'സ്വവര്‍ഗാനുരാഗം ഒരു രോഗമാണെന്നാണ് ഞാനും കരുതിയിരുന്നത്'; കാതലിലെ 'തങ്കന്‍' പറയുന്നു

By Nirmala babu  |  First Published Nov 27, 2023, 4:28 PM IST

ഞാൻ മമ്മൂക്കയോട് പറഞ്ഞു... "എനിക്കിത് പോരെന്ന്". എന്റെ കൈ പിടിച്ച് തനിക്കെന്താടോ വേണ്ടതെന്ന് അദ്ദേഹം തിരിച്ച് ചോദിച്ചു. "ഈ കൈ എടുത്ത് എന്റെ തലയിൽ വയ്ക്കാൻ പറ്റോ? എന്ന് ഞാൻ പറഞ്ഞു, അദ്ദേഹം ചിരിച്ചുകൊണ്ട് എന്റെ തലയിൽ കൈവെച്ചു.


”നമ്മളെ സ്‌നേഹിക്കുന്നവരെ നഷ്ടപ്പെടുമോ എന്ന പേടി, ആ പേടി കാരണം സ്‌നേഹം കിട്ടാത്തവരുമുണ്ട്’’. കാതല്‍ സിനിമയില്‍ വാക്കുകളിടറിക്കൊണ്ട് തങ്കന്‍ ഇത് പറഞ്ഞവസാനിപ്പിക്കുമ്പോള്‍ പ്രേക്ഷകന്റെ നെഞ്ചില്‍ കനം തിങ്ങും. കാതൽ സിനിമ കണ്ട പ്രേക്ഷകരാരും തങ്കൻ ചേട്ടനെ മറക്കാന്‍ വഴിയില്ല. അയാളുടെ ഏകാന്തതയും ഒറ്റപ്പെടലും അത്രത്തോളം നമ്മുടെ മനസിനെ നീറ്റും. തങ്കനെ അവതരിപ്പിച്ച ആളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് പലരും സംശയിച്ചേക്കാം. തീര്‍ച്ചയായും കണ്ടിട്ടുണ്ടാവാം, 2008 മുതൽ മലയാള സിനിമയിൽ ചെറുതും വലുതുമായി നിരവധി വേഷങ്ങൾ ചെയ്ത സുധിയുടെ 43 -ാം ചിത്രമാണ് കാതൽ. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ സുധി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ്. തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും കാതൽ വിശേഷങ്ങളെ കുറിച്ചും സുധി കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു...

നാടകവേദിയില്‍ നിന്ന് സിനിമയിലേക്ക്...

സിനിമ ഒരു വലിയ സ്വപ്നമായിരുന്നു. ചെറുപ്പം മുതല്‍ നാടകത്തില്‍ അഭിനയിച്ച് തുടങ്ങിയതാണ്. വീട്ടില്‍ നിന്നാണ് നാടക പാരമ്പര്യം തുടങ്ങുന്നത്. അച്ഛന്‍റെ ചേട്ടന്‍ നാടകക്കാരനായിരുന്നു. ആ പാത പിന്തുടര്‍ന്നാണ് നാടകത്തിലേക്ക് എത്തുന്നത്. പതിയെ കോഴിക്കോടൻ നാടകവേദിയുടെ ഭാഗമായി. സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് പാത്രം വരെ കഴുകിയിട്ടുണ്ട്. അത്രയ്ക്ക് പാഷനായിരുന്നു അഭിനയം. 2008 ൽ ഇറങ്ങിയ 'സുൽത്താൻ' എന്ന സിനിമയിലാണ് ആദ്യം അവസരം ലഭിക്കുന്നത്. ഡയലോഗുള്ള വേഷമായിരുന്നെങ്കിലും ആ ചിത്രത്തിലെ അഭിനയം നാടകത്തിന്റെ സ്വാധീനമുള്ളതായിരുന്നു. സിനിമയിലെ അഭിനയവും നാടകത്തിലെ അഭിനയവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. 

Latest Videos

undefined

2009 ല്‍ രഞ്ജിത് സംവിധാനം ചെയ്ത 'പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന സിനിമയ്ക്ക് വേണ്ടി കോഴിക്കോടൻ നാടകവേദികളിൽ നിന്ന് തെരഞ്ഞെടുത്ത അഭിനേതാക്കളില്‍ ഒരാളാകാന്‍ കഴിഞ്ഞു. മമ്മൂക്കയ്‌ക്കൊപ്പം ആദ്യമായി അഭിനയിച്ച ചിത്രം അതായിരുന്നു. അവിടെ വെച്ചാണ് നാടകത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് വെള്ളിത്തിരയിലെ അഭിനയമെന്ന് മനസിലാക്കിയത്. പക്ഷേ, സിനിമ തിയേറ്ററിലെത്തിയപ്പോൾ അഭിനയിച്ച പല സീനുകളുമില്ല. ഒന്നോ രണ്ടോ സീനുകളിൽ വന്നുപോകുന്നൊരാൾ മാത്രമായിപ്പോയി ആ കഥാപാത്രം. അന്ന് ഒത്തിരി നിരാശയായി. സത്യത്തില്‍ മൂന്ന് ദിവസത്തേക്ക് വീടിന് പുറത്തേക്ക് ഇറങ്ങിയില്ല. അപ്പോഴേക്കും സിനിമയെന്ന മോഹം മനസില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. പിന്നീട് പല സിനിമകളിലും ചെറിയ ചെറിയ വേഷങ്ങളിലായി വന്ന് പോയി. സിനിമയുടെയും നാടകത്തിന്റെയും പേരില്‍ 16 കല്യാണ ആലോചനകള്‍ വരെ മുടങ്ങിപ്പോയി. ആ യാത്ര 43-ാമത്തെ സിനിമയായ കാതലില്‍ എത്തി നില്‍ക്കുകയാണ്.

ജിയോയില്‍ നിന്ന് ഇത്ര പ്രതീക്ഷിച്ചില്ല...

ജിയോ ബേബിയുമായുള്ള സൗഹൃദമാണ് കാതല്‍ സിനിമയിലേക്ക് എത്തിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച മുസ്തഫ നായകനായ സിദ്ധാർത്ഥ് ശിവയുടെ 'ഐൻ' എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോളാണ് അതിലെ ചീഫ് അസോസിയേറ്റായിരുന്ന ജിയോ ബേബിയെ പരിചയപ്പെടുന്നത്. ചെറിയൊരു വേഷമായിരുന്നുവെങ്കിലും ആ സിനിമ നല്‍കിയ സൗഹൃദമാണ് ജിയോ ബേബിയുടേത്. ജിയോ ബേബി സംവിധാനം ചെയ്ത 'ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ൽ സുരാജിന്റെ സുഹൃത്തിന്റെ വേഷം ചെയ്യാന്‍ അവസരം ലഭിച്ചു. സിനിമയുടെ എഡിറ്റിംഗ് സമയത്ത് ഒത്തിരി നന്നായിട്ടുണ്ടെന്നും ഇനി അങ്ങോട്ടുള്ള എല്ലാ ചിത്രങ്ങളിലും ചേട്ടനുണ്ടാകുമെന്നും ജിയോ പറഞ്ഞു. ആ വാക്ക് അദ്ദേഹം പാലിച്ചു. പിന്നീട് വന്ന രണ്ട് സിനിമകളിലും (ഫ്രീഡം ഫൈറ്റ്', 'ശ്രീധന്യ കാറ്ററിങ്) ഒരു വേഷം എനിക്കായി മാറ്റി വച്ചിരുന്നു. അപ്പോഴും 'എനിക്കൊരു വലിയ വേഷം എപ്പോ തരും' എന്ന് ജിയോനോട് പരിഭവം പറയാറുണ്ടായിരുന്നു. പക്ഷേ കാതലിലേക്ക് വിളിക്കുമ്പോൾ ഇത്രയും വലിയൊരു കഥാപാത്രത്തെയാണ് കയ്യില്‍ വെച്ച് തരുകയെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.

തങ്കനെ ജിയോ ഉണ്ടാക്കിയെടുത്തത്...

ഓഡിഷൻ ചെയ്ത ശേഷമാണ് തങ്കൻ എന്ന കഥാപാത്രത്തിലേക്ക് എന്നെ ഉറപ്പിക്കുന്നത്. കാതലിലേക്ക് ജിയോ ബേബി വിളിച്ചപ്പോൾ കോഴിക്കോട് സ്ലാങ്ങില്‍ നിന്ന് മാറി ചേട്ടന് ഒരു കാര്യം ചെയ്യാനാവുമോ എന്നായിരുന്നു ആദ്യം ചോദിച്ചത്. പറയാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്നായിരുന്നു ഞാന്‍ മറുപടി അയച്ചത്. ആ സമയത്ത് സീരിയലുകള്‍ ചെയ്തിട്ടുണ്ടായിരുന്നു. സൂര്യ ടിവിയിലെ കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്ന സീരിയലിലായിരുന്നു ആദ്യം അഭിനയിച്ചത്. അത് പഴയകാലത്തെ കഥയായതിനാൽ സ്ലാങ് പിടിക്കാതെയായിരുന്നു സംഭാഷണം. ഫ്ലവേഴ്‌സിലെ 'നന്ദനം' എന്ന സീരിയലായിരുന്നു മറ്റൊന്ന്. ഈ രണ്ട് സീരിയലിലും എനിക്ക് ഡബ്ബ് ചെയ്യാൻ അവസരം ലഭിച്ചു. അത് കോഴിക്കോട് സ്ലാങ്ങിൽ നിന്ന് പുറത്തുകടക്കാൻ സഹായിച്ചിരുന്നു. ഇതിന്റെ ക്ലിപ്പും ജിയോക്ക് അയച്ചിരുന്നു. പിന്നീടാണ് ഓഡിഷന് വിളിച്ചത്.

കോട്ടയം സ്ലാങ് സംസാരിക്കുക എന്നതായിരുന്നു സിനിമയിലെ വലിയ വെല്ലുവിളി. കാതൽ സിനിമ സിങ്ക് സൗണ്ട് കൂടിയായത് കൊണ്ട് സ്ലാങ് കൃത്യമായി പിന്തുടരേണ്ടതുണ്ടായിരുന്നു. അതിനായി കുറേ കഷ്ടപ്പെട്ടു. പിന്നെ തങ്കന്‍റെ രൂപത്തിലേക്ക് മാറുക എന്നതായിരുന്നു ടാസ്ക്. അമൽ ചന്ദ്രനായിരുന്നു മേക്കപ്പ്. മമ്മൂക്കയുടെ പ്രായത്തിലേക്ക് കൊണ്ടുവരുന്ന തരത്തിലുള്ള ഗെറ്റപ്പായിരുന്നു. മേക്കപ്പ് ചെയ്ത് നോക്കി ഓക്കെ ആയപ്പോഴാണ് വേഷം ഉറപ്പിച്ചത്. പിന്നീട് റഫറന്‍സിനായി കിഷോർ കുമാർ എഴുതിയ 'രണ്ട് പുരുഷന്മാർ ചുംബിക്കുമ്പോൾ' എന്ന പുസ്തകം ജിയോ വായിക്കാന്‍ പറഞ്ഞു. സിനിമയുടെ എഴുത്തുകാർ തങ്കനെ കുറിച്ച് തന്ന ക്യാരക്ടര്‍ നോട്ടില്‍ എല്ലാം ഉണ്ടായിരുന്നു. അതിലൂടെയാണ് ഞാൻ എന്റെ കഥാപാത്രത്തെ പൂർണമായി മനസിലാക്കുന്നത്. 

തന്‍റെ മുഖം മാത്രം മതിയെന്നാണ് ജിയോ പറഞ്ഞത്. ജിയോയാണ് സിനിമയിൽ പ്രേക്ഷകർ കാണുന്ന തങ്കനെ ഉണ്ടാക്കിയെടുത്തത്. ഒരു ഉപകരണമായി ഞാന്‍ നിന്ന് കൊടുക്കുകയായിരുന്നു. കഥാപാത്രത്തെ കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ എന്നോട് മാത്രം ചോദിച്ചാല്‍ മതിയെന്ന് ജിയോ പറഞ്ഞിരുന്നു. തങ്കന്‍റെ എല്ലാ ഇമോഷനും ജിയോ പറഞ്ഞ് തന്നതാണ്. ഒരോ സീനിനും വേണ്ട ഫീൽ, അത് എങ്ങനെ- എത്ര വേണം എന്നോക്കെ വളരെ കൃത്യമായി ജിയോ പറഞ്ഞുതരുമായിരുന്നു. അത് മനസിലാക്കി ചെയ്താൽ മാത്രം മതിയായിരുന്നു. ജിയോ ബേബിയെന്ന സംവിധായകന്റെ കഴിവാണ് സിനിമയിൽ കണ്ടത്.

ചോദിച്ച് വാങ്ങിയ അനുഗ്രഹം...

മമ്മൂക്കയ്ക്കൊപ്പം ഇത് നാലാമത്തെ ചിത്രമാണ്. പാലേരി മാണിക്യം, ബാവൂട്ടിയുടെ നാമത്തിൽ, അങ്കിൾ എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളാണെങ്കിലും അഭിനയിക്കാൻ സാധിച്ചിരുന്നു. കാതലില്‍ എന്റെ സീനുകൾ മമ്മൂക്ക കാണുന്നുണ്ടായിരുന്നു. മമ്മൂക്ക കാണുന്നുണ്ടോ, അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നുണ്ടോ എന്നൊക്കെ പേടിച്ചിരുന്നു. അദ്ദേഹത്തിൽ നിന്ന് പോസിറ്റീവ് റിയാക്ഷൻ ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് എനിക്ക് ആത്മവിശ്വാസം വന്നത്. മറക്കാനാവാത്ത മറ്റൊരു സംഭവമുണ്ടായി. മമ്മൂക്കയുടെ ഷൂട്ട് തീര്‍ന്ന് സെറ്റിൽ നിന്ന് പോകുന്നതിന് മുമ്പ് എല്ലാവർക്കുമൊപ്പം ഫോട്ടോ എടുത്തു. എന്റെ ഊഴമായപ്പോള്‍ ഞാനും പോയി ഫോട്ടോ എടുത്തു. അത് കഴിഞ്ഞ് ഞാൻ പറഞ്ഞു, "മമ്മൂക്ക... എനിക്കിത് പോരെന്ന്". എന്റെ കൈ പിടിച്ച് തനിക്കെന്താടോ വേണ്ടതെന്ന് അദ്ദേഹം തിരിച്ച് ചോദിച്ചു. "ഈ കൈ എടുത്ത് എന്റെ തലയിൽ വയ്ക്കാൻ പറ്റോ? എന്ന് ഞാൻ പറഞ്ഞു, അദ്ദേഹം ചിരിച്ചുകൊണ്ട് എന്റെ തലയിൽ കൈവെച്ചു.



മമ്മൂക്കയുടെ അനുഗ്രഹം ഞാൻ ചോദിച്ചുവാങ്ങിയെടുത്തു. ആ നിമിഷം കാതലിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ ലെബിസൺ ഗോപി കൃത്യമായി ക്യാമറയിൽ പകർത്തുകയും ചെയ്തു.  അങ്ങനെ എടുത്ത ഫോട്ടോ ആണ് ഇപ്പോൾ വാട്ട്സാപ്പിലെ എന്റെ ഡിപി. തനിക്ക് കിട്ടിയൊരു നിധിയാണ് ആ ഫോട്ടോ. അന്ന് മുതൽ എന്റെ വാട്‌സ്ആപ്പ് ഡിപി ആ ചിത്രമാണ്. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു അത്. ആ ഫോട്ടോ ഫ്രെയിം ചെയ്ത് വീട്ടിലും സൂക്ഷിച്ചിട്ടുണ്ട്.

'കാതല്‍' കുടുംബവും മറക്കാനാവാത്ത നിമിഷവും...

ഒരു കുടുംബം പോലെയായിരുന്നു കാതല്‍ ടീം. ആദ്യത്തെ ദിവസങ്ങളില്‍ എനിക്ക് ഷൂട്ടില്ലെങ്കിലും നേരത്തെ തന്നെ ഞാന്‍ സെറ്റിൽ ജോയിൻ ചെയ്തിരുന്നു. പരിക്ക് എന്തെങ്കിലും പറ്റി സിനിമ നഷ്ടപ്പെട്ടാലോ എന്ന് കരുതി കളി വരെ മാറ്റിവെച്ചിട്ടാണ് സിനിമയ്ക്ക് വേണ്ടി ഒരുങ്ങിയത്. ഒത്തിരി സപ്പോര്‍ട്ടീവായിരുന്നു ആ ടീം. എടുത്ത് പറയേണ്ടത് മമ്മൂക്ക എന്ന വ്യക്തിയെ കുറിച്ചാണ്.

മഴയിലൂടെ ഞാൻ നടന്നു പോയി കാറിൽ കയറുന്ന രംഗത്തെക്കുറിച്ച് പലരും അഭിനന്ദിച്ചിരുന്നു. അതും അതിന് തൊട്ടു മുമ്പ് മമ്മൂക്കയുമായുള്ള കോംബിനേഷനും രണ്ട് ദിവസങ്ങളിലാണ് ചിത്രീകരിച്ചത്. മമ്മൂക്ക എനിക്ക് നോട്ടീസ് തരുന്നതും അതും വാങ്ങി ഞാൻ കാറിൽ കയറുന്നതും ഒരു ദിവസമെടുത്തു. അടുത്ത ദിവസമാണ് ബാക്കി ചിത്രീകരിച്ചത്. അന്ന് മമ്മൂക്ക സെറ്റിൽ ഇല്ല. സിനിമയിലെ പ്രധാനപ്പെട്ട രംഗമാണ് അത്. പാളിപ്പോയാൽ ബോറാകും. അക്കാര്യം നേരിട്ട് എന്നോട് പറഞ്ഞാൽ ഞാൻ ടെൻഷനടിക്കും എന്ന് അറിയാവുന്നതുകൊണ്ട് മമ്മൂക്ക സിനിമയുടെ തിരക്കഥാകൃത്തുക്കളോട് ഇക്കാര്യം പറഞ്ഞിരുന്നു. അവർ എന്നോട് അത് അവതരിപ്പിച്ചു. ടെൻഷനുണ്ടായിരുന്നെങ്കിലും നന്നായി ചെയ്യാൻ പറ്റി. മമ്മൂക്കയ്ക്കും എഴുത്തുകാരായ പോൾസനും ആദർശിനും ഇഷ്ടമായി എന്ന് അറിഞ്ഞപ്പോൾ ആത്മവിശ്വാസം കൂടി.



തങ്കന്‍ എന്തുകൊണ്ട് കല്ല്യാണം കഴിച്ചില്ല?

തങ്കൻ എന്ന കഥാപാത്രത്തിലേക്ക് ഒരു അഭിനേതാവ് എന്ന നിലയിൽ ലാൻഡ് ചെയ്യാൻ കുറച്ചു സമയമെടുത്തു. തങ്കനെ കുറിച്ച് ജിയോ എല്ലാം നേരത്തെ പറഞ്ഞ് തന്നിരുന്നു. തങ്കന്റെ അച്ഛനും അമ്മയും നേരത്തെ മരിച്ച് പോയതാണ്. ആകെയുള്ള പെങ്ങള്‍ രണ്ടാമത് കല്ല്യാണം കഴിച്ച് ഭര്‍ത്താവിനൊപ്പമായിരുന്നു. പെങ്ങളുടെ മകനാണ് ഒപ്പുള്ളത്. മമ്മൂട്ടിയുടെ കഥാപത്രമായ മാത്യുവിനെ അച്ഛന്‍ നിര്‍ബന്ധിപ്പിച്ചാണ് കല്ല്യാണം കഴിപ്പിച്ചത്. പക്ഷേ തങ്കനെ അങ്ങനെ നിര്‍ബന്ധിക്കാന്‍ ആരുമുണ്ടായിരുന്നില്ല. മാത്യു അല്ലാതെ വേറെ ആരെയും തങ്കന് സ്നേഹിക്കാന്‍ കഴിയില്ലായിരുന്നു. പെങ്ങളുടെ മകനായ കുട്ടപ്പായിയും വീട്ടില്‍ നിന്ന് പോകുമ്പോള്‍ തങ്കന്‍ വല്ലാതെ ഒറ്റപ്പെട്ട് പോകുന്നുണ്ട്. അപ്പോള്‍ മാത്യുവിനെ ഫോണ്‍ വിളിക്കാന്‍ തുടങ്ങിയെങ്കിലും തങ്കന്‍ വിളിക്കുന്നില്ല. ആ രംഗമെല്ലാം ചിത്രീകരിക്കുമ്പോള്‍ കഥാപാത്രത്തിലേക്ക് കുറെ ആഴത്തില്‍ ഇറങ്ങിയിരുന്നു.

കാതൽ ഉണ്ടാക്കിയ മാറ്റം

കാതൽ ഒരു വ്യക്തി എന്ന നിലയില്‍ എന്നിൽ വലിയൊരു മാറ്റമുണ്ടാക്കിയിട്ടുണ്ട്. സ്വവർഗലൈംഗികത ഒരു രോഗമാണെന്ന പൊതുധാരണയിൽ തന്നെയായിരുന്നു ഞാനും ജീവിച്ചിരുന്നത്. പക്ഷേ സിനിമയ്ക്ക് വേണ്ടി കൂടുതൽ വായിക്കുകയും മനസിലാക്കുകയും ചെയ്തപ്പോളാണ് ഇത് വളരെ സ്വാഭാവികമായ ഒന്നാണെന്നും ഒരിക്കലും ഒരു രോഗാവസ്ഥയല്ലെന്നും തിരിച്ചറിഞ്ഞത്. എന്നിലുണ്ടായത് പോലെ കാതൽ സിനിമ വിപ്ലവകരമായ ഒരു മാറ്റം സമൂഹത്തിലും ഉണ്ടാക്കുമെന്നാണ് വിശ്വസിക്കുന്നത്.

കുടുംബം

കോഴിക്കോട് ബാലുശ്ശേരിയാണ് സ്വദേശം. അച്ഛൻ രാരോത്ത് ഉണ്ണി നായർ, ഭാര്യ ഭവിത, മക്കൾ ദേവാംഗ്, ധൻവിൻ ഇവരടങ്ങിയതാണ് കുടുംബം.

click me!