ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയായ നീലക്കുയിലിലെ നായിക സ്‍നിഷയുമായി അഭിമുഖം.
മലയാളിപ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ് നീലക്കുയിലിലെ കസ്‍തൂരി. സ്വതസിദ്ധമായ അഭിനയ പാടവത്തോടെ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്ന സ്‌നിഷയുടെ അഭിനയജീവിതത്തിലെ തുടക്കമാണ് നീലക്കുയില്‍. മലയാളത്തിലും തമിഴിലും നിലവില്‍ നീലക്കുയില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. പ്രേക്ഷകരുടെ ഇഷ്‍ടപരമ്പരയായി മാറിയ നീലക്കുയിലിലെ, കേന്ദ്രകഥാപാത്രമാണ് മലപ്പുറം മഞ്ചേരി സ്വദേശി സ്‌നിഷ. ആദി എന്ന പത്രപ്രവര്‍ത്തകന്‍ കാട്ടിലകപ്പെടുകയും, അവിടെ വഴികാട്ടിയായെത്തി കസ്‍തുരിയെ ഊരുനിയമപ്രകാരം വിവാഹം ചെയ്യുകയുമാണ്. എന്നാല്‍ വീട്ടില്‍, കസ്തൂരി തന്റെ ഭാര്യയാണെന്ന് പറയാന്‍ കഴിയാതെ വീട്ടുവേലക്കാരിയാക്കിയിരിക്കുന്നുവെന്നതാണ് പരമ്പരയുടെ കഥാഗതി. നീലക്കുയില്‍ എന്ന പരമ്പരയിലൂടെ മലയാളികളുടെ സ്വീകരണമുറികളിലെത്തുന്ന സ്‌നിഷ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു.
ഫാഷന്‍ ഡിസൈനറില്‍നിന്ന് അഭിനയരംഗത്തേക്ക്
undefined
പ്ലസ്ടു കഴിഞ്ഞ് ഫാഷന്‍ ഡിസൈനിംങ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് നീലക്കുയിലിലേക്കെത്തുന്നത്. അഭിനയം ചെറുപ്പംമുതല്‍ക്കെ ഇഷ്‍ടമായിരുന്നു. അങ്ങനെയാണ് കാസ്റ്റിങ് കോള്‍ കണ്ടപ്പോള്‍ മറ്റൊന്നും നോക്കാതെ തിരുവനന്തപുരത്തേക്ക് വണ്ടി കയറി ചെന്ന് ചെറിയൊരു രംഗമൊക്കെ ചെയ്തുകാണിച്ചു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ സെലക്ടായെന്നു പറഞ്ഞ് വിളി വന്നു.
അഭിനയ രംഗത്തേക്ക് വന്നപ്പോള്‍ ഫാഷന്‍ ഡിസൈനിംങ് ഉപേക്ഷിച്ചിട്ടില്ല. ഇപ്പോള്‍ കൂട്ടുകാരുമായി ചേര്‍ന്ന് പെരിന്തല്‍മണ്ണയില്‍ ഒരു ബൊട്ടീക്ക് നടത്തുന്നുണ്ട്. അതും ചെറിയ ചെറിയ സന്തോഷം തരുന്ന ഒന്നാണ്.
അഭിനയം എന്റെ പാഷനാണ്
വളരെ ചെറുപ്പം മുതല്‍ക്കെ മനസ്സില്‍ക്കൂടിയ ആഗ്രഹമാണ് അഭിനയം. അതിന് പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും പറയാനില്ല. സ്‍കൂളിലൊക്കെ നാടകങ്ങളിലും മറ്റും അഭിനയിക്കാറുണ്ടായിരുന്നു. പിന്നെ ഇടക്കാലത്ത് ചില മ്യൂസിക്ക് ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അതെല്ലാമാണ് അഭിനയവുമായുള്ള ഏക ബന്ധം. വീട്ടുകാര്‍ ആരും അഭിനയരംഗവുമായി ബന്ധമുള്ളവരൊന്നുമല്ല. പക്ഷെ ഇനി ഈ മേഖലയില്‍ത്തന്നെ മുന്നോട്ടുപോകാനാണ് താല്‍പര്യം.
ചില സിനിമകളില്‍നിന്നൊക്കെ വിളിച്ചിട്ടുണ്ടായിരുന്നു. പക്ഷെ സീരിയല്‍ ഷൂട്ടിനിടയില്‍ അത് ശരിയാകില്ല. മാസത്തില്‍ പത്ത് പതിനേഴ് ദിവസം ഷൂട്ട് ഉണ്ടാകും. കൂടാതെ ഇപ്പോള്‍ തമിഴിലും നീലക്കുയില്‍ ചെയ്യുന്നുണ്ട്. അപ്പോള്‍ സിനിമ ചെയ്യാന്‍ പറ്റില്ലല്ലോ. പക്ഷെ സിനിമയും ഒരു മോഹം തന്നെയാണ്. നല്ല അവസരങ്ങള്‍ വരുമ്പോള്‍ ചെയ്യണം എന്നുണ്ട്. ഇനിയും സമയമുണ്ടല്ലോ.
വീട്ടുകാര്‍ ഹാപ്പിയാണ്
അഭിനയത്തിന്റെ കാര്യത്തില്‍ വീട്ടുകാര്‍ സപ്പോര്‍ട്ടാണ്. എന്റെ സീരിയല്‍ ഒരു എപ്പിസോഡും വിടാതെ അവര്‍ കാണാറുണ്ട്. പിന്നെ അവര്‍ കാണുന്നത് സ്വാമി അയ്യപ്പനാണ്. അച്ഛന്‍ ജേര്‍ണലിസ്റ്റായിരുന്നു, ഇപ്പോള്‍ റിട്ടയര്‍ ചെയ്തു. അമ്മ മഞ്ചേരിയില്‍ത്തന്നെ ഹോസ്പിറ്റലിലാണ് വര്‍ക്കുചെയ്യുന്നത്. പിന്നെ ഒരു ചേച്ചിയും ഏട്ടനുമാണുള്ളത്. അവര്‍ ചെന്നൈയിലും നാട്ടുമായി വര്‍ക്കുചെയ്യുകയാണ്.
'അയ്യോ ഞങ്ങള്‍ സീരിയല്‍ കാണാറില്ല കേട്ടോ'
ഇങ്ങനെ പറയുന്ന ഒരുപാട് ആളുകളുണ്ട്. അവര്‍ നേരിട്ട് വന്ന് ഞങ്ങള്‍ക്ക് സീരിയല്‍ താല്‍പര്യമില്ല, അഭിനയിക്കുന്നവരോട് താല്പര്യമില്ല എന്നു പറയാറില്ല. പക്ഷെ പരോക്ഷമായിട്ട് ചില ആളുകള്‍ കുത്തും. ഞങ്ങള്‍ ഇത്തരം സാധനങ്ങളൊന്നും കാണാറില്ല എന്നൊക്കെ പറയും. ഞാന്‍ അവര്‍ക്ക് നല്ല മറുപടി കൊടുക്കാറുണ്ട്. സീരിയലിലെ കസ്തൂരിയെപ്പോലെ അത്ര പാവമൊന്നുമല്ല ഞാന്‍ (ചിരിക്കുന്നു).
സീരിയല്‍ ആരേയും നിര്‍ബന്ധിക്കില്ലല്ലോ. വരൂ വന്നു കാണു എന്നൊന്നും. സീരിയലുകള്‍ ഇഷ്‍ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. അവര്‍ കാണട്ടെ. അല്ലാതെ എല്ലാവരും കാണണം എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. നാട്ടിലുള്ളവരൊക്കെ നല്ലതായിട്ടുണ്ട് എന്നൊക്കെ പറയും. ആരെങ്കിലും നല്ലതുപറയുമ്പോള്‍ നമുക്കൊരു ആത്മവിശ്വാസമാണ്.
ഇത്രയ്ക്ക് പാവം ആകരുത് ട്ടോ
നമുക്ക് ഏറ്റവും സന്തോഷം തരുന്ന കാര്യം, ചില ആളുകള്‍ ഓടി വന്ന് കെട്ടിപ്പിടിച്ച് പറയും, മോളെ ഇത്ര പാവം ആകരുത് ട്ടോ. ഇത്തിരികൂടി തന്റേടമൊക്കെ കാണിക്കണം എന്നൊക്കെ. അതൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്ത സന്തോഷമാണ്. അവര്‍ നമ്മളെ അംഗീകരിക്കുന്നുണ്ടല്ലോ. നമ്മളെ സ്വന്തം വീട്ടിലെ കുട്ടിയെന്ന നിലയ്ക്കാണ് അവര്‍ കാണുന്നത്. അത് സീരിയല്‍ താരങ്ങള്‍ക്കുമാത്രം കിട്ടുന്ന ഒരു ഭാഗ്യമാണെന്ന് തോന്നിയിട്ടുണ്ട്.
ഇങ്ങനെ ഓടിവന്ന് സംസാരിക്കുന്നവര്‍ അധികവും പ്രായംചെന്നവരാണ്. പക്ഷെ ചെറുപ്പക്കാരും ഇങ്ങനെ സംസാരിക്കാറുണ്ട്. അവരില്‍ ചില ആളുകള്‍ വീട്ടില്‍ അമ്മ സീരിയല്‍ വയ്ക്കുമ്പോള്‍ കാണുന്നവരാണ്. മറ്റു ചിലര്‍ അല്ലാതെയും. എങ്ങനെയായലും അവര്‍ കാണുന്നുണ്ട് എന്നത് സന്തോഷം തന്നെയാണ്.
ഇത്തിരികൂടി കരയാമായിരുന്നു
നീലക്കുയില്‍ എല്ലാ എപ്പിസോഡും ഞാന്‍ ഇരുന്ന് കാണും. മറ്റുള്ളവ പാടെ കാണാതിരിക്കുകയല്ല. സമയം കിട്ടുന്നതനുസരിച്ച് കാണാന്‍ ശ്രമിക്കാറുണ്ട്. പണ്ട് പരസ്പരവും മറ്റുമൊക്കെ സ്ഥിരം കാണുന്ന ആളായിരുന്നു ഞാന്‍. ഇപ്പോള്‍ ഷൂട്ട് കഴിഞ്ഞ് കിട്ടുന്ന ബാക്കി സമയം ബൊട്ടീക്കിലൊക്കെയായിരിക്കും. എന്നെ സ്‌ക്രീനില്‍ കാണുമ്പോള്‍ ഞാന്‍ സ്വയം വിമര്‍ശിക്കാറുണ്ട്. അയ്യോ ആ സീനില്‍ കുറച്ചൂടെ നന്നായി കരയാമായിരുന്നു, അല്ലെങ്കില്‍ ഒന്നൂടെ മികച്ചതാക്കാമായിരുന്നു എന്നൊക്കെ തോന്നും.
സെറ്റില്‍ ഉത്സവമേളമാണ്
സെറ്റില്‍ അടിപൊളിയാണ് എന്നുമാത്രം പറഞ്ഞ് തള്ളിക്കളയാന്‍ കഴിയില്ല. അവിടെ ശരിക്കും ഒരു വീടാണ് എന്നുവേണം പറയാന്‍. എപ്പോഴും ഒരു ഉത്സവപ്രതീതിയാണ്. എല്ലാവരും ഭയംങ്കര ഫ്രണ്ട്‌ലിയാണ്. സീരിയലില്‍ കാണുന്നപോലെ എല്ലാവരും ദേഷ്യക്കാരോ, മുഖം വീര്‍പ്പിച്ച് നടക്കുന്നവരൊന്നുമല്ല. അതിനിപ്പോ ടെക്‌നീഷ്യന്‍സ്, നടീ-നടന്മാര് എന്ന വേര്‍തിരിവൊന്നുമില്ല. എല്ലാവരും കട്ട ചങ്ക്‌സാണ്.
ആരാദ്യംപാടും സെറ്റും അതുപോലെയാണ്. എല്ലാവരും സുഹൃത്തുക്കളാണ്. അവിടെ ഗെയിമും മറ്റുമായി വളരെ അടിപൊളിയാണ്.