ലിം​ഗവിവേചനം മാത്രമല്ല, ജാതിവിവേചനം കൂടിയാണ്'; കേരള സം​ഗീത നാടക അക്കാദമിക്കെതിരെ നർത്തകൻ

By Sumam Thomas  |  First Published Sep 29, 2020, 4:04 PM IST

എനിക്ക് നൃത്തം ചെയ്യാൻ അവസരം നൽകിയാൽ പല തരം വിമർശനങ്ങൾ നേരിടേണ്ടി വരും എന്നായിരുന്നു അദ്ദേഹം മൂന്നാമത് പറഞ്ഞ കാരണം. എന്ത് തരത്തിലുള്ള വിമർശനമാണ്, ആരാണ് വിമർശിക്കുന്നത് എന്നൊന്നും അദ്ദേഹം പറഞ്ഞില്ല. 


തൃശൂർ: മോഹിനിയാട്ടം അവതരിപ്പിക്കാൻ നൽകിയ അപേക്ഷ കേരള സം​ഗീത നാടക അക്കാദമി നിരസിച്ച സംഭവത്തിൽ പ്രതികരണവുമായി നർത്തകൻ ഡോ. ആർഎൽവി രാമകൃഷ്ണൻ. ഇന്നലെയാണ് കേരള സം​ഗീതനാടക അക്കാദമിയുടെ ഓൺലൈൻ നൃത്തോത്സവം പരിപാടിയിൽ നൃത്തം അവതരിപ്പിക്കാൻ ഇദ്ദേഹം നൽകിയ അപേക്ഷ സെക്രട്ടറി നിരസിച്ചത്. തനിക്ക് അവസരം നിഷേധിക്കാൻ നിരവധി കാരണങ്ങളാണ് സെക്രട്ടറി ഉന്നയിച്ചതെന്ന് ഇദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വെളിപ്പെടുത്തി.

കേരള സം​ഗീത അക്കാദമിയിൽ വേദി ലഭിക്കാൻ താൻ കാത്തിരിക്കുകയായിരുന്നു എന്നും ലിം​ഗപരമായ വിവേചനം മാത്രമല്ല ജാതിപരമായ വിവേചനം കൂടിയാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നു. 'മോഹിനിയാട്ടത്തിൽ എംഎയും എംഫില്ലും പിഎച്ച്ഡിയും ഉള്ള ആളാണ് ഞാൻ. ഡോക്ടറേറ്റ് ലഭിച്ചതിന് ശേഷം സം​ഗീത നാടക അക്കാദമിയിൽ ഒരു വേദി ലഭിക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ. പക്ഷേ അത്തരം ഒരവസരം ലഭിച്ചില്ല. അങ്ങനെയാണ് ഓൺലൈൻ നൃത്തോത്സവം സംഘടിപ്പിക്കുന്നു എന്നറിഞ്ഞ് ഞാൻ ചെയർപേഴ്സൺ കെപിഎസി ലളിത ചേച്ചിയെ വിളിച്ചത്. ചേച്ചി പറഞ്ഞത് അനുസരിച്ചാണ് അപേക്ഷ കൊടുക്കാൻ ഞാൻ കേരള സം​ഗീത നാടക അക്കാദമിയിലെത്തിയത്. എന്നാൽ സെക്രട്ടറി എന്നെ കാണാൻ കൂട്ടാക്കിയില്ല. കൊവിഡ് കാലമായിട്ടായിരിക്കും അങ്ങനെയെന്ന് ഞാൻ കരുതി' രാമകൃഷ്ണൻ പറയുന്നു.

'സാമ്പത്തികസ്ഥിതി കുറവുളള ആളുകൾക്കാണ് വേദി നൽകുന്നത് എന്നാണ് എന്റെ അപേക്ഷ നിരസിക്കാനുള്ള ഒന്നാമത്തെ കാരണമായി അദ്ദേഹം പറഞ്ഞത്. ഞാൻ സാമ്പത്തിക സ്ഥിതി കുറഞ്ഞ ആളാണ്. എനിക്ക് സ്ഥിരവരുമാനമില്ല. പിന്നീട് അവർ പറഞ്ഞത് മോഹിനിയാട്ടം സ്ത്രീകളാണ് അവതരിപ്പിക്കുന്നത് പുരുഷൻമാരല്ല എന്നാണ്. മോഹിനിയാട്ടം പുരുഷൻമാർക്ക് അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിഷയത്തിലാണ് ഞാൻ ഡോക്ടറേറ്റ് എടുത്തിരിക്കുന്നത്. എന്റെ തീസിസ് അതായിരുന്നു. മോഹിനിയാട്ടം സ്ത്രീകളാണ് അവതരിപ്പിക്കേണ്ടത് എന്നത് ഫ്യൂഡൽ കാലഘട്ടത്തിലെ നിലപാടാണ്. ആ കാലം മാറി. ഇന്ന് ശാസ്ത്രീയനൃത്തങ്ങളിൽ മോഹിനിയാട്ടം ഇടം പിടിച്ചിട്ടുണ്ട്'.

എനിക്ക് അവസരം നൽകാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. ലളിതചേച്ചി എനിക്ക് വേണ്ടി സംസാരിക്കാന്‍ എത്തി രണ്ട് മണിക്കൂറോളം അദ്ദേഹവുമായി സംസാരിച്ചു. ചിലങ്ക കെട്ടാൻ അവസരം നൽകില്ല, അരമണിക്കൂർ ടോക്ക് നൽകാം എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് നൃത്തം ചെയ്യാൻ അവസരം നൽകിയാൽ പല തരം വിമർശനങ്ങൾ നേരിടേണ്ടി വരും എന്നായിരുന്നു അദ്ദേഹം മൂന്നാമത് പറഞ്ഞ കാരണം. എന്ത് തരത്തിലുള്ള വിമർശനമാണ്, ആരാണ് വിമർശിക്കുന്നത് എന്നൊന്നും അദ്ദേഹം പറഞ്ഞില്ല.

എനിക്ക് നൃത്തം ചെയ്യാനാണ് അവസരം വേണ്ടത്. ഞാൻ ടോക്കിൽ നിന്ന് ഒഴിവായി, എനിക്ക് നേരിട്ട ദുരനുഭവം സാമൂഹ്യ ധ്യമങ്ങളിലൂടെ അറിയിക്കണമെന്ന് തോന്നി. ലിം​ഗവിവേചനം മാത്രമല്ല, ജാതിവിവേചനം കൂടിയാണ് എനിക്ക് നേരിടേണ്ടി വന്നത്. എന്നെപ്പോലെ പട്ടികജാതി വിഭാ​ഗത്തിൽ പെട്ട ഒരാൾക്ക് അവസരം നൽകില്ല എന്ന ധാർഷ്ട്യമാണ് അദ്ദേഹത്തെക്കൊണ്ട് ഇത്തരമൊരു പ്രവർത്തി ചെയ്യിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകാനാണ് തീരുമാനമെന്നും രാമകൃഷ്ണൻ വിശദമാക്കുന്നു.

Latest Videos

click me!