"ഈ പടം തിയറ്ററിലേ വര്‍ക്ക് ആവൂ. കാരണം ഒടിടിയില്‍ ഇറക്കിയാല്‍ പ്രേക്ഷകരുടെ സ്വീകാര്യത എത്രത്തോളമുണ്ടാവുമെന്ന് അറിയാന്‍ പറ്റില്ല. ഫണ്‍ ഫിലിം ആയതുകൊണ്ട് തിയറ്റര്‍ അനുഭവം പ്രധാനമാണ്"
നവാഗത സംവിധായകന്‍ ആണെങ്കിലും ആസ്വാദകരുടെ പള്‍സ് നന്നായി അറിയുന്ന ആളാണ് അഫ്‍സല്‍ കരുനാഗപ്പള്ളി എന്ന അഫ്‍സല്‍ അബ്‍ദുള്‍ ലത്തീഫ് (Afsal Abdul Latheef). മറിമായം, ഉപ്പും മുളകും തുടങ്ങിയ കോമഡി ട്രാക്കിലുള്ള ജനപ്രിയ സീരിയലുകളുടെ രചയിതാവായി ശ്രദ്ധ നേടിയതിനു ശേഷമാണ് പത്രോസിന്‍റെ പടപ്പുകള്‍ (Pathrosinte Padappukal) എന്ന ആദ്യ ചിത്രവുമായി അഫ്‍സല്‍ വരുന്നത്. ആദ്യ ചിത്രത്തെക്കുറിച്ചും ഒപ്പമുള്ള പ്രതീക്ഷകളെക്കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് അഫ്‍സല്‍ സംസാരിക്കുന്നു.
മറിമായം, ഉപ്പും മുളകും വഴി ആദ്യ സിനിമയിലേക്ക്
undefined
പല സംവിധായകര്‍ക്കൊപ്പവും അസിസ്റ്റന്‍റ് ആയി പ്രവര്‍ത്തിച്ച് സംവിധാനത്തിലേക്ക് വരണമെന്നായിരുന്നു ആഗ്രഹം. അതിനുവേണ്ടി കുറേ ശ്രമങ്ങളും നടത്തിയിരുന്നു. പക്ഷേ വിളിക്കുമ്പോള്‍ അസിസ്റ്റന്‍റ്സിനെയൊക്കെ തീരുമാനിച്ചു കഴിഞ്ഞിരിക്കും. അതിനാല്‍ അങ്ങനെയുള്ള അവസരങ്ങളൊന്നും കിട്ടിയില്ല. ആ സമയത്തേ ചെറുതായിട്ട് എഴുതുമായിരുന്നു. പിന്നീട് സ്വന്തമായി സംവിധാനം ചെയ്യാനുള്ള സിനിമകളുടെ തിരക്കഥകളൊക്കെ എഴുതിവെക്കുമായിരുന്നു. ആ സമയത്താണ് ടെലിവിഷന്‍ പരമ്പരയായ മറിമായത്തിലേക്ക് തിരക്കഥ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ടത്. അങ്ങനെ മറിമായത്തിന്‍റെ ചില എപ്പിസോഡുകള്‍ എഴുതാനുള്ള അവസരം കിട്ടി. പിന്നീടാണ് ഉപ്പും മുളകും സീരിയലിലേക്ക് പോകുന്നത്. നാല് വര്‍ഷം കൊണ്ട് ഈ സീരിയലിന്‍റെ 550 എപ്പിസോഡുകള്‍ എഴുതി. ഉപ്പും മുളകും എഴുത്തുകാരന്‍ എന്ന നിലയില്‍ അത്യാവശ്യം ശ്രദ്ധിക്കപ്പെട്ടു. ഈ സമയത്തൊക്കെ സിനിമയുടെ ശ്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. വേറെ ആളുകളൊക്കെ എന്‍റെയടുത്ത് കഥകള്‍ പറയുന്നുമുണ്ടായിരുന്നു. ആ സമയത്താണ് ഉപ്പും മുളകും സീരിയലിന്‍റെ രണ്ടാമത്തെ സംവിധായകനായ എസ് ജെ സിനു ജിബൂട്ടി എന്ന സിനിമ ചെയ്‍തത്. അതില്‍ അദ്ദേഹത്തിനൊപ്പം എഴുതാന്‍ ഞാന്‍ ഉണ്ടായിരുന്നു. ഞാന്‍ ഭാഗമാവുന്ന ആദ്യ സിനിമ ജിബൂട്ടിയാണ്. ഡിനോയ് പൗലോസ് എന്‍റെ സുഹൃത്താണ്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പുറത്തുവന്നതിനു ശേഷമാണ് പത്രോസിന്‍റെ പടപ്പുകളുടെ കഥ അവന്‍ എന്നോട് പറയുന്നത്. അങ്ങനെ ഈ സിനിമയിലേക്ക് ഇറങ്ങുകയായിരുന്നു. ഉപ്പും മുളകും സീരിയലില്‍ ഒരു 100 എപ്പിസോഡുകള്‍ ഞാന്‍ അസോസിയേറ്റ് ആയി വര്‍ക്ക് ചെയ്‍തിരുന്നു. പിന്നെ ജിബൂട്ടി ഷൂട്ടിംഗിനൊപ്പം ആദ്യാവസാനം ഉണ്ടായിരുന്നു. അതാണ് ആദ്യ സിനിമ സംവിധാനം ചെയ്യാനുള്ള ധൈര്യം. കൊവിഡ് പ്രതിസന്ധിയുടെ സമയം ആയതുകൊണ്ട് നിര്‍മ്മാതാവിനെ കണ്ടെത്തുക ദുഷ്‍കരമായിരുന്നു. ഒന്‍പത് നിര്‍മ്മാതാക്കളെ കണ്ടിട്ടും ശരിയായില്ല, പത്താമത്തെ ആളാണ് ചിത്രം നിര്‍മ്മിക്കാമെന്ന് ഉറപ്പ് നല്‍കിയത്. ബിഗ് ബി അടക്കമുള്ള ചിത്രങ്ങളൊക്കെ നിര്‍മ്മിച്ച മരക്കാര്‍ എന്‍റര്‍ടെയ്‍മെന്‍റ്സ്. ഒരു വര്‍ഷം മുന്‍പ് ഷൂട്ട് കഴിഞ്ഞു.
കോമഡി ട്രാക്കിലെ കോണ്‍ഫിഡന്‍സ്
എഴുതിയ സീരിയല്‍ ആളുകളെ രസിപ്പിക്കുന്ന ഒന്ന് ആയിരുന്നതുകൊണ്ട് സിനിമ ചെയ്യുമ്പോഴും അത്തരത്തില്‍ ഒന്ന് വേണമെന്ന് ഉണ്ടായിരുന്നു. കോമഡി ആണ് സ്വന്തം ട്രാക്ക് ആയി തോന്നിയത്. പത്രോസിന്‍റെ പടപ്പുകള്‍ ആലോചിക്കുന്ന സമയത്ത് വന്നുകൊണ്ടിരുന്നത് കൂടുതലും ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട സിനിമകള്‍ ആയിരുന്നു. ആദ്യ സിനിമ സ്വന്തം ട്രാക്കില്‍ വേണമെന്ന് ഉണ്ടായിരുന്നു. ഉപ്പും മുളകും ഫാമിലി പോലെ വേറൊരു ഫാമിലിയാണ് സിനിമയില്‍ പത്രോസിന്‍റെ ഫാമിലി. അങ്ങനെയൊരു കഥ വന്നപ്പോള്‍ അത് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. പ്രേക്ഷകരുടെ പള്‍സ് നന്നായി മനസിലാക്കാനാവുന്ന മേഖലയാണ് ടെലിവിഷന്‍. സീരിയല്‍ ചെയ്യുന്ന സമയത്ത് ആഴ്ചയില്‍ ടിആര്‍പി റേറ്റിംഗ് വരുമ്പോള്‍ പ്രേക്ഷകര്‍ എത്രത്തോളം ഇഷ്‍ടപ്പെടുന്നു എന്നത് അറിയാന്‍ പറ്റും. എവിടെയെങ്കിലും പാളിച്ച വന്നാല്‍ അടുത്ത എപ്പിസോഡുകളില്‍ അത് മാറ്റിപ്പിടിക്കാനുള്ള ശ്രമം നടത്തുമായിരുന്നു.
ഗ്യാസ് ഏജന്‍സി നടത്തിപ്പുകാരന്‍ 'പത്രോസും' മക്കളും
ഒരു ഗ്യാസ് ഏജന്‍സി നടത്തുന്ന വൈപ്പിന്‍കാരനായ പത്രോസിന്‍റെയും അദ്ദേഹത്തിന്‍റെ മക്കളുടെയും കഥയാണ് പത്രോസിന്‍റെ പടപ്പുകള്‍. അംഗങ്ങള്‍ തിങ്ങിക്കൂടി താമസിക്കുന്ന ഒരു വീട്. പത്രോസ്, ഭാര്യ ജോളി, മൂന്ന് ആണും ഒരു പെണ്ണുമടക്കം നാല് മക്കള്‍. ഇത്രയും പേര്‍ താമസിക്കുന്ന വീട്ടിലേക്ക് പത്രോസിന്‍റെ അമ്മ കൂടി എത്തുമ്പോഴാണ് പടം തുടങ്ങുന്നത്. കുടുംബത്തിന് ഒരു ഗുണവും ഇല്ലാത്തവരാണ് ആണ്‍മക്കള്‍ മൂന്നുപേരും. മൂത്തയാള്‍ കുടുംബത്ത് കയറില്ല, സ്ഥിരം യാത്രയാണ്, പുള്ളിയുടെ ബുള്ളറ്റില്‍. ഷറഫുദ്ദീന്‍ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ടാമത്തെയാള്‍ക്ക് ജോലിയില്ല. മൂന്നാമത്തെയാള്‍ ഒരു കള്ളനാണ്. രണ്ടാമത്തെ മകനായി എത്തുന്നത് തിരക്കഥാകൃത്ത് കൂടിയായ ഡിനോയിയും ഇളയ മകനെ അവതരിപ്പിക്കുന്നത് നസ്‍ലെനുമാണ്. നായികയുടെ അച്ഛനായി ജോണി ആന്‍റണി ചേട്ടനാണ് വരുന്നത്. സുരേഷ് കൃഷ്‍ണ, അമ്മൂമ്മയുടെ വേഷത്തില്‍ എത്തുന്ന ആലീസ് ചേച്ചി, നായികയായി രഞ്ജിത മേനോന്‍ ആണ്. ഒപ്പം പുതുമുഖങ്ങളുമുണ്ട് കഥാപാത്രങ്ങളായി. തിയറ്ററില്‍ വന്നിരുന്ന് ആസ്വദിച്ച് കാണാന്‍ പറ്റുന്ന ഫണ്‍ എന്‍റര്‍ടെയ്‍നര്‍ ആണ് സിനിമ. ട്രെയ്‍ലറില്‍ കാണുന്നതുപോലെ തന്നെയാണ് സിനിമ.
കാസ്റ്റിംഗ്
തിരക്കഥ വായിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ധാരണ ഉണ്ടായിരുന്നു. പത്രോസ് ആയി ജെയിംസ് ഏലിയയെ കാസ്റ്റ് ചെയ്തത് ഞാനാണ്. ആ വേഷത്തിലേക്ക് ഒരുപാട് ആലോചിക്കേണ്ടിവന്നില്ല. ഞാന്‍ ആ പേര് പറഞ്ഞപ്പോള്‍ ഡിനോയിയും ഓകെ ആയിരുന്നു. ജെയിംസ് ചേട്ടനോട് സംസാരിച്ചപ്പോള്‍ പുള്ളിക്കും ഇഷ്ടപ്പെട്ടു. ജോണി ആന്‍റണി ചേട്ടനെ തീരുമാനിച്ചതും ഞാനാണ്. ചില കഥാപാത്രങ്ങളിലേക്ക് ഡിനോയിയും അഭിനേതാക്കളെ തീരുമാനിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരു ടീം ആയാണ് വര്‍ക്ക് ചെയ്‍തത്. ഞാന്‍, ഡിനോയ്, സംഗീത് പ്രതാപ് എന്ന നമ്മുടെ എഡിറ്ററും ക്രിയേറ്റീവ് ഡയറക്ടര്‍. ഒരുമിച്ചുള്ള എഫര്‍ട്ട് ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഞങ്ങള്‍ എല്ലാവരും പുതിയ ആളുകളാണ്. ഡിനോയ് നായകനായി വരുന്ന ആദ്യ സിനിമ, ഞാന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ, സംഗീത് ആദ്യമായി എഡിറ്റ് ചെയ്യുന്ന സിനിമ, അങ്ങനെ ഞങ്ങളുടെയൊക്കെ ഒരു അരങ്ങേറ്റം എന്ന് പറയാം.
തീയറ്റര്‍ വാച്ച് ആവശ്യപ്പെടുന്ന സിനിമ
ഈ പടം തിയറ്ററിലേ വര്‍ക്ക് ആവൂ. അക്കാര്യത്തില്‍ നിര്‍മ്മാതാക്കള്‍ ഞങ്ങള്‍ക്കൊപ്പം തന്നെ നിന്നു. കാരണം ഒടിടിയില്‍ ഇറക്കിയാല്‍ പ്രേക്ഷകരുടെ സ്വീകാര്യത എത്രത്തോളമുണ്ടാവുമെന്ന് അറിയാന്‍ പറ്റില്ല. ഫണ്‍ ഫിലിം ആയതുകൊണ്ട് തിയറ്റര്‍ അനുഭവം പ്രധാനമാണ്. തിയറ്ററുകളില്‍ 100 ശതമാനം ഒക്കുപ്പന്‍സിയുള്ളപ്പോള്‍ പടം എത്തിക്കാന്‍ പറ്റുന്നു എന്നത് വലിയ കാര്യമാണ്.
പ്രേക്ഷകരോട് പറയാനുള്ളത്
റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രമേ ഉള്ളൂ. നല്ല ടെന്‍ഷന്‍ ഉണ്ട്. പക്ഷേ പ്രേക്ഷകരില്‍ വിശ്വാസമുണ്ട്. നല്ല കണ്ടന്‍റ് ഉള്ള സിനിമകള്‍ ഒരിക്കലും അവര്‍ കൈവിടില്ല എന്ന വിശ്വാസമുണ്ട്. അടുത്തകാലത്ത് ഇറങ്ങിയ ജാനെമന്‍ പോലുള്ള സിനിമകളുടെയൊക്കെ വിജയം സൂചിപ്പിക്കുന്നത് അതാണ്. സിനിമയുടെ കണ്ടന്‍റില്‍ വിശ്വാസമുണ്ട്, അതുപോലെ കാസ്റ്റിംഗിലും. തിയറ്ററില്‍ വന്ന് സിനിമ കാണണമെന്നാണ് പ്രേക്ഷകരോട് അഭ്യര്‍ഥിക്കാനുള്ളത്. പുതിയ ആളുകളെ പ്രോത്സാഹിപ്പിക്കണം.