സംവിധായകനാകുന്നതിനെ കുറിച്ച് പാഷാണം ഷാജി
മിമിക്രിയിലൂടെ സിനിമാരംഗത്ത് എത്തി ശ്രദ്ധേയനായ വ്യക്തിയാണ് പാഷാണം ഷാജി. വേദികളിലും സിനിമകളിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച പാഷാണം ഷാജി സംവിധായകനാകുന്നു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്‍കുന്ന പാണാവള്ളി പാണ്ഡവാസ് ആണ് പാഷാണം ഷാജി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം. ചിത്രത്തെ കുറിച്ച് ഷാജി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സംസാരിക്കുന്നു.
മിമിക്രിയില്‍ നിന്ന് സംവിധായകനിലേക്ക്
undefined
നവോദയ സാജു എന്ന ഞാൻ സ്റ്റേജ് ഷോയിലൂടെയാണ് പാഷാണം ഷാജിയായത്. പിന്നീട് സിനിമകളില്‍ അഭിനയിക്കാൻ ചാൻസ് കിട്ടി. ഏറെ നാളെത്തെ ആഗ്രഹമായിരുന്നു സംവിധായകൻ ആവുകയെന്നത്. ഫുട്ബോൾ പശ്ചാത്തലത്തിലുള്ള കഥയാണ് സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും ഞാൻ തന്നെയാണ് എഴുതുന്നത്.
വേറിട്ട ഒരു പേരാണല്ലോ ചിത്രത്തിന്റേത്?
പാണാവള്ളി പാണ്ഡവാസ്- കാക്കത്തുരുത്ത് എന്നീ സെവൻസ് ഫുട്ബോൾ ടീമുകളുടെ മത്സരമാണ് ചിത്രത്തിന്റെ പ്രമേയം. അതിൽ കോമഡിയുണ്ട്, കുടുംബകഥയുമുണ്ട്. അങ്ങനെ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ചിത്രമാകും പാണാവള്ളി പാണ്ഡവാസ്.
നിരവധി കോമഡി സ്ക്രിപ്റ്റുകള്‍ ഒരുക്കി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലും പൂർണമായും കോമഡി ആണോ?
കോമഡിക്കും ത്രില്ലറിനും തുല്യ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. രണ്ട് വർഷം കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്.
കേന്ദ്രകഥാപാത്രമായി എത്തുന്നത് പുതുമുഖങ്ങളാണല്ലോ. എന്തുകൊണ്ടാണ് അത്തരത്തിലുള്ള ഒരു തീരുമാനം?
കഥയ്ക്ക് പൂർണമായും യോജിച്ചത് പുതുമുഖങ്ങളാണ്. അതിന്റെ കാസ്റ്റിംഗ് പരിപാടികൾ നടക്കുന്നു. പിന്നെ സലിംകുമാര്‍, ഐ എം വിജയന്‍, സോഹന്‍ സീനുലാല്‍, നോബി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായിട്ടുണ്ട്.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ?
അനുരാഗ് മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ശെല്‍വ കുമാറാണ്. ചിങ്ങം ഒന്നിനാണ് ചിത്രത്തിന്റെ പൂജ.