സത്യന്റെ ജീവിതകഥ പറയുന്ന സിനിമ എങ്ങനെയായിരിക്കുമെന്ന് സംവിധായകൻ പറയുന്നു.
അഭിനയത്തികവിന്റെ മാസ്റ്റർ വിശേഷണം ലഭിച്ച മലയാളത്തിലെ ഒരേ ഒരു നടനാണ് സത്യൻ. ആസ്വാദക മനസ്സ് കീഴടക്കാന്‍ കലര്‍പ്പില്ലാത്ത അഭിനയ ശൈലി മാത്രമേ വേണ്ടൂ എന്ന് തെളിയിച്ച താരം. സ്വാഭാവികാഭിനയത്തിലൂടെ പ്രേക്ഷക മനസില്‍ നിറഞ്ഞു നിന്നു. അതിഭാവുകത്വത്തിന്റെ പിടിയില്‍ കുടുങ്ങിയിരുന്ന മലയാള സിനിമക്ക് തന്റേതായ വേറിട്ട വഴി കാട്ടിയ താരം എന്നാണ് പലപ്പോഴും സത്യനെ വിശേഷിപ്പിക്കാറുള്ളത്. ഇരുപതുവര്‍ഷത്തോളം വെള്ളിത്തിരയില്‍ നായകനായി തുടര്‍ന്ന സത്യൻ മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‍കാരവും നേടിയ താരമാണ്. സത്യൻ വിടപറഞ്ഞ് അൻപതാണ്ട് പിന്നിടുമ്പോൾ ആ മഹാനടന്റെ ജീവിതം വെള്ളിത്തിരയില്‍ ഒരുങ്ങുകയാണ്. നവാഗതനതായ രതീഷ് രഘു നന്ദന്‍ ഒരുക്കുന്ന ചിത്രത്തില്‍ സത്യനെ അവതരിപ്പിക്കുന്നത് നടന്‍ ജയസൂര്യയാണ്. അനശ്വര നടന്റെ ജീവിതം സിനിമയായി വരുമ്പോൾ സംവിധായകൻ രതീഷ് രഘുനന്ദന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് മനസ് തുറക്കുന്നു. മനു വർഗീസ് നടത്തിയ അഭിമുഖം.
വെള്ളിത്തിരയില്‍ സത്യൻ മാഷിന്റെ ജീവിതം
undefined
ഒരുപാട് നാൾ മുൻപ് തന്നെ ആലോചിച്ച ചിത്രമായിരുന്നു ഇത്. ഞാൻ ദുബായില്‍ റേഡിയോ ആർ ജെ ആയി വർക്ക് ചെയ്യുകയായിരുന്നു. ആ സമയത്താണ് സത്യൻ സാറിനെ പറ്റിയുള്ള ഒരു ആർട്ടിക്കിൾ ഞാൻ വായിക്കുന്നത്. അത് വായിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ജീവിതം എന്തുകൊണ്ട് ഒരു സിനിമയാക്കികൂടാ എന്ന ചിന്ത വന്നു. പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തെപറ്റി പഠിക്കാൻ തീരുമാനിച്ചു. ഒരു പാട് റിസേർച്ചുകൾ നടത്തി. അങ്ങനെ ചിത്രത്തെ പറ്റിയുള്ള ഒരു പ്ലോട്ട് തയ്യാറാക്കി. ഞങ്ങൾ മൂന്ന് പേരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് . ബി.ടി അനില്‍ കുമാര്‍ ,കെ ജി സന്തോഷ്, എന്നിവരാണ് എനിക്കൊപ്പം ഈ സിനിമയുടെ രചനയില്‍ പങ്കാളികളാണ്. രണ്ടരവർഷത്തിലധികം ഞങ്ങൾ ഈ ചിത്രത്തിനായി റിസേർച്ചുകൾ നടത്തി. പിന്നെ സത്യൻ സാറുമായി ബദ്ധപ്പെട്ട ആളുകളെ കാണുകയും സംസാരിക്കുകയും ചെയ്‍താണ് തിരക്കഥ പൂർത്തിയാക്കിയത്. സിനിമയ്ക്കുള്ളിലെയും അല്ലാത്തതുമായ അദ്ദേഹവുമായി ബദ്ധപ്പെട്ട് കിടക്കുന്ന നിരവധിയാളുകളിലൂടെ ലഭിച്ച വിവരങ്ങൾ വലിയ രീതിയില്‍ കഥാ രൂപികരണത്തിന് ഞങ്ങളെ സഹായിച്ചു. പിന്നീടാണ് ഒരു വൺലൈൻ ഉണ്ടാക്കി ജയസൂര്യയെ കാണുന്നതും വിജയ് ബാബുവിന്റെ നിര്‍മാണ കമ്പനി ആയ ഫ്രൈഡേ ഫിലിം ഹൗസിലേയ്ക്ക് എത്തുന്നതും.
അന്യഭാഷയിലും സത്യൻ മാഷിന്റെ ജീവിതം പറയാൻ സംവിധായകരുടെ ശ്രമം
സത്യൻ സാറിന്റെ ജീവിതം സിനിമയാക്കാൻ ഇറങ്ങിയപ്പോഴാണ് ഒരു പാട് ആളുകൾ ഇത്തരം ഒരു ആഗ്രഹവുമായി നടക്കുന്നതായി അറിയുന്നത്. ഒരു പാട് പേർ സത്യൻ ബയോപിക് ചെയ്യാനായി ഇരിക്കുകയാണ്. ഒരാളോ, രണ്ട് പേരോ അല്ലാ, മലയാളത്തിലെയും അന്യ ഭാഷകളിലെയും എണ്ണം പറഞ്ഞയാളുകൾ സത്യൻ മാഷിന്റെ മക്കളുമായി സംസാരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. പലരും സത്യൻ മാഷിന്റെ ജീവചരിത്ര ചിത്രത്തിനായി ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മക്കളുടെ അനുമതി വാങ്ങിക്കാനാണ് പിന്നീട് ശ്രമിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ നിർമാണ കമ്പനി പോലും സത്യൻ സാറിന്റെ ജീവിതം ബയോപിക്ക് ആക്കാനും റൈറ്റ്സ് വാങ്ങാനും ശ്രമിച്ചിരുന്നു. എന്നാല്‍ നമുക്ക് തന്നെ ചിത്രത്തിന്റെ നിർമാണ അനുമതി വാങ്ങുവാൻ സാധിച്ചു. സത്യൻ സാറിന്റെ കുടുംബത്തിന്റെ പൂർണ പിന്തുണ നമുക്കുണ്ട്.
ഇത് സിനിമയ്ക്കുള്ളിലെ സിനിമയല്ല
സിനിമയ്ക്കുള്ളിലെ സിനിമയല്ല സത്യൻ മാഷിനെ കുറിച്ചുള്ളത്. സത്യൻ സാറിന്റെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങൾ ഈ ചിത്രത്തിലുണ്ട്. അങ്ങനെ വരുമ്പോൾ അദ്ദേഹത്തിന്റെ സിനിമ കരിയറും ചിത്രത്തില്‍ പരാമർശിക്കുന്നുണ്ട്. ഒരു കുഞ്ഞ് ജനിച്ച് മരിക്കുന്നതുവരെയുള്ള ഓഡർ പോലെയായിരിക്കില്ല ചിത്രം . പക്ഷെ സത്യൻ മാഷിന്റെ ജനനം മുതല്‍ മരണവരെയുള്ള കാര്യങ്ങൾ ചിത്രത്തില്‍ പരാമർശിക്കുന്നുണ്ട്. ഒരു പ്രത്യേക സ്ഥലത്ത് നിന്ന് തുടങ്ങി സിനിമകളിലൂടെ കടന്ന് പോവുന്ന രീതിയിലാണ് അവതരണം.
തിയേറ്ററില്‍ കണ്ടിരിക്കേണ്ട ചിത്രം
സത്യൻ സാറിന്റെ 48-ാം ചരമവാര്‍ഷികത്തിലാണ് ഞങ്ങൾ ഇത്തരത്തിലുള്ള ഒരു ബയോപിക് പ്രഖ്യാപിക്കുന്നത്. പ്രി പ്രൊഡക്ഷൻ തുടങ്ങിയ സമയത്താണ് ആദ്യ ലോക്ക് ഡൗൺ വരുന്നത്. വീണ്ടും ആരംഭിക്കാൻ ഇരുന്നപ്പോഴാണ് രണ്ടാമത്തെ ലോക്ക് ഡൗൺ. നിലവിലെ സാഹചര്യത്തില്‍ എന്നാണ് ചിത്രം തുടങ്ങുക എന്ന് പറയാൻ സാധിക്കില്ല. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ഒരു ചിത്രമാണ്. തിയേറ്റർ റിലീസ് ഒഴിവാക്കി ആലോചിക്കാൻ സാധിക്കുന്ന ചിത്രമല്ലായിത്. അമ്പത് ശതമാനം ആൾക്കാരുമായി തിയേറ്റർ തുറക്കുമ്പോഴും ആലോചിക്കാൻ പറ്റിയ ചിത്രമല്ല. വലിയ ക്യാൻവാസില്‍ അനശ്വരനായ ഒരു നടന്റെ ജീവിതം ഒരുക്കുമ്പോൾ അതിന്റെതായ പ്രാധാന്യമുണ്ട്. പ്രേക്ഷകർ തിയേറ്ററില്‍ തന്നെ കണ്ടിരിക്കേണ്ട ചിത്രമാണ്.
സത്യൻ മാഷായി ജയസൂര്യ, മറ്റ് താരങ്ങളെയും തീരുമാനിച്ചു
ചിത്രത്തിന്റെ പ്ലോട്ട് ഒരുങ്ങിയപ്പോൾ തന്നെ ജയസൂര്യ തന്നെയായിരുന്നു മനസില്‍. ഞാനും അദ്ദേഹവുമായി നേരത്തെ തന്നെ ഒരു ചിത്രം പ്ലാൻ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കഥയില്‍ ഞാൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ഒരു ചിത്രം . എന്നാല്‍ പല കാരണങ്ങളാലും ചിത്രം നടന്നില്ല,.പിന്നീടാണ് ഈ ചിത്രത്തിലേയ്ക്ക് എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് തന്നെ സത്യൻ സാറായിട്ടുള്ള ജയേട്ടന്റെ ഒരു പോസ്റ്റർ വലിയ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നിലവില്‍ താരനിർണയം കഴിഞ്ഞിരിക്കുകയാണ്. പ്രഖ്യാപനം വലിയ താമസമില്ലാതെ ഉണ്ടാവും. പാലക്കാടും ഹൈദരബാദ് ഫിലിം സിറ്റിയും ആയിരിക്കും ലൊക്കേഷൻ.