ഫോണ്‍ കോളുകള്‍ നിലയ്ക്കുന്നില്ല... 'സംഘര്‍ഷ ഘടന'യുടെ ക്യാമറാമാന്‍ തിരക്കിലാണ്- അഭിമുഖം

By Web Team  |  First Published Dec 17, 2024, 2:20 PM IST

ഞായറാഴ്‌ച വൈകിട്ട് മുതല്‍ പ്രയാഗ് മുകുന്ദന്‍ എന്ന മലയാളി യുവ ഛായാഗ്രാഹകന്‍റെ മൊബൈല്‍ ഫോണിന് വിശ്രമമില്ല, നിലയ്ക്കാത്ത അഭിനന്ദനപ്രവാഹത്തിന് കാരണമായി 'സംഘര്‍ഷങ്ങളുടെ ഘടന' എന്ന സിനിമ


തിരുവനന്തപുരം: നിറങ്ങളില്‍ ചാലിച്ച മാങ്ങകളുടെ നാടായ കുറ്റ്യാട്ടൂരില്‍ നിന്ന് ബോളിവുഡ് സിനിമയുടെ നിറലോകമായ മുംബൈയിലേക്ക്. പ്രായം ഇരുപതുകളുടെ തുടക്കത്തില്‍ സിനിമാ മോഹവുമായി മുംബൈയിലേക്ക് വണ്ടികയറിയ പ്രയാഗ് മുകുന്ദന്‍ മലയാളത്തിലെ കന്നി ചിത്രം കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. 29-ാം കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ 'മലയാള സിനിമ ടുഡേ' വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'സംഘര്‍ഷ ഘടന'യുടെ (സംവിധാനം- കൃഷാന്ദ് ആര്‍ കെ) സിനിമാറ്റോഗ്രഫിക്ക് അഭിനന്ദനം ഏറ്റുവാങ്ങുന്ന തിരക്കിലാണ് പ്രയാഗ് മുകുന്ദൻ. 

Latest Videos

undefined

പ്രയാഗ് മുകുന്ദന്‍ മുന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ

ഞായറാഴ്‌ച വൈകിട്ട് മുതല്‍ പ്രയാഗ് മുകുന്ദന്‍ എന്ന മലയാളി യുവ ഛായാഗ്രാഹകന്‍റെ മൊബൈല്‍ ഫോണിന് വിശ്രമമില്ല. നിലയ്ക്കാത്ത ഫോണ്‍ കോളുകളും മെസേജുകളും. ഫോണിന്‍റെ മറുതലയ്ക്കല്‍ പ്രമുഖരും ചലച്ചിത്ര ആസ്വാദകരും അടക്കമുള്ളവരുടെ വലിയ നിര. എല്ലാറ്റിനും ഒറ്റ കാരണം, ഐഎഫ്എഫ്‌കെ 2024ല്‍  ഇന്നലെ വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തുള്ള അജന്ത തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച സംഘര്‍ഷങ്ങളുടെ ഘടന എന്ന സിനിമയിലെ മികവാര്‍ന്ന ചിത്രീകരണത്തിനാണ് പ്രയാഗ് മുകുന്ദനെ തേടി ആശംസകളെത്തുന്നത്. 2022ല്‍ പുറത്തിറങ്ങിയ 'തുര്‍ത്ത് നിര്‍ഗമന'യിലൂടെ കന്നഡ സിനിമയില്‍ മുമ്പേ അരങ്ങേറിയെങ്കിലും മലയാളത്തില്‍ സ്വതന്ത്ര ഛായാഗ്രാഹകനായി പ്രയാഗിന്‍റെ കന്നി പയറ്റായിരുന്നു കൃഷാന്ദ് ആര്‍ കെ സംവിധാനം ചെയ്ത സംഘര്‍ഷ ഘടന. 

സംഘര്‍ഷ ഘടനയുടെ ക്യാമറ ഘടന 

ആകസ്മികമായാണ് സംഘര്‍ഷ ഘടനയുടെ ക്യാമറ ചലിപ്പിക്കാന്‍ പ്രയാഗ് മുകുന്ദന് ഭാഗ്യം ലഭിച്ചത്. മറ്റൊരു സിനിമയുടെ ജോലി തുടങ്ങിയിരുന്നുവെങ്കിലും അതിന്‍റെ ഷൂട്ടിംഗ് ഒരു ഘട്ടത്തില്‍ വച്ച് നീട്ടിവച്ചോടെ സുഹൃത്തായ കൃഷാന്ദ് ആര്‍ കെയുമായി സിനിമാ ചര്‍ച്ച പ്രയാഗ് മുകുന്ദര്‍ തുടങ്ങുകയായിരുന്നു. അങ്ങനെ പ്രീ-പ്രൊഡക്ഷന്‍ വളരെ വേഗം തീര്‍ത്ത്, 18-20 ദിവസം കൊണ്ട് അതിവേഗം ഷൂട്ടിംഗും പൂര്‍ത്തിയാക്കി സംഘര്‍ഷ ഘടന പൂര്‍ത്തിയാക്കുകയായിരുന്നു. സിനിമയുടെ കഥയ്ക്ക് ചൈനീസ് ബന്ധമുള്ളതിനാല്‍ ഏറെ ചൈനീസ് ചലച്ചിത്രങ്ങളും ശൈലിയും റഫറന്‍സായി ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പ്ലാന്‍ ചെയ്തത്. സിനിമയുടെ രചയിതാവും എഡിറ്ററും കൂടിയായ സംവിധായകന്‍ കൃഷാന്ദുമായുള്ള മുന്‍പരിചയവും ചര്‍ച്ചകളും പ്രയാഗിന്‍റെ പണി എളുപ്പമാക്കി. സ്വയം ഛായാഗ്രാഹകനായിരുന്നിട്ട് കൂടിയും കൃഷാന്ദാവട്ടെ ഓരോ ഷോട്ടും പകര്‍ത്താനുള്ള പൂര്‍ണ അവകാശം പ്രയാഗിനെ വിശ്വാസത്തോടെ ഏല്‍പിക്കുകയും ചെയ്തു. 

സംഘര്‍ഷ ഘടനയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രം

ഫെസ്റ്റിവല്‍ സിനിമകളിലെ പതിവ് സ്റ്റാറ്റിക് ഷോട്ടുകളില്‍ നിന്നുള്ള മറുകണ്ടം ചാടലായിരുന്നു സംഘര്‍ഷ ഘടനയുടെ ഛായാഗ്രഹണ രീതി. ഏറെ ചലന ഷോട്ടുകള്‍ എടുക്കേണ്ടിയിരുന്നു. 70 ശതമാനത്തിലധികവും കഥ നടക്കുന്നത് രാത്രിയിലാണ്. ഇടയ്ക്ക് കനത്ത മഴയുണ്ട്, വാഹന യാത്രകളുണ്ട്, സസ്‌പെന്‍സും ആവേശവും നിറയ്ക്കുന്ന സംഘട്ടനങ്ങളുണ്ട്. സാഹസികമായി ഈ ദൃശ്യങ്ങളെല്ലാം പകര്‍ത്താന്‍ സോണി എഫ്എക്സ് 3 എന്ന കുഞ്ഞന്‍ ക്യാമറയാണ് പ്രയാഗ് മുകുന്ദന്‍ തെരഞ്ഞെടുത്തത്. ഈ സെലക്ഷന്‍ സാധൂകരിക്കും വിധം അതിമനോഹരമായി പ്രയാഗ് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. രാത്രികാലം ഏറെ വരുന്നതിനാല്‍ ഇരുട്ടിന് വലിയ പ്രാധാന്യം സിനിമയിലുണ്ട്. ചൈനീസ് പ്രചോദനമുള്ളതിനാല്‍ കറുപ്പിന് പുറമെ ചുവപ്പും സിനിമയിലുടനീളം പ്രതിഫലിച്ചു. അതെല്ലാം പ്രയാഗിന്‍റെ ക്യാമറ സുന്ദരമായി ഒപ്പിയെടുത്തു എന്നാണ് സംഘര്‍ഷങ്ങളുടെ ഘടന സിനിമ കണ്ടവരുടെ അഭിപ്രായം. 

സന്തോഷ് ശിവനെ കാണണം, കണ്ടത് മറ്റൊരാളെ...

മുമ്പ് സൂചിപ്പിച്ചുവല്ലോ സിനിമാ മോഹവുമായി പ്രയാഗ് മുകുന്ദന്‍ മുംബൈയിലേക്ക് പോയ കഥ. മുംബൈയിലേക്ക് വണ്ടി കയറിയപ്പോള്‍ രണ്ട് ആഗ്രഹങ്ങളായിരുന്നു പ്രയാഗിന്‍റെ മനസിലുണ്ടായിരുന്നത്. ആഗോള പ്രശസ്തനായ ഇന്ത്യന്‍ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനെ കാണണം, അദേഹത്തിന്‍റെ സിനിമകളില്‍ അസിസ്റ്റന്‍റായി സിനിമാറ്റോഗ്രാഫി പഠിക്കണം. കയ്യിലുള്ള എസ്എല്‍ആര്‍ ക്യാമറയ്ക്കായി ധാരാളം ഫിലിമുകള്‍ വാങ്ങണം എന്നതായിരുന്നു രണ്ടാമത്തെ ആഗ്രഹം. ഈ ആഗ്രഹം സാധിച്ചെങ്കിലും തിരക്കേറെയുള്ള സന്തോഷ് ശിവനെ കാണാനുള്ള താല്‍പര്യം നടപ്പാവുക എളുപ്പമല്ലെന്ന് മുംബൈയില്‍ എത്തിയപ്പോള്‍ പ്രയാഗിന് മനസിലായി. അങ്ങനെ റൂമില്‍ മുഷിച്ചിരിക്കേ സമയംകൊല്ലിയായി ആകാക്ഷയുടെ പുറത്ത് ഒരു പിന്‍ഹോള്‍ ക്യാമറ പ്രയാഗ് മുകുന്ദന്‍ നിര്‍മിച്ചു. അത് പിന്നീട് പ്രയാഗിന്‍റെ കരിയര്‍ മാറ്റിയെഴുതുന്ന പേനയായി മാറുന്നതാണ് കണ്ടത്. 

ഛായാഗ്രാഹകന്‍ സി കെ മുരളീധരനൊപ്പം പ്രയാഗ് മുകുന്ദന്‍

പിന്‍ഹോള്‍ ക്യാമറയുമായി പ്രയാഗ് മുകുന്ദന്‍ നേരെ പോയി കണ്ടുമുട്ടിയത് ബോളിവുഡിലെ പ്രമുഖ ഛായാഗ്രാഹകരില്‍ ഒരാളും മലയാളിയുമായ സി കെ മുരളീധരനെ. എസ്എല്‍ആര്‍ ക്യാമറയിലെടുത്ത ഫോട്ടോകളും പിന്‍ഹോള്‍ ക്യാമറയും കാട്ടി സി കെയുടെ മനംകവര്‍ന്നു. അതോടെ സി കെ മുരളീധരന്‍റെ ഛായാഗ്രാഹക സഹായിയായി പ്രയാഗിന് അവസരം കിട്ടി. പടമാകട്ടേ സാക്ഷാല്‍ ആമിര്‍ ഖാന്‍ നായകനായി വെള്ളിത്തര കീഴടക്കിയ പി.കെ. 'നമുക്കത് പോരേ അളിയാ' എന്ന മട്ടില്‍ അവിടുന്ന് ചവിട്ടിക്കയറി സ്കൂള്‍ ബസ് എന്ന മലയാള സിനിമയില്‍ പ്രയാഗ് സിനിമാറ്റോഗ്രഫി അസിസ്റ്റന്‍റായി. 2022ല്‍ സ്വതന്ത്ര ഛായാഗ്രാഹകനായി 'തുര്‍ത്ത് നിര്‍ഗമന' എന്ന കന്നഡ സിനിമയിലൂടെ പ്രയാഗ് മുകന്ദ് വരവറിയിക്കുകയും ചെയ്തു. ഈ സൈ-ഫൈ ഫാന്‍റസി സിനിമയില്‍ ദൃശ്യങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട് എന്നതുകൊണ്ട് തന്നെ വര്‍ക്ക് ശ്രദ്ധിക്കപ്പെട്ടു. 

വരും സിനിമ ബിഗ് സര്‍പ്രൈസ്

സംഘര്‍ഷ ഘടനയുടെ ക്യാമറ ചലിപ്പിച്ച് കയ്യടി വാങ്ങിയ പ്രയാഗ് മുകുന്ദന് ഷൂട്ടിംഗ് നീട്ടിവച്ചിരിക്കുന്ന ഒരു മലയാള സിനിമ പൂര്‍ത്തിയാക്കാനുണ്ട്. പ്രയാഗ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന അടുത്ത സിനിമ ഒരു ബിഗ് സര്‍പ്രൈസാണ്. സംഘര്‍ഷ ഘടനയുടെ സംവിധായകനും ദീര്‍ഘകാല സുഹൃത്തുമായ കൃഷന്ദ് ആര്‍ കെയാണ് ഈ സിനിമയും ഒരുക്കുന്നത്. അതിലും വലിയ മറ്റൊരു സര്‍പ്രൈസ് ആ സിനിമയില്‍ ഒളിഞ്ഞിരിപ്പുണ്ട്. അത് ചലച്ചിത്രപ്രേമികളും പ്രയാഗ് മുകുന്ദന്‍ സിനിമാറ്റോഗ്രഫി ഫാന്‍സും ഉടനെ അറിയും...ഇനിയിപ്പോള്‍ കണ്ണൂരിലെ കുറ്റ്യാട്ടൂര്‍ ഗ്രാമം പ്രയാഗ് മുകുന്ദന്‍റെ പേരിലും അറിയപ്പെടും എന്നത് മറ്റൊരു കാര്യം. 

Read more: മലയാള സിനിമയുടെ കരുത്ത്, ക്രാഫ്റ്റ്! കൃഷാന്ദിന്‍റെ സംഘർഷ ഘടന- റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!