'മാർക്കോ' മെയ്ഡ് ഇൻ കേരള; കിഷൻ മോഹൻ അഭിമുഖം

By Web Team  |  First Published Dec 17, 2024, 12:25 PM IST

മലയാളത്തിലെ തന്നെ നാഴികക്കല്ലാകുന്ന ചിത്രമാകും ഡിസംബർ 20-ന് റിലീസ് ചെയ്യുന്ന 'മാർക്കോ' എന്നാണ് ചിത്രത്തിനായി സൗണ്ട് ഡിസൈൻ ചെയ്ത കിഷൻ മോഹൻ പറയുന്നത്.


ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന 'മാർക്കോ' ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ എന്ന 'ഹൈപ്പി'ലാണ് എത്തുന്നത്. ഉണ്ണിയുടെ മാത്രമല്ല, മലയാളത്തിലെ തന്നെ നാഴികക്കല്ലാകുന്ന ചിത്രമാകും ഡിസംബർ 20-ന് റിലീസ് ചെയ്യുന്ന മാർക്കോ എന്നാണ് ചിത്രത്തിനായി സൗണ്ട് ഡിസൈൻ ചെയ്ത കിഷൻ മോഹൻ പറയുന്നത്. മാർക്കോയിൽ പ്രവർത്തിച്ച അനുഭവങ്ങൾ കിഷൻ വിവരിക്കുന്നു.

മാർക്കോ എന്ന വെല്ലുവിളി

Latest Videos

undefined

മാർക്കോ ഏറ്റെടുത്തതിലെ ഏറ്റവും വലിയ വെല്ലുവിളി, നായകൻ ഉണ്ണിച്ചേട്ടനും (ഉണ്ണി മുകുന്ദൻ) പ്രൊഡ്യൂസർ ഷരീഫ് മുഹമ്മദും ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ കേരളത്തിൽ തന്നെ തീർക്കണം എന്നുള്ള ആവശ്യമായിരുന്നു. ഞാൻ പറഞ്ഞതിനെക്കാൾ കുറഞ്ഞ തുകയ്ക്ക് അവർക്ക് ഈ സിനിമ പുറത്ത് ചെയ്യാമായിരുന്നു. സംവിധായകൻ ഹനീഫിക്കയും (ഹനീഫ് അദേനി) പറഞ്ഞു, നമ്മളെക്കൊണ്ടും ഇത് പറ്റും എന്ന് മനസ്സിലാക്കിക്കണം. അതായിരുന്നു ചലഞ്ച്. അതിനായി ഒരുപാട് പഠിച്ചു, റിസർച്ച് ചെയ്തു. പിന്നെ, പശ്ചാത്തലം സം​ഗീതം ചെയ്തത് 'കെ.ജി.എഫ്' ചെയ്ത രവി ബസ്റൂർ ആണ്. അതിനോടും കിടപിടിക്കണം. ഇതൊരു വാണിജ്യ, ആക്ഷൻ സിനിമയാണ്. അതുകൊണ്ട് തന്നെ ഇതുവരെയുള്ള സിനിമകൾ പോലെയാകരുത് എന്നതും നിർബന്ധമായിരുന്നു. എനിക്ക് ഒരുപാട് സ്പേസ് കിട്ടിയ സിനിമയാണിത്.

മലയാളത്തിൽ ആദ്യമായി ക്ലോസ്ഡ് ക്യാപ്ഷൻ

പ്രധാനമായും സൗണ്ട് ഡിസൈൻ ആണ് ഞങ്ങൾ സപ്ത റെക്കോർഡ്സിൽ ചെയ്തത്. പിന്നെ വി.എഫ്.എക്സ് ചെയ്തിട്ടുണ്ട്. പിന്നെ, ഓഡിയോ ഡിസ്ക്രിപ്ഷൻ, ക്ലോസ്ഡ് ക്യാപ്ഷൻ ചെയ്തിട്ടുണ്ട്. കാഴ്ച്ചയ്ക്കും കേൾവിക്കും പരിമിതിയുള്ളവർക്ക് സിനിമ ആസ്വദിക്കാനുള്ള സംവിധാനമാണിത്. ഇത് ആദ്യമായാണ് ഒരു മലയാള സിനിമയിൽ അവതരിപ്പിക്കുന്നത് എന്നതാണ് പ്രത്യേകത.

വയലൻസ് മാത്രമല്ല മാർക്കോ

മലയാളത്തിലെ ഏറ്റവും വലിയ സിനിമ എന്ന് തന്നെയാണ് ഞാൻ മാർക്കോയെ കാണുന്നത്. ബജറ്റിന്റെ അടിസ്ഥാനത്തിലല്ല. ഇതിലെ ആളുകൾ, ലുക്ക്... സിനിമ വളരെ ​ഗ്രാൻഡ് ആണ്. മുടക്കിയ പൈസ സ്ക്രീനിൽ കാണാം എന്ന് പറയില്ലേ, അങ്ങനെ. പിന്നെ ഇത് വയലൻസ് മാത്രമല്ല. അതിനെ കൃത്യമായി ബാലൻസ് ചെയ്യുന്ന ഇമോഷൻസ് ഉണ്ട്. എന്തുകൊണ്ട് സിനിമ വയലൻസിന് പ്രാധാന്യം കൊടുക്കുന്നു എന്ന് മനസ്സിലാക്കിത്തരുന്ന ഇമോഷൻസ് അപ്പുറത്ത് ചെയ്തിട്ടുണ്ട്.

റിയലിസം ആണ് പ്രത്യേകത

ഇതേ ശൈലിയുള്ള പുറത്തുള്ള മറ്റു സിനിമകൾ എടുത്താൽ അതിൽ എല്ലാം റിയലിസം ഉണ്ട്. അത് സ്ക്രീനിൽ കൊണ്ടുവരുന്നത് എപ്പോഴും ബുദ്ധിമുട്ടാണ്. അതിന് ഒരു കാരണം ഒരുപാട് ടെക്നീഷ്യന്മാരുടെ കോൾ ആണ് അത് എന്നതാണ്. മ്യൂസിക്, എഫക്റ്റ്സ് എല്ലാവരും ഒരുപോലെ ചിന്തിച്ചാലേ അത് നടക്കൂ. അത് ഈ സിനിമയിൽ ഉണ്ടായിട്ടുണ്ട്. ഈ​ഗോ ഇല്ലാതെ എല്ലാവരും സഹകരിച്ചു.

ഉണ്ണി മുകുന്ദൻ ഫാക്റ്റർ

ഉണ്ണി മുകുന്ദൻ ഉൾപ്പെടെ എല്ലാവരും അസിസ്റ്റന്റ് ഡയറക്ടർമാരെപ്പോലെ അധ്വാനിച്ചാണ് സിനിമ പൂർത്തിയാക്കിയത്. എല്ലാവരും 24 മണിക്കൂറും സിനിമയുടെ പിന്നാലെയാണ്. ഉണ്ണിമുകുന്ദൻ സ്ഥിരമായി സ്റ്റുഡിയോയിൽ വരും. ആദ്യമെല്ലാം എല്ലാവർക്കും ഒരു സിനിമാതാരം, ഇപ്പോൾ ദിവസവും കണ്ട് കണ്ട് ആർക്കും അത്ഭുതം പോലുമില്ല. അത്രയ്ക്ക് ഈ സിനിമയ്ക്ക് വേണ്ടി അവർ പണിയെടുത്തിട്ടുണ്ട്.

കെ.ജി.എഫിന് സം​ഗീതം നൽകിയ രവി ബസ്റൂരിനൊപ്പം

കൂടെ പ്രവർത്തിക്കുന്നതിന് മുൻപ് എല്ലാവരെയും കുറിച്ച് ധാരണകളുണ്ടായിരുന്നു. ഞാൻ കരുതിയത് തല്ലുപിടിത്തക്കാരായിരിക്കും, ഈ​ഗോ ആയിരിക്കും എന്നൊക്കെയാണ്. പക്ഷേ, ഒന്നുമില്ല. നമുക്ക് ഒരു സം​ഗതി ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്നു പറയാം. അത് അപ്പോൾ തന്നെ മാറ്റിത്തരും. അത് ചിന്തിക്കാനേ പറ്റുന്നില്ല. ഇപ്പോൾ എനിക്ക് ഒരു മ്യൂസിക് പീസ് കിട്ടാത്തത് കൊണ്ട് ഞാൻ രവി ബസ്റൂരിനെ നേരിട്ടു വിളിച്ചു, അദ്ദേഹം പേഴ്സണൽ ഇ-മെയിൽ ഐഡിയിൽ അത് അയച്ചു തന്നു. അത്രയ്ക്ക് നന്നായി ഇടപെടുന്നവരാണ് എല്ലാം.

വേറിട്ട് നിൽക്കുന്ന മ്യൂസിക്

രവി ബസ്റൂർ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമാണ്. അത്രയ്ക്കും ലൗഡ് അല്ല മ്യൂസിക്. പക്ഷേ, ഓരോ കഥാപാത്രത്തിനും തീം മ്യൂസിക് ഉണ്ട്. എനിക്കുറപ്പാണ് ഈ സിനിമ ഇറങ്ങിക്കഴിഞ്ഞ് ഈ തീമുകൾ വളരെയധികം ശ്രദ്ധിക്കപ്പെടും.

(അഭിമുഖത്തിന്റെ പ്രസക്തഭാ​ഗങ്ങൾ. വ്യക്തതയ്ക്ക് വേണ്ടി സംഭാഷണം എഡിറ്റ് ചെയ്തിട്ടുണ്ട്.)
 

click me!