മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലായി നാൽപ്പതോളം സിനിമകൾക്ക് വേണ്ടി സ്പോട്ട് എഡിറ്റിംഗ് ചെയ്തിട്ടുണ്ട് വിനയന്‍
മാറുന്ന മലയാള സിനിമയ്ക്ക് മുന്നിൽ മാറ്റത്തിന്റെ മറ്റൊരു ദൃശ്യവിസ്മയവുമായെത്തിയ ചിത്രമാണ് മനു രാധാകൃഷ്ണൻ സംവിധാനം ചെയ്ത ഗു. ഈ വർഷത്തെ രണ്ടാമത്തെ ഹൊറർ ചിത്രം എന്നതിലുപരി ഒരു പത്ത് വയസുകാരി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ഹൊറർ ജോണറിലെ എക്കാലത്തെയും ക്ലാസിക് സിനിമയായ അനന്തഭദ്രത്തിന് ശേഷം മണിയൻപിളള രാജു പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന അതേ ജോണറിലെ സിനിമ കൂടിയാണിത്.
ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരിൽ പ്രധാനിയാണ് എഡിറ്റർ വിനയൻ എം ജെ. വേഗതയുള്ള ഷോട്ടുകളും ഫൈറ്റ് രംഗങ്ങളും ചെയ്യാൻ ഇഷ്ടപ്പെടുന്ന വിനയനിലേക്ക് ഗു എന്ന ചിത്രം വന്നപ്പോൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.
ഭൂരിഭാഗവും സ്പോട്ട് എഡിറ്റിംഗ്
വളരെ ചുരുങ്ങിയ സമയം കൊണ്ട് ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ ഭൂരിഭാഗം സമയവും ഉണ്ടായിരുന്ന ആളാണ് വിനയൻ. അതുകൊണ്ട് തന്നെ സ്പോട്ട് എഡിറ്റിംഗിലൂടെ അപ്പപ്പോള്‍ത്തന്നെ സംവിധായകൻ മനുവിനോട് ചർച്ച ചെയ്ത് ഒരുവിധം എഡിറ്റിങ് ജോലി പൂർത്തീകരിക്കുമായിരുന്നു. 70 ശതമാനത്തോളം എഡിറ്റിംഗും ലൊക്കേഷനിൽത്തന്നെ പൂർത്തിയായത് കൊണ്ട് എഡിറ്റിങ് ടേബിളിൽ കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. ഷൂട്ട് കഴിഞ്ഞ് അഞ്ച് ദിവസം കൊണ്ടാണ് ഈ സിനിമയുടെ എഡിറ്റിംഗ് പൂർത്തിയാക്കി ഡബ്ബിംഗിന് അയച്ചത്.
ആദ്യത്തെ ഹൊറർ പടം
മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലായി നാൽപ്പതോളം സിനിമകൾക്ക് വേണ്ടി സ്പോട്ട് എഡിറ്റിംഗ് ചെയ്ത വിനയന്റെ മലയാളത്തിലെ ആദ്യത്തെ ഹൊറർ ചിത്രമാണ് ഗു. ഹൊറർ സിനിമകളുടെ കാഴ്ച പലപ്പോഴും ഞെട്ടിപ്പിക്കുന്നതാണ്, ഈ സിനിമയുടേതും. സ്ലോ ആയി പോയി പെട്ടെന്ന് പ്രേക്ഷകനിൽ ഞെട്ടലുണ്ടാക്കുന്ന ഈ ടെക്നിക്കിനെ റാംപ് ചെയ്ത് കട്ട് ചെയ്യുക എന്നാണ് പറയുന്നത്. ഗുവിൽ അത്തരം ഷോട്ടുകൾ ധാരാളമുണ്ട്. ഇങ്ങനെയുള്ള എഡിറ്റിംഗ് വളരെ ഇഷ്ടമുള്ള വിനയന് ഗു ഏറെ ആസ്വദിച്ച് ചെയ്യാൻ പറ്റിയ സിനിമയായിരുന്നു.
ഏറ്റവുമിഷ്ടം ഫൈറ്റ് രംഗങ്ങൾ
ഫൈറ്റ് സീനുകൾ കൂടുതലുള്ള സിനിമകൾ എഡിറ്റ് ചെയ്യാനാണ് വിനയന് കൂടുതൽ ഇഷ്ടം. ഫൈറ്റ് സീനിൽ ഉപയോഗിക്കാറുള്ള അതേ ടെക്നോളജി തന്നെയാണ് ഗു എഡിറ്റ് ചെയ്യുന്ന സമയത്തും ഉപയോഗിച്ചിട്ടുള്ളത്.
റഫറൻസ്
താൻ യാതൊരു റഫറൻസുമില്ലാതെ പ്ലെയ്ൻ ആയി ചെയ്ത സിനിമയാണ് ഗു എന്നാണ് വിനയൻ പറയുന്നത്. എന്നാൽ ചിത്രീകരണത്തിന് മുൻപ് ഇങ്ങനെയെല്ലാമുള്ള ഷോട്ടുകൾ വേണമെന്ന് സംവിധായകൻ മനുവിനോട് മുൻകൂട്ടി പറഞ്ഞിരുന്നു. ഏതെല്ലാം രീതിയിലുള്ള ഷോട്ടുകളാണ് കൂടുതൽ ഭയപ്പെടുന്നത്, തുടങ്ങിയ കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് തീർച്ചപ്പെടുത്തിയതിന് ശേഷമാണ് സിനിമ ആരംഭിച്ചത്.
സിനിമയിലേക്ക് വരുന്നത്
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അച്ഛൻ വാങ്ങിക്കൊടുത്ത കംപ്യൂട്ടറാണ് ഒരു തരത്തിൽ വിനയന്റെ കലാജീവിതത്തിലേക്ക് വഴി തെളിച്ചത്. നമ്മുടെ നാട്ടിൽ എല്ലാവരും ചൈന കമ്പനിയുടെ ഫോൺ ഉപയോഗിച്ചിരുന്ന കാലഘട്ടം ആയിരുന്നു അത്. അത്തരം ഫോണുകളിൽ ഷൂട്ട് ചെയ്ത വീഡിയോ വിനയൻ കംപ്യൂട്ടറിൽ എഡിറ്റ് ചെയ്ത് സുഹൃത്തുകൾക്ക് കൊടുക്കുമായിരുന്നു. വഴിത്തിരിവായത്, അഴകിയ രാവണനിലെ ഇവിടെ പാലു കാച്ചൽ, അവിടെ കല്യാണം എന്ന വിഖ്യാതമായ ഡയലോഗ് വെച്ചുള്ള ഒരു എഡിറ്റിംഗ് ആയിരുന്നു. കൂട്ടുകാരന്റെയും നയൻതാരയുടെയും ഫോട്ടോ വെച്ച് ചെയ്ത ആ വർക്ക് കണ്ട് എല്ലാവരും അഭിനന്ദിച്ചു. പക്ഷേ വിനയന്, തന്റെ കയ്യിലുണ്ടായിരുന്ന സാധാരണ കംപ്യൂട്ടറിൽ വീഡിയോ എഡിറ്റ് ചെയ്യുന്നതിന് പരിമിതികൾ ഉണ്ടായിരുന്നു.
ഫിലിം സ്കൂളിലേക്ക്
കൊച്ചിയിലെ നിയോ ഫിലിം സ്കൂളിനെക്കുറിച്ച് കൊട്ടാരക്കരക്കാരനായ വിനയൻ ഗൂഗിളിൽ നിന്നാണ് അറിയുന്നത്. തുടർന്ന് പ്ലസ്ടു കൊമേഴ്സ് കഴിഞ്ഞ് നേരെ കൊച്ചിയിലേക്ക് വണ്ടി കയറി. പഠനം ഒന്നര വർഷം കഴിഞ്ഞപ്പോഴേക്കും വിനയൻ തന്റെ കരിയർ ആരംഭിച്ചു എന്ന് വേണം പറയാൻ. സെക്കന്‍ഡ് ക്ലാസ് എന്ന സിനിമയുടെ മേക്കിംഗ് വീഡിയോ ആണ് ആദ്യം ചെയ്ത വർക്ക്. പിന്നീട് കുഞ്ഞിരാമായണം, തിങ്കൾ മുതൽ വെളളി വരെ, അനാർക്കലി, ആടുപുലിയാട്ടം തുടങ്ങി ആ ലിസ്റ്റ് നീണ്ടു നീണ്ടു പോയി. ലോക്ഡൗൺ സമയത്ത് ലാസ്റ്റ് ടു ഡേയ്സ് എന്ന ചിത്രമാണ് വിനയന്റെ ആദ്യ സ്വതന്ത്ര സിനിമ.
ALSO READ : റാഫിയുടെ തിരക്കഥയിൽ മകൻ നായകൻ; നാദിര്‍ഷയുടെ 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി' 31 ന്