ടര്‍ബോയില്‍ ത്രസിപ്പിച്ച കാര്‍ ചേസിന് പിന്നില്‍; സൗണ്ട് ഡിസൈനേഴ്‍സ് നേരിട്ട വെല്ലുവിളികള്‍

By Nithya RobinsonFirst Published May 27, 2024, 4:01 PM IST
Highlights

ആറാട്ട്, മോൺസ്റ്റർ, സൂപ്പർ ശരണ്യ, പ്രേമലു, തണ്ണീർ മത്തൻ ദിനങ്ങൾ തുടങ്ങി ഒട്ടനവധി സിനിമകളില്‍ പ്രവര്‍ത്തിച്ചവരാണ് കെ സി സിദ്ധാർത്ഥനും ശങ്കരനും. 

മ്മൂട്ടി നായകനായി എത്തിയ ടർബോ മികച്ച പ്രതികരണങ്ങളോടെ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ മൈന്യൂട്ട് ആയിട്ടുള്ള ഡിറ്റൈൽസ് പോലും പ്രേക്ഷക ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ടർബോ ജോസിന്റെ മാസ് എൻട്രികൾക്കും ചേസിങ്ങുകൾക്കും എല്ലാം ആരാധകരും ഏറെയാണ്. ടർബോയിൽ പഞ്ച് ഉൾപ്പടെയുള്ളവയ്ക്ക് വലിയ ഹൈപ്പ് നൽകിയത് ചില സൗണ്ടുകളാണ്. അത് അണിയിച്ചൊരുക്കിയത് ആകട്ടെ മലയാളികളും സൗണ്ട് ഡിസൈനേഴ്സുമായ കെ സി സിദ്ധാർത്ഥനും ശങ്കരന്‍ എ എസും.

തെന്നിന്ത്യയിലെ പ്രമുഖ സ്റ്റുഡിയോയായ സിങ്ക് സിനിമാസിന്റെ സൗണ്ട് എഡിറ്റേഴ്സ് ആണ് ഇരുവരും. അടുത്തകാലത്തായി ഇൻഡിപെന്റന്റ് ആയും വർക്ക് ചെയ്യുന്ന ഇരുവരും ആറാട്ട്, മോൺസ്റ്റർ, സൂപ്പർ ശരണ്യ, പ്രേമലു, തണ്ണീർ മത്തൻ ദിനങ്ങൾ തുടങ്ങി ഒട്ടനവധി സിനിമകളിൽ ഇതിനോടകം പ്രവർത്തിച്ചു കഴിഞ്ഞു. ടർബോ ഗംഭീര പ്രകടനവുമായി മുന്നേറുമ്പോൾ സിനിമയെ കുറിച്ചും സൗണ്ട് ഡിസൈനിങ്ങിനെ പറ്റിയും മനസ് തുറക്കുകയാണ് കെ സി സിദ്ധാർത്ഥനും ശങ്കരനും.

Latest Videos

'ടർബോ'യിലേക്ക് എത്തിയതും വൈശാഖിന്റെ നിർദ്ദേശങ്ങളും

ഞങ്ങൾ മുൻപ് വൈശാഖ് ചേട്ടന്റെ മോൺസ്റ്റർ സിനിമയിൽ വർക്ക് ചെയ്‍തിരുന്നു. എഡിറ്റർ ഷെമീർ മുഹമ്മദ് വഴിയായിരുന്നു സിനിമയിൽ എത്തിപ്പെടുന്നത്. അദ്ദേഹം വഴിയാണ് മോഹൻലാലിന്റെ ആറാട്ടിലേക്കുമെത്തുന്നത്. അങ്ങനെ കുറച്ചുപേർക്കിടയിൽ ഞങ്ങൾ സുപരിചിതരുമായി. ഈ വർക്കുകൾ എല്ലാം ഇഷ്ടപ്പെട്ട് ഷെമീർ ചേട്ടൻ വീണ്ടും 'ടർബോ'യിലേക്ക് ഞങ്ങളെ റെക്കമെന്റ് ചെയ്യുക ആയിരുന്നു. 

മമ്മൂക്കയുടെ ഒരു പക്കാ കൊമേഷ്യൽ സിനിമയാണ് ടർബോ. ആക്ഷൻ, ചേസിംഗ് സീക്വൻസുകളെല്ലാം ഉള്ളത് കൊണ്ട് കുറച്ച് കൂടുതൽ ഹെവി ആയിരിക്കണമെന്ന് വൈശാഖ് ചേട്ടൻ പറഞ്ഞിരുന്നു. റിയലിസ്റ്റിക്കല്ലാതെ കൂടുതൽ എൻഹാൻസ് ചെയ്യണമെന്നും പറഞ്ഞിരുന്നു അദ്ദേഹം. അതുപോലെയാണ് ഓരോ കാര്യങ്ങളും ചെയ്‍തത്. പഞ്ചൊക്കെ നോർമൽ രീതിയിൽ ചെയ്യാതെ കൂടുതൽ എൻഹാൻസ് ചെയ്താണ് കൊടുത്തിരിക്കുന്നത്. തുടങ്ങി എല്ലാ കാര്യങ്ങളും എക്സാജറേറ്റ് ചെയ്‍തിട്ടുണ്ട്. അതായത് ഓവർ ദി ടോപ്പിൽ ആണ് സൗണ്ടുകള്‍ എല്ലാം ചെയ്തിട്ടുള്ളത്.

വെല്ലുവിളികൾ നിറഞ്ഞ 'ടർബോ'

ചേസിംഗ് സീക്വൻസുകൾ അൽപം ടഫ് ആയിരുന്നു. നോർമൽ ചേസ് ആയിട്ട് തോന്നാതെ എക്സാജിറേറ്റ് ചെയ്‍താണ് ഞങ്ങള്‍ ട്രീറ്റ് ചെയ്തിരിക്കുന്നത്. എൻഡോവറും നോർമൽ കാറും വച്ചിട്ടുള്ള ചേസിങ്ങുകൾ ആയിരുന്നു കൂടുതലും. ഫേർഡിന്റെയും നോര്‍മല്‍ വണ്ടികളുടെയും മാത്രം ചേസിംഗ് സൗണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ കിട്ടുന്നതിനെക്കാള്‍ ഇംപാക്ട് കിട്ടാന്‍ വേണ്ടി റെയ്‍സിംഗ് കാറുകളുടെയും സൂപ്പര്‍ കാറുകളുടെയും സൗണ്ടുകൾ  കൂടി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതുകൊണ്ട് കുറച്ചുകൂടി കൊമേഷ്യൽ ഫിഗറിൽ പഞ്ച് ഫീൽ കിട്ടും.

മമ്മൂക്കയുടെ ജോസിന് യുണിക്ക് സൗണ്ട് കൊടുക്കുക എന്നത് വളരെ ചലഞ്ചിംഗ് ആയിരുന്നു. ഇതിനായി മമ്മൂട്ടിയുടെ ടർബോ ജോസ് വരുമ്പോൾ ഒരു ഹോൺ നമ്മൾ സെറ്റ് ചെയ്‍തു. മമ്മൂക്കയും അത് കേട്ടിരുന്നു. പക്ഷേ പുള്ളിക്ക് അത് വർക്ക് ആയില്ല. അതിന് പകരമാണ് ജോസ് വരുന്നതിന് മുൻപുള്ള വെഹിക്കിൾ റെയ്‍സ് സൗണ്ട് കൊടുത്തിരിക്കുന്നത്. ഒരു സൂപ്പർ കാറിന്റെ സൗണ്ടുകൾ ലെയർ ചെയ്‍താണ് അത് ചെയ്‍തിരിക്കുന്നത്. മ്യൂസിക്കിലും അതിന്റെ എലമെന്റ് ക്രിസ്റ്റോ സേവ്യർ ഉടനീളം ഉപയോഗിച്ചിട്ടുണ്ട്. ഒരു കൊമേഷ്യൽ പടമായത് കൊണ്ട് തന്നെ സൗണ്ട്സും മ്യൂസിക്കും എല്ലാം കേൾപ്പിക്കണം. അതൊരു വലിയ വെല്ലുവിളി ആയിരുന്നു. ത്രൂ ഔട്ട് മ്യൂസിക് പോയ്ക്കൊണ്ടിരിക്കയാണല്ലോ.

ക്രിയേറ്റീവാകുന്ന സൗണ്ട് ഡിസൈനിംഗ്

ക്രിയേറ്റിവിറ്റി എന്നത് പല രീതിയിൽ ഉണ്ട്. ഒപ്പം ലിമിറ്റേഷനും. വിഷ്വൽ എന്താണോ ഡിമാന്റ് ചെയ്യുന്നത് അതുവച്ച് വേണം നമ്മൾ കാര്യങ്ങൾ ചെയ്യാൻ. പക്ഷേ അതൊരു ചാലഞ്ചിംഗ് കൂടിയായി ഏറ്റെടുത്ത് ഡിസൈൻ ചെയ്യും. സീൻ ആവശ്യപ്പെടുന്ന രീതിയിൽ ചെയ്യാൻ പറ്റുന്നതെല്ലാം മാക്സിമം ഞങ്ങൾ ചെയ്യും.

സിനിമാസ്വാദകര്‍ പലപ്പോഴും കൂടുതല്‍ ശ്രദ്ധിക്കുന്നത് ഹൊറര്‍ സിനിമകള്‍ ആയിരിക്കും. മ്യൂസിക്കിനൊപ്പം സൗണ്ടിനും കൃത്യമായൊരു സ്പെയ്‍സ് അത്തരം സിനിമകൾക്ക് ലഭിക്കാറുണ്ട് എന്നതാണ് അതിന് കാരണം. അതുകൊണ്ട് തന്നെ നമ്മുടേതായ ക്രിയേറ്റിവിറ്റിയും ഇത്തരം സിനിമകളില്‍ കൂടുതല്‍ കൊണ്ടുവരാനും സാധിക്കും. 

സ്ക്രിപ്റ്റുകൾ ചിലപ്പോള്‍ ഞങ്ങള്‍ക്ക് ആദ്യം തന്നെ കിട്ടും. അത് വായിക്കുമ്പോൾ  പ്രത്യേകമായി സൗണ്ടില്‍ എന്തെങ്കിലും ഇൻപുട്ട് കൊടുക്കണമോ വേണ്ടയോ എന്ന് മനസിലാകും. അതായത് ആൾക്കുട്ടങ്ങൾ, പ്രത്യേക വസ്‍തുക്കൾ, സന്ദർഭങ്ങൾ തുടങ്ങിയ കാര്യങ്ങൾ എല്ലാം അറിയാനാകും. അതിന് വേണ്ടിയുള്ള സംവിധാനങ്ങളും ചെയ്യാൻ സാധിക്കും. അതല്ല ഷൂട്ട് കഴിഞ്ഞ ശേഷമാണെങ്കില്‍ അതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യും. സിനിമയുടെ സ്വഭാവം എന്താണ് എന്ന് വിഷ്വൽ കണ്ടാണല്ലോ മനസിലാക്കുന്നത്. അതനുസരിച്ച് ആകും സൗണ്ട് ഡിസൈനിങ്ങും മുന്നോട്ട് പോകുക.

സിനിമയും സിങ്ക് സൗണ്ടും

ചില സിങ്ക് സൗണ്ടുകള്‍ (സ്പോട്ടിൽ നിന്നുള്ള ശബ്‍ദങ്ങൾ) നമ്മൾ ഉപയോഗിക്കാറുണ്ട്. ടർബോ സിങ് സൗണ്ടിൽ ചെയ്തൊരു സിനിമയാണ്. വിവേക് കെ എം എന്ന് പറയുന്ന ആളാണ് അത് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ മമ്മൂക്കയുടെ 90, 95 ശതമാനവും സിങ് സൗണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത് പുള്ളി ഷൂട്ടിംഗ് സമയത്ത് പറഞ്ഞ ഡയലോഗുകൾ തന്നെയാണ് ക്യാപ്ച്വർ ചെയ്‍തിരിക്കുന്നത്. എനിക്ക് തോന്നുന്നു ഡബ്ബിംഗ് സ്റ്റുഡിയോയിൽ ഒരു 30, 35 ശതമാനമോ മറ്റോ ചെയ്തിട്ടുള്ളൂ. ബാക്കിയെല്ലാം സിങ്ക് സൗണ്ട് തന്നെയാണ്.

സൗണ്ട് ഡിസൈനിങ്ങും കേരളത്തിലെ തിയറ്ററുകളും

ഇന്ന് ടെക്നിക്കലി കേരളത്തിലെ തിയറ്ററുകൾ വലിയ തോതിൽ വികാസം പ്രാപിച്ചിട്ടുണ്ട്. തിയറ്ററുകളിൽ പുതിയതാണെങ്കില്‍ എക്വുപ്മെൻസുകളും പുതിയതായിരിക്കും. നമ്മൾ മിക്സിംഗ് ചെയ്യുന്ന സമയത്ത് എന്താണോ കേട്ടത് അതിന്റെ ഒരു 90, 95 ശതമാനമൊക്കെ തിയറ്ററിൽ നിന്നും ഇംപാക്ട് കിട്ടും. പക്ഷേ ആ ഒരു ക്വാളിറ്റി പോകെ പോകെ കുറഞ്ഞ് പോകുന്നതായിട്ടാണ് തോന്നുന്നത്.

ഞാൻ ഇപ്പോൾ കൊച്ചിയിലാണ് ഉള്ളത്. ഇന്ന് കൊച്ചിയിലുള്ള പല തിയറ്ററുകളിൽ സിനിമ കണ്ടാലും നമ്മൾ ചെയ്ത് വച്ചേക്കുന്നതായിരിക്കില്ല കിട്ടുന്നത്. തിയറ്ററുകളിൽ പ്രധാനമായും കാണാറുള്ള പ്രശ്‍നമാണ് സ്പീക്കറിന്റേത്. ഇതൊക്കെ ചിലപ്പോൾ ഒരു സാധാരണക്കാരന് മനസിലാകണം എന്നില്ല. സൗണ്ട് കുറഞ്ഞതിന്റെ പേരിൽ അവർ പരാതി പറയാനും പോകുന്നില്ല. പക്ഷേ നമ്മൾ ടെക്നിക്കലി നോക്കുമ്പോഴാണ് ഇങ്ങനെയുള്ള കാര്യങ്ങൾ നോട്ടീസ് ചെയ്യുന്നത്. തിയറ്ററുകൾ നിര്‍മിക്കുമ്പോഴുള്ള ശ്രദ്ധ അത് മെയ്ന്റൈൻ ചെയ്യുന്നതിൽ കാണിക്കുന്നില്ലെന്ന് തോന്നാറുണ്ട്.

സൗണ്ട് ഡിസൈനിങ്ങും പരിഗണിക്കപ്പെടുന്നു

മുൻകാലങ്ങളിൽ സൗണ്ട് ഡിസൈനിങ്ങിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. 2010ന് ശേഷം ആണ് സൗണ്ട് ഡിസൈനർ എന്ന പേര് പോസ്റ്ററിൽ തന്നെ വരാൻ തുടങ്ങിയത്. അതിന് മുൻപ് അധികം ആരുടെയും പേരൊന്നും വന്നിരുന്നില്ല. അതിന്റെ വിഷമവും ഉണ്ടായിരുന്നു. ഇപ്പോഴങ്ങനെ അല്ല. നമ്മുടെ വർക്ക് നന്നാവുകയാണെങ്കിൽ ഏത് മേഖലയിൽ നിന്നുള്ളാവരാണെങ്കിലും ശരി, പേരുകൾ ഉയർന്ന് കേൾക്കും. അവഗണന ഒന്നുമില്ല.

ബജറ്റിന്റെ കാര്യത്തിൽ ചെറിയ പ്രശ്നം ഉണ്ട്. മറ്റുള്ള സെക്ഷനെ അപേക്ഷിച്ച് സൗണ്ട് ഡിസൈനിങ്ങിൽ വരുമ്പോൾ ബജറ്റ് കുറയും. വിലപേശലിന്റെ ഒരു രീതി ചിലപ്പോൾ വേണ്ടിവരും. നല്ലൊരു സിനിമ വർക്ക് ചെയ്യുമ്പോൾ അതിനനുസരിച്ചുള്ള തുകയും വരണം. പക്ഷേ ചിലസമയങ്ങളിൽ കോംപ്രമൈസ് ചെയ്യേണ്ടി വരും. പിന്നെ പാഷനോടെ ചെയ്യുന്നത് കൊണ്ട് എമൗണ്ടിന്റെ കാര്യം വകവയ്ക്കാതെ സിനിമകൾ ചെയ്യുന്നവരുമുണ്ട്.

പാൻ ഇന്ത്യൻ മലയാള സിനിമ

ഇന്ന് നമ്മുടെ മലയാള സിനിമ പാൻ ഇന്ത്യൻ ലെവലിലേക്ക് എത്തിനിൽക്കുകയാണ്. ഒരു മലയാളി എന്ന നിലയിൽ അതിൽ അതിയായ സന്തോഷവും ഉണ്ട്. ഗില്ലി ഒക്കെ റി റിലീസ് ചെയ്യുന്ന വേളയിൽ നമ്മുടെ പ്രേമലുവും ആവേശവും മഞ്ഞുമ്മൽ ബോയ്‍സും ഒക്കെ അവിടുത്തെ തിയറ്ററിൽ സക്സസ് ആവുമ്പോൾ അഭിമാനമാണ്. പ്രേമലുവിന്റെ സൗണ്ട് ഡിസൈൻ ചെയ്തത് ഞങ്ങൾ ആണ്. അത് തെലുങ്കിലും തമിഴിലും ഡബ്ബ് പോയപ്പോൾ അവിടെ നമ്മളൊക്കെ അറിയപ്പെടുകയാണ്. മലയാള സിനിമയ്ക്ക് തന്നെ ഗുണം ചെയ്യുന്നൊരു കാര്യവുമാണത്.

സൗണ്ട് ഡിസൈനിങ്ങിന്റെ ഭാവി

പുത്തൻ സങ്കേതികവിദ്യകളുടെ സാഹചര്യത്തിൽ സൗണ്ട് ഡിസൈനേഴ്സിന് അത്രകണ്ട് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. എന്നാൽ ഭാവിയിൽ വരാൻ സാധ്യതയുണ്ട്. എത്രയൊക്കെ സാങ്കേതികവിദ്യ വളർന്നാലും ഒരു മനുഷ്യന്റെ കൈ അതിൽ വേണമെന്നുണ്ട്. പത്ത് പേര് ചെയ്യേണ്ടുന്ന ജോലി അഞ്ചോ മൂന്നോ ആയിട്ടൊക്കെ ചുരുങ്ങാം. അതിന് സാധ്യതയും ഏറെയാണ്.

കെസി സിദ്ധാർത്ഥും ശങ്കരനും

ഞാൻ പാലക്കാട് സ്വദേശിയാണ്. ബികോം ആയിരുന്നു പഠിച്ചത്. അതിന് ശേഷം ഓഡിയോ എഞ്ചിനീയറിങ്ങിലേക്ക് തിരിഞ്ഞു. ശേഷം പാലക്കാട് തന്നെ ഒരു സ്റ്റുഡിയോയിൽ ജോലി ചെയ്‍തു. ഇതിനിടയിൽ ചിത്രഞ്ജലി സ്റ്റുഡിയോയിൽ ഒരു മാസത്തെ ഇന്റേൺഷിപ്പ് ഉണ്ടായിരുന്നു. പിന്നാലെയാണ് സുജിത് ഹൈദർ എന്ന ചേട്ടൻ മുഖേന ചെന്നൈയിൽ എത്തുന്നുണ്ട്. അവിടെ വച്ചാണ് സിങ്ക് സിനിമയിൽ( sync cinema) എത്തുന്നത്. ഇപ്പോഴും അവിടെ വർക്ക് ചെയ്യുന്നുണ്ട്. ഇന്റേൺ ആയിട്ടായിരുന്നു ജോയിൻ ചെയ്‍തത്. 2016ൽ ആയിരുന്നു ഇത്. ഇതിനൊപ്പം ആണ്  ഇൻഡിപെൻഡന്റ് ആയിട്ടും വർക്ക് ചെയ്യുന്നത്.

ശങ്കരൻ അങ്കമാലി സ്വദേശിയാണ്. ചെന്നൈയിൽ ആയിരുന്നു പഠിത്തം. 2014 സമയത്ത് ശങ്കരൻ സിങ്ക് സിനിമയിൽ കയറിയിരുന്നു. അവിടെ വച്ചായിരുന്നു ഞങ്ങൾ പരിചയപ്പെട്ടത്. ഞാൻ കൊച്ചിയിലും ശങ്കരൻ ചെന്നൈയിൽ നിന്നുമാണ് വർക്ക് ചെയ്യുന്നത്. വർക്കുകൾ ഡിവൈഡ് ചെയ്യും. മിക്സിന്റെ സമയത്ത് നമ്മൾ ഒരുമിച്ചുണ്ടാകും.

പ്രധാന പ്രൊജക്റ്റുകള്‍

ആറാട്ട്, സൂപ്പർ ശരണ്യ, പ്രേമലു, ഇരുൾ, കോൾഡ് കേസ്, തണ്ണീർ മത്തൻ ദിനങ്ങൾ, മോൺസ്റ്റർ. പ്രണയവിലാസം, രണ്ട്, മധുര മനോഹര മോഹം, അനുഗ്രഹീതൻ ആന്റണി, പല്ലൊട്ടി, വിശുദ്ധ മെജോ, ആനപ്പറമ്പിലെ വേൾഡ് കപ്പ്, പൂവൻ, ലിറ്റിൽ റാവുത്തർ തുടങ്ങി സിനിമകളാണ് ഞങ്ങൾ ഇതുവരെ ചെയ്‍തിട്ടുള്ളത്.

ഞങ്ങളുടേതായി വരാനിരിക്കുന്നത് കപ്പേളയിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ മുഹമ്മദ് മുസ്‍തഫയുടെ ഒരു പ്രൊജക്റ്റാണ്. അതിന്റെ എഡിറ്റിംഗ് നടന്നുകൊണ്ടിരിക്കയാണ്. ബേസിൽ ജോസഫിന്റെ ഒരു സിനിമയുമുണ്ട്. പേര് ഫിക്സ് ചെയ്തിട്ടില്ലെന്ന് തോന്നുന്നു. ജ്യോതിഷ് ശങ്കർ ആണ് സംവിധാനം.

കളക്ഷനില്‍ കുതിച്ച് മമ്മൂട്ടിയുടെ ടര്‍ബോ, ഞായറാഴ്‍ച നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

tags
click me!