'നാടകത്തില്‍ നിന്ന് സിനിമയിലേക്ക് എത്തിയപ്പോള്‍ ആദ്യം ഭയമുണ്ടായിരുന്നു'; ദര്‍ശന രാജേന്ദ്രന്‍ അഭിമുഖം

By Divya Joseph  |  First Published Mar 22, 2023, 12:44 PM IST

ക്രിഷാന്ത് സംവിധാനം ചെയ്യുന്ന പുരുഷ പ്രേതമാണ് ദര്‍ശനയുടെ അടുത്ത റിലീസ്


അരങ്ങേറ്റ ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡുകളടക്കം നേടിയ സംവിധായകനാണ് ക്രിഷാന്ദ്. അദ്ദേഹം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പുരുഷ പ്രേതം. ദര്‍ശന രാജേന്ദ്രനാണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തെക്കുറിച്ചും സിനിമയിലെ തന്‍റെ പുതിയ വിശേഷങ്ങളെക്കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് ദര്‍ശന.

പുരുഷ പ്രേതത്തിലേക്ക് ദര്‍ശന എങ്ങനെയാണ് എത്തിയത്?

Latest Videos

ഈ സിനിമയിലെ ഒരു പ്രധാന കഥാപാത്രം ചെയ്യുന്ന പ്രശാന്ത് അലക്‌സാണ്ടറാണ് ആദ്യം ഈ ചിത്രത്തെക്കുറിച്ച് പറയുന്നത്. സാധാരണ കണ്ടുവരുന്നതില്‍ നിന്നും വ്യത്യസ്തമായ ഒരു ചിത്രമാണ്, താല്‍പര്യമുണ്ടോ എന്ന് ചോദിച്ചു. സംവിധാനം ക്രിഷാന്ത് ആണെന്നും പറഞ്ഞു. ക്രിഷാന്തിന്റെ ആവാസവ്യൂഹം സിനിമയെ കുറിച്ച് കൂട്ടുകാര്‍ ഒരുപാട് നല്ല അഭിപ്രായം എന്നോട് പറഞ്ഞിരുന്നു. അങ്ങനെ താല്‍പര്യം തോന്നി. പിന്നീട് ക്രിഷാന്ത് വിളിച്ചു. കഥ പറഞ്ഞു. അധികം സംശയിക്കാതെ തന്നെ ഓക്കെ പറയുകയായിരുന്നു.

സിനിമയുടെ മോഷന്‍ പോസ്റ്ററും ക്യാരക്ടര്‍ സ്‌കെച്ചുമൊക്കെ വളരെ വ്യത്യസ്തമാണല്ലോ, സിനിമയുമായി ബന്ധപ്പെട്ടാണോ അതെല്ലാം തയ്യാറാക്കിയത്?

അതെ. സിനിമയുമായി റിലേറ്റ് ചെയ്താണ് അതെല്ലാം ഉള്ളത്. ഇതുകൂടാതെ വളരെ ഇന്ററസ്റ്റിങ് ആയിട്ടുള്ള ഒരുപാട് കാര്യങ്ങളും സിനിമയിലുണ്ട്. ഇതുവരെ കണ്ടുവന്ന രീതികളോ ഞാന്‍ കണ്ടുശീലിച്ച ഒരു അന്തരീക്ഷമോ ഒന്നുമല്ലായിരുന്നു. അങ്ങനെയുള്ള പുതിയ കാര്യങ്ങള്‍ എക്‌സ്പീരിയന്‍സ് ചെയ്യാന്‍ എനിക്ക് വലിയ താല്‍പര്യമാണ്. സിനിമ ക്യത്യമായ രാഷ്ട്രീയം പറയുന്നുണ്ട്. എങ്കിലും വളരെ ലൈറ്റായിട്ടാണ് അത് ആളുകളിലേക്ക് എത്തിക്കുന്നത്. മൃതദേഹത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നതെങ്കിലും ആളുകള്‍ക്ക് കാണാന്‍ താല്‍പര്യപ്പെടുന്ന രീതിയിലാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്.

ആവാസവ്യൂഹത്തിന് ശേഷമുള്ള ക്രിഷാന്തിന്റെ അടുത്ത ചിത്രം, പ്രധാന കഥാപാത്രം ദര്‍ശന, ആളുകള്‍ക്ക് വലിയ പ്രതീക്ഷയായിരിക്കും. അതില്‍ ടെന്‍ഷന്‍ ഉണ്ടോ?

ഉണ്ട്. പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ പോലും ക്രിഷാന്ത്, ദര്‍ശന, ജിയോ ബേബി.. ഇത് മോശമാകില്ല എന്ന തരത്തില്‍ കമന്റുകള്‍ വന്നുതുടങ്ങി. പക്ഷേ എന്തും സംഭവിക്കാം. എപ്പോഴും നന്നാവണം എന്നില്ല. വിജയിക്കും എന്ന് കരുതിയല്ല ഞാന്‍ സിനിമ കമ്മിറ്റ് ചെയ്യുന്നത്. വിജയിക്കാം, പരാജയപ്പെടാം.. പക്ഷേ സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ എനിക്ക് ചെയ്യണമെന്ന് തോന്നുന്ന സിനിമകളാണ് ചെയ്യുന്നത്. എപ്പോഴും ആ സിനിമകള്‍ വിജയിക്കണമെന്നില്ല. ഈ സിനിമ പോലും പല പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നുണ്ട്. പക്ഷേ അതില്‍ നിന്ന് നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കും. അഭിനേതാക്കള്‍ ചെയ്യുന്ന ചിത്രങ്ങളെല്ലാം വിജയിക്കണമെന്നില്ല.

ദര്‍ശനയുടെ സിനിമകള്‍ തിയറ്ററില്‍ വന്‍ വിജയങ്ങളാകുന്നുണ്ട്, പിന്നെന്താണ് ഈ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്?

ഓരോ സിനിമയ്ക്കും അതിന്റേതായ ചോയിസ് ഉണ്ടാകും. എന്റെ അഭിപ്രായത്തില്‍ തിയറ്ററില്‍ ഇരുന്ന് സിനിമ കാണുന്നതിന്റെ എക്‌സ്പീരിയന്‍സ് വേറെങ്ങും കിട്ടില്ല. പക്ഷേ ക്രിഷാന്തിന്റെ ഫാന്‍ ഫോളോവേഴ്‌സ് ഒന്നും ആദ്യ ആഴ്ച തന്നെ തീയറ്ററില്‍ പോയി സിനിമ കാണണമെന്നില്ല. ഒടിടി ആകുമ്പോള്‍ എല്ലാവര്‍ക്കും ഏത് സമയത്തും ലഭ്യമാണ്. കൊവിഡിന്റെ സമയത്ത് സിനിമകളെ കുറിച്ചുള്ള ആളുകളുടെ ടേസ്റ്റ് തന്നെ മാറിപ്പോയി.

തിയേറ്റര്‍ ആര്‍ട്ടിസ്റ്റില്‍ നിന്ന് സിനിമയിലേക്ക് വന്നയാളാണ് ദര്‍ശന, പെര്‍ഫോമന്‍സിലും ജീവിതത്തില്‍ തന്നെയും വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്?

എനിക്ക് ആദ്യം പേടിയായിരുന്നു. പ്രത്യേകിച്ച് സിനിമയിലെ ടെക്‌നിക്കാലിറ്റീസ്. റീടേക്കുകള്‍ വേണം, ഒരുപാട് തവണ ഷൂട്ട് ചെയ്യണം, അങ്ങനെ പല കാര്യങ്ങളും ഞാന്‍ ചെയ്ത് ശീലിച്ചിട്ടില്ല. നാടകത്തില്‍ നമ്മള്‍ രണ്ട് മണിക്കൂര്‍ അഭിനയിക്കുന്നു, അത് കഴിഞ്ഞു. സിനിമയിലെ ടെക്‌നിക്കാലിറ്റികളെ കുറിച്ചുള്ള പേടി മാറ്റാന്‍ കുറച്ച് സമയമെടുത്തു. കൂടുതല്‍ തവണ ക്യാമറയെ അഭിമുഖീകരിക്കുമ്പോള്‍ നമ്മള്‍ കൂടുതല്‍ കംഫര്‍ട്ട് ആകും. ആ യാത്രയിലാണ് ഞാനിപ്പോള്‍.

പെട്ടെന്നൊരു ദിവസം നായികയായി വന്നതല്ല ദര്‍ശന, പടിപടിയായി ഉയര്‍ന്നു വന്നയാളാണ്. ഇതിനിടയില്‍ ഒരുപാട് തവണ നിരാശപ്പെട്ടിട്ടുണ്ടാകാം, പ്രതീക്ഷ നഷ്ടപ്പെട്ടിട്ടുണ്ടാകാം.. ഇതിനെയൊക്കെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?

എന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ എനിക്ക് കൂടുതല്‍ അവസരങ്ങള്‍ ഇല്ലല്ലോ, ഇനിയും ഒരുപാട് എനിക്ക് സാധിക്കും, പക്ഷേ സാധിക്കുന്നില്ലല്ലോ, ആഗ്രഹിക്കുന്ന പോലെ കഥാപാത്രങ്ങള്‍ കിട്ടിയില്ലല്ലോ എന്ന് ചിന്തിച്ചിട്ടുണ്ട്. ചിലപ്പോ ആദ്യം തന്നെ തീയറ്ററില്‍ നിന്ന് സിനിമയിലേക്ക് വന്നപ്പോള്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍ ചെയ്തിരുന്നെങ്കില്‍ അത് വര്‍ക്കൗട്ട് ആകില്ലായിരുന്നു. സിനിമയുടെ സങ്കേതങ്ങള്‍ പതിയെ പഠിച്ച് മനസിലാക്കി അടുത്ത പടത്തില്‍ അത് ഉപയോഗിക്കുകയാണ് ഞാന്‍ ചെയ്യാറ്. ഏത് ആര്‍ട്ടിസ്റ്റുകളെ സംബന്ധിച്ചും തിരസ്കരണം ജീവിതത്തിന്റെ ഒരു ഭാഗമാണ്. അത് പല രീതിയില്‍ ഉണ്ടാകാം. നമ്മള്‍ ഒരു കഥാപാത്രത്തിന് അനുയോജ്യമാണെന്ന് നമുക്ക് തോന്നാം. പക്ഷേ മറ്റൊരാള്‍ക്ക് അങ്ങനെ തോന്നണമെന്നില്ല. എന്നെ സംബന്ധിച്ച് സിനിമ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. പലകാര്യങ്ങള്‍ ചെയ്യുന്നതിനൊപ്പം എനിക്ക് ചെയ്യാന്‍ ഇഷ്ടമുള്ള ഒന്ന്.

പുതിയ പ്രോജക്റ്റുകള്‍ ഏതൊക്കെയാണ്?

ചില സിനിമകള്‍ തുടങ്ങുന്നുണ്ട്. പക്ഷേ അനൗണ്‍സ് ചെയ്യാറായിട്ടില്ല.

ALSO READ : 'ആറാട്ട് വര്‍ക്ക് ആയില്ല, ട്രോള്‍ ചെയ്യപ്പെടുന്നെന്ന് മമ്മൂക്കയോട് പറഞ്ഞു'; മമ്മൂട്ടി നല്‍കിയ മറുപടി

click me!