'കിഷ്‌കിന്ധാകാണ്ഡം' ചുമ്മാതങ്ങ് സംഭവിച്ചതല്ല, അതിനുപിന്നില്‍ ഒരു ചെറുപ്പക്കാരന്‍ നടത്തിയ കൈവിട്ട കളിയുണ്ട്!

By KP Rasheed  |  First Published Dec 18, 2024, 12:52 AM IST

കിഷ്‌കിന്ധാകാണ്ഡത്തിന്റെ സംവിധായകന്‍ ദിന്‍ജിത് അയ്യത്താന്‍ ജീവിതം പറയുന്നു. സിനിമയിലേക്കുള്ള വഴികള്‍. നേരിട്ട അഗ്‌നിപരീക്ഷകള്‍, പോരാട്ടങ്ങള്‍. കെ. പി റഷീദ് എഴുതുന്നു
 


തിയറ്ററും ഒടിടിയും സമ്മാനിച്ച കൈയടികള്‍ക്കുശേഷം 'കിഷ്‌കിന്ധാകാണ്ഡം' ഇപ്പോള്‍ ചലച്ചിത്രോല്‍സവ വേദികളിലാണ്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ 'മലയാളം സിനിമാ ടുഡേ' വിഭാഗത്തില്‍ അത് പുതിയ കാണികളെ തേടിയെത്തി. 22-ാമത് ചെന്നൈ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലും അതുണ്ട്. പുതിയ പ്രേക്ഷകരിലേക്ക് ആ സിനിമ പറക്കുമ്പോള്‍, അതിന്റെ സംവിധായകനായ ദിന്‍ജിത് അയ്യത്താന് പറയാന്‍, സിനിമയെക്കാള്‍ സിനിമാറ്റിക്കായ ഒരു ജീവിതകഥയുണ്ട്. സിനിമ എന്ന മായാലോകത്തേക്ക് എത്താന്‍ നടത്തിയ കൈവിട്ട കളികള്‍. നടത്തേണ്ടിവന്ന യുദ്ധങ്ങള്‍. നിരാശയുടെ മുനമ്പില്‍നിന്നും പ്രതീക്ഷയിലേക്ക് തിരിച്ചെത്തിയ രാപ്പകലുകള്‍. നല്ല സിനിമയിലേക്ക് വഴി തുറന്ന ഐ ഐഫ് ഐഫ് കെ അടക്കമുള്ള കാഴ്ചാനുഭവങ്ങള്‍. 

ഐ എഫ് എഫ് കെ കാണാന്‍ വര്‍ഷാവര്‍ഷം കെട്ടുംകെട്ടിയിറങ്ങുന്ന ചെറുപ്പക്കാരില്‍ ഒരാളായിരുന്നു ദിന്‍ജിത്തും. കൂട്ടുകാരുമൊത്ത് തിരുവനന്തപുരത്തേക്കുള്ള വരവുകള്‍. തിയറ്ററുകളില്‍നിന്നും തിയറ്ററുകളിലേക്കുള്ള ഓട്ടങ്ങള്‍. ഇഷ്ടപ്പെട്ട സിനിമ മിസ് ചെയ്യുമ്പോഴുള്ള സങ്കടങ്ങള്‍. സിനിമ തുടങ്ങും മുമ്പ്, അതിന്റെ ശില്‍പ്പികളെ ആദരിക്കുന്ന ചടങ്ങുകളില്‍ ആരാധനയോടെ അവരെനോക്കിക്കണ്ട കാണിയായിരുന്നു അയാളും. എന്നെങ്കിലും ഇതുപോലൊരിടത്ത് താനും ആദരിക്കപ്പെടുമെന്ന് ചുമ്മാ സ്വപ്‌നം കണ്ട ചെറുപ്പക്കാരന്‍. കാണിയില്‍നിന്നും ഫിലിംമേക്കര്‍ എന്ന രീതിയിലേക്കുള്ള അയാളുടെ വളര്‍ച്ച ഒട്ടും എളുപ്പമായിരുന്നില്ല. ആ കഥ പറയുകയാണ് ദിന്‍ജിത്ത്. കെ.പി റഷീദ് എഴുതുന്നു. 

Latest Videos

undefined

മൂന്നേ മൂന്ന് വര്‍ഷം. അതിനുള്ളില്‍ സിനിമ എടുത്താല്‍ ഫീല്‍ഡില്‍ നില്‍ക്കാം. ഇല്ലെങ്കില്‍, സിനിമാക്കുപ്പായം അഴിച്ചുവെച്ച് വീട്ടിലേക്ക് മടങ്ങണം. ഇങ്ങനെയൊരു സമയപരിധി വ്യവസ്ഥയുടെ മുനമ്പിലാണ്, 'കിഷ്‌കിന്ധാകാണ്ഡം' സിനിമയുടെ സംവിധായകന്‍ ദിന്‍ജിത് അയ്യത്താന്‍ തന്റെ സിനിമാ ജീവിത പരീക്ഷണത്തിന് തുടക്കം കുറിച്ചത്. 

അച്ഛനുമമ്മയും ഭാര്യയും ചേര്‍ന്നാണ് ദിന്‍ജിത്തിനു മുന്നില്‍ ആ സമയപരിധി വെച്ചത്. അതിനുപിന്നില്‍ കൃത്യമായ, വ്യക്തമായ, പ്രായോഗികമായ കാരണങ്ങള്‍ ഉണ്ടായിരുന്നു. ലക്ഷങ്ങള്‍ ശമ്പളം കിട്ടുന്ന കോര്‍പറേറ്റ് ജോലി ഒരൊറ്റ നിമിഷം കൊണ്ട് രാജിവെച്ചാണ് സിനിമയില്‍ ഒരു കൈനോക്കാന്‍ ദിന്‍ജിത്ത് ഇറങ്ങിയത്. അതും നീണ്ടകാലത്തേക്ക് വലിയൊരു തുക ഇ എം ഐ അടക്കേണ്ട ഒരു വീട്ടുവായ്പാ ബാധ്യത തലയില്‍ എടുത്തുവെച്ചതിന് തൊട്ടുപിന്നാലെ. ഏറ്റവും സുരക്ഷിതമായ ഒരവസ്ഥയില്‍നിന്നും അങ്ങേയറ്റം അരക്ഷിതമായ ഒരു യുദ്ധക്കളത്തിലേക്ക് പോവുന്നത് പോലെയായിരുന്നു സിനിമയിലേക്കുള്ള അയാളുടെ പുറപ്പാട്. പുറത്തുനില്‍ക്കുന്ന മറ്റാരെയുംപോലെ അപരിചിതലോകം തന്നെയായിരുന്നു അയാള്‍ക്കന്നേരം സിനിമ. സൗഹൃദങ്ങളില്ല, പരിചയക്കാരില്ല, കൈപിടിച്ചുയര്‍ത്താന്‍ ഗോഡ്ഫാദര്‍മാരില്ല. അയാളാണെങ്കില്‍ ആ നിലയ്ക്ക് സ്വയം തെളിയിച്ചിരുന്നില്ല. ഒറ്റ സിനിമയും എടുത്തിട്ടില്ല, അസിസ്റ്റന്റായി പണിയെടുത്തിട്ടില്ല, താരങ്ങളെയോ പ്രൊഡ്യൂസര്‍മാരെയോ വിശ്വസിപ്പിക്കാനുള്ള ഒരു എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും കൈയിലുണ്ടായിരുന്നുമില്ല. 

'പിന്നെ ഇതെന്ത് ഭ്രാന്ത്?' എളുപ്പത്തിലാരും ചോദിച്ചുപോവുന്ന ആ ചോദ്യത്തിന് ചിരിച്ചുകൊണ്ട് ദിന്‍ജിത്ത് ഇപ്പോള്‍ നല്‍കുന്ന ഉത്തരം ഇതാണ്: 'ആനിമേഷന്‍-വിഎഫ്എക്‌സ്‌ ഫീല്‍ഡിലായിരുന്നു 10 വര്‍ഷം ജോലി ചെയ്തത്. എനിക്കവിടെ ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല. സിനിമയിലേക്ക് പോവണമെന്നാണ് ഓരോ നിമിഷവും മനസ്സ് പറഞ്ഞിരുന്നത്. പക്ഷേ, സിനിമ മറ്റൊന്നാണ്. വലിയൊരു ഇന്‍ഡസ്ട്രി. ഒരു രാവണന്‍കോട്ട പോലെ അപരിചിതം. എന്നാലും, എനിക്ക് സിനിമ ചെയ്യാനാവുമെന്ന ഉറച്ച ബോധ്യമുണ്ടായിരുന്നു. അതിനാല്‍, അധികം ആലോചിക്കാന്‍ ഇടനല്‍കാതെ സിനിമയിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നു. ''

പക്ഷേ, ഇത്ര ലളിതമായിരുന്നില്ല, സിനിമയിലേക്ക് നടന്നുചെല്ലുമ്പോഴുള്ള അവസ്ഥ. വീട്ടുകാര്‍ക്ക് ആധിയുണ്ടായിരുന്നു. അകലെയെവിടെയോ ഉള്ള സ്വപ്‌നത്തിലേക്ക് സര്‍വ്വതും ത്യജിച്ച് ഒരുവന്‍ പുറപ്പെട്ടുപോവുമ്പോള്‍, സ്വാഭാവികമായും സംഭവിച്ചേക്കാവുന്ന അനിശ്ചിതത്വങ്ങള്‍ അവര്‍ക്ക് അറിയാമായിരുന്നു. അതവരെ ഭയപ്പെടുത്തിയിരുന്നു. അതാണ് മൂന്ന് വര്‍ഷം എന്ന സമയപരിധി വെക്കാന്‍ അവരെ പ്രേരിപ്പിച്ചത്. 

പൂനെ മുതല്‍ കൊച്ചിവരെ 

എല്ലാം തുടങ്ങിയത് പൂനെയില്‍ വെച്ചായിരുന്നു. പൂനെയിലെ റിലയന്‍സ് എന്റര്‍ടെയിന്‍മെന്റില്‍ ആനിമേഷന്‍ ഡയരക്ടറായി ജോലി ചെയ്യുകയായിരുന്നു ദിന്‍ജിത്. തലശ്ശേരിയില്‍ ജനിച്ച് പ്രശസ്തമായ മദ്രാസ് ഫൈന്‍ ആര്‍ട്സ് കോളജില്‍നിന്ന് അപ്ലൈഡ് ആര്‍ട്ടില്‍ ഡിഗ്രികഴിഞ്ഞ് ആനിമേറ്ററായി ജോലി തുടങ്ങിയ ദിന്‍ജിത് വിഎഫ് എക്‌സ് -ആനിമേഷന്‍ മേഖലകളില്‍ കുറേകാലം പയറ്റിത്തെളിഞ്ഞാണ് പൂനെയില്‍ എത്തിയത്. സ്വപ്‌നതുല്യമായ ശമ്പളം, സുരക്ഷിതമായ ജോലി, അപാരമായ ഭാവി സാദ്ധ്യതകള്‍. എല്ലാം ഉണ്ടായിട്ടും ആ ചെറുപ്പക്കാരന് അവിടെ ഇരിപ്പുറച്ചില്ല. സിനിമയായിരുന്നു അയാളുടെ തലനിറയെ. ആനിമേഷന്‍ സിനിമ എടുക്കാനറിയാവുന്ന, ഉള്ളില്‍ വിഷ്വല്‍സാദ്ധ്യതകള്‍ കൊണ്ടു നടക്കുന്ന തനിക്ക് സിനിമ വഴങ്ങുമെന്ന് അയാള്‍ക്ക് ഉറപ്പായിരുന്നു. 2000 മുതല്‍ ഹാന്‍ഡിക്യാം കൈയിലുണ്ടായിരുന്നു. ലോകസിനിമയിലെ സകല പരീക്ഷണങ്ങളും ആര്‍ത്തിയോടെ കാണുന്നുണ്ടായിരുന്നു. അന്നേരത്താണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആറു മാസത്തെ ഒരു ക്രാഷ് കോഴ്‌സിന് ചേര്‍ന്നത്. പഠനത്തിന്റെ ഭാഗമായി ഒരു ഷോര്‍ട്ട്ഫിലിം ചെയ്യേണ്ടിയിരുന്നു. ഹാന്‍ഡി ക്യാമില്‍ ഒരു കട്ടുപോലുമില്ലാത്ത ഒറ്റഷോട്ട് ഫിലിം. ദിന്‍ജിത്ത് ചെയ്ത ഷോര്‍ട്ട്ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹിറ്റായി. ''എല്ലാര്‍ക്കും അത് ഇഷ്ടമായി. ആത്മവിശ്വാസം കൂടി. അവസരം കിട്ടിയാല്‍ എനിക്കും സിനിമ ചെയ്യാനാവുമെന്ന് ഉറപ്പായി. ഏറ്റവും അടുത്ത സമയം നോക്കി സിനിമയിലേക്ക് ചാടണം എന്നുതന്നെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.''-ദിന്‍ജിത്ത് ഓര്‍ക്കുന്നു. 

റിലയന്‍സ് എന്റര്‍ടെയിന്‍മെന്റില്‍നിന്ന് രാജിവെക്കുന്നതിന് തൊട്ടുമുമ്പാണ് ദിന്‍ജിത്ത് ചെന്നൈയില്‍ ഒരു വീടെടുത്തത്. വലിയ തുക ഇ എം ഐ ഉള്ള വീട്. ''അതിന്റെ കണ്‍സ്ട്രക്ഷന്‍ നടക്കുന്ന സമയത്താണ് സത്യത്തില്‍ ഞാന്‍ രാജിവെക്കുന്നത്. മറ്റെല്ലാവര്‍ക്കും അത് വലിയ ഷോക്കായിരുന്നു. എങ്ങനെ പിടിച്ചു നില്‍ക്കുമെന്ന് ഉറ്റവരെല്ലാം ചോദിച്ചു. അതിലും വലിയ ഷോക്കായിരുന്നു ജോലി വിടാനുള്ള കാരണം-സിനിമ! അവിടെ പിടിച്ചുനില്‍ക്കുക എളുപ്പമല്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. സിനിമ എടുക്കാന്‍ എനിക്കാവുമെന്ന വിശ്വാസം ഉണ്ടായിരുന്നുവെങ്കിലും ഇന്‍ഡസ്ട്രിയില്‍ എങ്ങനെ ചെന്നുപറ്റുമെന്ന കാര്യത്തില്‍ അവര്‍ക്ക് നല്ല പേടിയുണ്ടായിരുന്നു''-ദിന്‍ജിത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ഭാര്യ ശര്‍മിളയാണ് അവിടെ ദിന്‍ജിത്തിന് പിടിവള്ളിയായത്. ''എനിക്ക് ഇനിയും ആനിമേഷന്‍ പറ്റില്ലെന്ന് അവള്‍ക്ക് അറിയാമായിരുന്നു. ഒരര്‍ത്ഥത്തില്‍ സിനിമ പോലൊക്കെയാണ് ആനിമേഷന്‍ ഫീല്‍ഡ്. എന്നാലും, ഒരു ചുവരിനുള്ളില്‍ നിന്നുകൊണ്ടുള്ള ടെക്കി ലൈഫ് പോലല്ലല്ലോ സിനിമ. സിനിമ അല്ലാതെ മറ്റൊന്നും എന്റെ മുന്നില്‍ ഇല്ലെന്ന ബോധ്യമായ ദിവസം ശര്‍മിള പറഞ്ഞു: 'ഒരു കാര്യം ചെയ്യാം, നീ സിനിമ ചെയ്യ്, ഞാന്‍ ജോലി ചെയ്യാം. നമുക്ക് എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാം.''

പക്ഷേ, അതു മാത്രം മതിയാവില്ലായിരുന്നു. വലിയ ഇ എം ഐ ആണ്. ജോലിയില്ലാതെ അതെങ്ങനെ അടക്കാനാണ്? ഈ അവസ്ഥ അച്ഛനോടും അമ്മയോടും പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു, 'എടോ, പൂനെയിലേത് നല്ല ജോലിയല്ലേ, ആ ജോലി ഇല്ലാതെ നിനക്ക് എങ്ങനെയാ ഇ എം ഐ ഒക്കെ അടക്കാനാവുക. പിന്നെ സിനിമ. ഫിലിം ഫീല്‍ഡില്‍ നിനക്ക് ആരെയും അറിയില്ല. എന്താവുമെന്ന് ഉറപ്പില്ല. എങ്ങനെയാ ഇത് പ്രാക്ടിക്കലാവുക?'' 

പക്ഷേ, എല്ലാറ്റിനുമപ്പുറം ഏതോ ഘട്ടത്തില്‍, അവര്‍ മകനെ വിശ്വസിച്ചു. സമ്മതിച്ചു. അവര്‍ ശര്‍മിളയോടും സംസാരിച്ചു. എന്നിട്ട് എല്ലാവരും കൂടി ഒരു തീരുമാനമെടുത്തു-മൂന്ന് വര്‍ഷത്തെ സമയപരിധി. ''അത്രയും കാലം നിനക്ക് നിന്റെ സ്വപ്‌നത്തിനു വേണ്ടി ശ്രമിക്കാം. അതു കഴിഞ്ഞിട്ടും ഒന്നുമായില്ലെങ്കില്‍, ഇത് നിര്‍ത്തണം. തിരിച്ചു വരണം. അതുവരെ ഇ എം ഐ ഞങ്ങള്‍ അടക്കാം.''

അങ്ങനെയാണ് ദിന്‍ജിത്ത്, ജോലി വിട്ട് ചെന്നൈയിലെത്തുന്നത്. അവിടെ ശര്‍മിള ജോലി ചെയ്ത് വീട്ടുകാര്യങ്ങള്‍ നോക്കി. അച്ഛനുമമ്മയും ഹൗസിംഗ് ലോണിന്റെ ഇ എം ഐ അടച്ചു. ദിന്‍ജിത്ത് സിനിമയിലേക്കുള്ള ഉരുക്കുവാതിലുകള്‍ തള്ളിത്തുറക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. ആദ്യമൊന്നും ഒന്നും നടന്നില്ല. ''പക്ഷേ, വീട്ടിലെല്ലാവരും കട്ട സപ്പോര്‍ട്ടായിരുന്നു. അവരുടെ സപ്പോര്‍ട്ടില്ലായിരുന്നുവെങ്കില്‍ എനിക്ക് പിടിച്ചു നില്‍ക്കാനേ കഴിയുമായിരുന്നില്ല.'' 

ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു. പരാജയങ്ങളും. ''ആദ്യമേ, മുന്നില്‍ വന്നത് ഗൗതം മേനോന്റെ കൂടെ വര്‍ക്ക് ചെയ്യാനുള്ള ചെറിയ ഒരവസരമായിരുന്നു. മൂപ്പര്‍ ഏതൊക്കെയോ പടങ്ങള്‍ പൊട്ടി പ്രശ്‌നങ്ങളായി നടക്കുന്ന സമയമായതിനാല്‍ അതു നടന്നില്ല. പിന്നെ ഉണ്ടായിരുന്നത് ഒരു ടിവി ഷോയായിരുന്നു. കലൈഞ്ജര്‍ ടിവിയില്‍ വന്നുകൊണ്ടിരുന്ന 'നാളൈയ ഇയക്കുണര്‍' എന്ന ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍. കാര്‍ത്തിക് സുബ്ബരാജ് ഒക്കെ വന്നത് അതിലൂടെയാണ്. അതിലേക്ക് ഞാന്‍ ശ്രമം നടത്തി. പക്ഷേ കിട്ടിയില്ല. എന്നിട്ടും നിരാശനായില്ല. വീണ്ടും ശ്രമങ്ങള്‍ തുടര്‍ന്നു.''

കൊച്ചിയില്‍ വന്നതോടെയാണ് കഥ മാറിയത്. പക്ഷേ, അതും ഒട്ടും എളുപ്പമായിരുന്നില്ല. എന്നിട്ടും അവസാനം, സിനിമയുടെ വാതില്‍ ദിന്‍ജിത്ത് തള്ളിത്തുറക്കുക തന്നെ ചെയ്തു. ''സിനിമാ ശ്രമങ്ങള്‍ എങ്ങുമെത്താതെ നില്‍ക്കുമ്പോഴാണ് കൊച്ചിയില്‍നിന്ന് ഒരു കോള്‍ വന്നത്. 'ഒരു ആനിമേഷന്‍ സീരീസ് ചെയ്യണം. ഡിവിഡി പടം. അതിലേക്ക് വരാന്‍ പറ്റുമോ?' അതായിരുന്നു ചോദ്യം. വീണ്ടും ആനിമേഷന്‍ ഫീല്‍ഡ്! പോവണോ എന്ന് പലവട്ടം ആലോചിച്ചു. ആലോചനകള്‍ക്കൊടുവില്‍, അത് നല്ലതാണെന്ന് തോന്നി. കൊച്ചിയില്‍നിന്നാല്‍ സിനിമാ ബന്ധങ്ങള്‍ ഉണ്ടാക്കാം. പിടിച്ചുനില്‍ക്കാന്‍ ആ ജോലി ചെയ്യാം. ഞാനവരോട് പറഞ്ഞു, മൂന്ന് മാസം നില്‍ക്കാം. പ്രീ പ്രൊഡക്ഷന്‍ ലെവലില്‍ ഫുള്‍ കാര്യങ്ങള്‍ ചെയ്തുതരാം. ബാക്കി കാര്യങ്ങള്‍ ഒരു ക്രിയേറ്റീവ് ഡയരക്ടറെ വെച്ച് ചെയ്യിപ്പിക്കണം.'' 

അങ്ങനെ കൊച്ചി. ആനിമേഷന്‍ കമ്പനിയിലെ ജോലി പക്ഷേ, മൂന്ന് മാസം കൊണ്ട് തീര്‍ന്നില്ല. അവിടെ തന്നെ തുടര്‍ന്നു. ''എനിക്ക് ആരുമായും കണക്ഷന്‍ കിട്ടുന്നില്ല. വിചാരിക്കുന്നതുപോലെ കാര്യങ്ങള്‍ നടക്കുന്നില്ല. അവിടെയാണെങ്കില്‍ സാലറി വളരെ കുറവായിരുന്നു. എനിക്ക് കിട്ടിക്കൊണ്ടിരുന്നതിന്റെ തീരെ ചെറിയ ഒരു ശതമാനം. അത്യാവശ്യ കാര്യങ്ങള്‍ നോക്കാം, കഷ്ടിച്ച് ജീവിക്കാം. അത്രമാത്രം. അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോഴാണ് അവിടെ വി എഫ് എക്‌സ് യൂനിറ്റ് തുടങ്ങുന്നത്. അത് വലിയ ബ്രേക്കായിരുന്നു. അതുവഴി കുറേ സംവിധായകരെയും പ്രൊഡ്യൂസര്‍മാരെയുമെല്ലാം പരിചയപ്പെട്ടു. ഡബിള്‍ബാരല്‍, ആക്ഷന്‍ഹീറോ ബിജു, 1983 എന്നിങ്ങനെ കുറേ സിനിമകളില്‍ വി എഫ് എക്‌സ് ഡയരക്ടറായി.'

 

ആസിഫലിക്കൊപ്പം ദിന്‍ജിത്
 

സിനിമാച്ചാട്ടം!

അതിനിടയിലാണ്, ആ വലിയ ബ്രേക്ക്! സിനിമയിലേക്ക് ഒരു കുതിച്ചുചാട്ടം! ''ഷൈന്‍ ചേട്ടന്‍ വഴിയാണ് അതുണ്ടായത്-എബ്രിഡ് ഷൈന്‍. ആദ്യമായി എന്റെ സ്‌ക്രിപ്റ്റ്  ഒരു താരത്തിന്റെ അടുത്തെത്തി. ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത്. ദുല്‍ഖറിന് കഥ ഇഷ്ടമായി. പക്ഷേ ആ പ്രൊജക്ട് നടന്നില്ല. ദുല്‍ഖര്‍ വഴിയാണ് ആസിഫിന്റെ അടുത്തേക്ക് എത്തുന്നത്. കഥ വായിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്സ് കുര്യന്‍ ആസിഫലിയിലേക്ക് എത്തിച്ചു. ആസിഫിനും കഥ ഇഷ്ടമായി. പക്ഷേ, പുതിയ സിനിമകളുടെ തിരക്കുകള്‍ക്കിടയില്‍ മൂന്ന് വര്‍ഷത്തോളം ആ പ്രൊജക്ട് നടന്നില്ല. അപ്പോഴാണ് തിരിച്ചറിവുണ്ടായത്, ഇതിപ്പോള്‍ നടക്കേണ്ട സിനിമയല്ല. മറ്റൊന്ന് നോക്കാം. പരിചയമുള്ള ഒരു കക്ഷിയെക്കുറിച്ച് പണ്ടാലോചിച്ച ഒരു കഥയുണ്ടായിരുന്നു. അതു സനിലേഷിനോട് പറഞ്ഞപ്പോള്‍ പുതിയ ഒരു സ്‌ക്രിപ്റ്റിലേക്ക് എത്തി. ആ കഥ ആസിഫലിക്ക് ഇഷ്ടമായി. അങ്ങനെയാണ് 'കക്ഷി അമ്മിണി പിള്ള' എന്ന സിനിമ ഉണ്ടാവുന്നത്. ''

ഇതിനിടയില്‍ എങ്ങനെ പിടിച്ചു നിന്നു? വീട്ടുകാരുടെ അന്ത്യശാസനം. എത്ര തള്ളിയിട്ടും തുറക്കാത്ത സിനിമാക്കോട്ട. ദിന്‍ജിത്തിന്റെ കഥകേള്‍ക്കുന്ന ആരും ചോദിച്ചു പോവുന്ന ഒരു ചോദ്യമുണ്ട്, ''ഒന്നും വേണ്ടായിരുന്നു എന്ന് എപ്പോഴെങ്കിലും തോന്നിയോ?''-ആ ചോദ്യം ദിന്‍ജിത്തിനോട് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം ഇതായിരുന്നു: 

''വേണ്ടായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. പക്ഷേ, പല വട്ടം ആകെ ഉലഞ്ഞുപോയി. പക്ഷേ, പ്രതീക്ഷ പോയില്ല. അതുപോയാല്‍ നമ്മള്‍ പെടും. അതുണ്ടെങ്കില്‍, നമ്മള്‍ ജീവിച്ചുപോവും. പൈസയുടെ ആവശ്യം വരുമ്പോഴാണ് നമ്മള്‍ പെടുക. പല പ്രശ്‌നങ്ങള്‍ വരും. ചിലപ്പോള്‍ ഇ എം ഐ. അല്ലെങ്കില്‍ ആശുപത്രി കേസുകള്‍. അപ്പോള്‍ കടം വാങ്ങിക്കേണ്ടി വരും. അതു കഴിഞ്ഞാല്‍ പിന്നെ ആ കടം വീട്ടാനുള്ള ഓട്ടം. പക്ഷേ, ഈ സമയത്തുപോലും എല്ലാം നിര്‍ത്തി പോവാനല്ല, എന്തെങ്കിലും സൈഡ് ആയി ചെയ്ത് സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നാണ് ആലോചിച്ചത്. എന്തു കൊണ്ട് എന്നു ചോദിച്ചാല്‍, എനിക്ക് പ്രതീക്ഷ തരുന്ന പലതും നടക്കുന്നുണ്ടായിരുന്നു. പലരുമായും ബന്ധങ്ങള്‍ ഉണ്ടായി. പലര്‍ക്കും നമ്മളെ മനസ്സിലായി. പലരും നമ്മളില്‍ വിശ്വാസം അര്‍പ്പിച്ചു. ഉദാഹരണത്തിന് ആസിഫ്. ഞങ്ങള്‍ക്കിടയില്‍ കണ്ടുകണ്ടുള്ള പരിചയവും അടുപ്പവും വന്നു. എന്തും പറയാനുള്ള ധൈര്യം വന്നു. ഒരു കോണ്‍സെപ്റ്റ് ഇഷ്ടപ്പെട്ട് നമുക്കത് ചെയ്യാം, അടുത്ത വര്‍ഷം ചെയ്യാം എന്ന് ആസിഫ് പറഞ്ഞു.  പക്ഷേ, അതു കഴിഞ്ഞ് അടുത്ത വര്‍ഷമാണ് ഞങ്ങള്‍ കാണുന്നത്. പക്ഷേ, ഇതൊന്നും വീട്ടുകാര്‍ക്ക് മനസ്സിലാവണമെന്നില്ല. എന്നിട്ടും മൂന്ന് വര്‍ഷം എന്ന സമയപരിധി ഒമ്പതു വര്‍ഷത്തിലേക്ക് നീണ്ടു. അതിനിടയില്‍ നല്ലത് പലതും നടക്കുന്നുണ്ടായിരുന്നു. 2016-ലാണെന്ന് തോന്നുന്നു. ഇനിയും നിന്നെ ഈ അവസ്ഥയില്‍ നിര്‍ത്താന്‍ പറ്റില്ല എന്ന് അച്‌നുമമ്മയും ഭാര്യയും ഒരേ സ്വരത്തില്‍ പറഞ്ഞു. പക്ഷേ, ഭാഗ്യത്തിന് ഈ സമയത്താണ് 'കക്ഷി അമ്മിണിപ്പിള്ള' വരുന്നത്. അതോടെ, എന്നോ നടക്കുന്ന സ്വപ്നം എന്നതിന് ഒരു രൂപവും ഭാവവും കൈവന്നു. പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും സിനിമയുടെ ഷൂട്ട് പെട്ടെന്നു കഴിഞ്ഞു. കൃത്യമായി എല്ലാം പ്ലാന്‍ ചെയ്തിരുന്നു.''-ദിന്‍ജിത്തിന്റെ വാക്കുകള്‍.  

 


'കക്ഷി അമ്മിണി പിള്ള'യ്ക്ക് സംഭവിച്ചത്

2019 ജനുവരി 18-ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ആസിഫിന്റെ 33-ാം പിറന്നാള്‍ ദിനത്തില്‍ കക്ഷി അമ്മിണിപ്പിള്ളയുടെ ടീസര്‍ പുറത്തിറങ്ങി. സിനിമയിലെ ആദ്യ ഗാനവീഡിയോ പുറത്തിറക്കിയത് മമ്മൂട്ടി ആയിരുന്നു. 'തലശ്ശേരിക്കാരെ കണ്ടാല്‍' എന്ന ഗാനത്തിന്റെ വീഡിയോ ഏപ്രില്‍ 29-ന് ഫേസ്ബുക്കിലൂടെ മമ്മൂട്ടി പുറത്തിറക്കി. അടുത്ത മാസം 18-ന് ബേസില്‍ ജോസഫ് തകര്‍ത്താടുന്ന 'ഉയ്യാരം പയ്യാരം' ഗാനം സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറങ്ങി. മനു മഞ്ജിത്ത് എഴുതി, സാമുവല്‍ എബി സംഗീതം നല്‍കി സിയാ ഉല്‍ ഹഖിന്റെ ശബ്ദത്തിലൂടെ പുറത്തിറങ്ങിയ ഗാനം, ഇറങ്ങിയ ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ അഞ്ചുലക്ഷത്തിലേറെ പേര്‍ യൂട്യൂബില്‍ കണ്ടു.

''ഭയങ്കര പ്രതീക്ഷയോടെയാണ് ആ പാട്ട് പുറത്തിറക്കിയത്. ഹിറ്റാവും എന്നുറപ്പുള്ള പാട്ടായിരുന്നു അത്. നല്ല തുടക്കമായിരുന്നു. പുറത്തിറങ്ങി നാലഞ്ച് ദിവസത്തിനുള്ളില്‍ ഒരു മില്യന്‍ പേര്‍ അതു കണ്ടു. എന്നാല്‍, അതു കഴിഞ്ഞതും സ്വിച്ചിട്ടതുപോലെ ആളുകളുടെ വരവ് നിന്നു. നല്ല നിരാശ തോന്നിയ ദിവസങ്ങളായിരുന്നു അത്. ''-ദിന്‍ജിത് പറയുന്നു.

സംഗീതം ചെയ്ത സാമുവല്‍ എബിക്കും പറയാനുള്ളത് സമാനമായ അനുഭവമായിരുന്നു. ''ശരിക്കും നിരാശ തോന്നിയിരുന്നു. ഏറെ മുകളില്‍ പോവേണ്ട ഒരു പാട്ടായിരുന്നു അത്. സുഹൃത്തുക്കളും ഫീല്‍ഡിലുള്ള മുതിര്‍ന്ന ആളുകളുമെല്ലാം അതു തന്നെ പറഞ്ഞു. പക്ഷേ, പാട്ട് പാതിവഴിക്ക് സ്റ്റക്കായി.''

ഒടുവില്‍ സിനിമ വന്നു. പക്ഷേ, സമയം ഒട്ടും നല്ലതായിരുന്നില്ല. നിരവധി പ്രതിസന്ധികള്‍ ഉണ്ടായി. എന്നാല്‍, സിനിമയ്ക്ക് മോശം റിവ്യൂ ഒന്നുപോലും വന്നില്ല. എല്ലാവരും നല്ലതു പറഞ്ഞു. പക്ഷേ, ആളു കയറിയില്ല. പ്രൊമോഷനായിരുന്നു അതിനു കാരണമായത്. ''വേണ്ടത്ര സപ്പോര്‍ട്ട് പ്രൊഡക്ഷന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഒടിടി ബിസിനസ് ഒക്കെ ശരിയായിട്ടും എന്തു കൊണ്ടോ പ്രമോഷന്‍ നന്നായില്ല. തലശ്ശേരിയില്‍ സിനിമ മൂന്നാല് ആഴ്ച ഓടി. ഒരു പ്രമോഷനുമില്ലാതെ മൗത്ത് പബ്ലിസിറ്റി കൊണ്ടു മാത്രമാണ് ആളു കയറിയത്. ഞാനും ബാഹുലും സുഹൃത്തുക്കളും കൂടിയാണ് അന്ന് ഒട്ടിക്കാതെ തിയറ്ററിന്റെ മൂലയ്ക്കിട്ടിരുന്ന പോസ്റ്റര്‍ നടന്നുപോയി ഒട്ടിച്ചത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സിനിമ അഞ്ചാഴ്ച ഓടി. അന്ന് ലാല്‍ജോസ് സാര്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു: നല്ല സിനിമയാണ്. നല്ല പ്രമേയം. നല്ല പ്രൊഡക്ഷന്‍. കറക്റ്റ് ആയി മാര്‍ക്കറ്റ് ചെയ്തിരുന്നുവെങ്കില്‍, ഈ സിനിമ സൂപ്പര്‍ ഹിറ്റായേനെ.''ദിന്‍ജിത്ത് ഓര്‍ക്കുന്നു.  

തീര്‍ന്നില്ല! തൊട്ടു പിന്നാലെ അശനിപാതം പോലെ ആ വില്ലന്‍ വന്നു-കൊവിഡ്! ലോകമാകെ ചുരുട്ടിക്കെട്ടിയ കൊറോണ വൈറസ് ദിന്‍ജിത്തിന്റെ സ്വപ്‌നത്തെയും ചുരുട്ടിക്കൂട്ടി. പിന്നീട് ആ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലെത്തി. സണ്‍നെക്സ്റ്റ് ഒടിടി പ്ലാറ്റ്‌ഫോമിലാണ് സിനിമ വന്നത്. ഒടിടിയില്‍ സിനിമ കണ്ടവര്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ നല്ല അഭിപ്രായങ്ങള്‍ പങ്കുവെച്ചു. 

 

 

ഒരു പാട്ടിന്റെ തിരിച്ചുവരവ്

സിനിമയ്ക്ക് മൊത്തത്തില്‍ കൊവിഡ് തിരിച്ചടി ആയെങ്കിലും, സിനിമയിലെ 'ഉയ്യാരം പയ്യാരം' എന്ന പാട്ടിന് ഗുണം ചെയ്തത് കൊവിഡ് ആയിരുന്നു. ആളുകളെല്ലാം വീടുകള്‍ക്കുള്ളില്‍ അടച്ചിടപ്പെട്ട ആ നാളുകളില്‍, ഇന്റര്‍നെറ്റായിരുന്നു മനുഷ്യരുടെ ജീവവായു. അന്നേരം, റീലുകളിലൂടെ ആ പാട്ട് വീണ്ടും പൊങ്ങിവന്നു. നൂറു കണക്കിനാളുകള്‍ ആ പാട്ടിന് ചുവടുവെച്ച് വീഡിയോ പുറത്തിറക്കി. യൂ ട്യൂബില്‍ ലക്ഷക്കണക്കിനാളുകള്‍ വീണ്ടും ആ പാട്ട് കേട്ടു, ഒപ്പം നൃത്തം ചെയ്തു.എന്നാല്‍, ആ ട്രെന്‍ഡും അധികം നീണ്ടുനിന്നില്ല. വീണ്ടുമാ പാട്ട് മറവിയിലേക്കാഴ്ന്നു. അന്നേരമാണ്, കൊവിഡ് ആദ്യ ഘട്ടം കഴിഞ്ഞശേഷമുള്ള കല്യാണ സീസണുകള്‍ വന്നത്. കല്യാണങ്ങളുടെ ഒരു വീഡിയോ ചേരുവയായി പൊടുന്നനെ ആ പാട്ട് മാറി. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് ആ പാട്ടിനൊത്ത് ഡാന്‍സ് ചെയ്ത് റീല്‍ ചെയ്യുക എന്നത് ഒരു 'കല്യാണ ആചാര'മായി മാറി. ആളുകള്‍ കൂടുന്ന മറ്റ് ചടങ്ങുകള്‍ക്കിടയിലും ഈ പാട്ടിന്റെ റീല്‍ വീഡിയോകള്‍ വന്നു. അങ്ങനെയൊക്കെ കാര്യങ്ങള്‍ പോവുന്നതിനിടയിലാണ് 2022-ല്‍ കണ്ണൂരിലെ ഒരു കല്യാണ വീട്ടില്‍നിന്നുള്ള ഒരു വീഡിയോ വൈറലായത്. അത് സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയായി. വലിയ വാര്‍ത്തയായി. മറന്നുപോയൊരു പാട്ടിന്റെ പുനര്‍ജനി. 

''രസകരമായിരുന്നു കാര്യം. തമിഴ്നാട്ടിലും തെലങ്കാനയിലും കര്‍ണാടകത്തിലും നിന്നെല്ലാം ആളുകള്‍ ആ പാട്ടിന്റെ പശ്ചാത്തലത്തില്‍ ഡാന്‍സ് ചെയ്ത് വീഡിയോകള്‍ പോസ്റ്റ് ചെയ്തു. തലശ്ശേരി മലയാളത്തിലുള്ള ആ പാട്ട്, ഭാഷയോ അര്‍ത്ഥമോ ഒട്ടും അറിയാതെയാണ് അന്യദേശക്കാര്‍ ഉള്‍ക്കൊണ്ടത്. അതവരെ നൃത്തം ചെയ്യിപ്പിച്ചത് ഭയങ്കര സന്തോഷം തന്നു. ഇതോടൊപ്പം യൂട്യൂബിലും പാട്ട് വമ്പന്‍ ഹിറ്റായി മാറി. 
സിനിമ പുറത്തിറങ്ങി കാലങ്ങള്‍ക്കുശേഷം,എത്രയേ പേര്‍ ആ സിനിമ എവിടെ കാണാന്‍ പറ്റുമെന്ന് അന്വേഷിച്ച് മെസേജയച്ചു. പണ്ടേ കാണേണ്ടിയിരുന്നുവെന്ന മെസേജുകള്‍ വന്നു. അതൊരുഗ്രന്‍ അനുഭവമായിരുന്നു.''-ദിന്‍ജിത്ത് ഓര്‍ക്കുന്നു. 

 

 

കൊവിഡ് കാലത്തെ കഥപറച്ചില്‍

കൊവിഡ് കാലത്താണ് കിഷ്‌കിന്ധകാണ്ഡത്തിന്റെ കഥ തുടങ്ങുന്നത്്. ഒന്നും ചെയ്യാനാവാതെ, എങ്ങും പോകാനാവാതെ എല്ലാവരും പെട്ടുകിടക്കുന്ന സമയമായിരുന്നു. ഈ കാലവും കടന്നുപോവുമെന്ന് സദാ കേട്ടുകൊണ്ടിരുന്ന കാലത്ത്, എല്ലാ കാലത്തേക്കുമുള്ള ഒരു സിനിമ എങ്ങനെയുണ്ടാക്കാം എന്ന ഒരാലോചനയുടെ തുമ്പിലായിരുന്നു മറ്റനേകം പേരെപ്പോലെ ദിന്‍ജിത്. ''മറ്റൊരു കഥയായിരുന്നു ആലോചിച്ചുകൊണ്ടിരുന്നത്. അതു പക്ഷേ വര്‍ക്കായില്ല. അതിനിടയ്ക്കാണ് ഒരു ദിവസം അമ്മിണിപ്പിള്ളയുടെ ഛായാഗ്രഹകനായിരുന്ന ബാഹുല്‍ രമേശ് ഒരു കാര്യം പറഞ്ഞത്. നിറയെ കഥകള്‍ ഉള്ളിലുള്ള ഒരാളാണ് ബാഹുല്‍. ഗംഭീര സ്‌റ്റോറി ടെല്ലര്‍. കോളജ് കാലത്തേ കഥ എഴുതിയിരുന്നു, പിന്നെയാണ് അതുവിട്ട് ഛായാഗ്രഹണത്തിലേക്ക് തിരിഞ്ഞത്. ഒന്നും ചെയ്യാനില്ലാത്ത കൊവിഡ് കാലം മുന്നില്‍ വന്നപ്പോള്‍ അവന്‍ വീണ്ടും കഥയില്‍ ചെന്നുനില്‍ക്കുകയായിരുന്നു. 'നല്ലൊരു കഥയുണ്ട്. ഞാനൊന്ന് എഴുതിനോക്കാം' എന്നാണ് ബാഹുല്‍ പറഞ്ഞത്. അതു കഴിഞ്ഞ് എട്ടു ദിവസം. പിന്നെയാണ് കഥയുമായി അവന്‍ എന്നെ കാണുന്നത്. എട്ടു ദിവസത്തിനുള്ളില്‍ അവന്‍ തിരക്കഥ എഴുതിയിരുന്നു. അതാണ് കിഷ്‌കിന്ധാകാണ്ഡം. എനിക്കാ കഥ നല്ലോണം ഇഷ്ടമായി. ഞങ്ങള്‍ അതുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചു. കഥ ആസിഫിനോട് പറഞ്ഞു. കഥ കേട്ടതും ആസിഫ് ആകെ ത്രില്ലിലായി. നേരെ വന്ന് ഞങ്ങളെ കെട്ടിപ്പിടിച്ചു. ഇത് കലക്കും. നമ്മളിത് ചെയ്യും എന്നു പറഞ്ഞു. പിന്നെ മുന്നോട്ടേക്കുള്ള പോക്കായിരുന്നു.''

''ഷൂട്ടിന്റെ സമയത്തും ആസിഫ് ശരിക്കും ത്രില്ലിലായിരുന്നു. അതിനിടെ അഭിനയിച്ച സിനിമകളുടെ സെറ്റുകളിലെല്ലാം ആസിഫ് 'ഗംഭീരമായ ഒരു സിനിമ വരുന്നുണ്ട്' എന്ന നിലയില്‍ കിഷ്‌കിന്ധാകാണ്ഡത്തെക്കുറിച്ച് പറഞ്ഞു. ഫീല്‍ഡിലുള്ള ഒരു പാട് സുഹൃത്തുക്കള്‍ ഇക്കാര്യം പങ്കുവെച്ചത് ഞങ്ങള്‍ക്ക് തന്ന എനര്‍ജി ചെറുതായിരുന്നില്ല.''

കിഷ്‌കിന്ധകാണ്ഡത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുമുണ്ടായി ചില്ലറ അനിശ്ചിതത്വങ്ങള്‍. ജനുവരിയില്‍ പുറത്തിറക്കാനായിരുന്നു ആദ്യ ആലോചന. പക്ഷേ, ആ സമയത്ത് ആസിഫിന്റെ രണ്ടു പടങ്ങള്‍ റിലീസ് ആവാനുണ്ടായിരുന്നു. അതിറങ്ങാന്‍ കാത്തിരിക്കേണ്ടി വന്നു. അങ്ങനെ ഓണക്കാലത്തേക്ക് റിലീസ് നീണ്ടു. അതും ടെന്‍ഷനുള്ള കാര്യമായിരുന്നു. ഓണം റിലീസ് എന്നത് റിസ്‌കാണ്. വമ്പന്‍ ബാനറുകളുടെ, വമ്പന്‍ താരങ്ങളുടെ സിനിമകള്‍ വരുന്ന സമയമാണ്. അതിനിടയില്‍ ചെറുസിനിമകള്‍ മുങ്ങിപ്പോവാറാണ് പതിവ്. പരിചയമുള്ള തിയറ്റര്‍ ഉടമകളില്‍ പലരും ദിന്‍ജിത്തിനോട് തന്നെ തങ്ങളുടെ ആശങ്ക പങ്കുവെച്ചിരുന്നു. അമ്മിണിപ്പിള്ളയ്ക്ക് സംഭവിച്ചത് കിഷ്‌കിന്ധാകാണ്ഡത്തിന് സംഭവിക്കുമോ എന്ന ആശങ്ക. 

''എന്നാല്‍, ഞാന്‍ കോണ്‍ഫിഡന്റായിരുന്നു. സിനിമയിലെ കണ്ടന്റില്‍ എനിക്കു വിശ്വാസമുണ്ടായിരുന്നു. 'കിഷ്‌കിന്ധാകാണ്ഡ'ത്തില്‍ അതിലും വിശ്വാസമായിരുന്നു പ്രൊഡ്യൂസര്‍ ജോബിച്ചേട്ടന്. നമ്മള്‍ ഓണത്തിന് തന്നെ ഇറക്കും. നമ്മുടെ സിനിമ സൂപ്പര്‍ ഹിറ്റാവും. അതായിരുന്നു ആശങ്കകള്‍ പങ്കുവെച്ചപ്പോള്‍ ജോബിച്ചേട്ടന്റെ മറുപടി.''

ആ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. അത്തവണ ഓണക്കാലത്ത് ബ്രഹ്മാണ്ഡ പടങ്ങളൊന്നുമില്ലായിരുന്നു. എആര്‍എം പോലുള്ള രണ്ടു മൂന്ന് പടങ്ങള്‍ മാത്രം. മറ്റു പല അനുകൂല സാഹചര്യങ്ങളും ഒത്തു വന്നതോടെ 'കിഷ്‌കിന്ധാകാണ്ഡം' കത്തിപ്പിടിച്ചു. ''റിലീസിംഗില്‍ വന്ന ഡിലേ ശരിക്കും നല്ലതിനായിരുന്നു. നമുക്കായി കൃത്യസമയം ഒരുക്കിയതു പോലാണ് എനിക്കുതോന്നിയത്.'' 

ശരിക്കും അങ്ങനെ തന്നെയാണോ? റിലീസിന് തൊട്ടുമുമ്പ് സത്യത്തില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നില്ലേ? ഈ ചോദ്യം ചോദിച്ചപ്പോള്‍, ദിന്‍ജിത് പറഞ്ഞ ഉത്തരത്തിലുണ്ട്, ആ സമയത്തെ മാനസികാവസ്ഥ. ''സത്യം പറഞ്ഞാല്‍, ഞാന്‍ ഭയങ്കര കൂളായിരുന്നു. കോണ്‍ഫിഡന്റായിരുന്നു. ക്രൂവിനോട് ഞാന്‍ പറഞ്ഞിരുന്നു, ഇതെന്തായാലും നമ്മള് പൊളിക്കും. ഇക്കഴിഞ്ഞ ദിവസം എന്റെ ഒരു അസി. ഡയരക്ടര്‍ പറഞ്ഞു, 'നിങ്ങള്‍ അന്ന് പറഞ്ഞത് എനിക്കോര്‍മ്മയുണ്ട്. ഈ രണ്ടാമത്തെ പടത്തില്‍ എന്റെ പേര് വരുമെടാ. എന്തുവന്നാലും ഇത് ഹിറ്റ് തന്നെയാണ്. നമ്മള്‍ അറിയപ്പെടും എന്ന്.  അവനോട് ഞാന്‍ എപ്പോഴും പറഞ്ഞിരുന്നതാണ് അത്. ആ സംഭവം അവന്‍ കഴിഞ്ഞദിവസം പറഞ്ഞപ്പോഴാണ് ഞാനോര്‍ത്തത്.''

 


 ഭാര്യ ശര്‍മ്മിള, മക്കള്‍ ധ്യാന്‍, ദേവ് എന്നിവര്‍ക്കൊപ്പം ദിന്‍ജിത്

ഒമ്പതു വര്‍ഷത്തെ യുദ്ധം!

മുന്നിലിപ്പോള്‍, പഴയ ദിന്‍ജിത്തല്ല. സ്വയം തെളിയിക്കാന്‍ അവസരം കിട്ടാതെ, സിനിമ എന്ന രാവണന്‍ കോട്ടയ്ക്കു മുന്നില്‍ കാത്തുകെട്ടിനിന്ന അവസ്ഥ മാറി. ദിന്‍ജിത്തിന്റെ കോണ്‍ഫിഡന്‍സ് പോലെ തന്നെ 'കിഷ്‌കിന്ധാകാണ്ഡം' വന്‍ ഹിറ്റായി. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പടമായി അത്. നിരൂപകര്‍ക്കിടയിലും അത് ശ്രദ്ധേയമായി. ഐ എഫ് എഫ് കെ അടക്കമുള്ള ചലച്ചിത്രമേളകളിലും അതിനിടം കിട്ടി. ഏറ്റവും പ്രധാനം വീട്ടുകാരാണ്. അവരുടെ ആധികള്‍ നീങ്ങി. സംവിധായകനെന്ന നിലയിലുള്ള ദിന്‍ജിത്തിന്റെ വിജയം അവരുടെയും ആത്മവിശ്വാസം കൂട്ടി. 

ഇപ്പോള്‍ ദിന്‍ജിത്തിന് എന്താണ് പറയാനുള്ളത്? വിജയിച്ച ഫിലിം മേക്കര്‍ എന്ന അവസ്ഥയെ അയാള്‍ എങ്ങനെയാണ് ആസ്വദിക്കുന്നത്? ഒമ്പതു വര്‍ഷം നീണ്ട പോരാട്ടത്തിലൂടെ, സ്വന്തം സ്വപ്നത്തെ കൈപ്പിടിയിലൊതുക്കിയ ഈ ചെറുപ്പക്കാരന്റെ ഇനിയുള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാണ്? 

ഈ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ രസകരമായിരുന്നു ഉത്തരങ്ങള്‍. ''എന്താ പറയുക എന്നറിയില്ല. ഭയങ്കര സന്തോഷമുണ്ട്. ഒരു പാട് സ്വപ്‌നം കണ്ട കാര്യമാണ്. ഫിലിം മേക്കര്‍ എന്ന നിലയില്‍ ഒരുപാട് ആഗ്രഹിച്ചതാണ് ഈ അവസ്ഥ. വിജയിച്ച ഫിലിംമേക്കര്‍- അതിന്റെ ഒരു പ്രിവിലേജ് -അത് വലിയ കാര്യമാണ്, അനുഭവമാണ്. വലിയവലിയ ആളുകള്‍ നമ്മളെ വിളിക്കുന്നു. ഡയരക്‌ടേഴ്‌സ് വിളിക്കുന്നു, പ്രൊഡ്യൂസേഴ്‌സ് വിളിക്കുന്നു, താരങ്ങള്‍ വിളിക്കുന്നു. തമിഴിലും ഹിന്ദിയിലും നിന്നും വിളി വരുന്നു. നല്ല ഫിലിം മേക്കറാണെന്ന കാര്യം ആള്‍ക്കാരറിഞ്ഞു എന്ന സന്തോഷം. നമ്മളെത്രയോ കാലം ആഗ്രഹിച്ച ഒരു സംഗതിയില്‍ നമ്മളെത്തിപ്പെട്ടു എന്ന സന്തോഷം. ഫിനാന്‍ഷ്യലി ഒന്നും വലിയ രീതിയില്‍ ആയിട്ടില്ല. എന്നാല്‍ അംഗീകരിക്കപ്പെടുന്നു എന്നത്, അതൊന്നു വേറെത്തന്നെയാണ്.'' 

ഇനിയുള്ള പ്രൊജക്ടുകളെക്കുറിച്ചും ദിന്‍ജിത്ത് മനസ്സ് തുറന്നു. കിഷ്‌കാന്ധകാണ്ഡത്തിന് തിരക്കഥയെഴുതിയ ബാഹുല്‍ രമേശുമൊത്തുള്ള ഒരു പ്രൊജക്ടാണ് ഇപ്പോള്‍ സജീവ പരിഗണനയിലുള്ളത്. ''ബാഹുലും ഞാനും കൂടിയുള്ള പുതിയ ഒരു സബ്ജക്ടാണ് ചെയ്യാനിരിക്കുന്നത്. ഇതുവരെ എവിടെയും വരാത്ത ഒരു സബ്ജക്ട്. വ്യത്യസ്തമായ പ്രമേയം. മിസ്റ്ററി ഴോണര്‍. നാട്ടിന്‍പുറത്തു നടക്കുന്ന ഒരു കഥ തന്നെയാണ് ഇതും. ആസിഫലി ആവില്ല ഇതില്‍ നായകന്‍. ആസിഫിനു പറ്റുന്ന കഥയല്ല ഇത്. കുറേ കൂടി ചെറുപ്പമാണ് ഇതിലെ നായകന്‍. അതിനുശേഷം മറ്റൊരു പ്രൊജക്ടും ആലോചനയിലുണ്ട്. ബാഹുലിന്റെ കസിന്‍ ബിനായ് ആണ് എഴുത്ത്. അതും ആലോചിക്കുന്നുണ്ട്.'' 

സിനിമയിലേക്ക് വരുംമുമ്പ് ആനിമേഷനായിരുന്നു ദിന്‍ജിത്തിന്റെ തട്ടകം. അനേകം വര്‍ഷങ്ങള്‍ ആനിമേഷനില്‍ അയാള്‍ ജീവിച്ചു. പുതിയ കാലം ആനിമേഷന്‍േറത് കൂടിയാണ്. ലോകമെങ്ങും ആനിമെ സിനിമകള്‍ വന്‍ വിപണി കണ്ടെത്തിക്കൊണ്ടിരിക്കുന്നു. പുതിയ തലമുറ ജപ്പാനിലും കൊറിയയിലും നിന്നൊക്കെ വരുന്ന ആനിമെകളുടെ ആരാധകരാണ്. സ്റ്റുഡിയോ ഗിബ്‌ലി മുതല്‍ ഡിസ്‌നി സ്റ്റുഡിയോ വരെ പല തരത്തിലുള്ള ആനിമെകളാല്‍ നമ്മുടെ കാഴ്ചക്കാരെ വലിച്ചടുപ്പിക്കുമ്പോള്‍, ദിന്‍ജിത്തിന് അതിലെന്താണ് ചെയ്യാനാവുക? 

''ആനിമെ. എനിക്കത് ഭയങ്കര ഇഷ്ടമാണ്. ഗംഭീരമാണ് അതിന്റെ സാധ്യതകള്‍. എന്നാല്‍, അതിന്റെ ചെലവ്, നമ്മളെ പോലുള്ള ഒരു ഇന്‍ഡസ്ട്രിയ്ക്ക് അതു താങ്ങുക എളുപ്പമല്ല. കൈയിലൊതുങ്ങാത്ത ബജറ്റാണ് അതിന്‍േറത്. വമ്പന്‍ സ്റ്റുഡിയോകളാണ് ഇപ്പോള്‍ അതു ചെയ്യുന്നത്. നല്ലൊരു ടീം ഉണ്ടാവുകയും ബജറ്റ് ഉണ്ടാവുകയും ചെയ്താല്‍ അത് ചെയ്യാവുന്നതേയുള്ളൂ. പക്ഷ, ഞാനിപ്പോള്‍ ആ വഴിക്ക് ആലോചിക്കുന്നില്ല. ഫീച്ചര്‍ ഫിലിം തന്നെ എന്റെ മനസ്സിലുള്ള ലക്ഷ്യം, മാര്‍ഗവും.''-ദിന്‍ജിത്തിന്റെ വാക്കുകള്‍. 

രസകരമെന്നു പറയട്ടെ, ഫിലിം മേക്കര്‍ എന്ന നിലയില്‍ ദിന്‍ജിത്തിന്റെ മുന്നിലുള്ള മുഖ്യ വെല്ലുവിളി എന്താണ് എന്ന ചോദ്യത്തിന്റെ
ഉത്തരവും പുതിയ കാഴ്ചയുടെ ഈ അച്ചുതണ്ടില്‍ ചെന്നുതന്നെയാണ് തറച്ചത്. ''കുട്ടികള്‍. അതാണ് വലിയ വെല്ലുവിളി. അവരോട് കണക്ട് ചെയ്യണം. അവരാണ് വരുംതലമുറ. അവരോട് കണക്ട് ചെയ്യുന്ന സിനിമകള്‍ക്ക് മാത്രമേ ഫാമിലി ഓഡിയന്‍സിനെ തിയറ്റില്‍ എത്തിക്കാനാവൂ. നമ്മുടെ കാലത്തെപ്പോലുള്ള കുട്ടികളും ചെറുപ്പക്കാരുമല്ല ഇന്ന്. ലോകമെങ്ങൂം നടക്കുന്നു ഏതു ചെറിയ ചലനങ്ങളും അറിയുന്നവരാണ്. ഈ ജനറേഷനുമായി സംവദിക്കുക എന്ന വെല്ലുവിളി അഭിമുഖീകരിക്കാതെ ഇനിയാര്‍ക്കും സിനിമ എടുക്കാനാവില്ല. അത്തരം കണ്ടന്റ് കിട്ടുക എന്നതാണ് ശരിക്കും വെല്ലുവിളി. പുതുതലമുറയുടെ ലോകവുമായി ചേര്‍ന്നു നില്‍ക്കുന്ന കണ്ടന്റിനാണ് ഞാന്‍ ഉറ്റുനോക്കുന്നത്. ഭാഗ്യത്തിന് കിഷ്‌കിന്ധാകാണ്ഡം അത്തരമൊരു കണ്ടന്റായിരുന്നു. കുട്ടികളോടും ചെറുപ്പക്കാരോടും കണക്ട് ചെയ്യാന്‍ അതിനായി. എന്റെ മക്കളൊക്കെ ആനിമേയുടെ ആളുകളാണ്.  മൂത്ത മകന്‍ ധ്യാന്‍, രണ്ടാമത് ദേവ്. സിനിമകളെ ക്രിട്ടിക്കലായി കാണുന്നവരാണ് അവര്‍. 'കിഷ്‌കിന്ധാകാണ്ഡം' കാണിക്കുമ്പോള്‍ പിള്ളേര്‍ക്ക് എന്തു തോന്നും എന്നതായിരുന്നു എന്റെ ഒരു ഉല്‍ക്കണ്ഠ. ബ്രില്യന്റ് എന്നാണ് ധ്യാന്‍ പറഞ്ഞത്. അതത്ര സാധാരണമല്ല. സിനിമകളെ കീറിമുറിച്ച് കാണുന്നയാളാണ്. വിമര്‍ശിക്കുന്ന ആളാണ്. അവന്റെ അഭിപ്രായം തന്ന ധൈര്യം ചെറുതായിരുന്നില്ല. ധ്യാന്‍ അടക്കമുള്ള പുതുതലമുറയ്ക്ക് ഇഷ്ടപ്പെടുന്ന, അവരുടെ ബുദ്ധിശക്തിയെ ചലഞ്ച് ചെയ്യുന്ന, അവരുടെ കാഴ്ചാശീലങ്ങളെ വെല്ലുവിളിക്കുന്ന, അവരോട് കണക്ട് ചെയ്യുന്ന സിനിമ എടുക്കണം. അതാണ് എന്റെ സ്വപ്നം. പ്രതീക്ഷ.''

click me!