Kurup Movie | 'കുറുപ്പിന്‍റെ യഥാര്‍ഥ മുഖം ജനങ്ങളിലെത്തുന്നതില്‍ സന്തോഷം'; സിനിമ കണ്ടെന്ന് ചാക്കോയുടെ മകന്‍

By Nirmal Sudhakaran  |  First Published Nov 4, 2021, 8:38 PM IST

"ടീസര്‍ കണ്ടപ്പോള്‍ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു, ആ സംശയങ്ങള്‍ ശരിയാവുന്നപക്ഷം നിയമനടപടിക്ക് നീങ്ങാനായിരുന്നു തീരുമാനം. പക്ഷേ..", ചാക്കോയുടെ മകന്‍ ജിതിന്‍ ചാക്കോ പറയുന്നു


കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി (Sukumara Kurup) ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan) സ്ക്രീനിലെത്തുന്ന ചിത്രമാണ് 'കുറുപ്പ്' (Kurup Movie). സിനിമയുടെ പ്രചരണത്തിന്‍റെ ഭാഗമായി സ്പെഷല്‍ ടീ ഷര്‍ട്ടുകള്‍ അണിയറക്കാര്‍ പുറത്തിറക്കിയത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം 'കുറുപ്പ്' എന്ന ക്രിമിനലിനെ ന്യായീകരിക്കുന്ന ചിത്രം ആയിരിക്കുമോ എന്നും പലരും ആശങ്ക പങ്കുവച്ചിരുന്നു. കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍ ജിതിന്‍ (Jithin Chacko) സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയ സമയത്ത് ചിത്രം കുറുപ്പിനെ ന്യായീകരിക്കുന്ന ഒന്നായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെയാവുന്നപക്ഷം ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും. എന്നാല്‍ സിനിമയുടെ ഫൈനല്‍ വെര്‍ഷന്‍ താന്‍ കണ്ടെന്നും അത് സുകുമാരക്കുറുപ്പിനെ ന്യായീകരിക്കുന്ന ഒന്നല്ലെന്നും പറയുകയാണ് ചാക്കോയുടെ മകന്‍ ജിതിന്‍ ചാക്കോ. 'കുറുപ്പി'നെക്കുറിച്ച് ജിതിന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു

"ദുല്‍ഖര്‍ സല്‍മാന്‍ നായകനായി 'കുറുപ്പി'ന്‍റെ വേഷം ചെയ്യുന്നു എന്ന് കേട്ടപ്പോഴേ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു, സിനിമ എങ്ങനെയാവും എന്ന്. പിന്നെ സിനിമയുടെ ടീസര്‍ കൂടി കണ്ടപ്പോള്‍ ഉറപ്പിച്ചതാണ്, ഇത് കുറുപ്പിനെ ന്യായീകരിച്ചുകൊണ്ടുള്ള, നായകന്‍റെ ഹീറോയിസമൊക്കെയുള്ള സിനിമയായിരിക്കും എന്ന്. അങ്ങനെയാവുന്നപക്ഷം കേസിന് പോകാം എന്നും തീരുമാനിച്ചിരുന്നു. വക്കീല്‍ നോട്ടീസും അയച്ചിരുന്നു. പക്ഷേ അത് കൈപ്പറ്റുന്നതിനു മുന്‍പുതന്നെ മാധ്യമങ്ങളിലൂടെയൊക്കെ അറിഞ്ഞിട്ടാവണം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഞങ്ങളെ ബന്ധപ്പെട്ടു. സംവിധായകന്‍ ശ്രീനാഥ് സംസാരിച്ചു. കുറുപ്പിനെ സിനിമയില്‍ തങ്ങള്‍ ന്യായീകരിക്കില്ല, ഈ കേസിനപ്പുറമുള്ള കാര്യങ്ങള്‍ അയാള്‍ ചെയ്‍തിട്ടുണ്ട്. അത് ലോകത്തെ അറിയിക്കുന്ന സിനിമയായിരിക്കും എന്നൊക്കെ ഞങ്ങളോട് പറഞ്ഞു. ഇക്കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ബോധ്യപ്പെടാനായി പടവും കാണിക്കാമെന്ന് പറഞ്ഞിരുന്നു", ജിതിന്‍ പറയുന്നു.

Latest Videos

undefined

'സുകുമാരക്കുറുപ്പിനെ ആഘോഷിക്കില്ല, ഒടിടിയില്‍ നിന്ന് മികച്ച ഓഫര്‍ വന്നിരുന്നു'; 'കുറുപ്പ്' സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ അഭിമുഖം

 

"രണ്ട് തവണ സിനിമ കാണിച്ചു. സിനിമയുടെ ഔട്ട്‍ലൈന്‍ വിശദീകരിക്കുന്നതിനുവേണ്ടി എഡിറ്റിംഗ് പൂര്‍ത്തിയാവുന്നതിനു മുന്‍പും പിന്നീട് എല്ലാം പൂര്‍ത്തിയായതിനു ശേഷവും", സിനിമ സുകുമാരക്കുറുപ്പിനെ ന്യായീകരിക്കുന്ന ഒന്നല്ലെന്ന് ജിതിന്‍ പറയുന്നു. "പത്രങ്ങളില്‍ നിന്നൊക്കെയാണ് എന്‍റെ അച്ഛന്‍റെ കൊലപാതകത്തെക്കുറിച്ച് ഞാനും കൂടുതലായി അറിഞ്ഞിരിക്കുന്നത്. ഞാനും അമ്മയും ഇക്കാര്യങ്ങളൊന്നും അധികം സംസാരിക്കാറില്ല. ഇന്‍ഷുറന്‍സ് തട്ടിപ്പിനുവേണ്ടി എന്‍റെ അച്ഛനെ കൊന്നു എന്ന ഒരു അറിവ് മാത്രമേ എനിക്കുള്ളൂ. പക്ഷേ ഈ സിനിമ കണ്ടപ്പോഴാണ് അതിനേക്കാളൊക്കെ അപ്പുറം കുറേ കാര്യങ്ങളുണ്ടെന്ന് എനിക്ക് മനസിലായത്. അക്കാര്യങ്ങള്‍ ജനങ്ങളുടെ ഇടയില്‍ കൂടി എത്തുക എന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ". സ്പെഷല്‍ ടീഷര്‍ട്ട് പബ്ലിസിറ്റിയില്‍ വിഷമം തോന്നിയെന്നും എന്നാല്‍ ചിത്രത്തിലൂടെ കുറുപ്പിന്‍റെ യഥാര്‍ഥ മുഖം ജനങ്ങളിലെത്തും എന്നതില്‍ സന്തോഷമുണ്ടെന്നും ജിതിന്‍ പറയുന്നു.

click me!