'ഓണപരിപാടിക്ക് കിട്ടുന്ന സോപ്പ് പെട്ടി പോലെ ഒന്നുമല്ല ഇത് വൻ സംഭവമാണ്, എൻ്റെ സിനിമ കാരണമാണോ പോവാതിരുന്നത് എന്ന് ധ്യാൻ തമാശയ്ക്ക് ചോദിച്ചു. എൻ്റെ സ്നേഹം നിനക്ക് ഇപ്പോ മനസിലായില്ലേ എന്ന് ഞാന് തിരിച്ച് പറഞ്ഞു. മമ്മൂക്കയൊക്കെ എനിക്ക് മെസേജ് അയച്ച് എന്താടാ നീ കാനിൽ പോവാതിരുന്നത് എന്നാണ് ചോദിച്ചത്.' അസീസ് നെടുമങ്ങാട് പറയുന്നു.
77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ് പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമ. ചലച്ചിത്രമേളയിൽ രണ്ടാമത്തെ പ്രധാന പുരസ്കാരമായ ഗ്രാന്‍ഡ് പ്രീ അവാർഡാണ് ചിത്രം സ്വന്തമാക്കിയത്. ഹിന്ദി, മലയാളം ഭാഷകളിലായി ഒരുക്കിയ ചിത്രത്തിൽ മലയാളികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തെയും താരങ്ങളെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. എന്നാൽ മലയാളികൾക്ക് അഭിമാനിക്കാൻ കനിയും ദിവ്യ പ്രഭയും മാത്രമല്ല. മലയാളികളുടെ ഇഷ്ട താരമായ നടൻ അസീസ് നെടുമങ്ങാടും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഡോ. മനോജ് എന്ന കഥാപാത്രത്തെയാണ് അസീസ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലേക്ക് എത്തിയത് എങ്ങനെയാണെന്നും ഷൂട്ടിംഗ് വിശേഷങ്ങളെക്കുറിച്ചും അസീസ് നെടുമങ്ങാട് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു...
ഒന്നരവർഷത്തെ അന്വേഷണം
ഓഡിഷന്‍ വഴിയാണ് അസീസ് നെടുമങ്ങാട് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയിലേക്ക് എത്തുന്നത്. ‘‘പ്രോഡക്ഷൻ ടീമാണ് ആദ്യം വിളിച്ചത്. സാധാരണ നമ്മുടെ ഫോണിലേക്ക് ഹിന്ദിയിൽ വരുന്ന കോൾ കസ്റ്റമർ കെയറിൽ നിന്നാണല്ലോ. നമ്മളത് സ്പോട്ടിൽ കട്ട് ചെയ്ത് കളയും. രണ്ട് മൂന്ന് വട്ടം ഫോൺ വന്നപ്പോൾ ഞാൻ കട്ട് ചെയ്തു. പിന്നെ വാട്സ്ആപ്പിൽ ആ നമ്പറിൽ നിന്ന് മെസേജ് വന്നിരിക്കുന്നു. കുറച്ച് കഴിഞ്ഞാണ് റോബിൻ എന്ന മലയാളി വിളിക്കുന്നത്. പായൽ കപാഡിയ എന്ന സംവിധായികയുടെ സിനിമയുടെ ഓഡീഷന് വേണ്ടിയാണെന്ന് പറഞ്ഞു. അവർ സ്ക്രിപ്റ്റ് അയച്ച് തന്നു. എന്‍റെ ഭാഗം വീഡിയോ ചെയ്ത് അയച്ച് കൊടുത്തു. പിന്നീട് കനിയുമായി ഒരു കോമ്പിനേഷൻ സീൻ സൂം മീറ്റിംഗിൽ ചെയ്ത് നോക്കി. സംവിധായിക പായലിന് അത് ഇഷ്ടമായി. പിന്നീടാണ് അറിഞ്ഞത് ഒന്നരവർഷമായി അവർ ഈ കഥാപാത്രത്തിനായി ഓഡിഷൻ നടത്തുകയാണെന്ന്. മലയാളത്തിൽ ഒത്തിരി നടൻമാരുണ്ടല്ലോ എന്നിട്ടും എന്നെ എങ്ങനെ സെലക്ട് ചെയ്തു എന്ന് മനസിൽ ചിന്തിച്ചു. പായലിന്‍റെ മനസിലുണ്ടായിരുന്ന കഥാപാത്രത്തിൻ്റെ ലുക്കിനോട് ചേർന്ന ആളാണ് ചേട്ടനെന്നാണ് റോബിൻ പറഞ്ഞത്.’’- അസീസ് നെടുമങ്ങാട് പറയുന്നു.
undefined
ഡോ. മനോജ് എന്ന കഥാപാത്രം
ഡോ. മനോജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മുംബൈയിൽ ജോലിക്ക് ജോയിന്‍ ചെയ്തിട്ട് മൂന്ന്, നാല് മാസം മാത്രമായിട്ടേയുള്ളൂ ഈ ഡോക്ടർ. ഹിന്ദി അത്ര വശമില്ലാത്ത ആളാണ് ഈ മനോജ്. സത്യം പറഞ്ഞാൽ എനിക്ക് ചിത്രത്തിൽ അഭിനയിക്കേണ്ടി വന്നില്ല. കാരണം എനിക്കും ഹിന്ദി അറിയില്ലല്ലോ. കനിയായിരുന്നു ചിത്രത്തിലെ ജോഡി. ഡിവോഴ്സ് ആയ, മുംബൈയിൽ ജോലി ചെയ്യുന്ന നഴ്സിൻ്റെ കഥാപാത്രമാണ് കനി ചെയ്തിരിക്കുന്നത്. കനി ചെയ്ത കഥാപാത്രത്തോടാണ് ഹിന്ദിയിലെ സംശയങ്ങളൊക്കെ മനോജ് ചോദിച്ച് മനസിലാക്കുന്നത്. പതിയെ ഉള്ളിൻ്റെ ഉള്ളിൽ ഒരു ഇഷ്ടം തോന്നുന്നു. പക്ഷേ പല കാരണങ്ങൾ കൊണ്ട് അത് തുടർന്ന് പോകില്ല. പല സംഭവ വികാസങ്ങൾ കഥാപശ്ചാത്തലത്തിൽ നടക്കുന്നുണ്ട്.
പായൽ ഒരു പെർഫെക്ഷനിസ്റ്റ്
‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഷൂട്ട് ചെയ്ത സമയമുണ്ടെങ്കിൽ 3 മലയാള സിനിമ ഷൂട്ട് ചെയ്യാമെന്ന് തമാശയ്ക്ക് ഞാന്‍ കനിയോട് പറഞ്ഞിട്ടുണ്ട്. പെർഫെക്ഷൻ അത്ര മാത്രം നോക്കുന്ന ഒരാളാണ് പായൽ കപാഡിയ. പക്ഷേ എഡിറ്റിംഗിൻ്റെ സമയത്ത് അസീസ് അഭിനയിച്ച പല ഭാഗങ്ങളും ഫസ്റ്റ് ടേക്കിൽ തന്നെ സൂപ്പറായിരുന്നു എന്ന് കനിയോട് പറഞ്ഞെന്ന് ഞാൻ അറിഞ്ഞു. അത് കേട്ടപ്പോൾ ഒത്തിരി സന്തോഷമായി. പക്ഷേ പായൽ ഒരേ ടേക്ക് പല രീതിയിൽ ഷൂട്ട് ചെയ്യും. എന്നാലേ പായലിന് അത് തൃപ്തിയാവൂ. സെറ്റിൽ എപ്പോഴും കൂളാണ് അവര്‍. എത്ര ടെൻഷനുണ്ടെങ്കിലും എത്ര ക്ഷീണമാണെങ്കിലും ചിരിച്ചുകൊണ്ടേ ഇരിക്കൂ. ഒരു പ്രോപ്പർട്ടി മാറ്റി വെക്കണമെങ്കിൽ പോലും ആർട്ട് ടീമിൻ്റെ ഒപ്പം നിന്ന് അതും ചെയ്യാറുണ്ടായിരുന്നു പായൽ. എത്ര ടേക്ക് പോയാലും നന്നായിട്ടുണ്ട് എന്നേ പറയൂ. മറ്റൊരു ഭാഷ എന്ന തോന്നൽ ഈ സിനിമയിൽ എനിക്ക് ഉണ്ടായിട്ടേ ഇല്ല.
സഹപ്രവർത്തകരുടെ അഭിന്ദനം
അവാർഡ് കിട്ടിയ ശേഷം പായലും കനിയുമെല്ലാം വീഡിയോ കോൾ ചെയ്തിരുന്നു. ഒത്തിരി പേർ വിളിച്ച് അഭിനന്ദനം അറിയിക്കുന്നുണ്ട്. സഹപ്രവർത്തകരുടെ അഭിന്ദനം ഒത്തിരി സന്തോഷം നൽകുന്നുണ്ട്. ചിത്രം കാൻ ഫെസ്റ്റിവലിൽ എത്തിയപ്പോൾ സിനിമാസംഘത്തിനൊപ്പം പോകാൻ പായൽ ക്ഷണിച്ചിരുന്നുന്നെങ്കിലും മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് തിരക്കായതിനാൽ പോവാൻ കഴിഞ്ഞില്ല. മമ്മൂക്കയൊക്കെ എനിക്ക് മെസേജ് അയച്ച് എന്താടാ നീ കാനിൽ പോവാതിരുന്നത് എന്നാണ് ചോദിച്ചത്. ഒരു സിനിമയുടെ ഷൂട്ടിലായിരുന്നുവെന്ന് ഞാൻ പറഞ്ഞു. സൗബിൻ, അർജുൻ അശോകൻ അങ്ങനെ ഒത്തിരി പേർ വിളിച്ചു. പൃഥ്വിരാജ് മെസേജ് അയച്ചു. ഓണപരിപാടിക്ക് കിട്ടുന്ന സോപ്പ് പെട്ടി പോലെ ഒന്നുമല്ല ഇത് വൻ സംഭവമാണ്, എൻ്റെ സിനിമ കാരണമാണോ പോവാതിരുന്നത് എന്ന് ധ്യാൻ തമാശയ്ക്ക് ചോദിച്ചു. എൻ്റെ സ്നേഹം നിനക്ക് ഇപ്പോ മനസിലായില്ലേ എന്ന് ഞാൻ തിരിച്ച് പറഞ്ഞു.
പുതിയ സിനിമകൾ
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫിൻ്റെ 'നുണക്കുഴി, ജയ ജയ ജയ ജയ ഹേ സംവിധാനം ചെയ്ത വിപിൻ ദാസിൻ്റെ വാഴ എന്ന സിനിമ, അർജുൻ അശോകൻ നായകനായ 'ആനന്ദ് ശ്രീബാല', അമ്പിളി എസ് രംഗൻ സംവിധാനം ചെയ്തിരിക്കുന്ന 'ഇടി മഴ കാറ്റ്' ഇതൊക്കെയാണ് റിലീസ് ആവാനിരിക്കുന്ന പുതിയ ചിത്രങ്ങൾ.