മോഹൻലാലിനെ മുന്നില്‍ക്കണ്ടു തന്നെയായിരുന്നു വാസ്‍കോഡ ഗാമയെന്ന കഥാപാത്രത്തെ കുറിച്ച് എഴുതിയത് എന്ന് ബെന്നി പി നായരമ്പലം.
പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് 2007ലെ വേനലവധിക്കാലത്താണ് തിയേറ്ററുകളെ ഇളക്കിമറിച്ച് വാസ്‍കോഡ ഗാമയും കൂട്ടരും പ്രേക്ഷകരുടെ മുമ്പിലെത്തിയത്.
ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ കൊട്ട്വേഷൻ സിനിമകൾ മാത്രം കണ്ട് ശീലിച്ച മലയാളിയുടെ മുമ്പിലേയ്ക്കാണ് ചിരിയുടെ മാലപ്പടക്കം തീർത്ത് ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ അൻവർ റഷീദ് ഛോട്ടാമുംബൈ സംവിധാനം ചെയ്‍തത്. വാസ്‍കോ ഡ ഗാമയും, ബഷീറും, മുള്ളൻ ചന്ദ്രപ്പനും, പാമ്പ് ചാക്കോയും ,ഫയൽവ്വാൻ മൈക്കിളച്ചനുമെല്ലാം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു. ആരാധകർ ഇഷ്ടപ്പെടുന്ന ലാൽ മാനറിസങ്ങൾ കൊണ്ട് മോഹൻലാൽ തകര്‍ത്താടി. കലാഭവൻ മണിയുടെ സിഐ നടേശൻ വില്ലൻ വേഷങ്ങൾക്ക് പുതിയ മേൽവിലാസം ചാർത്തി. വർഷങ്ങൾക്കിപ്പുറവും ഛോട്ടാമുംബൈയിലെ തലയും പിള്ളേരും പ്രേക്ഷകമനസിൽ നിറഞ്ഞുനിൽക്കുമ്പോൾ തിരക്കഥാക്യത്ത് ബെന്നി പി നായരമ്പലം സംസാരിക്കുന്നു. മനു വർഗീസ് നടത്തിയ അഭിമുഖം.
ഛോട്ടാമുംബൈ ആഘോഷ സിനിമയാണ്
undefined
ഇപ്പോഴത്തെ പ്രമുഖ നിർമ്മാതാവ് ആന്റോ ജോസഫാണ് എന്നെ വിളിച്ച് അൻവർ റഷീദിനടുത്ത് ഒരു കഥയുണ്ടെന്നും, അതൊന്ന് കേട്ടിട്ട് തിരക്കഥ എഴുതുമോ എന്ന് ചോദിച്ചത്. ആ സമയത്ത് ആന്റോ പ്രൊഡക്ഷൻ കൺട്രോളറാണ്. അങ്ങനെ അൻവറും ആന്റോയും വീട്ടിലെത്തി. ഫോർട്ട് കൊച്ചിയിലെ കാർണിവല്ലിന്റെ പശ്ചാത്തലത്തിൽ തമാശ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ഒരു സിനിമ എന്ന ഐഡിയ തന്നത് അൻവറാണ്. അതിന് ശേഷം ഞങ്ങളെല്ലാവരും ആറേഴ് മാസം നടത്തിയ ചർച്ചയിലൂടെയാണ് ഇന്ന് കാണുന്ന ഛോട്ടാമുംബൈ പ്രേക്ഷകരുടെ മുമ്പിലെത്തിയത്
ലാലേട്ടന് വേണ്ടി എഴുതിയ ചിത്രം
മോഹൻലാലിന്റെ ഡെയ്റ്റ് മണിയൻ പിള്ള രാജുവിന് ഉണ്ട്. ലാലേട്ടന് വേണ്ടി ഒരു കഥ എന്ന നിലയിലാണ് എന്നിലേയ്ക്ക് അൻവർ എത്തിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ മുന്നിൽ കണ്ടാണ് വാസ്‍കോ ഡ ഗാമയെ ഞാൻ സൃഷ്‍ടിച്ചത്. അദ്ദേഹത്തിന്റെ തനതായ നർമ്മവും സ്റ്റാർഡവും എല്ലാം മിക്സ് ചെയ്തുള്ള കഥാപാത്ര സൃഷ്‍ടി തന്നെയായിരുന്നു ഛോട്ടാമുംബൈയിലേത്. മോഹൻലാൽ എന്ന താരത്തെ പ്രേക്ഷകർ കാണുവാൻ ആഗ്രഹിക്കുന്ന രീതിയിൽ തന്നെ ആ കഥാപാത്രം മാറി. ഇപ്പോഴും ആളുകൾ വാസ്‍കോ ഡ ഗാമയെന്ന 'തല'യെ പറ്റി പറയുമ്പോൾ വലിയ സന്തോഷമുണ്ട്. വലിയ സ്വീകാര്യതയാണ് ആ കഥാപാത്രത്തിനുള്ളത് .
നല്ല ടെൻഷനുണ്ടായിരുന്നു
രാജമാണിക്യം എന്ന മമ്മൂക്കയുടെ മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം അൻവർ റഷീദ് ചെയ്യുന്ന രണ്ടാമത്തെ ചിത്രം. മണിയൻ പിള്ള രാജു നിർമാതാവ്. ലാലേട്ടന് വേണ്ടി ഞാൻ ആദ്യമായി എഴുതുന്ന ചിത്രം അങ്ങനെ ഏറെ പ്രത്യേകതകളുണ്ടായിരുന്നു ചിത്രത്തിന്. ലാലേട്ടന് വേണ്ടി ഞാൻ ആദ്യമായി എഴുതുന്ന ചിത്രമായതിനാൽ തന്നെ നല്ല ടെൻഷനുണ്ടായിരുന്നു. ചിത്രം വിജയിച്ചില്ലെങ്കിൽ അത് എന്റെ മാത്രം കുറ്റമായി തീരും. അത് കൊണ്ട് നർമ്മങ്ങൾക്ക് വളരെ പ്രാധാന്യം നൽകി തന്നെയാണ് ഞാൻ എഴുതിയത്. പിന്നെ നിർമാതാവ് മണിയൻ പിള്ള രാജു നല്ല രീതിയിൽ തന്നെ പടം കോഡിനേറ്റ് ചെയ്‍തു. പറഞ്ഞ ദിവസം തന്നെ ഷൂട്ട് പൂർത്തിയാക്കാൻ സാധിച്ചു.
കഥാപാത്രങ്ങളും പേരും
ബഷീർ എഴുതിയപ്പോൾ തന്നെ ജഗതി ചേട്ടനെ മനസിൽ തീരുമാനിച്ചിരുന്നു. മുള്ളൻ ചന്ദ്രപ്പൻ,പാമ്പ് ചാക്കോ തുടങ്ങിയ കഥാപാത്രങ്ങളെ ചെയ്‍ത രാജൻ പി ദേവ്, സിദ്ധിഖ് ഇവരെയെല്ലാം മനസിൽ കണ്ട് കൊണ്ടു തന്നെയാണ് കഥാപാത്രങ്ങളെ എല്ലാം സൃഷ്‍ടിച്ചത്. എല്ലാവരും അവരവരുടെ കഥാപാത്രങ്ങളെ ഏറ്റവും മികച്ചതാക്കുകയും ചെയ്‍തു. കഥാപാത്രങ്ങൾ എഴുതുമ്പോൾ തന്നെ ഓരോ താരങ്ങളും മനസിൽ വരും. ജഗതി ചേട്ടന്റെ കഥാപാത്രമെല്ലാം മനസിൽ കാണുവാൻ പറ്റും. അതു കൊണ്ട് ആ കഥാപാത്രം വളരുകയും പല നർമ്മ സന്ദർഭങ്ങൾ മനസിലേയ്ക്ക് എത്തുകയും ചെയ്യും
വില്ലനായി കലാഭവൻ മണി
സിഐ നടേശൻ കരുത്തനായ വില്ലൻ കഥാപാത്രമാണ്. സ്ഥിരം വില്ലൻ വേഷങ്ങൾ ചെയ്യുന്നവരെ മാറ്റി നിർത്തി ആലോചിച്ചപ്പോൾ അൻവറാണ് കലാഭവൻ മണിയുടെ പേര് പറഞ്ഞത്. ആ സമയത്ത് മണി മലയാളത്തിൽ വില്ലൻ വേഷങ്ങൾ ചെയ്യാറുണ്ടായിരുന്നില്ല, എന്റെ തന്നെ പല ചിത്രങ്ങളിലും കോമഡി വേഷങ്ങളാണ് മണി ചെയ്‍തിള്ളത്. അങ്ങനെ ഞാൻ തന്നെ കഥാപാത്രത്തെ പറ്റി മണിയെ വിളിച്ചു പറഞ്ഞു. വളരെ സന്തോഷത്തോടെ ആ വേഷം മണി സ്വീകരിച്ചു. ഗംഭീരമായി സിഐ നടേശൻ എന്ന കഥാപാത്രത്തെ മണി അവതരിപ്പിച്ചു. വോയ്‍സ് മോഡുലേഷൻ എല്ലാം ഒരു പ്രത്യേക തരത്തിലായിരുന്നു. ആ കഥാപാത്രം ഇന്നും ആളുകൾ ഓർത്തിരിക്കുന്നത് സന്തോഷമുണ്ട്.
തല തിരിഞ്ഞാൽ ലത, ലത തിരിഞ്ഞാൽ തല
"തല തിരിഞ്ഞാൽ ലത, ലത തിരിഞ്ഞാൽ തല" ഇത്തരത്തിലുള്ള രസകരമായ സംഭാഷണങ്ങളെല്ലാം എഴുത്തിന്റെ ആ ഒഴുക്കിൽ സംഭവിച്ചതാണ്. മോഹൻലാലും സംഘവും സായ്‍ കുമാറിന്റെ കടയിൽ ഭക്ഷണം കഴിക്കുമ്പോൾ എന്റെ തന്തയ്ക്കിട്ട് തന്നെ പണിതോ എന്ന് പറയുമ്പോൾ ബിജു കുട്ടന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട് 'വിശപ്പിന് തന്തയില്ലാ തലേ' എന്നുള്ളത്. ആ ഭാഗം ലാലേട്ടന് ഒരുപാട് ഇഷ്‍ടപ്പെട്ടെന്ന് പറഞ്ഞട്ടുണ്ട്. എല്ലാവരെയും ചിരിപ്പിച്ച ചിത്രത്തിലെ മദ്യം കാത്ത് നിൽക്കുന്ന ഭാഗമെല്ലാം എഴുത്തിന്റെ ഒഴുക്കിൽ സംഭവിച്ചതാണ്.
വാസ്‍കോഡ ഗാമ വീണ്ടും വരുമോ?
സിനിമയെല്ലാം ഓരോ ഘട്ടത്തിൽ സംഭവിക്കുന്നതാണ്. ഛോട്ടാമുംബൈയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ ഇല്ലയോ എന്ന് പറയാൻ സാധിക്കില്ലാ. സിനിമകൾ നമ്മൾ പോലും അറിയാതെ സംഭവിക്കുന്ന ഒന്നാണ്. ഫോർട്ട് കൊച്ചിയുടെ കാർണിവല്ലിന്റെ പശ്ചാത്തലത്തിൽ ഇനിയും സിനിമകൾ ഉണ്ടാക്കാൻ സാധിക്കും.