സബ്‍ടൈറ്റിലുകള്‍ സിംപിളാകണം, പവര്‍ഫുളും

By Manu Varghese  |  First Published Jun 8, 2020, 4:56 PM IST

ആമസോണിൽ വന്ന ആദ്യ മലയാള പടങ്ങളുടെ സബ്ടൈറ്റിൽ ചെയ്‍ത വിവേക് രഞ്‍ജിത്ത് സംസാരിക്കുന്നു.


ഗോൾഡൻ ഗ്ലോബിൽ മികച്ച രാജ്യാന്തര സിനിമയ്ക്കുള്ള സമ്മാനം സ്വീകരിച്ച് പാരസൈറ്റ് സംവിധായകൻ ബോങ് ജൂൻ ഹോ പറഞ്ഞത് ഇങ്ങനെയാണ്  'സബ് ടൈറ്റിൽ’ എന്ന ഒരിഞ്ചു പൊക്കം ചാടിക്കടന്നാൽ ലോകസിനിമയുടെ വൈവിധ്യം കാണാമെന്നായിരുന്നു. സബ് ടൈറ്റിലുകളാൽ നിറഞ്ഞു നിൽക്കുന്ന സിനിമ ലോകമാണ് നമുക്ക് ചുറ്റം ഉള്ളത്. പലപ്പോഴും പ്രേക്ഷകരെ സിനിമ കാണാന്‍ പ്രേരിപ്പിക്കുന്നതിൽ തടസമായിരുന്നത് ഭാഷയായിരുന്നു. എന്നാല്‍ സബ്ടൈറ്റിൽ വന്നതോടെ സിനിമാസ്വാദനം മറ്റൊരു തലത്തിലായി. ഒടിടി പ്ലാറ്റ് ഫോമുകളുടെ സ്വീകാര്യതയും സബ്ടൈറ്റിൽ രംഗത്ത് പുതിയ വിപ്ലവമാണ് സ്യഷ്‍ടിച്ചത് . ആസ്വാദന രീതിയിലും പ്രേക്ഷക മനോഭാവത്തിലുമുള്ള മാറ്റങ്ങള്‍ ഉണ്ടായപ്പോൾ സബ്ടൈറ്റിൽ ഒരുക്കുന്ന സബ്‍ടൈറ്റിലേഴ്‍സുകാരും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി, അത്തരത്തിൽ മലയാള സിനിമയിൽ  സബ്ടൈറ്റിൽ ഒരുക്കുന്ന മുൻനിര വ്യക്തിയാണ് എറണാകുളം സ്വദേശി വിവേക് രഞ്ജിത്ത്. ലൂസിഫർ, ഗോദ, കുഞ്ഞിരാമായണം, ചാർലി തുടങ്ങി 145ലധികം സിനിമകൾക്ക് സബ്ടൈറ്റിൽ ഒരുക്കിയ വിവേക് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. മനു വര്‍ഗീസ് നടത്തിയ അഭിമുഖം.

തുടക്കം വികെപി ചിത്രത്തിലൂടെ

Latest Videos

undefined

ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെയാണ് ഞാൻ സിനിമാ രംഗത്തേയ്ക്ക് വരുന്നത്. എന്റെ സുഹൃത്ത് വിനയ് ഗോവിന്ദ് വികെ പ്രകാശിന്റെ അസിസ്റ്റന്റായിരുന്നു. അവൻ വഴി ഞാൻ വികെപിയുടെ ചിത്രത്തിൽ അസിസ്റ്റന്റായി എത്തി. ആ സമയത്ത്  ബ്യൂട്ടിഫുൾ  ദേശിയ പുരസ്‍ക്കാരത്തിന് അയക്കാൻ ഒരുങ്ങുകയായിരുന്നു. അപ്പോൾ സബ്ടൈറ്റിൽ ആവശ്യമായിരുന്നു. വികെപിയും അനൂപ് മേനോനും കൂടി അത് ചെയ്യാൻ ആവശ്യപ്പെട്ടു. അങ്ങനെയാണ് ഞാനും സുഹൃത്ത് വിനയും കൂടി അതിന് സബ്ടൈറ്റിൽ ഒരുക്കിയത് . അത് ഒരു പുതിയ അനുഭവമായിരുന്നു. ടെക്നിക്കൽ വശങ്ങൾ ഒന്നും അറിയാത്ത സമയത്താണ് ഞങ്ങൾ സബ്ടൈറ്റിൽ ഒരുക്കിയത്. അതിന് ശേഷം അനൂപ് മേനോന്റെ ഡേവിഡ് ആൻഡ് ഗോലിയാത്ത് എന്ന ചിത്രത്തിനും സബ്ടൈറ്റിൽ ഒരുക്കി. ആദ്യ സമയത്ത് കൂടുതലും അവാർഡുകൾക്കും ഫിലിം ഫെസ്റ്റിവലിനുമാണ് സബ്ടൈറ്റിൽ ഒരുക്കിയത്.

ട്രെൻഡ് മാറി സ്വീകാര്യത കൂടി

ദൃശ്യം, ബാംഗ്ലൂർ ഡേയ്സ്, തുടങ്ങിയ ചിത്രങ്ങൾ അന്യഭാഷയിലും മലയാള സിനിമയ്ക്ക് സ്വീകാര്യത കൂട്ടി. ഇതോടെ സബ്ടൈറ്റിലിന് പ്രാധാന്യം കൂടി. സിനിമകൾ വലിയ വിജയമാകുന്നതിൽ സബ്ടൈറ്റിലും പങ്ക് വഹിച്ചു. നേരത്തെ ഒരു സിനിമ സബ്ടൈറ്റിലൂടെ കാണണമെങ്കിൽ അതിന്റെ ഡിവിഡി ഇറങ്ങുന്നത് വരെ കാത്തിരിക്കണമായിരുന്നു. എന്നാൽ ഇന്ന് തീയേറ്ററുകളിൽ എല്ലാ സിനിമകളും സബ്ടൈറ്റിലൂടെ കാണുവാൻ സാധിക്കും. ലൂസിഫർ, അങ്കമാലി ഡയറീസ്, തുടങ്ങിയ ചിത്രങ്ങൾക്ക് എല്ലാം വലിയ സ്വീകാര്യതയാണ് അന്യഭാഷയിൽ  അതിലെല്ലാം സബ്ടൈറ്റിൽ നിർണായകമാണ്. ആശയം മാറാതെ അവതരിപ്പിക്കുക എന്നതാണ് സബ്ടൈറ്റിൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം. ഭാഷ അറിയാത്തവർക്ക് അത് സബ്ടൈറ്റിലൂടെ പറഞ്ഞ് മനസിലാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. ഏറ്റവും ലളിതമായി പ്രേക്ഷകന് മനസിലാകുന്ന രീതിയിലാണ് ഞാൻ സബ്ടൈറ്റിൽ ഒരുക്കാറുള്ളത്.

മരയ്ക്കാർ വേറിട്ട അനുഭവം

പ്രിയദർശൻ- മോഹൻലാൽ ടീമിന്റെ മരയ്ക്കാർ അറബി കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ സബ്ടൈറ്റിൽ ഒരുക്കാൻ എനിക്ക് സാധിച്ചു. ആ വർക്ക് ചെയ്യാൻ എനിക്ക് ആവശ്യത്തിന് സമയം ലഭിച്ചു. തമിഴും ഹിന്ദിയും ഞാനാണ് ചെയ്‍തിരിക്കുന്നത്. വലിയ ഡയലോഗുകളും ഭാഷ വ്യത്യസ്‍ത നിറഞ്ഞതുമായിരുന്നുചിത്രത്തിന്റെ പ്രത്യേകത, അതനുസരിച്ച് വേണം  സബ്ടൈറ്റിൽ ചെയ്യേണ്ടത്. ഒരു സിനിമ പൂർണമായും കണ്ടതിന് ശേഷമാണ് സബ്ടൈറ്റിൽ ഒരുക്കുന്നത്. സംവിധായകൻ എന്താണ് പറയുവാൻ ഉദേശിച്ചിരിക്കുന്നതെന്ന് പൂർണ്ണമായും മനസിലാക്കിയാണ് ചെയ്യുന്നത്. കമാരസംഭവം കുറച്ച് ബുദ്ധിമുട്ടി സബ്ടൈറ്റിൽ ചെയ്‍ത ചിത്രമാണ്. ലൂസിഫർ, കമാരസംഭവം  എല്ലാം ചെയ്യുമ്പോൾ മുരളി ഗോപിയും  എനിക്കൊപ്പം ഉണ്ടായിരുന്നു. കുറെയേറെ കാര്യങ്ങൾ അദ്ദേഹം പറഞ്ഞ് തന്നു. ഇപ്പോൾ ഞാൻ ഒരു ടിവി ചാനലിന് വേണ്ടി ഇംഗീഷിൽ നിന്നും ഹിന്ദിയിൽ നിന്നും സിനിമകൾ മൊഴിമാറ്റം നടത്തുകയാണ്.  ഫഹദ് ഫാസിലിന്റെ മാലിക്ക്, അജു വർഗീന്റെ സാജൻ ബേക്കറി എന്നീ ചിത്രങ്ങളാണ് ഇപ്പോൾ ചെയ്യുന്നത്. 

ഒടിടി പ്ലാറ്റ്ഫോമും സബ്ടൈറ്റിലും

ആമസോണിൽ വന്ന ആദ്യത്തെ മലയാള പടങ്ങളുടെയും സബ്ടൈറ്റിൽ  ചെയ്‍തത് ഞാനാണ്. എന്റെ ഉമ്മാന്റെ പേരും, മിഖായേലും, ലൂസിഫറും എല്ലാം വലിയ രീതിയിൽ ആമസോണ്‍ പ്രൈമില്‍ സ്വീകരിക്കപ്പെട്ടു. ലോകം മുഴുവൻ ഒരേ സമയത്ത് സ്ട്രീം ചെയ്യാൻ സിനിമകൾക്ക് സാധിച്ചു. സബ്ടൈറ്റിൽ വഴിയാണ് അത് കൂടുതല്‍ പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്. എല്ലാ പ്രേക്ഷകർക്കും മനസിലാകുന്ന തരത്തിലാണ് സബ്ടൈറ്റിൽ ഒരുക്കുന്നത്. നല്ല സബ്ടൈറ്റിൽ ആണെങ്കിൽ മാത്രമെ പ്രേക്ഷകർ സിനിമ കാണൂ,

പുതിയ സിനിമ പണിപ്പുരയില്‍

കിളി പോയി എന്ന ചിത്രത്തിന് ഞാൻ തിരക്കഥ ഒരുക്കിയിരുന്നു.ട്രിവാന്‍ട്രം ലോഡ്ജ്  എന്ന സിനിമയില്‍ വർക്ക് ചെയ്‍തുകൊണ്ടിരുന്നപ്പോളാണ് കിളി പോയി ചെയ്യുന്നത്. റോക്ക് സ്റ്റാർ എന്ന ചിത്രത്തിന് സംഭാഷണവും ഞാനാണ് എഴുതിയത്. ചെറുപ്പം മുതൽ സിനിമ തന്നെയാണ് പാഷൻ. പുതിയ സിനിമ ഇപ്പോൾ പണിപ്പുരയിലാണ്. കിളി പോയിയുടെ ഒരു സ്വീക്കലും പ്ലാന്‍ ചെയ്യുന്നുണ്ട്. അത് എപ്പോഴാണ് സംഭവിക്കുകയെന്നത് അറിയില്ല.  

അമ്മയും ഭാര്യയും സഹായത്തിന്

എന്റെ അമ്മയും ഭാര്യയുമാണ് സബ്ടൈറ്റിൽ ചെയ്യുമ്പോൾ കൂടുതലും സഹായിക്കാറുള്ളത്. പാട്ടുകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുവാൻ അമ്മയാണ് സഹായിക്കാറുള്ളത്. ഭാര്യയും ഒപ്പം കൂടാറുണ്ട്.  നമ്മളെ വിശ്വസിച്ചാണ് ഓരോ സിനിമയും സംവിധായകർ തരുന്നത്. അത് ഭംഗിയായി സബ്ടൈറ്റിൽ  ചെയ്യുകയെന്നതാണ് എന്റെ കടമ.

click me!