'ഫേസ്ബുക്കും വാട്‍സ്ആപ്പും വന്നപ്പോഴാണ് ജനങ്ങൾക്ക് ഞാൻ ചെയ്ത കഥാപാത്രങ്ങൾ ഇത്രയും ഇഷ്ടമായിരുന്നുവെന്ന് മനസിലായത്. ജനങ്ങളുമായി നേരിട്ട് സംസാരിക്കാൻ പറ്റും എന്നത് സോഷ്യല്‍ മീഡിയയുടെ ഗുണമായി ഞാൻ കാണുന്നു. വലിയ രീതിയില്‍ അവർ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് സോഷ്യല്‍ മീഡിയയിലൂടെ മനസിലായി. അവരുടെ കാഴ്ചപ്പാടും കഥാപാത്രങ്ങളെപ്പറ്റിയുള്ള വിലയിരുത്തലുകളുമൊക്കെ മനസിലാക്കാൻ സാധിച്ചു..'
മുപ്പത്തി മൂന്ന് വർഷങ്ങൾ പിന്നിട്ട സിനിമാ ജീവിതമാണ് നടൻ ബാബു ആന്‍റണിയുടേത്. കുറ്റിത്താടിയും നീട്ടിയ മുടിയും ആയോധനകലയുടെ വഴക്കമുമൊക്കെയായി അതുവരെയുണ്ടായിരുന്ന പ്രതിനായക ഇമേജിന് പുതിയ മാനം നല്‍കിയാണ് അദ്ദേഹം സിനിമാപ്രേമികളുടെ മനസില്‍ ഇടംനേടിയത്. ഭരതന്‍റെ 'ചിലമ്പി'ലൂടെ അരങ്ങേറ്റം കുറിച്ച ബാബു ആന്‍റണി നായകനും പ്രതിനായകനുമായി ഇതിനകം നൂറ്റിയറുപതോളം ചിത്രങ്ങളില്‍ ഇതുവരെ അഭിനയിച്ചു. ആക്ഷന്‍ ചിത്രങ്ങള്‍ക്കൊപ്പം 'വൈശാലി'യും 'അപരാഹ്ന'വും പോലെയുള്ള ചിത്രങ്ങളിലെ വേറിട്ട കഥാപാത്രങ്ങളെയും അദ്ദേഹം അവതരിപ്പിച്ചു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളികളുടെ പ്രിയനടന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മനസ് തുറക്കുകയാണ്. ബിഗ് സ്ക്രീനിലെ മൂന്ന് പതിറ്റാണ്ടുകളെക്കുറിച്ച്, ആയോധനകലയോടുള്ള അഭിനിവേശത്തെക്കുറിച്ച്, ഒമര്‍ ലുലുവിന്‍റെ വരാനിരിക്കുന്ന ചിത്രം 'പവര്‍ സ്റ്റാറി'നെക്കുറിച്ച്.. മനു വർഗീസ് നടത്തിയ അഭിമുഖം.
അഭിനയ ജീവിതത്തിലെ 33 വർഷങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
undefined
സാഹസികമായ മുപ്പത്തിമൂന്ന് വർഷങ്ങൾ എന്നുതന്നെ പറയാം. കണക്കുകൂട്ടി നോക്കുമ്പോഴാണ് ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നുവെന്ന് മനസിലാവുന്നത്. ഭരതൻ സാറിന്‍റെ സിനിമയിലൂടെ വില്ലൻ വേഷത്തിൽ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞു എന്നത് വലിയ കാര്യമായി കാണുന്നു. പിന്നീട് അങ്ങോട്ട് നിരവധി സംവിധായകർക്കൊപ്പം വർക്ക് ചെയ്യാൻ സാധിച്ചു. അന്യഭാഷകളിലും സൂപ്പർ താരങ്ങൾക്കൊപ്പം നല്ല വേഷങ്ങൾ ചെയ്യാൻ സാധിച്ചു. ഇതെല്ലാം വലിയ അനുഗ്രഹമായാണ് കാണുന്നത്. ഇടയ്ക്ക് കുറെ വർഷങ്ങൾ ചില തിരക്കുകൾ കാരണം സിനിമയിൽ സജീവമായിരുന്നില്ല. ഒരു പക്ഷെ ആ കാലത്തും സജീവമായിരുന്നെങ്കില്‍ ഇപ്പോള്‍ മുന്നൂറിലധികം ചിത്രങ്ങള്‍ പിന്നിട്ടേനെ.
ബാബു ആന്‍റണി അവതരിപ്പിച്ചവയില്‍ ഭൂരിഭാഗവും മാര്‍ഷ്യല്‍ ആര്‍ട്ട് എക്സ്പേര്‍ട്ടുകള്‍ ആയ കഥാപാത്രങ്ങളായിരുന്നു. അതല്ലാതെയുള്ള കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ആയോധനകല പഠിച്ചത് അഭിനയത്തില്‍ ഏതെങ്കിലും വിധത്തില്‍ സഹായിച്ചിട്ടുണ്ടോ?
ആയോധനകലയിലെ പ്രാവീണ്യമാണ് എന്നെ ജനപ്രിയനാക്കിയത്. ഏഴ് വർഷത്തോളം വിവിധ ഭാഷകളില്‍ വില്ലൻ വേഷങ്ങളില്‍ ഞാൻ അഭിനയിച്ചു. എല്ലാ സൂപ്പർ താരങ്ങളുടെയും ഇടി മേടിച്ചിട്ടുണ്ട്. ഹീറോ ആകണമെന്നുള്ള ആഗ്രഹം ആദ്യം മുതല്‍ തന്നെ ഉണ്ടായിരുന്നു, നമ്മൾ ആഗ്രഹിക്കുന്നതിനായി ശ്രമിക്കുക എന്നാണല്ലോ. പിന്നീട് നായക വേഷങ്ങൾ ലഭിച്ചു. അതിന് ശേഷവും നെഗറ്റീവ് വേഷങ്ങൾ ചെയ്തു, ഇപ്പോഴും ചെയ്യുന്നു. വില്ലൻ വേഷങ്ങളാണെങ്കില്‍ പോലും സ്ത്രീകളെ ഉപദ്രവിക്കുന്ന തരത്തിലുള്ള വില്ലൻ വേഷങ്ങൾ ഞാൻ ചെയ്യില്ല. നെഗറ്റീവ് വേഷങ്ങൾ ചെയ്യുമ്പോൾ പശ്ചാത്തലത്തില്‍ ഒരു നല്ല കഥയുണ്ടാവണമെന്ന് എനിക്ക് നിർബന്ധമുണ്ട്. ആയോധനകല അറിയാവുന്നത് കൊണ്ടുതന്നെ ശരീര ചലനങ്ങളിൽ ഒരു താളം ഉണ്ടാകും. മുഖത്തെ ചലനങ്ങൾ നിയന്ത്രിക്കാനും ആവശ്യമില്ലാത്ത എക്സ്പ്രഷന്‍ ഇടാതിരിക്കാനുമൊക്കെ ആ താളം സഹായിച്ചിട്ടുണ്ട്. അത് അഭിനയത്തെ ഒരുപാട് സഹായിച്ചു. ആയോധനകല ഒരു ആക്ടറെ ഒരുപാട് സഹായിക്കും എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഡ്യൂപ്പ് ഇല്ലാതെ നിരവധി ആക്ഷൻ രംഗങ്ങളാണ് ഞാൻ ചെയ്തത്. പരിമിതമായ സേഫ്റ്റി ഉപകരണങ്ങൾ ഉണ്ടായിരുന്ന സമയത്താണ് ജീവൻ പണയം വച്ച് അത്തരം സാഹസിക രംഗങ്ങൾ ചെയ്തിട്ടുള്ളത്. മരണക്കിണറില്‍ ബൈക്ക് ഓടിക്കുക, ഗ്ലാസ് പൊട്ടിച്ച് വരുക തുടങ്ങിയ നിരവധി റിയൽ രംഗങ്ങൾ ചെയ്യാന്‍ കഴിഞ്ഞു. അത്തരം രംഗങ്ങളില്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ഒരു ചടുലത കൊണ്ട് വരാന്‍ സാധിച്ചു. ഒരുപാട് പരിക്കുകൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ആക്ഷൻ മാത്രമല്ല, സമാന്തരസിനിമകളും എന്നെ തുണച്ചിട്ടുണ്ട്. എം.പി സുകുമാരൻ നായരുടെ അപരാഹ്നവും ശയനവും അഭിനയിച്ചവയില്‍ ഏറെ ഇഷ്ടപ്പെട്ട ചിത്രങ്ങളാണ്. വൈശാലിയിലെ ലോമപാദൻ രാജാവ്, യുഗപുരുഷനിലെ അയ്യങ്കാളി, കായംകുളം കൊച്ചുണ്ണിയിലെ തങ്ങൾ.. ഇവരൊക്കെ എന്‍റെ പ്രിയ കഥാപാത്രങ്ങളാണ്.
അഭിനയത്തിന്‍റെ ഒരു രീതി എന്താണ്? മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകളൊക്കെ ഉണ്ടാവാറുണ്ടോ?
സ്പൊണ്ടേനിയസ് ആക്റ്റിംഗ് ആണ് എന്‍റെ രീതി. ഞാൻ ഒരിക്കലും ഒരു കഥാപാത്രത്തിന് വേണ്ടി കൂടുതൽ പഠനങ്ങൾ നടത്തുകയോ അവരുടെ ജീവിതം നോക്കുകയോ ഒന്നും ചെയ്തിട്ടില്ല. സംവിധായകൻ ഒരു കഥാപാത്രത്തെ വിശദീകരിച്ചു തരുന്നതനുസരിച്ച് ചെയ്യാറാണ് പതിവ്. ഒരു ക്യാരക്ടർ സ്കെച്ച് നമ്മൾ കൊണ്ടുവരുകയാണ്. ഒരു ടീം വർക്കാണല്ലോ സിനിമ. ആ ചട്ടക്കൂടില്‍ നിന്നുകൊണ്ടുതന്നെ കഥാപാത്രത്തെ സൃഷ്ടിക്കുകയാണ് ഞാൻ ചെയ്യുന്നത്. അത് കാണുന്ന പ്രേക്ഷകനെയും ഇഷ്ടപ്പെടുത്തണം. നമ്മുടെ കഴിവുകൾ കാണിക്കാൻ വേണ്ടി മാത്രം കഥാപാത്രങ്ങൾ സൃഷ്ടിക്കുന്ന രീതിയോട് എനിക്ക് താല്‍പര്യമില്ല. ഒരു സിനിമയുടെ അവസരം വരുമ്പോള്‍ അതിന്‍റെ കഥയാണ് എന്‍റെ പ്രാഥമിക പരിഗണന. എങ്ങനെയാണ് അവര്‍ ആ സിനിമയെ ട്രീറ്റ് ചെയ്യുന്നത് എന്ന് നോക്കും. പുതിയ ആളുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എക്കാലവും താല്‍പര്യമുണ്ടായിരുന്നു. സാറ്റലൈറ്റ് റൈറ്റിനുവേണ്ടി, അവിടെ വാല്യു ഉള്ള നടന്മാര്‍ക്കുവേണ്ടി കഥയെഴുതുന്ന രീതിയാണ് ഇന്നുള്ളത്. അത് സിനിമയാക്കി ജനങ്ങളുടെ മുമ്പിലേയ്ക്ക് ഇട്ടുകൊടുക്കും, അത് അവർക്ക് ഇഷ്ടപ്പെടണമെന്നില്ല.
സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് മുന്‍പത്തേതിന് വിപരീതമായി താരങ്ങള്‍ക്കും ആരാധകര്‍ക്കുമിടയിലുള്ള അകലം കുറഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ തേടിവരാറുണ്ടോ?
ഫേസ്ബുക്കും വാട്‍സ്ആപ്പും വന്നപ്പോഴാണ് ജനങ്ങൾക്ക് ഞാൻ ചെയ്ത കഥാപാത്രങ്ങൾ ഇത്രയും ഇഷ്ടമായിരുന്നുവെന്ന് മനസിലായത്. ജനങ്ങളുമായി നേരിട്ട് സംസാരിക്കാൻ പറ്റും എന്നത് സോഷ്യല്‍ മീഡിയയുടെ ഗുണമായി ഞാൻ കാണുന്നു. വലിയ രീതിയില്‍ അവർ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് സോഷ്യല്‍ മീഡിയയിലൂടെ മനസിലായി. അവരുടെ കാഴ്ചപ്പാടും കഥാപാത്രങ്ങളെപ്പറ്റിയുള്ള വിലയിരുത്തലുകളുമൊക്കെ മനസിലാക്കാൻ സാധിച്ചു. നേരത്തെ തീയേറ്ററില്‍ ഒരു സിനിമ ഇറങ്ങി കഴിഞ്ഞാല്‍ വാരികകള്‍ വഴിയൊക്കെയാണ് വിലയിരുത്തല്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് അത് നേരിട്ട് അറിയാൻ പറ്റുന്നു എന്നത് വലിയ കാര്യമാണ്. ആരാധകരുടെ സ്നേഹം നിലനിർത്താൻ, അവർ ആഗ്രഹിക്കുന്ന തരത്തില്‍ സിനിമ ചെയ്യണമെന്നുള്ള പ്രചോദനം സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചു.
ജീവിതത്തോട് എത്രത്തോളം ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ് ആയോധനകല?
മാര്‍ഷ്യല്‍ ആര്‍ട്സ് എന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ്. ബാബു ആന്‍റണി സ്കൂൾ ഓഫ് മാർഷ്യൽ ആർട്സ് എന്ന പേരിൽ ഞാൻ ഒരു സ്കൂൾ നടത്തുന്നുണ്ട് . ആഴ്ച്ചയിൽ ആറ് ദിവസവും അവിടെ ക്ലാസുകള്‍ എടുക്കും. മക്കൾ രണ്ടു പേരും മാർഷ്യൽ ആർട്സ് പഠിക്കുന്നുണ്ട്. ആർതറിന് ബ്ലാക് ബെൽറ്റ് കിട്ടിയതാണ് ഏറ്റവും പുതിയ വിശേഷം. അലക്സും ഇപ്പോൾ എന്റെ കൂടെ പ്രാക്ടീസ് ചെയ്യുന്നുണ്ട്. കളരി, കരാട്ടെ, കുങ്ഫു, ഐകിഡോ, സെവാത് അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയോധന കലകള്‍ ഇക്കാലത്തിനിടെ പരിശീലിച്ചിട്ടുണ്ട്.
ഒമര്‍ ലുലുവിന്‍റെ 'പവര്‍ സ്റ്റാറി'ലൂടെയുള്ള ബാബു ആന്‍റണിയുടെ തിരിച്ചുവരവിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ഹൈപ്പ് ഉണ്ട്. എന്താണ് ആ ചിത്രം?
കുറെ വർഷങ്ങൾക്ക് ശേഷം ഞാൻ നായകനായി എത്തുന്ന ചിത്രമാണ് പവർസ്റ്റാർ. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇത്. കുറെ ലൊക്കേഷൻ ഷിഫ്റ്റ് ഉള്ള ചിത്രമാണ്. അതിനാല്‍ തന്നെ കൊവിഡ് സാഹചര്യങ്ങൾ അനുകൂലമാകുന്നതിനനുസരിച്ചേ ഷൂട്ട് നടക്കൂ. എന്‍റെ സുഹൃത്ത് കൂടിയായ ലൂയിസ് മാൻഡ്‌ലർ എന്ന അമേരിക്കൻ നടനും അഭിനയിക്കുന്നുണ്ട്. ഡെന്നീസ് ജോസഫിന്‍റെ തിരക്കഥയില്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ട് എനിക്ക്. Bullets Blades and Blood എന്ന ഹോളിവുഡ് സിനിമയില്‍ അഭിനയിക്കുകയാണ് ഞാനിപ്പോൾ. പിന്നെ ബോളിവുഡില്‍ നിന്നും കുറച്ച് പുതിയ അവസരങ്ങൾ വന്നിട്ടുണ്ട്.
അമേരിക്കയിലെ ലോക്ക് ഡൗണ്‍ അനുഭവം എങ്ങനെ ആയിരുന്നു?
എല്ലാവരും നിയമങ്ങൾ അനുസരിച്ച് പോവുന്ന സമാധാനപരമായ ലോക്ക് ഡൗണ്‍ അനുഭവമായിരുന്നു അമേരിക്കയിലേത്. സോഷ്യൽ ഡിസ്റ്റൻസിങ് എല്ലാവരും പാലിക്കാറുണ്ട്. കുട്ടികളുമായി പുറത്തു പോകാനൊക്കെ പറ്റും. നമ്മുടെ നാട്ടിലേതുപോലെ പുറത്തേക്കിറങ്ങുമ്പോഴുള്ള വലിയ ആൾക്കൂട്ടം ഇവിടെയില്ല. കൊവിഡ് പ്രതിരോധന പ്രവർത്തനങ്ങൾ എല്ലാം നല്ല രീതിയിലാണ് സർക്കാർ തലങ്ങളിൽ കൈകാര്യം ചെയ്യപ്പെടുന്നത്. സാമ്പത്തികമായ സഹായങ്ങളും ജനങ്ങൾക്ക് നൽകുന്നുണ്ട്. പിന്നെ എന്നെ സംബന്ധിച്ച് ലോക്ക് ഡൗണ്‍ കാലം വലിയ പ്രത്യേകതയുള്ളതായൊന്നും തോന്നിയില്ല. സിനിമ ഇല്ലാത്ത സമയത്ത് ഞാൻ കൂടുതലും വീട്ടിൽ തന്നെയാണ്. അതു കൊണ്ട് തന്നെ ലോക്ക് ഡൗണിന്‍റെ ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെട്ടില്ല.