'പാപ്പൻ' എന്ന സിനിമയിലെ 'വിൻസി'യായി വിസ്‍മിയിപ്പിച്ച നീത പിള്ളയുമായി അഭിമുഖം.
'പാപ്പന്‍' തിയറ്ററില്‍ ആളെക്കൂട്ടുകയാണ്. സുരേഷ് ഗോപി 'സിഐ എബ്രഹാം മാത്യു മാത്തനാ'യി എത്തുന്ന ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് 'എസ്‍പി വിന്‍സി എബ്രഹാം ഐപിഎസ്'. പാപ്പനെ തോളേറ്റുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് യുവ നടി നീത പിള്ളയാണ്. പൊലീസ് ഓഫീസറുടെ മറുപേരായി മലയാള സിനിമ കാണുന്ന സുരേഷ് ഗോപിയുടെ ചിത്രത്തില്‍ കാക്കിയണിഞ്ഞ് വിസ്‍മയിപ്പിക്കുകയാണ് നീത. സുരേഷ് ഗോപിക്കൊപ്പം ചേര്‍ന്ന് പതര്‍ച്ചകളില്ലാതെ നീത 'പാപ്പ'നെ പ്രേക്ഷകനുമായി അടുപ്പിക്കുന്നു. 'പാപ്പന്റെ' വിശേഷങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ പങ്കുവയ്‍ക്കുകയാണ് നീത.
എങ്ങനെയാണ് 'പാപ്പന്റെ' ഭാഗമാകുന്നത്?
undefined
ജോഷി സാറ് നിര്‍ദ്ദേശിച്ചാണ് നിര്‍മാതാവ് ഡേവിഡ് കാച്ചപ്പള്ളി സര്‍ എന്നെ വിളിക്കുന്നത്. ആദ്യം സ്‍ക്രിപ്റ്റ് കേള്‍ക്കാന്‍ പറഞ്ഞു. അതനുസരിച്ച് തിരക്കഥാകൃത്ത് ഷാനിനെ കണ്ടു. കഥ കേട്ടിട്ട് ആത്മവിശ്വാസം ഉണ്ടെങ്കില്‍ മാത്രം എടുത്താല്‍ മതിയെന്ന് സാര്‍ പറഞ്ഞിരുന്നു. ഒരു പൊലീസ് വേഷം എന്നതില്‍ വലിയ എക്സൈറ്റ്‍മെന്റ് ഉണ്ടായിരുന്നു. പിന്നെ ജോഷി സാറിന്റെ സിനിമയില്‍ ഒരു അവസരം കിട്ടുക എന്ന് പറഞ്ഞാല്‍ വലിയ സന്തോഷമുള്ളതാണ്. അത് കളയാൻ ഞാന്‍ റെഡി അല്ലായിരുന്നു. അങ്ങനെ 'പാപ്പന്‍' എറ്റെടുക്കുകയായിരുന്നു.
പൊലീസ് വേഷങ്ങളെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ഓര്‍മ വരിക സുരേഷ് ഗോപിയെ കുറിച്ചാകും. അദ്ദേഹത്തിന്റെ സിനിമയില്‍ പൊലീസ് ഓഫീസറായി അഭിനയിക്കുക എന്നത് വെല്ലുവിളിയായിരുന്നോ?
തീര്‍ച്ചയായും. ജോഷി സാറിനെ കണ്‍വിൻസ് ചെയ്യുക എന്നത് പ്രധാനമായിരുന്നു. സാറിന്റെ പ്രതീക്ഷകള്‍ നിറവേറ്റുക എന്ന വലിയ വെല്ലുവിളി എന്റെ മുന്നിലുണ്ടായിരുന്നു. അത്യാവശ്യം പെര്‍ഫോം ചെയ്യാനുള്ളത് ആണെന്നും സെൻട്രല്‍ ക്യാരക്ടര്‍ ആണെന്നും സ്‍ക്രിപ്റ്റ് കേട്ടപ്പോള്‍ എനിക്ക് ഒരു ഐഡിയ കിട്ടിയിരുന്നു. ഒരിക്കലും താഴെ പോകാൻ പാടില്ലായിരുന്നു. ഇത്രയും എക്സ്പീരിയൻസ് ആയ ആര്‍ടിസ്റ്റുകാരുടെ കൂടെ ആദ്യമായിട്ടാണ് വര്‍ക്ക് ചെയ്യുന്നത് എന്നതും വെല്ലുവിളിയായിരുന്നു.
പൊലീസ് എന്ന് പറഞ്ഞാല്‍ മലയാളികളുടെ മനസില്‍ വരിക സുരേഷ് ഗോപി സാറാണ്. അദ്ദേഹത്തിന്റെ ഒപ്പം തന്നെ ഒരു പൊലീസ് ഓഫീസറായി വരുന്നത് വെല്ലുവിളിയായിരുന്നു. അപ്പോള്‍ നല്ല ഹോം വര്‍ക്ക് ഇല്ലാതെ മുന്നോട്ടുപോകുന്നത് ശരിയാകില്ലെന്ന് ഉറപ്പായിരുന്നു.
എന്തൊക്കെ തയ്യാറെടുപ്പുകളായിരുന്നു നടത്തിയത്?
പൊലീസ് ഓഫീസര്‍മാരുമായി കൂടിക്കാഴ്‍ച നടത്തി..അവരുടെ ഫാമിലി ലൈഫ്, എങ്ങനെയാണ് വീട്ടില്‍ പെരുമാറുന്നത്, കീഴുദ്യോഗസ്ഥരോട് എങ്ങനെ ആണ് പെരുമാറുന്നത്, ഇമോഷണല്‍ ആകുമ്പോള്‍ എങ്ങനെയാണ് എന്നൊക്കെ മനസിലാക്കാന്‍ ശ്രമിച്ചു. ഡിജിപി അജിത ബീഗത്തെ വീട്ടില്‍ പോയി കണ്ടിരുന്നു. അവരുടെ ഭര്‍ത്താവും ഐപിഎസ് ഓഫീസറാണ്. അവരുടെ ട്രെയിനീസിനെയൊക്കെ കാണാൻ പറ്റി. യംഗ് ഓഫീസര്‍മാരുടെ ആറ്റിറ്റ്യൂഡ് ഒക്കെ നിരീക്ഷിക്കാനും മനസിലാക്കാനും പറ്റി.
പിന്നെ സുരേഷ് സാറിനെ തന്നെയാണല്ലോ നമ്മള്‍ റെഫറൻസ് ആയി കാണുന്നത്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടു. അതൊക്കെ റെഫെര്‍ ചെയ്‍തു. ഇൻവെസ്റ്റിഗേഷൻ സീരീസ് ഒക്കെ കണ്ടു. ഇങ്ങനെയൊക്കെ ചെയ്‍തതുകൊണ്ട് എനിക്ക് എന്തെങ്കിലും സഹായകരമായിട്ടുണ്ടാകും. പക്ഷേ എനിക്ക് ഏറ്റവും സഹായകരമായത് സെറ്റില്‍ നിന്നുള്ള ഇൻപുട്ട് ആയിരുന്നു. ജോഷി സാറിന്റെ ഷാനിന്റെ, അഭിലാഷ് ജോഷിയുടെയൊക്കെ ബ്രീഫിംഗ് ആയിരുന്നു മികച്ച രീതിയില്‍ ചെയ്യാന്‍ സഹായിച്ചത്. സുരേഷ് സാര്‍ തന്നെ ഓരോ ഇൻപുട്‍ തരും. ഓരോ നോട്ടത്തിലും നില്‍പ്പിലും ഒരു കാര്യം എങ്ങനെ ബെറ്റര്‍ ആക്കാമെന്ന് തോന്നിയാല്‍ അദ്ദേഹം അത് പറഞ്ഞുതരും.
സംവിധായകന്‍ ജോഷിയുമായുള്ള ഇന്‍ട്രാക്ഷന്‍ എങ്ങനെയായിരുന്നു?
ജോഷി സാറ് എങ്ങനെയാണ് എന്ന് മനസിലാക്കിയതിനു ശേഷമല്ല ഞാൻ സെറ്റില്‍ പോകുന്നത്. സാര്‍ എനിക്ക് തന്നെ അവസരത്തിന്റെ വലുപ്പവും അത് ഒരു അനുഗ്രഹവുമായി കണ്ടുമാണ് പോകുന്നത്. അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ നിറവേറ്റണം, നിരാശപ്പെടുത്തരുത് എന്ന് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. സെറ്റില്‍ പോയതിന് ശേഷമാണ് സാറുമായി ഇൻട്രാക്റ്റ് ചെയ്യുന്നത്. അദ്ദേഹമെന്ന മനുഷ്യനെ മനസ്സിലാക്കുന്നത്. അദ്ദേഹം സീരിയസാണ്. ചെറിയ തെറ്റുണ്ടായാലും അദ്ദേഹം തിരുത്തും. നല്ലതായി ചെയ്‍താല്‍ അത് എടുത്തു പറയുകയും ചെയ്യും. അദ്ദേഹത്തെപ്പോലെ സീനിയറായ ഡയറക്ടര്‍ എന്നെപ്പോലെ ജൂനിയറായ ഒരാളോട് നല്ലതായി ചെയ്‍തു എന്നൊക്കെ പറയുന്നത് പിന്നെയും വര്‍ക്ക് ചെയ്യാനുള്ള മോട്ടിവേഷനാണ്. സാറിന് ഒരു സ്‍നേഹമുണ്ട് മൊത്തത്തില്‍. അത് ഫീല്‍ ചെയ്യും.
നീത 2018ല്‍ 'പൂമര'ത്തിലൂടെയാണ് വെള്ളിത്തിരിയിലെത്തുന്നത്. നാല് വര്‍ഷത്തില്‍ മൂന്ന് പടങ്ങള്‍ മാത്രം. എന്തുകൊണ്ടാണ് ഇങ്ങനെ ഇടവേളകള്‍?
'പൂമരം' കഴിഞ്ഞിട്ട് 'കുങ് ഫു മാസ്റ്ററാ'ണ് ചെയ്‍തത്. 'പൂമരം' കഴിഞ്ഞിട്ടുള്ള ഇടവേള ഞാൻ ട്രെയിനിംഗ് ചെയ്യുകയായിരുന്നു. ഒന്നര വര്‍ഷം ഞാൻ മാര്‍ഷല്‍ ആര്‍ട്സ് പഠിച്ചു. അപ്പോള്‍ അതിന്റെ ഇടയില്‍ വന്ന അവസരങ്ങള്‍ എടുക്കാൻ പറ്റിയില്ല. ട്രെയിനിംഗ് ബ്രേക്ക് ചെയ്‍ത് അത് ഉഴപ്പാൻ എനിക്ക് താല്‍പര്യമില്ലായിരുന്നു. അത് റീലീസ് ചെയ്‍ത് കഴിഞ്ഞപ്പോള്‍ കൊവിഡ് വന്നു, ലോക്ക് ഡൗണായി. പിന്നെ മാര്‍ഷല്‍ ആര്‍ട്‍സ് മുവി ചെയ്‍തപ്പോള്‍ പരുക്കേറ്റതില്‍ നിന്ന് ശരിയാകാന്‍ സമയമെടുത്തുന്നു. ലോക്ക് ഡൗണ്‍ കഴിഞ്ഞപ്പോള്‍ ജോഷി സാറിന്റെ സിനിമയിലേക്ക് ക്ഷണം ലഭിക്കുകയും ചെയ്‍തു. മനപൂര്‍വം ഇടവേളയെടുത്തിട്ടില്ല.
വളരെ തയ്യാറെടുപ്പുകള്‍ നടത്തിയ ഒരു ചിത്രമാണല്ലോ 'കുങ്‍ ഫു മാസ്റ്റര്‍'. അത് വേണ്ടത്ര സ്വീകരിക്കപ്പെടാതെ പോയതില്‍ നിരാശയുണ്ടോ?
ഇത്രയും ഫിസിക്കലി ചെയ്‍തുവെന്നതിന്റെ പ്രാധാന്യം മനസിലാകുന്നത് ഇപ്പോഴാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരുന്നു. അതിന്റെ സങ്കടമൊന്നുമില്ല. അതെന്റെ ഹാര്‍ഡ് വര്‍ക്ക് മാത്രമായിരുന്നു. നിരാശയൊന്നുമില്ല. ഒരു അവസരം ചെയ്യുമ്പോള്‍ സന്തോഷത്തോടെ അതിന് നൂറ് ശതമാനം കൊടുക്കുക. ബാക്കി ദൈവത്തിന് വിട്ടുകൊടുക്കുന്ന ആളാണ് ഞാന്‍. വിഷമുണ്ടാകും. ഇത്രയും പ്രയത്‍നിച്ചിട്ട് അത് വേണ്ടപോലെ പോയില്ലെങ്കില്‍ അതില്‍ സങ്കടമുണ്ടാകും. പക്ഷേ ഉപേക്ഷിച്ചുപൊകാന്‍ ഞാന്‍ തയ്യാറായല്ല. നമ്മള്‍ നമ്മുടെ ഭാഗം ചെയ്യുക. അതിന്റെ റിസല്‍ട്ട് ദൈവം തരും.
Read More : നമ്മള്‍ ഉദ്ദേശിക്കുന്ന ആളല്ല 'പാപ്പന്‍'; റിവ്യൂ