'കഥ പറഞ്ഞത് സണ്ണി വെയ്‌നിനോട് മാത്രം'; അനുഗ്രഹീതന്‍ ആന്റണിയുടെ സംവിധായകന്‍ പറയുന്നു

By Manu Varghese  |  First Published Jan 27, 2020, 2:07 PM IST

കഥാപാത്രമായി ആദ്യം തന്നെ മനസില്‍ കണ്ടത് സണ്ണി വെയ്‌നിനെയാണ്. അദ്ദേഹത്തോട് മാത്രമാണ് കഥയും പറഞ്ഞത്


എട്ടുകാലി, ഞാന്‍ സിനിമാമോഹി എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. ഗ്രാമീണതയും നാട്ടിന്‍പുറ കാഴ്ചകളുമായി എത്തുന്ന ചിത്രത്തില്‍ നായകനാവുന്നത് സണ്ണി വെയ്ന്‍ ആണ്. 96 എന്ന തമിഴ് ചിത്രത്തിലൂടെ സുപരിചിതയായ ഗൗരി കിഷന്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂര്‍ണമായും ഇടുക്കിയുടെ ഗ്രാമീണപശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം സമൂഹമാധ്യങ്ങളില്‍ വൈറലായിട്ടുണ്ട്. ഷോര്‍ട്ട് ഫിലിമില്‍ നിന്ന് സിനിമാ രംഗത്ത് ചുവടുറപ്പിക്കുമ്പോള്‍ തന്റെ ആദ്യ സിനിമയെപറ്റി പ്രിന്‍സ് ജോയ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. മനു വര്‍ഗീസ് നടത്തിയ അഭിമുഖം.
 

ഹ്രസ്വ ചിത്രത്തിൽ നിന്ന് സിനിമയിലേക്ക്

Latest Videos

undefined

സിനിമയാണ് ചെറുപ്പം മുതലേ മനസ്സിലുള്ളത്. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ എട്ടുകാലി എന്ന  ഹ്രസ്വ ചിത്രം ഒരുക്കുന്നത്. അതായിരുന്നു ശരിക്കും തുടക്കം. പിന്നെ സഹ സംവിധായകനാവാന്‍ ഒരുപാട് അലഞ്ഞു. ആദ്യ സമയത്ത് ഒരുപാട് സംവിധായകരോട് ചാന്‍സ് ചോദിച്ച് നടന്നിട്ടുണ്ട്. അങ്ങനെ  ദീപു കരുണാകരന്റെ 'കരിങ്കുന്നം സിക്സസി'ല്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. ശരിക്കും വഴിത്തിരിവായത് മിഥുന്‍ മാനുവല്‍ തോമസിനൊപ്പം കൂടിയതാണ്. ഞാന്‍ ആദ്യം സിനിമാക്കഥ പറയുന്നത് മിഥുന്‍ ചേട്ടന്റെ അടുത്താണ്. മിഥുന്‍ ചേട്ടന്‍ വഴി സണ്ണി വെയ്‌നിലെത്തി, അങ്ങനെയാണ് അനുഗ്രഹീതന്‍ ആന്റണിയുണ്ടാവുന്നത്.

 

നായകനായി സണ്ണിവെയ്ൻ

കഥാപാത്രമായി ആദ്യം തന്നെ മനസില്‍ കണ്ടത് സണ്ണി വെയ്‌നിനെയാണ്. അദ്ദേഹത്തോട് മാത്രമാണ് കഥയും പറഞ്ഞത്.  ആന്റണി എന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. സംഗീതത്തിനും പ്രണയത്തിനും എല്ലാം പ്രാധാന്യമുള്ള കഥയാണ്. മനോഹരമായി തന്നെ ആന്റണി എന്ന കഥാപാത്രത്തെ സണ്ണി അവതരിപ്പിച്ചു.


 

96ലെ ഗൗരി കിഷൻ

തിരക്കഥ പൂര്‍ത്തിയായപ്പോള്‍ത്തന്നെ ആര് നായികയാവണം എന്ന ചര്‍ച്ച തുടങ്ങിയിരുന്നു. ആ സമയത്താണ് 96 ഇറങ്ങുന്നത്. ചില നോട്ടങ്ങള്‍ക്കൊക്കെ വലിയ പ്രാധാന്യമുണ്ട് ചിത്രത്തില്‍. അങ്ങനെ ഗൗരിയെ തീരുമാനിക്കുകയായിരുന്നു. കഥ പറഞ്ഞപ്പോള്‍ തന്നെ അവര്‍ക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ സിനിമയിലേക്ക് എത്തുകയായിരുന്നു.

 

 

ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ച 'കാമിനീ'

ചിത്രത്തിലെ ഗാനം ഇതിനോടകം ഹിറ്റായി കഴിഞ്ഞു. മനു മഞ്ജിത്താണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. അരുണ്‍ മുരളീധരന്റെ സംഗീതത്തില്‍ കെ എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. പലതവണ ട്യൂണുകള്‍ മാറ്റിയാണ് 'കാമിനി'യിലേക്ക് എത്തിയത്. പാട്ട് ഹിറ്റായതില്‍ വളരെ സന്തോഷമുണ്ട്. അനന്യ ദിനേശും കൗശിക് മേനോനും ചേര്‍ന്ന് ആലപിച്ച 'ബൗ ബൗ' എന്ന ഗാനവും ഇപ്പോള്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ചിട്ടുണ്ട്.

 

ഗ്രാമീണപശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം

ഇടുക്കി തൊടുപുഴയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ജിഷ്ണു എസ് രമേശിന്‍റേയും അശ്വിൻ പ്രകാശിന്‍റേയും കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്. സണ്ണി വെയ്നിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അഭിനയിക്കുന്നുണ്ട്. സെൽവകുമാറാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്ങും അരുൺ വെഞ്ഞാറമൂട് കലാസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.      
 

click me!