'കള'യുടെ ഹൈലൈറ്റ് സംഘട്ടനരംഗങ്ങള്‍, സംവിധായകൻ രോഹിത് വി എസുമായി അഭിമുഖം

By Manu Varghese  |  First Published Mar 23, 2021, 11:02 AM IST

സിനിമയുടെ ചിത്രീകരണ സമയത്ത് ടൊവിനോയ്‍ക്ക് പരുക്കേറ്റ് വാര്‍ത്തകളില്‍ നിറഞ്ഞ സൈക്കോളജിക്കല്‍ ത്രില്ലര്‍ 'കള' പ്രദര്‍ശനത്തിന് എത്താനിരിക്കെ സംവിധായകൻ രോഹിത് വി എസ് സംസാരിക്കുന്നു.


അഡ്വഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകളിലൂടെ വേറിട്ട അവതരണ ശൈലി ഒരുക്കിയ സംവിധായകനാണ് രോഹിത് വി എസ്. ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി  രോഹിത് ഒരുക്കുന്ന പുതിയ ചിത്രമാണ് കള. ടൊവിനോ തോമസിന്റെ അഭിനയ ജീവിതത്തിലെ പ്രധാന ചിത്രങ്ങളിലൊന്നായാണ് 'കള' പ്രതീക്ഷിക്കപ്പെടുന്നത്.  കളയിലെ സംഘട്ടന ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരുക്കേറ്റത് വലിയ വാർത്തയായിരുന്നു.'സിനിമയെ ഒരു പോലെ സ്നേഹിക്കുന്ന ചങ്ങാതിമാരുടെ കഠിനമായ പ്രയത്നമായിരുന്നു 'കള'യെന്നാണ് ചിത്രത്തിന്റെ പാക്കപ്പിന് പിന്നാലെ ഫേസ്ബുക്കില്‍ കുറിപ്പില്‍ ടൊവിനോ തോമസ് പറഞ്ഞത്. കട്ടുകളോ ഡയലോഗ് ബീപ്പോ ഇല്ലാതെ പ്രദര്‍ശനത്തിന് എ സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ ചിത്രം മാര്‍ച്ച് 25ന് വേള്‍ഡ് വൈഡ് റിലീസിന് ഒരുങ്ങുമ്പോൾ കള എന്ന ചിത്രത്തെ പറ്റി സംവിധായകൻ രോഹിത് വി എസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മനസ് തുറക്കുകയാണ്. മനു വർഗീസ് നടത്തിയ അഭിമുഖം.

'കള' എന്ന പേരില്‍ തന്നെയുണ്ട് ഒരു വ്യത്യസ്‍തത? ശരിക്കും എന്താണ് സിനിമ?

ശരിക്കും തിയേറ്ററിക്കല്‍ എക്‌സ്‍പീരിയന്‍സ് ആവശ്യമുള്ള സിനിമയാണ് കള, എന്റെ മനസ്സിലുള്ള കഥ ഞാന്‍ ആഗ്രഹിച്ച രീതിയില്‍ പറയുന്നുവെന്നേയുള്ളൂ. അത് പരീക്ഷണമാണോ വ്യത്യസ്‍തമാണോ എന്നൊക്കെ ചോദിച്ചാല്‍ എനിക്കറിയില്ല. പ്രേക്ഷകരാണ് സിനിമ കണ്ട് വിലയിരുത്തുന്നത്. എന്റെ അറിവില്‍ ഇതൊരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. ഇത് പറയുമ്പോഴും സിനിമ തിയേറ്ററുകളിലെത്തി പ്രേക്ഷകരുമായി സംവദിക്കുകയും അവര്‍ തീരുമാനിക്കുകയും ചെയ്യേണ്ട കാര്യങ്ങളെന്നാണ് ഞാന്‍ കരുതുന്നത്. ഒരു കഥ പറയുന്ന ഫീല്‍ ഉണ്ടാവാന്‍ സാധ്യത ഉള്ള സിനിമയാണ് കള. മനുഷ്യന് സ്വാഭാവികമായി ഉണ്ടാകുന്ന ഭയത്തെയാണ് സിനിമയില്‍ അവതരിപ്പിക്കുവാന്‍ ശ്രമിച്ചിരിക്കുന്നത്. സൈക്കോളജിക്കല്‍ സ്വഭാവവും ചിത്രത്തിനുണ്ട്.  എന്താണോ സിനിമ പറയുന്ന കഥ അത് മനോഹരമാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. പിന്നെ മറ്റൊരു സന്തോഷം അന്താരാഷ്ട്ര സിനിമ ഫെസ്റ്റിവലുകളിലേയ്ക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Latest Videos

undefined

 

കാര്‍ഗില്‍ യുദ്ധമൊക്കെ സിനിമയില്‍ പരമാര്‍ശിക്കുന്നുണ്ടല്ലോ?, നായക കഥാപാത്രമായി ടൊവിനോ തോമസിനെ തീരുമാനിച്ചത് എങ്ങനെയാണ്?

ഷാജി രവീന്ദ്രന്‍ എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് എത്തുന്നത്. 1997 ലാണ് സിനിമയുടെ പ്ലോട്ട് നടക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട് .എങ്കിലും സിനിമയില്‍ അതൊരു പ്രധാനപ്പെട്ട ഘടകമല്ല. ഈ ലോക്ക് ഡൗണ്‍ കാലത്താണ് നമ്മുക്ക് എന്ത് ചെയ്യാൻ സാധിക്കും എന്ന ചിന്തയില്‍ നിന്നാണ് ഈ സിനിമയുണ്ടാവുന്നത്. സിനിമ ആലോചിച്ചപ്പോൾ തന്നെ മനസില്‍ ടൊവിനോ തോമസായിരുന്നു. ഫോണിലൂടെയാണ് ഞാൻ കഥ പറയുന്നത്. ടൊവിനോ തന്നെയാണ് ഇത് പെട്ടന്ന് ചെയ്യാമെന്ന് പറഞ്ഞത്. കൊവിഡ് കാലമായതിനാല്‍ തന്നെ ചുരുങ്ങിയ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിന്റെ കഥയും ആ രീതിയിലാണ്. പിറവത്തും കുമളിയിലുമാണ് ചിത്രം ഷൂട്ട് ചെയ്‍ത്ത്.

 

സിനിമയ്‍ക്ക് എ സര്‍ട്ടിഫിക്കറ്റാണല്ലോ? എന്തുകൊണ്ടാണ്?

കട്ടുകളോ ഡയലോഗ് ബീപ്പോ ഇല്ലാതെ പ്രദര്‍ശനത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. കട്ടുകൾ ഒന്നും തന്നെ ഇല്ലാതെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടിയത് വലിയ കാര്യമാണ്. ഈ ചിത്രം കട്ട് ചെയ്‍ത് കഴിഞ്ഞാല്‍ ഈ സിനിമയാവില്ല എന്ന് സെന്‍സര്‍ ബോര്‍ഡ് തന്നെയാണ് പറഞ്ഞത്. നിങ്ങള്‍ ചെയ്‍തുവെച്ചത് അതുപോലെ ലോകം കാണട്ടെ, മുതിര്‍ന്നവര്‍ ഈഗോയില്‍ ചെയ്‍തുകൂട്ടുന്ന കാര്യങ്ങളില്‍ കുട്ടികള്‍ തല്‍ക്കാലം ഭാഗഭാക്കാകേണ്ടതില്ലായെന്ന് പറഞ്ഞാണ് സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചത്. കഥയ്ക്ക് ആവശ്യമുള്ള രംഗങ്ങൾ മാത്രമാണ് സിനിമയിലുള്ളത്.


 

സിനിമയുടെ ചിത്രീകരണ സമയത്ത് തന്നെ സംഘട്ടനരംഗങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതാണ്?


സംഘട്ടനരംഗങ്ങള്‍ കളയുടെ ഹൈലൈറ്റ് ആണെന്ന് തന്നെ പറയാം.  കഥ അത് ആവശ്യപ്പെടുന്നുണ്ട്.  കുറെ സമയം നീണ്ടു നില്‍ക്കുന്ന സംഘട്ടനരംഗങ്ങള്‍  ഉണ്ട്. സംഘട്ടനരംഗങ്ങള്‍ക്ക് വേണ്ടി കഥ ഒരുക്കിയിട്ടില്ല, കഥ ആവശ്യപ്പെടുന്നതനുസരിച്ചാണ് സംഘട്ടനരംഗങ്ങള്‍ ഉൾക്കൊളളിച്ചിരിക്കുന്നത്. പിന്നെ ഞാൻ ചെയ്‍തതില്‍ വെച്ച് വേള്‍ഡ് വൈഡ് റിലീസുളള ചിത്രവും ഇതാണ്.

 

സിനിമയിലെ താരങ്ങൾ?

ടൊവിനോ തോമസിനൊപ്പം ലാല്‍,ദിവ്യ പിള്ള, ആരിഷ്, 18ആം പടി ഫെയിം നൂര്‍, പ്രമോദ് ,തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയില്‍ നായകന്റെ കംപാനിയനാണ് ആണ് ബാസിഗര്‍ എന്ന നായ. ബാസിഗര്‍ എന്നത് നായയുടെ യാഥാര്‍ത്ഥ പേരാണ്. സിനിമയില്‍ മറ്റൊരു പേരിലാണ് നായയെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജും എഡിറ്റിംഗ് ചമന്‍ ചാക്കോ യും ശബ്‍ദസംവിധാനം ഡോണ്‍ വിന്‍സെന്റും നിർവഹിക്കുന്നു. ജൂവിസ് പ്രൊഡക്ഷന്‍സാണ് ചിത്രം ഒരുക്കുന്നത്.

click me!