'അവര്‍ ഒരേ സ്വരത്തില്‍ പറയുന്നു', ഞങ്ങളെ സിനിമക്കാരാക്കിയത് ഐഎഫ്എഫ്‍കെ

By Web Team  |  First Published Dec 19, 2024, 11:55 AM IST

 ഇത്തവണത്തെ ഐഎഫ്എഫ്‍കെയില്‍ പ്രദര്‍ശിപ്പിച്ച മലയാള സിനിമയുടെ പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലിന്  നല്‍കിയ അഭിമുഖങ്ങളില്‍ മേളയുടെ സ്വാധീനത്തെ കുറിച്ച് അടിവരയിട്ടുണ്ട്.


കേരള രാജ്യാന്തര ചലച്ചിത്രോത്സവം വെറും ഒരു മേള മാത്രമല്ല. കേരളത്തിന്റെ അഭിമാനമായ ഐഎഫ്എഫ്‍കെ ലോക സിനിമകളിലേക്കുള്ള വാതില്‍ മലയാളികള്‍ക്ക് മുന്നില്‍ തുറന്നിടുന്നു. പ്രമേയത്തിലും ആഖ്യാനത്തിലും പുതുമയും വേറിട്ടതുമായ സിനിമാ പരീക്ഷണങ്ങള്‍ അടുത്തറിയാനും
മലയാളികള്‍ക്ക് ആശ്രയങ്ങളില്‍ ഒന്ന് ഐഎഫ്എഫ്‍കെയാണ്. ഐഎഫ്എഫ്‍കെ മലയാള സിനിമയെയും എഴുത്തുകാരെയും സംവിധായകരെയും വലിയ രീതിയില്‍ സ്വാധീനിക്കുകയും ചെയ്‍തിട്ടുണ്ട്. ഐഎഫ്എഫ്‍കെ പുത്തൻ പരീക്ഷണങ്ങളുമായി വരാൻ പ്രചോദനമായിട്ടുണ്ട്. പല പ്രമുഖ സംവിധായകരും തുറന്നു പറഞ്ഞ കാര്യവുമാണ് അത്. ഐഎഫ്എഫ്‍കെ വേറിട്ട സിനിമകളുടെയും എഴുത്തുകാരുടെയും സംവിധായകരുടെയും പിറവിക്ക് കാരണമാകുന്നുണ്ട്. ഇത്തവണത്തെ ഐഎഫ്എഫ്‍കെയില്‍ പ്രദര്‍ശിപ്പിച്ച മലയാള സിനിമയുടെ പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലിന്  നല്‍കിയ അഭിമുഖങ്ങളില്‍ മേളയുടെ സ്വാധീനത്തെ കുറിച്ച് അടിവരയിട്ടുണ്ട്. സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ ലഭിച്ച സംവിധായകൻ കൃഷാന്ദ് ആര്‍ കെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത് തന്നിലെ സിനിമാക്കാരനെ കണ്ടെത്തിയത് തന്നെ ഐഎഫ്എഫ്‍കെ ആണെന്നാണ്.

'എന്നിലെ സിനിമാക്കാരനെ കണ്ടെത്തിയത് ഐഎഫ്എഫ്‍കെ'- കൃഷാന്ദുമായുള്ള അഭിമുഖത്തില്‍ നിന്ന്

Latest Videos

undefined

ഐഎഫ്‍എഫ്‍കെ ലോക സിനിമയിലേക്കുള്ള വാതിലാണ്. പേരു പോലും കേള്‍ക്കാത്ത സിനിമകള്‍ പണ്ട് വന്ന് കണ്ടത് പ്രചോദനമായിട്ടുണ്ട്. ഡെലിഗേറ്റ് ആയി വന്ന് കണ്ട സിനിമകള്‍ ഒരുപാടെണ്ണമുണ്ട്. സിനിമാക്കാരൻ എന്ന നിലയില്‍ എന്നെ കണ്ടെത്തിയത് ഐഫ്എഫ്‍കെയും ടി വി ചന്ദ്രൻ സാറും സുദേവൻ സാറുമൊക്കെയുള്ള ജൂറിയുമാണ്. വൃത്താകൃതിയിലുള്ള ചതുരം അവർ മത്സരവിഭാഗത്തിലേക്ക് എടുത്തത്. വൃത്താകൃതിയുള്ള ചതുരം പോലെ ഒരു സിനിമ ഐഎഫ്എഫ്‍കെയില്‍ എടുത്തത് ഒരു സംഭവമാണ്. ആ സിനിമയ്‍ക്ക് ജീവിതമുണ്ടായതും അങ്ങനെയായിരുന്നു. നമ്മുടെ ചിന്തയിലുള്ള സിനിമ കാണാൻ ആള്‍ക്കാരുണ്ടാകുമെന്ന് കരുതിയാണ് ആവാസവ്യൂഹം ചെയ്‍തത്. അതും ഐഎഫ്‍എഫ്‍കെയില്‍ മത്സര വിഭാഗത്തിലായിരുന്നു. വലിയ ഊര്‍ജ്ജമായിരുന്നു എനിക്ക് ഐഎഫ്എഫ്‍കെ.  അല്ലെങ്കില്‍ ആവാസ വ്യൂഹം ഞാൻ ചെയ്യില്ലായിരുന്നു. ഐഎഫ്എഫ്‍കെ എന്റെ ചിന്തയില്‍ ഒരു സംഭവം ചെയ്യാൻ ആത്മവിശ്വാസം പകര്‍ന്ന ഒന്നാണ്.

'ഇതിലും വലിയ അംഗീകാരം ലഭിക്കാനില്ല'- ഫാസില്‍ മുഹമ്മദുമായുള്ള അഭിമുഖത്തില്‍ നിന്ന്

കുറേ കാലത്തെ പരിശ്രമമാണ് ആദ്യ സിനിമയായ ഫെമിനിച്ചി ഫാത്തിമ. ആദ്യമായി സിനിമ ചെയ്യുന്നതും അത് രാജ്യാന്തര ചലച്ചിത്ര മേളയിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെടുന്നതും വലിയ സന്തോഷമാണ്. ഇതിലും വലിയ അംഗീകാരം ഒരു നവാഗത സംവിധായകന് ലഭിക്കാനില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

സ്വാധീനിച്ച ഐഎഫ്എഫ്‍കെ- ഡോ. അഭിലാഷ് ബാബുവുമായുള്ള അഭിമുഖത്തില്‍ നിന്ന്

പിജി കാലഘട്ടം മുതലേ ഐഎഫ്എഫ്‍കെയ്‍ക്ക് വരുന്ന ആളാണ്. ഐഫ്എഫ്എഫ്‍കെ എന്നെയും ശരിക്കും സ്വാധീനിച്ചിട്ടുണ്ട്. സിനിമയിലേക്ക് എത്താനുള്ള ഒരു കാരണമതാണ്. പല തരത്തിലുള്ള ക്രാഫ്റ്റുകളും നരേറ്റീവ്‍സും തരുന്ന ഇടങ്ങളും സ്വാധീനിച്ചിട്ടുണ്ട്.  തിരുവനന്തപുരവും എന്നില്‍ സ്വാധീനിക്കപ്പെട്ട സ്ഥലമാണ്. ഇന്നത്തെ കാലഘട്ടവും പ്രധാനപ്പെട്ട ഒന്നാണ്.

ഐഎഫ്എഫ്‍കെ പ്രേക്ഷകര്‍ സിനിമയുടെ ഭാഗ്യം- ശിവരഞ്ജിനിയുമായി അഭിമുഖം

സ്‍കൂളില്‍ പഠിക്കുമ്പോള്‍ ഐഫ്‍എഫ്എഫ്‍കെയില്‍ വന്ന സിനിമകള്‍ വീഡിയോ ആക്കി അങ്കമാലിയിലെ ചലച്ചിത്രപ്രേമിയായ ഒരു ചേട്ടൻ തരുമായിരുന്നു. ചെറിയ തുക ചേട്ടന് കൊടുക്കണം. കിംകി ഡുക്കിന്റെ സിനിമകള്‍ ഒക്കെ അങ്ങനെ കണ്ടതാണ് . ലെജൻഡുകളുടെ പല പേരുകളും ഐഎഫ്എഫ്‍കെയ്‍ക്ക് വരാതെ അറിഞ്ഞത് അങ്ങനെയായിരുന്നു.

മുമ്പ് ഐഫ്എഫ്എഫ്‍കെയ്‍ക്ക് ഞാൻ വരാറുണ്ട്. എനിക്ക് ഐഎഫ്എഫ്‍കെ ഒരു ഡ്രീമാണ്. ബ്രോഷറില്‍ പേര് കണ്ടപ്പോള്‍ എക്സൈറ്റഡായി. കിട്ടാവുന്ന നല്ല ഓഡിയൻസാണ് ഇത്. മലയാളമറിയുന്ന ഓഡിയൻസ് വേറെ കിട്ടില്ലല്ലോ. നമ്മുടെ ഭാഷയില്‍ സംഭാഷണങ്ങള്‍ മനസ്സിലാക്കുമല്ലോ?. അല്ലെങ്കില്‍ സബ്‍ടൈറ്റില്‍ വായിച്ചിട്ടല്ലേ കാണുക. തിയറ്ററില്‍ വലിയ റിലീസ് ഉണ്ടാൻ സാധ്യത കുറവാണ്. അതിനാല്‍ ഐഎഫ്എഫ്‍കെയെ പ്രതീക്ഷയോടെയാണ്  നോക്കുന്നത്. ചെറിയ കുട്ടികളാണ് അവരുടെ സിനിമകളുമായി ഇത്തവണ എത്തിയിരിക്കുന്നത്. കുറേ വനിതാ സംവിധായകരും ഉണ്ട്. അതൊക്കെ ആവേശം നല്‍കുന്ന കാര്യമാണ്.

ഐഎഫ്എഫ്കെയിലേക്ക് സ്വന്തം ചിത്രം എത്തുമ്പോഴുള്ള ഫീലിംഗ്

വർഷങ്ങളായിട്ട് പോകുന്ന ഫെസ്റ്റിവൽ ആണ്. ആദ്യ രണ്ട് സിനിമകളും ഐഎഫ്എഫ്കെയ്ക്ക് അയച്ചിരുന്നില്ല. അത് എന്റെ എക്സ്പെരിമെൻറ്സുകളായതുകൊണ്ട് അയക്കേണ്ടെന്ന് കരുതി. ഇത് റോട്ടർഡാമിൽ വിജയിച്ചതിനാൽ അയയ്ക്കാനുള്ള നിലവാരം ഉണ്ടെന്ന് സ്വയം തോന്നിയതുകൊണ്ട് അയച്ചതാണ്.

ഐഎഫ്എഫ്കെ ആഹ്ളാദവും അഭിമാനവും- ശോഭന പടിഞ്ഞാറ്റിലുമായുള്ള അഭിമുഖത്തില്‍ നിന്ന്

പത്ത് ഇരുപത്തിനാല് വർഷമായി ഐഎഫ്എഫ്കെയിൽ സ്ഥിരമായി പങ്കെടുക്കാറുള്ള ആളാണ് ഞാൻ. അന്നൊക്കെ മറ്റുള്ളവരുടെ സിനിമകൾ സ്ക്രീനിൽ കണ്ടിരുന്ന ഞാൻ, എന്റെ സ്വന്തം സിനിമ തന്നെ മേളയിൽ കാണാൻ പോവുകയാണ്. വലിയൊരു അഭിമാനവും ആഹ്ളാദവും തോന്നുകയാണ്. സിനിമയുമായി ബന്ധപ്പെട്ട സുഹൃത്തുക്കളുണ്ട്. അവർ സംസാരിക്കുമ്പോൾ കാഴ്ചക്കാരി മാത്രമായിട്ടിരുന്ന ആളാണ് ഞാൻ. ഒരുപാട് കാലം അങ്ങനെ തന്നെയായിരുന്നു. സാഹചര്യങ്ങളെല്ലാം ഒത്തുവന്നപ്പോൾ റിസ്കെന്ന നിലയിലാണ് ഞാൻ സിനിമ എടുത്തത്. അത് മേളയിൽ തെരഞ്ഞെടുത്തു എന്നത് വളരെയധികം സന്തോഷം തരുന്നൊരു കാര്യമാണ്. അതും മലയാളം സിനിമ ഇന്ന് വിഭാ​ഗത്തിൽ.

click me!