക്ഷെ മലയാളത്തില്‍ ഇഷ്ടതാരം ആരാണെന്ന് ചോദിച്ചാല്‍ അത് ലാലേട്ടന്‍ തന്നെയാണ്. കേരളത്തില്‍ മാത്രമല്ല അങ്ങ് ആന്ദ്രയിലും ലാലേട്ടന് ഒരുപാട് ആരാധകരുണ്ട്. ഇന്ത്യന്‍ സിനിമയിലെ ഇഷ്ടതാരം രജനീകാന്താണ്. അത് പണ്ടുമുതല്‍ക്കെയുള്ള ഇഷ്ടമാണ്. ചെറുപ്പത്തിലൊരുപാട് രജനി സിനമകള്‍ കണ്ടാണ് വളര്‍ന്നത്.
രജനിയോട് ഇഷ്ടം കൂടിയ കുട്ടിക്കാലം
അച്ഛന്‍ സിനിമയുമായി ബന്ധപ്പെട്ടതിനാല്‍ തമിഴ് സിനിമയുടെ ഈറ്റില്ലമായ ചെന്നൈയിലാണ് എന്റെ കുട്ടിക്കാലം. പത്തൊമ്പത് വയസുവരെ ചെന്നൈയിലുള്ള വീട്ടിലായിരുന്നു. അപ്പോഴാണ് രജനീപ്രേമം വളരുന്നത്. അതിനുകൂടെ തന്നെ നടനാകണം എന്ന ആഗ്രഹവും അപ്പോഴാണ് തുടങ്ങുന്നത്. മലയാളികളുടെ ഇഷ്ടതാരമായ സീമചേച്ചി (സീമാ ശശി), അതുപോലെ തമിഴ് നായികയായിരുന്ന ജയചിത്ര എന്നിവര്‍ അയല്‍വാസികളായിരുന്നു.
അന്നേ കരുതിയതാണ് ഡിഗ്രി പഠനമൊക്കെ കഴിയുമ്പോള്‍ ഒരു നടനാകണം എന്നത്. ആദ്യമായി കിട്ടിയ സിനിമ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് നിറത്തിന്റെ തെലുങ്ക് റീമേക്കാണ് 'നുവ്വ കവാലി'യാണ്. ആ സിനിമ തെലുങ്കില്‍ വമ്പന്‍ ഹിറ്റആയിരുന്നു. അതോടെ ഒരുപാട് സിനിമകളില്‍ വേഷം കിട്ടിത്തുടങ്ങി. അങ്ങനെയാണ് വീണ്ടും ഹൈദരാബാദില്‍ ചെന്നെത്തുന്നതും അവിടെ സെറ്റില്‍ ആകുന്നതും.
പാട്ടുകാരന്‍ മോഹന്‍കുമാറും റിയല്‍ലൈഫ് പാട്ടും
ജീവിതത്തില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളധികവും സമ്മാനിച്ചത് പാട്ടാണ്. അച്ഛന്‍ പാട്ടുകാരനായിരുന്നു. തെലുങ്ക് സിനിമാ മേഖലയില്‍ ഒട്ടനവധി പാട്ടുകള്‍ ചെയ്ത വി. രാമകൃഷ്ണന്‍. അദ്ദേഹത്തിന്റെ കൂടെ ഒട്ടനവധി സ്‌റ്റേജ് ഷോകളില്‍ പാടിയിട്ടുണ്ട്. അതെല്ലാം ജീവിത്തതില്‍ മറക്കാനാകാത്ത ഓര്‍മ്മകളാണ്. കൂടാതെ നിങ്ങളുടെയെല്ലാം പ്രിയംകരിയായ സുശീലാമ്മ (പി.സുശീല) എന്റെ അച്ഛന്റെ ചെറിയമ്മയുമാണ്. ഇതെല്ലാമാണ് പാട്ടുമായുള്ള ബന്ധം. സുശീലമ്മ പാട്ടുകളെ കുറിച്ചൊക്കെ ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട്. എനിക്ക് എത്തരത്തിലുള്ള പാട്ടുകളാണ് നന്നായി പാടാന്‍ കഴിയുക, ഏതാണ് സെലക്ട് ചെയ്യേണ്ടത്. അത്തരത്തിലൊക്കെ ടിപ്‌സ് തരാറുണ്ട്.
പാട്ടുമായുള്ള ഈ ബന്ധം സീരിയലില്‍ എത്തിച്ചേരാന്‍ കാരണമായോ എന്നു ചോദിച്ചാല്‍ അതെ. തെലുങ്കില്‍ കുയിലമ്മ എന്ന സീരിയലിലേക്ക് ക്ഷണിക്കുമ്പോള്‍ സംഗീതവുമായി ബന്ധമുള്ള ആളെയാണ് അവര്‍ തിരഞ്ഞത്. സീരിയലിലും ഞാന്‍ പാട്ടുകാരനാണല്ലോ. സീരിയലിലെ കഥാപാത്രം പാട്ടുകാരന്‍ ആയതിനാല്‍, ചില രംഗങ്ങളില്‍ സംഗീത ഇന്‍സ്ട്രുമെന്‍ന്റ്‌സ് ഉപയോഗിക്കുന്ന രംഗങ്ങള്‍ ഉണ്ട്. ആ രംഗങ്ങള്‍ക്കെല്ലാം ഒരു ഒറിജിനാലിറ്റി വേണം എന്നുള്ളതിനാലാകണം ഈ വേഷം എന്നെ തേടി വന്നത്.
വാനമ്പാടി കഴിയാറായോ; മോഹന്‍തന്നെ പറയുന്നു
അയ്യോ, അത് രസമാണ്. ആരോ ഒരാള്‍ യൂട്യൂബില്‍ വന്ന് പറഞ്ഞു വാനമ്പാടി സീരിയല്‍ ഇതാ അവസാനിക്കാന്‍ പോകുന്നേ എന്ന്. അത് കാട്ടുതീ പോലെ എല്ലായിടത്തുമെത്തി. അല്ലാതെ സീരിയല്‍ അവസാനിക്കാറായത് ആരും ഒഫീഷ്യല്‍ ആയിട്ട് പറഞ്ഞതല്ല. വാനമ്പാടിയുടെ കഥ വച്ചു നോക്കുമ്പോള്‍ ഇനിയും കാലങ്ങളോളം ചെയ്യാനുള്ള കഥയുണ്ട്.
പെട്ടന്ന് കഴിയുമോ ഇല്ലയോ എന്നത് സംവിധായകനേയോ നിര്‍മ്മാതാവിനേയോ ആശ്രയിച്ചാണ്. ഇത് വെറുതെ ആരോ പറഞ്ഞതാണ്. കാര്യമാക്കി എടുക്കുന്നില്ല. അതൊരു വിധത്തില്‍ നമുക്ക് നല്ലതുമാണ് എന്ന് പറയാം.(ചിരിക്കുന്നു).
സെറ്റിലാകെ ആഘോഷമാണ്
കുട്ടികളും മറ്റുമായിട്ട് സീരിയലിന്റെ സെറ്റ് ആകെ അടിപളിയാണ്. ഏറ്റവും എടുത്ത് പറയണ്ടത് സംവിധായന്‍ ആദിത്യന്‍സാറിനെ പറ്റിയാണ്. വളരെ നല്ല വ്യക്തിയാണ് ആദിത്യന്‍. സെറ്റില്‍ നല്ല സപ്പോര്‍ട്ടാണ്. വലിയ ഡയറക്ടറാണ് എന്ന യാതൊരുവിധത്തിലുമുള്ള കാര്യങ്ങളൊന്നും തന്നെയില്ല. നല്ലൊരു മനുഷ്യനാണ്. എല്ലാവരേയും ഒന്നിച്ചുനിര്‍ത്താനുള്ള അദ്ദേഹത്തിന്റെ കഴിവു കാരണം യൂണിറ്റ് എപ്പോഴും ഒരു ഹാപ്പി അറ്റ്‌മോസ്ഫിയറാണ്.
ഹൈദരാബാദ് പീഢനം ഇന്ത്യയ്ക്കുതന്നെ നാണക്കേട്
ഇവിടെ സ്ത്രീകളെ രണ്ടാംകിട പൗരന്മാരായാണ് കാണുന്നത് എന്നു തന്നെ പറയാം. അങ്ങനെയല്ല എന്ന് എത്രയൊക്കെ പറഞ്ഞാലും ഇവിടെ അങ്ങനെയാണെന്ന അലിഖിതമായൊരു നിയമമുണ്ട്. ഹൈദരാബാദില്‍ സംഭവിച്ചത് ഇന്ത്യയ്ക്കുതന്നെ വലിയ മാനക്കേടാണ്. അതെല്ലാം കാണുമ്പോള്‍ നമുക്ക് രക്തം തിളയ്ക്കും. പുരുഷന്മാരുടെ കീഴിലാണ് സ്ത്രീകള്‍ എന്നൊരു സങ്കല്‍പ്പമാണ് ഇതിനെല്ലാം അടിസ്ഥാനം.
ഞാനിപ്പോള്‍ എന്റെ കാറിന്റെ പിന്നില്‍ സല്യൂട്ട് ഹൈദരാബാദ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നു പറഞ്ഞിട്ട് ഒരു പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ട്. ഏറ്റവും സങ്കടമായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ നമ്മള്‍ പ്രതികരിക്കുന്നതുപോലെ, നല്ലതു നടന്നാല്‍ നമ്മള്‍ അതിനെ അംഗീകരിക്കുകയും വേണം. ആളുകള്‍ ഇതെല്ലാം നോട്ട് ചെയ്യുന്നുണ്ട്. നമ്മള്‍ ഇനിയും വളരെയധികം മുന്നോട്ടു പോകേണ്ടതുണ്ട്. ഇതെല്ലാം മാറേണ്ടത് അനിവാര്യമാണ്. നിര്‍ഭയാ കേസിലെ ആളുകള്‍ ഇപ്പോഴും ഇവിടെയുണ്ടെന്നത് പേടിപ്പെടുത്തുന്നതാണ്. ഇപ്പോള്‍ത്തന്നെ ഉന്നാവോയില്‍ സംഭവിച്ചതും വളരെയേറെ കഷ്ടമാണ്. അവരുടെ കുടുംബത്തിനു തന്നെ പരസ്യമായ വെല്ലുവിളി നേരിടുമ്പോള്‍ നമുക്ക് പ്രതികരിക്കാതിരിക്കാന്‍ കഴിയില്ലല്ലോ.
കണ്ടിട്ട് വിമര്‍ശിക്കൂ സുഹൃത്തെ
ഒരിക്കല്‍ ഞാന്‍ ഫ്‌ളൈറ്റില്‍ ഇരിക്കുന്ന സമയത്ത് ഒരാള്‍ അടുത്തിരുന്ന് സംസാരം തുടങ്ങി. അയാളുടെ അമ്മയും അമ്മൂമമയും എന്റെ വലിയ ആരാധകരാണ് എന്നൊക്കെ പറഞ്ഞു. കൂടെ സെല്‍ഫിയും എടുത്തു. അത് കഴിഞ്ഞ് കുറച്ച് സംസാരം കഴിഞ്ഞപ്പോള്‍ അയാള്‍ സീരിയലിന്റെ കഥകളെ വിമര്‍ശിക്കാന്‍ തുടങ്ങി ഇതെല്ലാം സ്റ്റുപ്പിഡാണ്. സ്ത്രീകളെ വെറുതെ പിടിച്ചിരുത്താനായി ഓരോരോ സ്റ്റുപ്പിഡിറ്റി കാട്ടുകയാണ് എന്നെല്ലാം പറയാന്‍ തുടങ്ങി. അയാള്‍ ഇത് നിര്‍ത്താന്‍ ഉദ്ദേശ്യമില്ല എന്നു വന്നപോള്‍ ഞാന്‍ ചോദിച്ചു 'നിങ്ങളെ പെറ്റ അമ്മയും അമ്മൂമയുമെല്ലാം സ്റ്റുപിഡാണോ ?' അതോടെ അയാള്‍ സംസാരം നിര്‍ത്തി. കുറെ സോറിയൊക്കെ പറഞ്ഞു.
ഇത്തരത്തില്‍ കുറെ ആളുകളുണ്ട്. വെറുതെ വിമര്‍ശിക്കുകയാണ്. അവര്‍ ഒരു ദിവസമോ മറ്റോ കണ്ടുകാണും അത് വച്ചാണ് വിമര്‍ശനം. ഒരു സിനിമ പത്തു മിനുട്ട് കണ്ടിട്ട് അതിനെ വിമര്‍ശിക്കുന്നതുപോലെയാണത്. ചില സീരിയലുകള്‍ തട്ടിക്കൂട്ട് ആകാറുണ്ട്. അതിപ്പോ സിനിമ ആയാലും ചിലതങ്ങനെയാണല്ലോ. എന്നു കരുതി എല്ലാം അങ്ങനെയാണ് എന്നു കരുതരുത്. എല്ലാവര്‍ക്കും ഇഷ്ടമുള്ള കലകള്‍ എന്നൊന്ന് ഉണ്ടോ. ചിലര്‍ക്ക് സിനിമയാണ് ഇഷ്ടം ചിലര്‍ക്ക് പാട്ട് കേള്‍ക്കുന്നതാകും. അതുപോലെ ചിലര്‍ക്ക് സീരിയല്‍ ഇഷ്ടമാണ്, അത്രമാത്രം.
Read More: ജെഎന്‍യു അക്രമം; മുഖമൂടിയണിഞ്ഞ ഭീരുക്കള്‍ ശിക്ഷിക്കപ്പെടുന്നത് വരെ രാജ്യം ഉറങ്ങില്ല: ടൊവിനോ തോമസ്
ഗെയിം ഓഫ് ത്രോണ്‍സ് ആരാധകന്‍
എനിക്ക് ഗെയിം ഓഫ് ത്രോണ്‍സ് വളരെ ഇഷ്ടമായിരുന്നു. കഴിഞ്ഞതില്‍ സങ്കടവുമുണ്ട്. എന്റെ ഫോണിന്റെ വാള്‍പേപ്പര്‍ ഡെനറീസ് ഡാര്‍ഗേറിയനാണ്. (ഗെയിം ഓഫ് ത്രോണ്‍സിലെ മുഖ്യ കഥാപാത്രം). പക്ഷെ ഗെയിം ഓഫ് ത്രോണ്‍സ് കണ്ടുതീര്‍ത്തത് വളരെ കാലം പിടിച്ചാണ്. ഞാന്‍ അഭിനയിക്കുന്ന സീരിയലുകള്‍ തന്നെ മുഴുവനായി കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാലും സമയം കിട്ടുന്നതനുസരിച്ച് കാണാന്‍ ശ്രമിക്കാറുണ്ട്. ഹോട്ട്‌സ്റ്റാറിലാണ് അധികവും കാണാറ്. പ്രധാനപ്പെട്ടവ മാത്രമാണ് കാണുക എന്നും വേണമെങ്കില്‍ പറയാം.
മലയാളത്തിലെ സീരിയലുകള്‍ ഇതുവരെ ഒന്നും കണ്ടിട്ടില്ല. കാണണം എന്നുണ്ടെങ്കിലും സമയത്തിന്റെ പ്രശ്‌നം ഗുരുതരമാണ്. മലയാളത്തിലെ സിനിമകള്‍ കാണാറുണ്ടെന്നു മാത്രം. അതും വല്ലപ്പോഴും മാത്രം.