Brinda Master Interview : ദുല്‍ഖര്‍, പ്രണവ്, പൃഥ്വിരാജ്, 'ഹേയ് സിനാമിക'; ബൃന്ദ മാസ്റ്റര്‍ അഭിമുഖം

By Nithya Robinson  |  First Published Mar 3, 2022, 6:30 PM IST

ബൃന്ദ മാസ്റ്ററുടെ ആദ്യ സംവിധാന സംരംഭമാണ് 'ഹേയ് സിനാമിക'(Brinda Master Interview)


ലയുടെ ലോകത്ത് ജനിച്ച് വളർന്നയാളാണ് ബൃന്ദ മാസ്റ്റർ(Brinda Master) എന്ന്  സിനിമാലോകത്ത് അറിയപ്പെടുന്ന ബൃന്ദ ഗോപാല്‍. സഹോദരങ്ങളുടെ ചുവടുപിടിച്ച് സിനിമാലോകത്ത് എത്തുമ്പോൾ ബൃന്ദയ്ക്ക് വയസ്സ് 13. പിന്നണി നർത്തകി ആയിട്ടായിരുന്നു തുടക്കം. പിന്നീട് ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച കൊറിയോ​ഗ്രാഫറായി വളരാൻ ബൃന്ദയ്‍ക്ക് സാധിച്ചു. ഇപ്പോഴിതാ ആദ്യമായി സംവിധായികയുടെ കുപ്പായവും അണിഞ്ഞിരിക്കുകയാണ് ബൃന്ദ. ദുല്‍ഖര്‍ (Dulquer Salmaan), അതിഥി റാവു ഹൈദരി(Aditi Rao Hydari), കാജള്‍ അഗര്‍വാള്‍ (Kajal Aggarwal) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബൃന്ദ സംവിധാനം ചെയ്‍ത 'ഹേയ് സിനാമിക' (Hey Sinamika)ഇന്ന് തിയറ്ററുകളിൽ എത്തി. മികച്ച പ്രതികരണങ്ങളുമായി സിനിമ പ്രദർശനം തുടരുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് മനസ്സ് തുറക്കുകയാണ് ബൃന്ദ മാസ്റ്റർ. 

സിനിമ സംവിധാനം ചെയ്യാൻ വൈകിയോ ?

Latest Videos

undefined

സിനിമ സംവിധാനം ചെയ്യാന്‍ വൈകിപ്പോയെന്ന് ഞാന്‍ കരുതുന്നില്ല. കോറിയോഗ്രാഫിയുമായും കുടുംബവുമായും തിരക്കിട്ട ജീവിതമായിരുന്നു ഇതുവരെ. ഇപ്പോള്‍ എല്ലാം ഒത്തു വന്നപ്പോള്‍ സിനിമ ചെയ്‍തു. അതും ദുൽഖർ നായകനാകുന്നു എന്ന് പറയുമ്പോൾ ഒരുപാട് സന്തോഷം. വിവാഹ ശേഷമുള്ള പ്രണയം പറയുന്ന ചിത്രമാണ് 'ഹേ സിനാമിക'. പ്രണയത്തോടൊപ്പം കലഹം, കോമഡി, ഇമോഷന്‍സ് എല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഥാകൃത്ത് മദന്‍ കര്‍ക്കിയാണ് 'ഹേ സിനാമിക' എന്ന പേര് സിനിമയ്ക്കായി തിരഞ്ഞെടുക്കുന്നത്. മണിരത്‌നം സാറിന്റെ 'ഓകെ കണ്മണി' എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ ആദ്യ വരികളാണ് അത്. ഞാനായിരുന്നു ആ ചിത്രത്തിന്റെ നൃത്തസംവിധാനം. എന്റെ ആദ്യ സിനിമയ്ക്ക് ഈ പേരിടാനുള്ള കാരണങ്ങളിൽ ഒന്ന് അതാണ്. കഥയ്ക്ക് ഈ ടൈറ്റിലാണ് ഏറെ ചേരുക എന്ന് എനിക്ക് തോന്നി. അത് ശ്രദ്ധിക്കപ്പെടുകയും ചെയ്‍തു

തിയറ്ററുകളില്‍ തന്നെ ചിത്രം കാണണമെന്ന് തീരുമാനിച്ചതിനാലാണോ റിലീസ് വൈകാൻ കാരണം? 

സിനിമ തിയറ്ററിൽ റിലീസ് ചെയ്യണമെന്നാണ് ഏതൊരു സിനിമാ പ്രവർത്തകരുടെയും ആ​ഗ്രഹം. അതാണ് സന്തോഷവും. ഒടിടി റിലീസിനെ കുറിച്ച് ഞങ്ങൾ ആലോചിച്ചിരുന്നില്ല. ലോക്ക് ഡൗണ്‍, കൊവിഡ് എല്ലാം കുറഞ്ഞ് മനുഷ്യ ജീവിതം സാധാരണ രീതിയിൽ എത്താനായി കാത്തിരിക്കുക ആയിരുന്നു. ഒടുവിൽ ഇന്ന് സിനിമ റിലീസ് ആയി. എല്ലാ ഭാ​ഗത്തു നിന്നും ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾ കേൾക്കുമ്പോൾ സംവിധായിക എന്ന നിലയിൽ ഒത്തിരി സന്തോഷം തോന്നുകയാണ്. മലയാളികൾ ഉൾപ്പടെയുള്ളവർ നൽകിയ, നൽകി കൊണ്ടിരിക്കുന്ന പിന്തുണയ്ക്ക് ഒരുപാട് സന്തോഷം.

ദുല്‍ഖര്‍ തന്നെയായിരുന്നോ ആദ്യ ഒപ്ഷൻ?

ഇഷ്‍ട നടൻ ദുൽഖർ ആണ്. മദൻ എന്നോട് ഈ സിനിമയുടെ കഥ പറഞ്ഞപ്പോൾ തന്നെ മനസ്സിൽ തെളിഞ്ഞ മുഖം ദുൽഖറിന്റേത് തന്നെയാണ്. ദുൽഖർ 'യാഴനാ'യി എത്തിയാൽ നന്നായിരിക്കുമെന്ന് എല്ലാവരും പറഞ്ഞു. അങ്ങനെയാണ് കഥ പറയുന്നത്. അഭിനയിക്കാൻ താൻ തയ്യാറാണെന്ന് ദുൽഖർ പറഞ്ഞതോടെ ഞാൻ ഹാപ്പിയായി. നിരവധി സിനിമകളിൽ ഞാൻ കൊറിയോ​ഗ്രാഫി ചെയ്‍തിട്ടുണ്ടെങ്കിലും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനെ പോലൊരു നടൻ അഭിനയിച്ചതിൽ ഏറെ സന്തോഷം തോന്നുന്നു. സെറ്റിലെല്ലാം ഞങ്ങൾ ഒരു ഫാമിലിയെ പോലെയായിരുന്നു. രസകരമായ ഒരുപാട് നിമിഷങ്ങൾ ഉണ്ടായി. 

ദുൽഖർ എന്ന ഡാൻസറെ കുറിച്ച് എന്താണ് ബൃന്ദാ മാസ്റ്ററുടെ അഭിപ്രായം?

നന്നായി ഡാൻസ് ചെയ്യുന്ന ആളാണ് ദുൽഖർ. യഥാർത്ഥത്തിൽ ഒരു സ്റ്റൈലിഷ് ഡാൻസറാണ് ദുൽഖർ. ഡാൻസ് കളിക്കുക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ ശൈലിയിൽ നിന്നും അത് വ്യക്തമാണ്. ഇപ്പോൾ സിനിമകളിൽ നിറയെ ഡാൻസ് വേണമെന്നാണ് ഭൂരിഭാ​ഗം അഭിനേതാക്കളും ആ​ഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ മിക്ക സിനിമകളിലും ഡാൻസുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രേക്ഷകരും അത് ആ​ഗ്രഹിക്കുന്നുണ്ട്. മലയാളത്തിൽ കു‍ഞ്ചാക്കോ ബോബനും പൃഥ്വിരാജും നന്നായി ഡാൻസ് ചെയ്യുന്നവരാണ്. എല്ലാ സിനിമാ താരങ്ങളും ഡാൻസിനെ ഇഷ്ടപ്പെടുന്നവരാണ്. ഇതിനായ് അക്ഷീണം പ്രയത്‍നിക്കുന്നവരുമാണ്. ഓരോ അഭിനേതാവിന് വേണ്ടി നൃത്തരംഗം ഒരുക്കുമ്പോഴും അവര്‍ക്ക് ചേരുന്നത് എന്തെന്ന് നമ്മള്‍ മനസിലാക്കണം. ചിലര്‍ക്ക് ഡാന്‍സ് നമ്പറാകും ചേരുക, ചിലര്‍ക്ക് എക്‌സ്‍പ്രഷന്‍സും. അത് നോക്കിയാണ് കൊറിയോ​ഗ്രാഫി ചെയ്യാറുള്ളത്. 

മോഹൻലാലിന്റെ മകൻ പ്രണവിന് വേണ്ടി ചെയ്‍ത കൊറിയോഗ്രാഫിക്ക് ഏറ്റവും ഒടുവില്‍ അവാര്‍ഡ് ലഭിച്ചല്ലോ. എന്താണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'ത്തിന്റെ അനുഭവങ്ങള്‍?

'മരക്കാറി'ലൂടെ പ്രിയൻ സാറിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വലിയ അനു​ഗ്രഹമായി കാണുകയാണ്. അദ്ദേഹത്തോടൊപ്പം മുമ്പും ഞാൻ സിനിമകൾ ചെയ്‍തിട്ടുണ്ട്. കല്യാണിയെയും പ്രണവിനെയും കുഞ്ഞുനാള്‍ മുതലേ കാണുന്നതാണ്. അതുകൊണ്ട് തന്നെ നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്ന അനുഭവമായിരുന്നു എനിക്ക്. പ്രണവ് വളരെ മികച്ചൊരു അഭിനേതാവാണ്. ഡെഡിക്കേറ്റഡും കഠിനപ്രയത്‍നം ചെയ്യുന്ന ആളുമാണ്. ഗാനരം​ഗത്തിനായി ഒരുപാട് റിഹേഴ്‍സലുകള്‍ ഞങ്ങൾ ചെയ്‍തിരുന്നു. ഇതിലൂടെ നാലാമത്തെ കേരള സ്റ്റേറ്റ് ഫിലിം അവാർഡും എനിക്ക് ലഭിച്ചു. ഞാന്‍ ഒരുപാട് ആസ്വദിച്ച് ചെയ്‍ത ചിത്രം കൂടിയായിരുന്നു 'മരക്കാര്‍'. പിന്നെ മോഹൻലാൽ സാറിനെ പറ്റി പറയേണ്ടതില്ലല്ലോ. അദ്ദേഹം സിനിമയിൽ വന്നപ്പോൾ എങ്ങനെ ആയിരുന്നോ അതുപോലെ തന്നെയാണ് ഇപ്പോഴും. 'ഇരുവറട'ക്കമുള്ള ചിത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. 

ഭാവി തീരുമാനങ്ങള്‍‌?

ഇനിയും സിനിമാ സംവിധാനം ചെയ്യണമെന്നാണ് എന്റെ ആ​ഗ്രഹം. അതോടൊപ്പം തന്നെ കൊറിയോ​ഗ്രാഫിയും ഉണ്ടാകും. നിലവിൽ പുതിയ സിനിമാ സംവിധാനത്തെ പറ്റി ചിന്തിച്ചിട്ടില്ല. പക്ഷേ ഇനിയും സംവിധായികയായി ഞാൻ നിങ്ങൾക്ക് മുന്നിലെത്തും. പുതിയ തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമകളിൽ കൊറിയോ​ഗ്രാഫി ചെയ്യാനുണ്ട്. മലയാളത്തിൽ മോഹൻലാൽ സാർ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസി'ലും കൊറിയോ​ഗ്രാഫി ചെയ്യുന്നുണ്ട്. 'ബറോസി'ൽ പ്രവർത്തിക്കാനായി കാത്തിരിക്കുകയാണ്.

Read Also: Hey Sinamika Review : കോളിവുഡിലും പ്രിയമേറുന്ന ദുല്‍ഖര്‍; 'ഹേയ് സിനാമിക' റിവ്യൂ

click me!