Kurup Movie | 'സുകുമാരക്കുറുപ്പിനെ ആഘോഷിക്കില്ല, ഒടിടിയില്‍ നിന്ന് മികച്ച ഓഫര്‍ വന്നിരുന്നു'

By Nirmal Sudhakaran  |  First Published Nov 3, 2021, 9:49 PM IST

'സെക്കന്‍ഡ് ഷോ'യ്ക്കു ശേഷം ദുല്‍ഖറിനൊപ്പം ഒരുമിക്കുന്ന ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംസാരിക്കുന്നു


'സെക്കന്‍ഡ് ഷോ' എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാനൊപ്പം അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രീനാഥിന്‍റെ ഫ്രെയ്‍മിലേക്ക് ദുല്‍ഖര്‍ വീണ്ടുമെത്തുമ്പോള്‍ പ്രത്യേകതകള്‍ ഏറെയുണ്ട് ആ സിനിമയ്ക്ക്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ എത്തുന്ന ചിത്രം അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണ്. ചിത്രത്തെക്കുറിച്ചും പിന്നിലുള്ള അധ്വാനത്തെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംസാരിക്കുന്നു, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍.

'കുറുപ്പ്' പ്രൊമോഷനുവേണ്ടി സ്പെഷല്‍ ടീ ഷര്‍ട്ടുകള്‍ പുറത്തിറക്കിയത് വിമര്‍ശനം നേരിട്ടല്ലോ? ഒരു കൊലപാതകിയെ ആഘോഷിക്കുന്നു എന്നാണ് വിമര്‍ശനം?

Latest Videos

undefined

'സെക്കന്‍ഡ് ഷോ' എന്ന എന്‍റെ ആദ്യ സിനിമയ്ക്കു ശേഷം 2012ല്‍ എന്‍റെ മനസില്‍ രൂപപ്പെട്ട സിനിമയാണ് 'കുറുപ്പ്'. എട്ട് വര്‍ഷത്തോളമെടുത്ത് ചെയ്‍ത ഒരു സിനിമയാണ് ഞങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക് അവതരിപ്പിക്കുന്നത്. 'കുറുപ്പ്' എന്ന സിനിമയെയാണ് പ്രൊമോട്ട് ചെയ്യുന്നത്, സുകുമാരക്കുറുപ്പ് എന്ന വ്യക്തിയെയല്ല. ഇത് രണ്ടും രണ്ടാണ്. പ്രേക്ഷകരെ എന്‍റര്‍ടെയ്‍ന്‍ ചെയ്യാനായി ഞങ്ങള്‍ എടുത്തിരിക്കുന്നത് ഒരു സിനിമയാണ്. വ്യക്തിയെ സെലിബ്രേറ്റ് ചെയ്യുമ്പോഴാണ് പ്രശ്‍നം. സുകുമാരക്കുറുപ്പ് എന്ന വ്യക്തിയെ ആഘോഷിക്കാന്‍ ഞങ്ങള്‍ക്കും തീരെ താല്‍പര്യമില്ല. പക്ഷേ സിനിമയെ സെലിബ്രേറ്റ് ചെയ്യണം. ആ സിനിമയുടെ പേര് 'കുറുപ്പ്' എന്ന് ആയിപ്പോയി എന്നേയുള്ളൂ. വൈഡ് ഫ്രെയിമില്‍ പ്രേക്ഷകര്‍ക്ക് തിയറ്ററില്‍ കാണാനായി ഉണ്ടാക്കിയ ഒരു സിനിമയാണ് കുറുപ്പ്. അത്രയും സമയവും അധ്വാനവും കൊണ്ട് എടുത്ത ഒരു സിനിമ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമ്പോള്‍ വെറുപ്പല്ല പ്രചരിപ്പിക്കേണ്ടത്. 

വലിയ മാസ് അപ്പീല്‍ ഉള്ള ദുല്‍ഖറിനെപ്പോലെ ഒരു താരം സുകുമാരക്കുറുപ്പ് ആവുമ്പോള്‍ പ്രേക്ഷകര്‍ക്ക് സ്വാഭാവികമായി ഉയരുന്ന സംശയമാണെന്ന് തോന്നുന്നു ഇത്. ചിത്രം കുറുപ്പിനെ ന്യായീകരിക്കുമോ, ആഘോഷിക്കുമോ എന്നതൊക്കെ?

ഒരു സിനിമ കാണാതെ അതിനെ വിലയിരുത്തുമ്പോള്‍ സംഭവിക്കുന്നതാണ് അത്. അതിന് പ്രേക്ഷകരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം അവര്‍ക്കറിയില്ല ഞങ്ങള്‍ എന്താണ് ചെയ്‍തു വച്ചിരിക്കുന്നത് എന്ന്. നിങ്ങള്‍ ഈ മാസം 12ന് തിയറ്ററുകളിലേക്ക് വന്ന് ഞങ്ങളുടെ സിനിമ കാണൂ. സിനിമ കണ്ടിട്ട് അതില്‍ കുറ്റം പറയാനുണ്ടെങ്കില്‍ നിങ്ങള്‍ പറയൂ. ജനിക്കാന്‍ പോകുന്ന ഒരു കുട്ടിയെക്കുറിച്ച് നിങ്ങള്‍ കുറ്റം പറയല്ലേ, പ്ലീസ്. 

 

ഡാര്‍ക് ഷെയ്‍ഡ് ഉള്ള ഒരു നായകനായി ദുല്‍ഖര്‍. ഇത് ഉയര്‍ത്തുന്ന ഒരു വെല്ലുവിളിയില്ലേ? അതിനെ എങ്ങനെയാണ് മറികടന്നത്?

രണ്ട് രീതികളില്‍ സിനിമ ചെയ്യാം. ഒന്ന് പ്രേക്ഷകര്‍ക്ക് എന്താണോ ആവശ്യമെന്ന് തോന്നുന്നത് അത് കൊടുത്തുകൊണ്ട് ചെയ്യുന്ന രീതിയാണ്. രണ്ട് നമ്മള്‍ ഒരു സിനിമ ചെയ്‍ത് പ്രേക്ഷകര്‍ക്ക് നല്‍കുക എന്ന രീതി. ഇതില്‍ രണ്ടാമത്തെ രീതിയില്‍ സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അതു കാരണമാണ് വല്ലപ്പോഴുമൊക്കെ സിനിമ ചെയ്യുന്നത്. പപ്പടം ചുടുന്നതുപോലെ സിനിമ ചെയ്യാത്തതിനു കാരണവും അതുതന്നെ. എന്‍റെ എല്ലാ ചിത്രങ്ങളും പരീക്ഷണ ചിത്രങ്ങളാണ്. സെക്കന്‍ഡ് ഷോയും കൂതറയും ഇപ്പോള്‍ കുറുപ്പുമൊക്കെ പരീക്ഷണങ്ങളാണ്. ഗ്രേ ഷെയ്‍ഡ് ഉള്ള നായകനായി ദുല്‍ഖര്‍ വരുമ്പോഴുള്ള വെല്ലുവിളിയെക്കുറിച്ചല്ലേ ചോദിച്ചത്. അതും ഒരു പരീക്ഷണമാണ്. അത് പ്രേക്ഷകരുടെ മുന്നിലേക്ക് വെക്കുകയാണ്. അത് ഞങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെ പ്രേക്ഷകര്‍ക്ക് കിട്ടുകയാണെങ്കില്‍ ഞങ്ങളുടെ വിജയമാണ്. എന്നാല്‍ പരീക്ഷണങ്ങള്‍ ചിലപ്പോള്‍ പരാജയപ്പെട്ടേക്കാം. എന്നുകരുതി പരീക്ഷണങ്ങള്‍ ചെയ്യാതിരിക്കുന്നതില്‍ അര്‍ഥമില്ലല്ലോ. ഒരേ പാറ്റേണിലുള്ള സിനിമകളല്ല പ്രേക്ഷകര്‍ക്ക് വേണ്ടത്. ലോകത്തെ ഏത് കോണിലുമുള്ള സിനിമകള്‍ കാണുന്ന പ്രേക്ഷകരായി മാറി മലയാളികള്‍ അടക്കമുള്ളവര്‍. ലോക്ക് ഡൗണ്‍ കാലത്ത് സിനിമകളുടെ വിശാല ലോകത്തേക്ക് ഒരു വലിയ വിഭാഗം പുതുതായി എത്തിയിട്ടുണ്ട്. 

നായകന്‍ തന്നെ പ്രതിനായകനാണ് ചിത്രത്തില്‍. അപ്പോള്‍ സിനിമയിലെ യഥാര്‍ഥ നായകന്‍ ആരാണ്?

ഞാനത് ഇപ്പോഴേ പറഞ്ഞാല്‍ പ്രേക്ഷകരുടെ ആസ്വാദനത്തെ അത് ബാധിക്കും. 12ലേക്ക് ഇനി അധികം ദിവസങ്ങള്‍ ഇല്ലല്ലോ. പ്രേക്ഷകരുടെ പ്രതികരണം അറിയാന്‍ ഞങ്ങളും അക്ഷമരായി കാത്തിരിക്കുകയാണ്. യഥാര്‍ഥ നായകന്‍ ആരാണെന്ന് 12ന് അറിയാം.

'പിടികിട്ടാപ്പുള്ളി' എന്ന വാക്കിനൊപ്പം മലയാളിയുടെ മനസിലേക്ക് ആദ്യമെത്തുന്ന പേരാണ് സുകുമാരക്കുറുപ്പിന്‍റേത്. എല്ലാവര്‍ക്കും അറിയാവുന്ന പ്ലോട്ട്. സിനിമയാക്കുമ്പോള്‍ fictional elements ഒക്കെ ഉപയോഗിക്കാന്‍ പരിമിതി ഉണ്ടായില്ലേ?

ഞങ്ങള്‍ എടുത്തിരിക്കുന്നത് ഒരിക്കലും ഒരു ഡോക്യുമെന്‍ററിയോ ബയോപിക്കോ അല്ല. ഒരു സിനിമയാണ്. സിനിമയ്ക്ക് സിനിമയുടേതായ ഫിക്ഷനും നാടകീയതയും ഒക്കെയുണ്ടെങ്കില്‍ മാത്രമേ അത് പ്രേക്ഷകരിലേക്ക് എത്തൂ. അങ്ങനെ എല്ലാ ചേരുവകളും ചേര്‍ത്തുതന്നെയാണ് കുറുപ്പ് ചെയ്തിരിക്കുന്നത്. 

എത്ര കാലത്തെ ഒരു തയ്യാറെടുപ്പ് കുറുപ്പിനു പിന്നില്‍ ഉണ്ട്? ആദ്യചിന്തയൊക്കെ വന്നത് എപ്പോഴാണ്?

2012ല്‍ സെക്കന്‍ഡ് ഷോ കഴിഞ്ഞിട്ട് ഞാന്‍ ഒരു യാത്ര പോയിരുന്നു. കുറുപ്പിന്‍റെ റൈറ്റര്‍ ജിതിനും ഒപ്പമുണ്ടായിരുന്നു. യാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് ഞങ്ങള്‍ ഇതിന്‍റെ ഒരു സ്റ്റോറിലൈനുമായി വരുന്നത്. ഒന്നര കോടി ബജറ്റുള്ള ഒരു ചെറിയ സിനിമയായിരുന്നു സെക്കന്‍ഡ് ഷോ. അതിനുശേഷം ചെയ്യണമെന്ന് എനിക്ക് മനസുകൊണ്ട് ആഗ്രഹമുള്ളത് കുറുപ്പ് ആയിരുന്നു. പക്ഷേ അതൊരു സ്വപ്‍നം മാത്രമാണെന്ന് പിന്നാലെ മനസിലായി. കാരണം അത്രയും വലിയൊരു ബജറ്റും താരനിരയുമൊക്കെ അതിന് വേണമായിരുന്നു. ഒരു സിനിമ മാത്രം ചെയ്‍തിട്ടുള്ള ശ്രീനാഥ് രാജേന്ദ്രന് അന്നത് ചെയ്യാനും പറ്റില്ലായിരുന്നു. പക്ഷേ ദുല്‍ഖറിനോട് അന്നത് പറഞ്ഞ സമയത്ത് ദുല്‍ഖര്‍ പറഞ്ഞത് നീ സ്വപ്‍നം കാണ് എന്നായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ നമുക്കത് ചെയ്യാന്‍ പറ്റും എന്നൊരു വാക്കും തന്നു. പിന്നീട് പല ഭാഷകളിലും അഭിനയിച്ച് അങ്ങനെ ഒരു പൊസിഷനിലേക്ക് ദുല്‍ഖര്‍ എത്തി. പാന്‍ ഇന്ത്യന്‍ തലത്തില്‍ അറിയപ്പെടുന്ന ഒരു നടനായി മാറി. അപ്പോഴാണ് എനിക്ക് എന്‍റെ സ്വപ്‍നം സാധ്യമാക്കാനായത്. ഒരു നടനായും നിര്‍മ്മാതാവായും സുഹൃത്തായും ദുല്‍ഖര്‍ ഒപ്പമുണ്ട്. 

 

ശ്രീനാഥിന്‍റെയും ദുല്‍ഖറിന്‍റെയും കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്. ആറ് മാസത്തെ ചിത്രീകരണം, 35 കോടി ബജറ്റ്. മേക്കിംഗില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു? പഴയ കാലത്തിന്‍റെ പുനരാവിഷ്‍കാരം ആയിരുന്നോ?

നന്നായി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു കാലഘട്ടമാണ് അത്, ഒപ്പം ഒരുപാട് പ്രദേശങ്ങളിലെ ചിത്രീകരണവും. അതിനെ പുനരാവിഷ്‍കരിക്കുക എന്നത് ഒരു ഹെര്‍ക്കൂലിയന്‍ ടാസ്‍ക് ആയിരുന്നു. പക്ഷേ എനിക്കൊപ്പമുണ്ടായിരുന്നത് അങ്ങനെയുള്ള ആളുകളായിരുന്നു. ബംഗ്ലാന്‍ എന്ന പ്രൊഡക്ഷന്‍ ഡിസൈനര്‍, പ്രവീണ്‍ വര്‍മ്മ എന്ന കോസ്റ്റ്യൂം ഡിസൈനര്‍, റോണക്സ് സേവ്യര്‍ എന്ന മേക്കപ്പ് ഡിസൈനര്‍, നിമിഷ് രവി എന്ന ഛായാഗ്രാഹകന്‍... അങ്ങനെ സിനിമയോട് വളരെ പാഷനേറ്റ് ആയിട്ടുള്ള അടിപൊളി ടെക്നീഷ്യന്‍സ് ആണ് എന്‍റെ കൂടെ ഉണ്ടായിരുന്നത്. അതിനാല്‍ ഒരു വെല്ലുവിളിയായിട്ട് എനിക്ക് തോന്നിയില്ല. ഓരോ ദിവസവും വളരെ ആവേശത്തോടെയാണ് ഷൂട്ടിന് പോയിരുന്നത്. പിന്നെ മനസില്‍ ഇത്രയും നാള്‍ കൊണ്ടുനടന്ന ഒരു സിനിമയായതിനാല്‍ വളരെ പ്ലാനിംഗോടെയുമാണ് ചെയ്‍തത്. 

100 ദിവസത്തോളം ആകെ ഷൂട്ട് ചെയ്‍തിട്ടുണ്ട്. ലൊക്കേഷന്‍ ഷിഫ്റ്റിംഗ് ആയിരുന്നു ഒരു പ്രധാന ടാസ്‍ക്. സെറ്റ് ഉപയോഗിക്കാതെ എല്ലാം യഥാര്‍ഥ ലൊക്കേഷനുകളിലാണ് ഷൂട്ട് ചെയ്‍തത്. ഇടയ്ക്ക് കൊവിഡ് വന്നതിനാല്‍ ചില പാച്ച് ഷൂട്ട് അടക്കം ആകെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഒന്നരക്കൊല്ലത്തോളം എടുത്തു. 

സെക്കന്‍ഡ് ഷോയിലൂടെ ദുല്‍ഖറിനൊപ്പം അരങ്ങേറിയതാണ് ശ്രീനാഥ്. എട്ട് വര്‍ഷത്തിനു ശേഷം ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ദുല്‍ഖറില്‍ കാണുന്ന വ്യത്യാസം എന്താണ്? ഒരു നടന്‍ എന്ന നിലയില്‍ എത്രത്തോളം വളര്‍ന്നു?

ദുല്‍ഖറിലെ അഭിനേതാവ് വളരെയധികം പക്വത വന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. പക്ഷേ ഇനിയും ദുല്‍ഖറിന്‍റെ ഒരുപാട് വെര്‍ഷനുകള്‍ നമുക്ക് കാണാനുണ്ട്. പുള്ളിയുടെ അഭിനയകല ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ആക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ പീക്ക് എന്നത് ഇനിയും എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കാം. ഇനിയും ഇതുപോലെ ഒരുപാട് നല്ല നല്ല സിനിമകള്‍ ചെയ്‍ത് പുള്ളി നമ്മളെ ഞെട്ടിക്കട്ടെ. 

2012 മുതല്‍ ആലോചനയിലുള്ള സിനിമയാണ് കുറുപ്പ് എന്ന് പറഞ്ഞു. പക്ഷേ 2012ലെ താരപരിവേഷമല്ല ദുല്‍ഖറിന് ഇപ്പോഴുള്ളത്. തെലുങ്ക്, തമിഴ്, ഹിന്ദി ഇന്‍ഡസ്ട്രികളിലൊക്കെ പേരുള്ള താരമാണ്. 2020ല്‍ ഷൂട്ടിംഗ് ആരംഭിക്കുമ്പോഴേക്ക് തിരക്കഥയിലൊക്കെ ഇക്കാര്യം പരിഗണിക്കേണ്ടിവന്നോ?

ഇല്ല, വളരെ റൂട്ടഡ് ആവുമ്പോഴാണല്ലോ സിനിമ അന്തര്‍ദേശീയം ആവുന്നത്. എന്തുകൊണ്ടാണ് കുറസോവയുടെ സിനിമ ഇന്‍റര്‍നാഷണല്‍ ആവുന്നത്? അവിടെ ആഴത്തില്‍ വേരുകളുള്ള, സമുറായികളുടെയും മറ്റും കഥകളാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അതൊക്കെയാണ് ഞങ്ങളുടെയൊക്കെ പാഠപുസ്‍തകം. വേരുകളുള്ള, സത്യസന്ധമായ ഒരു സിനിമ ഏത് ഭാഗത്തുള്ള പ്രേക്ഷകരുമായും സംവദിക്കും എന്നാണ് വിശ്വാസം. അതിനാല്‍ മറുഭാഷകളിലുള്ള പ്രേക്ഷകരെ മുന്നില്‍ കണ്ടല്ല കുറുപ്പ് ചെയ്‍തിരിക്കുന്നത്. ആഗ്രഹിച്ച രീതിയില്‍ ഒരു സിനിമ ചെയ്‍തിരിക്കുകയാണ്. അത് പ്രേക്ഷകരിലേക്ക് എത്തുമ്പോഴുള്ള പ്രതികരണം അറിയാനുള്ള കാത്തിരിപ്പിലാണ്.

ശോഭിത ധൂലിപാലയെ ഏത് സിനിമ കണ്ടിട്ടാണ് കുറുപ്പിലേക്ക് ആലോചിക്കുന്നത്?

അനുരാഗ് കശ്യപിന്‍റെ 'രമണ്‍ രാഘവ് 2.0' കണ്ടതിനു ശേഷമാണ്. ഒരു പ്രത്യേക രീതിയിലാണ് അതിലെ കഥാപാത്രത്തെ അവര്‍ അവതരിപ്പിച്ചത്. കുറുപ്പിലെ കഥാപാത്രത്തെ ഏല്‍പ്പിച്ചാല്‍ അതിന്‍റെ വിവിധ തലങ്ങള്‍ നന്നായി ചെയ്യുമെന്ന് തോന്നി. 

 

ഒടിടിയില്‍ മികച്ച ഓഫര്‍ വന്നിരുന്നോ സിനിമയ്ക്ക്? ബിഗ് സ്ക്രീനില്‍ തന്നെ റിലീസ് ചെയ്യണം എന്നു തീരുമാനിച്ചത് എന്തുകൊണ്ടാണ്?

തീര്‍ച്ഛയായും ഒടിടിയില്‍ നിന്ന് ഓഫറുകള്‍ വന്നിരുന്നു. എം സ്റ്റാര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് എന്ന കമ്പനിയാണ് ഞങ്ങള്‍ക്ക് പിന്തുണയുമായി ഉണ്ടായിരുന്നത്. ഞങ്ങള്‍ എല്ലാവരും ഈ സിനിമയെ രൂപപ്പെടുത്തിയത് തിയറ്ററില്‍ കളിക്കേണ്ട ഒരു സിനിമയായാണ്. വൈഡ് സ്ക്രീനിനുവേണ്ടിയാണ് ഷൂട്ട് ചെയ്‍തതൊക്കെ. ഇത് കഥയറിയാനുള്ള ഒരു സിനിമയല്ല, കഥ എല്ലാവര്‍ക്കുമറിയാം. എങ്ങനെ കഥ പറയുന്നു എന്നത് അനുഭവിക്കണമെങ്കില്‍ അത് തിയറ്റര്‍ കാഴ്ചയിലേ കിട്ടൂ. ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം തിയറ്ററില്‍ത്തന്നെ എല്ലാവരെയും കാണിക്കണം എന്നതായിരുന്നു. പക്ഷേ കൊവിഡ് സാഹചര്യം വന്നപ്പോള്‍ എല്ലാവര്‍ക്കും സമ്മര്‍ദ്ദം ഉണ്ടായിരുന്നു. കാരണം ഇത്രയും പണം നിക്ഷേപിച്ചിരിക്കുകയല്ലേ. ഒടിടിയില്‍ നിന്ന് തെറ്റില്ലാത്ത ഓഫറുകളാണ് വന്നത്. ഒരുപക്ഷേ തിയറ്ററുകളേക്കാള്‍ ലാഭകരമാകാവുന്ന ഓഫറുകളാണ് വന്നത്. പക്ഷേ പ്രേക്ഷകരെ ഈ സിനിമ തിയറ്ററില്‍ കാണിക്കണം എന്നത് ഞങ്ങളുടെ ഒരു സ്വപ്‍നമായിരുന്നു. നിര്‍മ്മാതാക്കളടക്കം എല്ലാവര്‍ക്കും ആ അഭിപ്രായമായിരുന്നു. പക്ഷേ അത് മാത്രമല്ല, തിയറ്റര്‍ റിലീസ് എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനുള്ള ഒരു വലിയ ഘടകം പ്രേക്ഷകരുടെ പ്രതികരണങ്ങളായിരുന്നു. ഒടിടി എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ കൊടുക്കല്ലേ ചേട്ടാ എന്നു പറഞ്ഞ് ആയിരക്കണക്കിന് മെസേജുകളായിരുന്നു ഞങ്ങള്‍ എല്ലാവര്‍ക്കും വന്നിരുന്നത്. അവരെയൊന്നും ഞങ്ങള്‍ക്ക് തള്ളിക്കളയാന്‍ പറ്റില്ല. കാരണം അവര്‍ക്കുവേണ്ടിയല്ലേ നമ്മള്‍ ആത്യന്തികമായി സിനിമ ചെയ്യുന്നത്. 

കൂതറ പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനു ശേഷമാണ് കുറുപ്പ് വരുന്നത്. ഇത്ര വലിയൊരു ഗ്യാപ്പ് വന്നത് എന്തുകൊണ്ടാണ്?

ഞാനതിനെ നോക്കിക്കാണുന്നത് ഇങ്ങനെയാണ്. സെക്കന്‍ഡ് ഷോ എന്ന ഒരു സിനിമ ചെയ്യാന്‍ ജീവിതത്തിലെ 25 വര്‍ഷങ്ങളാണ് ഞാന്‍ എടുത്തത്. 25 വര്‍ഷം കൊണ്ട് ഞാന്‍ ആര്‍ജിച്ച പക്വതയോ അപക്വതയോ ഒക്കെയായിരുന്നു ആ സിനിമ. 27 വര്‍ഷത്തെ അനുഭവത്തില്‍ നിന്നാണ് കൂതറ ചെയ്‍തത്. 34 വര്‍ഷത്തെ അനുഭവത്തിലാണ് ഇപ്പോള്‍ കുറുപ്പ് ചെയ്‍തിരിക്കുന്നത്. ഓരോ സിനിമയും ആദ്യ സിനിമ പോലെയും അവസാനത്തെ സിനിമ പോലെയും ചെയ്യണമെന്നതാണ് ഞാന്‍ പഠിച്ച പാഠം. എന്‍റെ ഗുരു ജയരാജ് സാര്‍ എന്നെ അങ്ങനെയാണ് പഠിപ്പിച്ചിട്ടുള്ളത്. 

click me!