സീരിയൽ മുഖമായതിനാൽ മാറ്റിനിർത്തി; ഇന്ന് സിനിമയിൽ ഹീറോ ! ഇത് സൂരജിന്റെ വിജയ യാത്ര

By Nithya Robinson  |  First Published May 18, 2022, 4:25 PM IST

വിനീത് ശ്രീനിവാസന്റെ 'ഹൃദയ'ത്തിൽ കല്യാണ ചെക്കനായെത്തിയ സൂരജിപ്പോൾ 'ആറാട്ടുമുണ്ട'നിൽ നായകനായി എത്തുകയാണ്.


സീരിയൽ താരങ്ങളിൽ മിക്കവരും അറിയപ്പെടുന്നത് അവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പേരിലായിരിക്കും.  വീട്ടിലെ ഒരംഗത്തെക്കുറിച്ച് പറയുന്നത്ര അടുപ്പത്തോടെയാണ് മിക്ക കുടുംബ പ്രേക്ഷകരും ഇവരെക്കുറിച്ച് സംസാരിക്കുന്നത്. 'ദേവ' എന്ന പേരിനെയും മലയാളത്തിലെ മിനിസ്ക്രീൻ പ്രേക്ഷകർ അങ്ങനെയാണ് സ്വീകരിച്ചിരിക്കുന്നത്. 'പാടാത്ത പൈങ്കിളി'യിലെ 'ദേവ'യുടെ പേര് സൂരജ് സൺ(Sooraj Sun) എന്നാണെന്ന് ഒരുപക്ഷേ മിക്കവർക്കും അറിവുണ്ടാകില്ല. വിനീത് ശ്രീനിവാസന്റെ 'ഹൃദയ'ത്തിൽ കല്യാണ ചെക്കനായെത്തിയ സൂരജിപ്പോൾ 'ആറാട്ടുമുണ്ട'നിൽ നായകനായി എത്തുകയാണ്. ഈ അവസരത്തിൽ മിനിസ്ക്രീനിൽ നിന്നും ബിഗ്സ്ക്രീനിലെത്തിയ തന്റെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലൂടെ പങ്കുവയ്ക്കുകയാണ് സൂരജ്.

മോട്ടിവേഷൻ ഹീറോയിൽ നിന്നും സീരിയൽ നടനിലേക്ക്

Latest Videos

undefined

സീരിയലായിരുന്നില്ല എന്റെ ലക്ഷ്യം. കാരണം സീരിയലിലേക്ക് വന്ന് കഴിഞ്ഞാൽ പിന്നീട് സിനിമയിലേക്ക് എത്തിപ്പെടാൻ സാധിക്കില്ലെന്ന് പൊതുവിലൊരു സംസാരം ഉണ്ടല്ലോ. സിനിമയായിരിക്കുമല്ലോ എല്ലാവരുടെയും സ്വപ്നം. ഞാൻ സീരിയലിനെ കുറ്റം പറയുന്നതല്ല കേട്ടോ. ഒരു പരസ്യവുമായി ബന്ധപ്പെട്ടാണ് അംബിക ചേച്ചിയെ കാണുന്നത്. ആ പരിചയം എന്നെ 'പാടാത്ത പൈങ്കിളി' ഓഡിഷനിൽ എത്തിക്കുകയായിരുന്നു. ആദ്യം മടിച്ചു, പിന്നീട് ഒഡിഷന് പോയി. ഒടുവിൽ സെലക്ട് ആയി. 'ദേവ'യുമായി. തറവാട്, കുടുംബം എന്നൊക്കെ പറയില്ലേ? അതാണെനിക്ക്' പാടാത്ത പൈങ്കിളി'. അത്രയ്ക്കും നല്ലൊരു ബ്രാൻഡ് ആണ് സീരിയലിലൂടെ എനിക്ക് കിട്ടിയത്. വന്നവഴികളൊന്നും മറന്നുപോകാത്തൊരു ആളാണ് ഞാൻ. അമിതമാക്കി ഒന്നും നശിപ്പിക്കാൻ ഇഷ്‍ടമല്ലാത്ത ആൾ. എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ടായിരിക്കും. എല്ലാവരോടും ഇപ്പോഴും സ്നേഹമാണ്. അവരെ ഒക്കെ നല്ലരീതിയിൽ മിസ് ചെയ്യുന്നുമുണ്ട്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട 'ദേവ'

'ദേവ'യെ പ്രേക്ഷകർ ഏറ്റെടുത്തത് വലിയൊരു ഭാഗ്യമായാണ് ഞാൻ കാണുന്നത്. ആദ്യമായി സിനിമ ചെയ്തൊരു എഫ്‍ക്റ്റ് ആണ് പുറത്തിറങ്ങുമ്പോൾ എനിക്ക് കിട്ടുന്നത്. മോട്ടിവേഷനിലേക്ക് കടന്നപ്പോൾ ഒത്തിരി ആളുകളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ എനിക്ക് സാധിച്ചിട്ടുണ്ട്. സാധാരണക്കാരുടെ അടുത്തിരുന്ന് സംസാരിക്കുന്ന വ്യക്തിയായി എന്നെ അവർ കാണുന്നുണ്ട്. ആക്ടറെന്ന നിലയിലല്ല, അവരുടെ കുടുംബത്തിലെ ഒരു വ്യക്തി എന്ന നിലയിലാണ് കാണുന്നത്. 'ദേവ' ആയിരുന്നപ്പോഴായാലും സാധാരണ ജീവിതത്തിലായാലും സിമ്പിളായൊരു ലുക്കാണ് എനിക്ക്. മറ്റ് നടന്മാരുടെ മുന്നിലേക്ക് പോകുമ്പോഴുള്ളൊരു ഭയം ആളുകൾക്ക് എന്നോടില്ല. എവിടെ വച്ച് എന്നെ കണ്ടാലും സൂരജേട്ടാ.. എന്ന് വിളിച്ച് അടുത്ത് വന്ന് ഫോട്ടോ എടുക്കും. ആ ഒരു സ്നേഹം എപ്പോഴും ഉണ്ട്. ആ സ്നേഹം നിലനിർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നുമുണ്ട്. ആളുകൾ എന്നെ കാണുന്നത് ചേട്ടനായിട്ടും മകനായിട്ടുമൊക്കെയാണ്. അതൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷം.

സീരിയലിനോട് ബൈ പറഞ്ഞ് സൂരജ്

ആരോഗ്യപ്രശ്‍നങ്ങൾ കാരണമാണ് ഞാൻ സീരിയലിൽ നിന്നും പിൻവാങ്ങിയത്. അങ്ങനെ അല്ല എന്ന രീതിയിൽ വാർത്തകളൊക്കെ വന്നിരുന്നു. എനിക്ക് സിനിമയിൽ ഓഫർ കിട്ടി പോയതാണെന്നാണ് പലരും പറഞ്ഞത്. പക്ഷേ ഇപ്പോഴും എന്റേതായ പെയിൻ ഞാൻ അനുഭവിച്ച് കൊണ്ടിരിക്കുന്നുണ്ട്. യഥാർത്ഥത്തിൽ നടന്ന സംഭവം പറയാം. ഞങ്ങളുടെ നാട്ടിലൊരു പുഴയുണ്ട്. ചെറുപ്പത്തിൽ ഞാൻ നീന്തൽ പഠിച്ച പുഴയാണ്. വെള്ളം കയറുന്നതും പതിവാണ്. ഒരു ദിവസം മദ്രസ വിട്ട് വന്ന രണ്ട് കുട്ടികൾ പുഴയിൽ കുളിക്കാൻ ഇറങ്ങി. നല്ല ഒഴുക്കും പൊഴിയും ഉണ്ടായിരുന്നു. ഞാൻ നോക്കുമ്പോൾ ഒരു കുട്ടി അതിലകപ്പെട്ടു. മറ്റൊരു കുട്ടി കരച്ചിലുമായി. അങ്ങനെയാണ് പുഴയിലേക്ക് ഞാനെടുത്ത് ചാടുന്നത്. എങ്ങനെയൊക്കെയോ കുട്ടീടെ അടുത്തെത്തി. ഞാൻ തോർത്ത് ആയിരുന്നു ഉടുത്തിരുന്നത്. അതൊക്കെ വെള്ളത്തിൽ ഒലിച്ചുപോയി. ഏകദേശം അരകിലോമീറ്ററോളം അവനും ഞാനും ഒഴുകി പോയി. ഇടയ്ക്ക് ചവിട്ടാൻ കല്ല് കിട്ടി ആഞ്ഞപ്പോഴാണ് പ്രശ്‍നം പറ്റിയത്. വെള്ളം എവിടെയൊക്കെ പോകുന്നോ അവിടെയൊക്കെ എന്റെ മുതുക് ചെന്ന് ഇടിക്കുന്നുണ്ട്. അങ്ങനെ ഒന്ന് രണ്ട് തവണ ഇടിക്കുമ്പോൾ കല്ലിലിടിക്കുന്ന ഫീൽ ഉണ്ടാകും. ഒടുവിൽ ഒരു പിടിത്തം കിട്ടി, എങ്ങനെ ഒക്കെയോ കരയിൽ കയറി പറ്റി. കുട്ടിക്ക് ജീവനുണ്ട്. വേറെ ഒരു പ്രശ്‍നവും പറ്റിയില്ല, അവനെ ആശുപത്രിയിലും ആക്കി. പക്ഷേ എനിക്ക് സൈനസൊക്കെ വന്നു. ഇടിയൊക്കെ കിട്ടി ബോഡിയുടെ പലഭാഗത്തും മുറിവായിരുന്നു. പിന്നീട് ഞാൻ ഷൂട്ടിന് പോയി, കൊല്ലത്തൊരു ഉദ്ഘാടനത്തിനും പങ്കെടുത്താണ് വീട്ടിലെത്തിയത്. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ എനിക്ക് അനങ്ങാൻ പറ്റുന്നില്ല. ആയൂർവേദവും കാര്യങ്ങളുമൊക്കെ ചെയ്തു. മൂന്ന് മാസമെടുത്തു ഒന്ന് ഓക്കെ ആകാൻ. അങ്ങനെയാണ് 'പാടാത്ത പൈങ്കിളി'യിൽ നിന്നും മാറിയത്. അതിനെയാണ് ഞാൻ സിനിമയിൽ അഭിനയിക്കാൻ പോയെന്നൊക്കെ പറഞ്ഞുണ്ടാക്കിയത്.

മുട്ടിന് താഴെയൊക്കെ ഇപ്പോഴും പ്രശ്‍നമുണ്ട്. നിലവിൽ നട്ടെല്ലിന്റെ ജോയിന്റ് അൽപം വിട്ടിട്ടാ ഉള്ളത്. 'ആറാട്ടുമുണ്ടൻ' സിനിമയ്ക്ക് വേണ്ടി സ്റ്റണ്ട് ചെയ്‍തപ്പോൾ നല്ല പെയിൻ ഉണ്ടായിരുന്നു. സ്റ്റണ്ട് സീനൊക്കെ പറഞ്ഞാൽ ചെയ്യാതിരിക്കാൻ സാധിക്കില്ല. കാരണം, ചിലപ്പോൾ ഒരു അവസരം കിട്ടില്ലെങ്കിലോ. വീട്ടിൽ റസ്റ്റ് ആയിരുന്ന ഏഴ് മാസം നിരവധി സിനിമകൾ വന്നിരുന്നു എനിക്ക്. പക്ഷേ ഒന്നും ഞാൻ ഓക്കെ പറഞ്ഞില്ല. കാരണം, സിനിമ കിട്ടി ഞാൻ പോയെന്നാണ് സംസാരം. കമ്മിറ്റ് കൂടി ചെയ്‍താൽ അതവർ ഉറപ്പിക്കുകയും ചെയ്യും. എല്ലാം ഒന്ന് ഓക്കെ ആയ ശേഷമാണ് അഭിനയത്തിലേക്ക് വീണ്ടും എത്തിയത്.

ലൈഫിലെ മോശം അനുഭവം

'ആറാട്ടുമുണ്ട'ന് മുമ്പ് ഒരു സിനിമയിലേക്ക് എന്നെ വിളിച്ചിരുന്നു. എന്റെ ലൈഫിലെ മോശമായൊരു അനുഭവമായിരുന്നു അത്. ആ ചിത്രത്തിൽ ഞാനാണ് നായകനെന്ന രീതിയിലാണ് അവർ സംസാരിച്ചത്. പക്ഷേ അവിടെ എത്തിയപ്പോൾ സീരിയൽ നടനെ വച്ച് സിനിമ ചെയ്താൽ എങ്ങനെയാണ് മുന്നോട്ട് പോകുക എന്ന സംസാരമായി. ഇവരുടെ മുഖം കണ്ടുകഴിഞ്ഞാൽ സിനിമ കാണാൻ എങ്ങനെയാണ് മനുഷ്യന്മാർ കയറുക. സീരിയൽ ആണെന്ന് കരുതില്ലേ എന്ന രീതിയിൽ പറഞ്ഞു. ഭയങ്കര സങ്കടം തോന്നി അപ്പോൾ. അവന്റെ അഭിനയം സീരിയൽ അഭിനയമാണ് എന്നൊക്കെയുള്ള സംസാരം. അങ്ങനെ ഒന്നുണ്ടോ എന്ന് എനിക്കറിയില്ല, അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. പ്രതീക്ഷകൾ വച്ച് 28 ദിവസം വെറും നാല് സീൻ മാത്രം അഭിനയിച്ച് വന്ന ആളാണ് ഞാൻ. അതിന് ശേഷം ദൈവാനുഗ്രഹം എന്ന് പറയട്ടെ, സെക്കന്റ് ഹീറോ ആയിട്ട്, നായകനായിട്ടൊരു കോൾ എനിക്ക് വന്നു. നടൻ ഇന്ദ്രജിത്ത് ചെയ്യേണ്ടിയിരുന്ന റോളാണ് ഞാനിപ്പോൾ 'ആറാട്ടുമുണ്ടനി'ൽ ചെയ്യുന്നത്.

ഒരു ഐഡിയയും ഇല്ലാത്ത അഭിനയം

അഭിനയവുമായി ബന്ധപ്പെട്ട് ആരും എന്റെ കുടുംബത്തിൽ ഇല്ല. പണ്ട് സ്‍കൂളിൽ പഠിക്കുന്ന സമയത്തൊക്കെ അമ്മ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നൊക്കെ പറ‍ഞ്ഞ് കേട്ടിട്ടുണ്ട്. പിന്നെ ചെറുപ്പം മുതൽ ടിവിയുടെ മുന്നിൽ തന്നെയാകും ഞാൻ ഉണ്ടാവുക. അങ്ങനെ സിനിമകളൊക്കെ കണ്ടാകാം ഇങ്ങനെയൊരു താല്‍പര്യം വന്നത്. അക്കാര്യത്തെ പറ്റി എനിക്ക് ഇപ്പോഴും ഒരു ഐഡിയയും ഇല്ല. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ഡോക്യുമെന്ററി ചെയ്‍തിരുന്നു. അത് ടിവിയിൽ കാണുമ്പോഴുള്ളൊരു ഫീൽ. പ്ലസ് ടുവിന് പഠിക്കുമ്പോഴൊക്കെ ഞാൻ നടനാകുമെന്ന് ആളുകൾ പറയുന്നത് കേൾക്കുമ്പോഴുള്ളൊരു രോമാ‍ഞ്ചം ഉണ്ടല്ലോ, അതൊക്കെയാകാം ഇവിടെ എത്തിച്ചത്. ചോദിക്കാനും പറയാനും ആരുമില്ല, അഭിനയം എവിടെ പഠിക്കണം എങ്ങനെ പഠിക്കണം എന്നൊക്കെയുള്ള ഒരു ബേസും എനിക്കില്ലായിരുന്നു.

സ്വപ്‍നസാഫല്യം

എന്റെ ലൈഫ് ഉദാഹരണമായി എടുക്കണമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. എന്നെ കണ്ടുപഠിക്കണം എന്നല്ല കേട്ടോ. പണ്ട് ഞാൻ കാരവാനിലേക്ക് കയറിപോകുന്നൊരു വീഡിയോ എടുത്തിട്ടുണ്ടായിരുന്നു. നാളെ ഞാനൊരു കാരവാനിൽ ഇരിക്കുമെന്നൊരു ഉറപ്പ് എനിക്കുണ്ടായിരുന്നു. അന്ന് എടുത്തത് പകുതി വീഡിയോ ആണെങ്കിൽ ഇപ്പോഴെടുത്തത് മുഴുവൻ വീഡിയോയാണ്. ഞാൻ എന്ത് ആകണം എന്നതിനെ കുറിച്ച് ഞാൻ ചിന്തിക്കും. എല്ലാം ദൈവത്തിന്റെ കൈകളിലാണ്. നാളെ ആരൊക്കെ എവിടെ എത്തുമെന്ന് നമുക്ക് പറയാനാകില്ല. പക്ഷേ ഇങ്ങനെ ഒക്കെ എത്തിപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. സിനിമാ അഭിനയം ഇല്ലായിരുന്നുവെങ്കിൽ ഞാനിപ്പോൾ ഒരു ബിസിനസ്സുകാരൻ ആയേനെ. സിനിമയാണ് എന്റെ ആരോഗ്യവും ആയുസും നിലനിർത്തുന്നതെന്ന് ഞാൻ പറയും. ഞാൻ വന്നവഴികളിലേക്ക് തിരിച്ച് ചിന്തിക്കുമ്പോൾ വല്ലൊത്തൊരു ആശ്വാസം തോന്നുന്നുണ്ട്. സിനിമകൾ ഇനി പുറത്തിറങ്ങാനിരിക്കുന്നു, ആളുകൾ സിനിമ എറ്റെടുക്കണം തുടങ്ങി നിരവധി കാര്യങ്ങൾ ഇനിയുണ്ട്. പക്ഷേ ഇപ്പോൾ ഷൂട്ടിംഗ് വരെ എത്തിയപ്പോൾ ഒത്തിരി സന്തോഷമുണ്ട്.

എല്ലാറ്റിനും ദൈവത്തോട് നന്ദി. പിന്നെ സിനിമയിൽ ആരാധകരെ കിട്ടിയ നടന്മാർ വളരെ കുറച്ചെ ഉള്ളു. അഭിനയിക്കുന്ന ഒത്തിരി താരങ്ങളുണ്ടാകും പക്ഷേ ഫാൻസിനെ കിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം എന്നെ സ്നേഹിക്കുന്ന ഒത്തിരി ആളുകൾ കേരളത്തിലുണ്ട്. അമ്മ, പെങ്ങന്മാർ ഉൾപ്പടെ നിരവധി പേർ. അവർക്ക് വേറെ പണിയില്ലാഞ്ഞിട്ടല്ല. അതൊക്കെ കാണുമ്പോൾ സന്തോഷമാണ്.

'ഹൃദയ'ത്തിലേക്ക്

സീരിയലിലേക്ക് വരുന്നതിന് മുമ്പ് വിനീതേട്ടനുമായി പരിചയപ്പെടാൻ ഞാൻ ശ്രമിച്ചിരുന്നു. പക്ഷേ നടന്നില്ല. 'പാടാത്ത പൈങ്കിളി'യുടെ നിർമ്മാതാക്കളായ മേരിലാന്റിന്റെ ആൾക്കാർ തന്നെയാണ് 'ഹൃദയ'ത്തിന്റെയും. അങ്ങനെയാണ് ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് അറിയുന്നതും ലൊക്കേഷനിലേക്ക് പോകുന്നതും. എന്നെ സിനിമയുമായി ബന്ധപ്പെടാൻ സഹായിച്ചത് ആർട്ട് ഡയറക്ടറായിരുന്നു. അദ്ദേഹത്തോടാണ് എന്തെങ്കിലും ചാൻസ് കിട്ടാൻ വഴിയുണ്ടോ എന്ന് ചോദിച്ചത്. അങ്ങനെയാണ് ഒരു ജൂനിയർ ആർട്ടിസ്റ്റിന് കൊടുക്കാൻ വച്ചിരുന്ന കല്യാണ ചെക്കന്റെ റോൾ കിട്ടുന്നത്. എല്ലാം അരമണിക്കൂർ കൊണ്ട് സംഭവിച്ച കാര്യങ്ങളാണ്. ആ റോൾ കിട്ടിയതിൽ ഞാൻ അനുഗ്രഹീതൻ ആണ്. എന്റെ ജീവിതത്തിലെ ആദ്യ സിനിമ. സിനിമയിലെ എന്റെ ഗുരുവാണ് വിനീത് ശ്രീനിവാസൻ. സിനിമ കഴിഞ്ഞ ശേഷം അദ്ദേഹത്തെ വീണ്ടും പോയി കണ്ടു. കാരവാനിലിരുന്ന് ഞങ്ങൾ ഒത്തിരി നേരം സംസാരിച്ചിരുന്നു. 'ഞാൻ വിളിക്കും..'എന്നൊരു വാക്കും വിനീത് പറഞ്ഞു.  

പ്രണവിനെ കുറിച്ച് പറയുകയാണെങ്കിൽ, നല്ലൊരു വ്യക്തിയാണ് അദ്ദേഹം.  പ്രണവാണ് ആദ്യം എന്നോട് ഹായ് പറഞ്ഞത്. അപ്പോൾ തന്നെ നമ്മളുടെ പകുതിഭാഗം തളർന്ന് പോയി. കാരണം പറയേണ്ടതില്ലല്ലോ. കസേരയിൽ ഇരുന്ന അദ്ദേഹം എഴുന്നേറ്റാണ് ഷേക്ക് ഹാൻഡ് തന്നത്. ഒരാളുടെ ഉള്ള് നമ്മൾ അറിയേണ്ട ആവശ്യം ഇല്ലല്ലോ. അയാൾ നമ്മളോട് എങ്ങനെയെന്ന് അറിഞ്ഞാൽ പോരെ.

'ആറാട്ടുമുണ്ടനി'ലെ 'മുരളി'യിലേക്ക്

ഒഡിഷനിലൂടെയാണ് 'ആറാട്ടുമുണ്ടനി'ൽ എത്തുന്നത്. 'മുരളി' എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. 'മുരളി'യുടെയും നാല് സുഹൃത്തുക്കളുടെയും കഥയാണ് ആറാട്ടുമണ്ടൻ. നാട്ടുകാർക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്നവരാണ് ഇവർ. നാട്ടും പുറത്തുകാരനായ മുരളിയാകാൻ എനിക്ക് പ്രയാസമൊന്നും ഉണ്ടായിരുന്നില്ല. കാരണം ഞാൻ യാഥാർത്ഥ ജീവിതത്തിലും അങ്ങനെയാണ്. എന്റെ സുഹൃത്തായ 'സാഗർ' എന്ന കഥാപാത്രത്തെയാണ് നടൻ കൈലാഷ് അവതരിപ്പിക്കുന്നത്. പ്രൊഡ്യൂസർ തന്നെ ഒരു കഥാപാത്രം ചെയ്യുന്നുണ്ട്. ശ്രുതി ലക്ഷ്‍മി, മെറീന മൈക്കിൾ എന്നിവരാണ് നടിമാർ. അതിൽ എന്റെ പെയർ മെറീനയാണ്.

ആ ഹീറോ വിളി ഒരിക്കലും മറക്കില്ല

എപ്പോഴും നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കാണ് ഹീറോ. ആളുകൾ കൊള്ളില്ലാന്ന് പറഞ്ഞാലും, പൃഥ്വിരാജ് പറഞ്ഞപോലെ നമുക്കറിയാം നമ്മൾ ഭയങ്കര സംഭവം ആണെന്നുള്ളത്. മാഫിയ ശശി സർ ആണ് 'ആറാട്ടുമുണ്ടനി'ലെ സ്റ്റണ്ട് മാസ്റ്റർ. 'സർ ഇതെന്റെ ഫസ്റ്റ് സിനിമയാണ്, എങ്ങനെയാണ് കാര്യങ്ങളെന്ന് അറിയില്ല എന്റെ കൂടെ നിക്കണം', എന്നൊക്കെ ഞാൻ ശശി സാറിനോട് പറഞ്ഞു. സ്റ്റണ്ട് ചെയ്യാറുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്. ചെയ്തിട്ടില്ലെന്നും  ഡ്യൂപ്പ് ഉണ്ടെന്നും പറഞ്ഞുവെങ്കിലും അത് ഉപയോഗിക്കണ്ടെന്ന് അദ്ദേഹം ഇങ്ങോട്ട് പറയുകയായിരുന്നു. മൈക്കിലൂടെ 'ഹീറോ വരൂ' എന്ന് അദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ രോമാഞ്ചം വരും. ആദ്യമായിട്ടായിരുന്നു ആ വിളി ഞാൻ കേൾക്കുന്നത്. കാരണം ഞാൻ സീരിയൽ നടനല്ലേ. അതുകൊണ്ട് എന്നെ അങ്ങനെ വിളിക്കാൻ എല്ലാവരും മടികാണിച്ചു. 'ആറാട്ടുമുണ്ടൻ' ഒരു കരിയർ ബ്രേക്ക് ആകണമെന്ന് ഞാൻ ഒത്തിരി ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഈ സിനിമാ ഫീൽഡിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടല്ലോ. ജനങ്ങൾ സിനിമ കണ്ട് വിലയിരുത്തണം. എന്റെ കഴിവിന്റെ പരമാവധി ഞാൻ ചെയ്‍തിട്ടുണ്ടെന്നാണ് വിശ്വാസം.

മോട്ടിവേറ്റർ, സാമൂഹിക പ്രവർത്തകൻ

എന്റെ ജീവിതത്തിൽ ഒത്തിരി കഷ്‍ടപാടുകൾ ഉണ്ടായിട്ടുണ്ട്. ഭക്ഷണത്തിനൊന്നും ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. പക്ഷേ ചുറ്റുപാടുകളെല്ലാം വളരെ മോശമായിരുന്നു. മഴ പെയ്‍തു കഴിഞ്ഞാൽ വീടിനകത്ത് വെള്ളം കയറി, ഉറങ്ങി കിടക്കുമ്പോൾ അമ്മ എഴുന്നേൽപ്പിച്ച് കട്ടിലിന്റെ സൈഡിൽ നിർത്തിയ, അടുക്കളയിൽ പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിലൂടെ വെള്ളം മറിഞ്ഞ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. ഇടിയും മഴയും വരുമ്പോൾ എന്റെ സ്വന്തം ചേച്ചിയെ അപ്പുറത്തെ വീട്ടിലേക്ക് മാറ്റി, ഞാനും അമ്മയും മാത്രം ആ വീട്ടിൽ കെട്ടിപ്പിടിച്ച് കിടന്നിട്ടുണ്ട്. പലവീടുകളിലും 1000ത്തിനും 2000ത്തിനുമെക്കെ ഞാനും അമ്മയും കൂടി ജോലിക്ക് പോയിട്ടുണ്ട്. ഇങ്ങനെ ഒത്തിരി കാര്യങ്ങൾ ലൈഫിൽ അനുഭവിച്ച വ്യക്തിയാണ് ഞാൻ. എന്റെ തീരുമാനങ്ങളിലൂടെയാണ് ഞാൻ ഇവിടെ വരെ എത്തിയത്. അച്ഛനും അമ്മയും ഇപ്പോൾ നല്ല വീട്ടിൽ സന്തോഷത്തോടെ ജീവിക്കുന്നു. അവരെ സേഫ് ആക്കിയതിന് ശേഷമാണ് ഞാൻ സിനിമ ഫീൽഡിലേക്ക് ഇറങ്ങുന്നത്. എന്റെ കുടുംബത്തെ സേഫ് ആക്കിയപ്പോൾ എന്റെ ചുറ്റുപാടിനെ സംരക്ഷിക്കണം എന്ന് തോന്നി. എന്റെ നാട്ടിൽ ആവശ്യക്കാർ ഉണ്ടെന്നും അവരെ എങ്ങനെയെങ്കിലും സഹായിക്കണം എന്നൊരു തോന്നൽ ഉണ്ടായി. പക്ഷേ ഇങ്ങനെയെക്കെ ചെയ്യുന്നതിൽ ഒരു പബ്ലിസിറ്റി ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടില്ല.

ചിലരുടെ ലൈഫിൽ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മരണത്തിൽ നിന്നുവരെ രക്ഷനേടാൻ സാധിക്കും. ഞാനിടുന്ന മോട്ടിവേഷൻ വീഡിയോയിലൂടെ മാറ്റങ്ങൾ ഉണ്ടായാലോ. നമ്മുടെ ചിന്താഗതികൾ മാറ്റുന്നത് ഒരുപക്ഷേ ഒരു വാക്കായിരിക്കും. വാക്ക് കൊണ്ട് രണ്ട് കാര്യങ്ങൾ ചെയ്യാം. ആയുധവും ആക്കാം. മുറുവുണക്കുന്ന മരുന്നും ആക്കാം. അതാണ് മോട്ടിവേഷനിലേക്ക് എത്താൻ കാരണമായത്. ഈ മോട്ടിവേഷൻ വീഡിയോകൾ കണ്ടാണ് ഭൂരിഭാഗം പേരും എന്നെ ഇഷ്‍ടപ്പെടാൻ തുടങ്ങിയതെന്ന് തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ജീവകാരുണ്യ പ്രവർത്തനം പോലെയാണ്. എന്റെ ലൈഫ് തന്നെ ഒരു മോട്ടിവേഷനാണ്. എന്റെ മനക്കട്ടി  നോക്കി പഠിക്കാൻ ഞാൻ എന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്.

സൂരജിന് ചേരുന്ന റോളുകൾ

അങ്ങനെ എടുത്ത് പറയാൻ സാധിക്കില്ല. സീരിയലിൽ തന്നെ ഞാൻ പല റോളുകളും ചെയ്തിട്ടുണ്ട്. പ്രണയം, ഫൈറ്റ്, വിരഹം, കോമഡി അങ്ങനെ എല്ലാം. ഒരു നടനെന്ന നിലയിൽ നമുക്കെല്ലാ വേഷങ്ങളും ചെയ്യാൻ പറ്റണം. ഇപ്പോ 'ആറാട്ടുമുണ്ടനി'ലെ മുരളി എന്ന കഥാപാത്രം എനിക്ക് ഭയങ്കര ഇഷ്‍ടമാണ്. പിന്നെ ഗാംഭീര്യം ഉള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് ഏറെ താല്‍പര്യം. റൊമാന്റിക് വേഷങ്ങളെക്കാൾ കൂടുതൽ വില്ലത്തരത്തോടാണ് താല്‍പര്യം. 'ഭീഷ്‍മപർവ്വ'ത്തിൽ മമ്മൂട്ടി ചെയ്‍ത കഥാപാത്രം എനിക്ക് ചെയ്താൽ കൊള്ളാമെന്നുണ്ട്. മമ്മൂക്കയും നാട്ടുകാരും കേൾക്കണ്ടെന്ന് മാത്രം. എന്റെ ഉള്ളിൽ ഞാൻ മമ്മൂട്ടിയാണല്ലോ. മമ്മൂക്കയ്ക്ക് മെസേജ് അയക്കുന്ന ഒരു ആരാധകനാണ് ഞാൻ. അദ്ദേഹം സിംമ്പലിലൂടെ പ്രതികരിക്കാറുമുണ്ട്. ലാലേട്ടനെ കുറിച്ച് പറയുകയാണെങ്കിൽ, അദ്ദേഹത്തിന്റെ മകന്റെ കൂടെയായിരുന്നല്ലോ എന്റെ ആദ്യ സിനിമ. ആ പടം എല്ലാവരും കണ്ടുകാണും. അവരുടെ കണ്ണിൽ എവിടെയെങ്കിലും ഞാനും പെട്ടിട്ടുണ്ടാകും. അതുമതി എനിക്ക്.

സിനിമയിൽ സാക്രിഫൈസ് ചെയ്യണം

ചാൻസുകൾ ചോദിച്ച് മാത്രം നടക്കാൻ ഇഷ്‍ടപ്പെടുന്ന ഒരുപാട് ആൾക്കാരുണ്ട്. അഭിനയിക്കാൻ വേണ്ടി അവർ ഒന്നും ചെയ്യുന്നില്ല. സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ നമ്മൾ പഠിക്കേണ്ട ഒത്തിരി കാര്യങ്ങൾ ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു ചാൻസ് ലഭിച്ചു കഴിഞ്ഞാൽ അത് നല്ല രീതിയിൽ പെർഫോം ചെയ്യാൻ കഴിവുണ്ടെങ്കിൽ മാത്രമേ അടുത്ത് വിളിക്കുള്ളു. രണ്ട് മൂന്ന് ടേക്കിനെ നമ്മൾ കച്ചറ പറഞ്ഞു കഴിഞ്ഞാൽ പോയ്ക്കോളാൻ പറയും. പിന്നെ പത്ത് ദിവസത്തേക്ക് മാത്രം ആളുകൾ തിരിച്ചറിയണം എന്ന് കരുതി പോകുന്നവരും ഉണ്ട്. പലരും നമ്മളോട് പല രീതിയിലും പെരുമാറും. അതൊക്കെ അപ്പോൾ തന്നെ പ്രതികരിക്കാൻ പോകുന്നവരും ഉണ്ട്. അതുകൊണ്ട് സിനിമയിലേക്ക് വരുന്നവർ ഒരുപാട് സാക്രിഫൈസ് ചെയ്യാൻ തയ്യാറാകണം. ലൈഫ് സെറ്റാക്കിയിട്ട് വേണം അഭിനയിക്കാൻ ഇറങ്ങാൻ.  ടിക് ടോക് വീഡിയോകൾ ചെയ്യുന്നതിന് പകരം സ്വന്തം ഓൺവോയ്‍സിൽ കുറേ വീഡിയോകൾ ചെയ്‍ത്, ഷോർട് ഫിലിമൊക്കെ ചെയ്താൽ എക്സ്‍പീരിയൻസും കിട്ടും. നാളെ നമ്മളൊരാൾ കണ്ടുകഴിഞ്ഞാൽ വിലയുമുണ്ടാകും. വ്യത്യസ്‍തനായി നിൽക്കുന്നവരെയെ എല്ലാവരും ശ്രദ്ധിക്കുകയുള്ളൂ.

പുതിയ സിനിമ

പ്രൈസ് ഓഫ് പൊലീസ് ആണ് എന്റെ പുതിയ സിനിമ. ഷാജോൺ ചേട്ടനൊപ്പം കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് അഭിനയിക്കുന്നത്. വേറൊരു സിനിമയും അടുത്ത് വരാനിരിക്കുന്നുണ്ട്. മിയ, രാഹുൽ മാധവ്, റിയാസ്ഖാൻ, തലൈവാസൽ വിജയ്, സ്വാസിക, മറീന മൈക്കിൾ, വൃദ്ധി വിശാൽ, സൂരജ് സൺ, ജസീല പർവീൺ, വി കെ ബൈജു, കോട്ടയം രമേഷ്, അരിസ്റ്റോ സുരേഷ്, നാസർ ലത്തീഫ്, ഷഫീഖ് റഹ്മാൻ, ബിജു പപ്പൻ, പ്രിയാമേനോൻ, സാബു പ്രൗദീൻ, മുൻഷി മധു, റോജിൻ തോമസ് എന്നിവരും അഭിനയിക്കുന്നു. എ ബി എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഉണ്ണി മാധവാണ്. രാഹുൽ കല്യാണാണ് ചിത്രത്തിന് കഥയൊരുക്കുന്നത്.

click me!