മലയാളത്തിലെ ഹിറ്റ് സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകനാണ് മുബിൻ. 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യിൽ ഒരു ശ്രദ്ധേയമായ വേഷത്തിൽ മുബിൻ എത്തി. ആദ്യ സിനിമയെക്കുറിച്ചും സിനിമാ മോഹത്തെക്കുറിച്ചും മുബിൻ റാഫി
ആദ്യ സിനിമയുടെ സന്തോഷത്തിലാണ് നടൻ മുബിൻ റാഫി. മലയാളത്തിലെ ഹിറ്റ് സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകനാണ് മുബിൻ. അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ എന്നിവർ അഭിനയിച്ച, 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യിൽ ഒരു ശ്രദ്ധേയമായ വേഷത്തിലാണ് മുബിൻ എത്തിയത്. ആദ്യ സിനിമയെക്കുറിച്ചും സിനിമാ മോഹത്തെക്കുറിച്ചും മുബിൻ റാഫി സംസാരിക്കുന്നു.
മുബിന്റെ ആദ്യ സിനിമയാണല്ലോ 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'. ആദ്യ സിനിമയുടെ സമ്മർദ്ദങ്ങൾ കടുപ്പമായിരുന്നോ?
undefined
സിനിമ ഇറങ്ങുന്നതിന് കുറച്ചു ദിവസം മുൻപ് വരെ മിക്സ്ഡ് ഇമോഷൻസ് ആയിരുന്നു. ചില സമയത്ത് വലിയ സന്തോഷം, ചിലപ്പോൾ ടെൻഷൻ അങ്ങനെ എല്ലാം കൂടെ മിക്സ് ആയിരുന്നു. പക്ഷേ, സിനിമ റിലീസ് ആകുന്നതിന് ഒരു ദിവസം മുൻപ് എല്ലാം മരവിച്ചപോലെ ഒരു അവസ്ഥയായി, സിനിമ നാളെ ഇറങ്ങും എന്ന യാഥാർത്ഥ്യത്തിലേക്ക് വന്നപ്പോൾ. എനിക്ക് തോന്നുന്നത് ഇപ്പോഴും ആ ഒരു ഫീലിങ്ങിൽ തന്നെയാണ് ഞാൻ പോകുന്നത്.
സിനിമയെക്കുറിച്ചുള്ള പ്രതികരണങ്ങളെക്കുറിച്ച് പറയൂ...
സിനിമക്ക് നല്ല പ്രതികരണങ്ങളുണ്ട്. പേഴ്സണലി പടം കണ്ടിട്ട് വിളിക്കുന്നവർ സിനിമ നന്നായി എന്നൊക്കെ പറയുന്നുണ്ട്. ഒരാളുടെ ആദ്യ പടത്തിൽ ചെയ്യേണ്ട രീതിയിൽ അഭിനയിച്ചിട്ടുണ്ട് എന്നൊക്കെ എല്ലാവരും പറയുന്നുണ്ട്.
മുബിൻ, സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകനാണ്. സംവിധായകൻ ഷാഫി, ഹിറ്റ് സംവിധായകൻ സിദ്ധിഖ് എല്ലാവരും ബന്ധുക്കൾ. സിനിമയിലേക്കുള്ള പ്രവേശനം എളുപ്പമായിരുന്നോ?
വാപ്പിച്ചി (സംവിധായകൻ റാഫി) ഡയറക്ടറായത് കൊണ്ട് ഞാൻ ചെറുപ്പം മുതൽ സിനിമ സെറ്റ് ഒക്കെ കാണാൻ പോകാറുണ്ട്. ആദ്യമായിട്ട് എനിക്ക് തോന്നുന്നു ഞാൻ കാണാൻ പോയ സെറ്റ് 'ഹലോ' സിനിമയുടെതാണ്. സെറ്റിൽ പോയി ലാലേട്ടനെ കണ്ടതും ജഗതിച്ചേട്ടനെ കണ്ടതും ഒക്കെ ഓർമ്മയുണ്ട്. ചെറുപ്പം മുതലെ സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട്. വാപ്പിച്ചിയോട് തന്നെ ചോദിച്ചപ്പോൾ ആദ്യം അസിസ്റ്റന്റ് ഡയറക്ടറായി വർക് ചെയ്യാൻ പറഞ്ഞു. അങ്ങനെ ഞാൻ 'റിംഗ് മാസ്റ്ററി'ൽ വർക് ചെയ്തു. അങ്ങനെ കുറച്ചു പടങ്ങൾ വർക് ചെയ്തു. പിന്നെ കുറച്ചു ആളുകളെ ഒക്കെ പരിചയപ്പെടാൻ തുടങ്ങി. അങ്ങനെ ചാൻസ് ഒക്കെ ചോദിച്ചാണ് ഈ സിനിമയിൽ ലാൻഡ് ചെയ്തത്. പലരുടെ അടുത്തും അവസരം ചോദിക്കുമ്പോൾ എല്ലാവരും ചോദിക്കുന്നത്, വീട്ടിൽ വാപ്പിച്ചിയും ചാച്ചയും (സംവിധായകൻ ഷാഫി) സിനിമയിലുള്ളവരല്ലേ, അവരുടെ അടുത്ത് ചോദിച്ചാൽ പോരെ എന്നൊക്കെയാണ്. അവർക്കും ഇത് അവരുടെ ജീവിതമാർഗമല്ലേ, അപ്പോൾ ഒരാളെ സിനിമയിൽ കയറ്റാൻ അവരത് റിസ്ക് ചെയ്യില്ലല്ലോ.
'നെപ്പോട്ടിസം' വിശേഷണങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുക?
എന്തൊക്കെ ചെയ്താലും ആ ടാഗ് അഭിമുഖീകരിക്കേണ്ടി വരും. ഏത് വഴിയിലൂടെ വന്നാലും അത് ഫേസ് ചെയ്യേണ്ടി വരും. എന്തിന് ഞാൻ ഈ സിനിമ ഇൻഡസ്ട്രിയിൽ കേറി എന്ന് ബോധ്യപ്പെടുത്തുന്നത് വരെ ആ ന്യായീകരണം കൊടുക്കേണ്ടി വരും. അത് എന്നെ പോസിറ്റിവ് ആയിട്ടോ നെഗറ്റീവ് ആയിട്ടോ എന്നെ ബാധിക്കുന്നില്ല. ഞാൻ ജോലിയിൽ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ.
'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യിൽ എങ്ങനെയാണ് എത്തുന്നത്?
ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത ഒരു സിനിമയുടെ ലൊക്കേഷനിൽ നാദിർഷ ഇക്ക വന്നു. അന്ന് വാപ്പിച്ചിയോട് തമശയായി ചോദിച്ചതാണ് എന്നെ അഭിനയിപ്പിച്ചുകൂടെ എന്ന്. അപ്പോൾ വാപ്പിച്ചി പറഞ്ഞു, നാദിർഷ പുതിയ ആളുകൾക്ക് അവസരം കൊടുക്കുന്നതല്ലേ, ഒരു പടം പ്ലാൻ ചെയ്യാൻ പറഞ്ഞു. നാദിർഷ ഇക്ക അപ്പോൾ തിരിച്ചു പറഞ്ഞു, ഇക്കാ, ഒരു സ്ക്രിപ്റ്റ് തരൂ എന്ന്. അവരത് തമാശയായി പറഞ്ഞതാണ്. പക്ഷേ, ഞാൻ അതൊരു അവസരമായി കണ്ടു. സൈലക്സ് എബ്രഹാം എന്ന് പറയുന്ന ഒരു അസോസിയേറ്റ് ഉണ്ട്. നാദിർഷാക്കായുടെ 'ഈശോ'യിലും സൈലക്സ് ചേട്ടൻ അസോസിയേറ്റ് ചെയ്തിരുന്നു. പുള്ളിയിലൂടെയാണ് ഈ സിനിമ നടക്കുന്നത്.
ഈ സിനിമയിലെ വേഷത്തെക്കുറിച്ച് പറയൂ...
ഇതിന്റെ സ്റ്റോറി ലൈൻ കേട്ടപ്പോൾ ഇതിൽ പ്രധാനപ്പെട്ട കുറച്ച് കഥാപാത്രങ്ങളുണ്ട്. ഇതിൽ എനിക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രം ഹൈബി മാത്രമാണ്. അർജുൻ ചെയ്ത കഥാപാത്രം എനിക്ക് ഫിറ്റ് ആകുന്നതല്ല. കഥ കേട്ടപ്പോൾ എനിക്ക് തോന്നിയിരുന്നു, ഇതിൽ എന്നെ കാസ്റ്റ് ചെയ്യാൻ പോകുകയാണെങ്കിൽ ആ കഥാപാത്രം തന്നെയായിരിക്കും എന്ന്. പിന്നെ, ആദ്യ സിനിമയല്ലേ, ഏത് കഥാപാത്രം തന്നാലും ഞാൻ ചെയ്യും. സിനിമ നടക്കുക എന്നതാണല്ലോ പ്രധാനം.
അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങി അഭിനയത്തിൽ എത്തി. ഭാവിയിൽ അഭിനയത്തിന് തന്നെയാണോ മുൻഗണന?
അതെ. അഭിനയിക്കാൻ തന്നെയാണ് താൽപര്യം. പക്ഷേ, അടുത്തു തന്നെ സിനിമ സംവിധാനം ചെയ്യും. ഒരു പ്രോജക്റ്റ് മനസ്സിലുണ്ട്. അതിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്.
(അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ)