സിനിമയിലെ മൊത്തം ടീമിന്റെ തീരുമാനമാണ് പ്രമോഷൻ വീഡിയോ, ആശാ ശരത് ഏഷ്യാനെറ്റ് ഓൺലൈനുമായി സംസാരിക്കുന്നു
മികച്ച സ്‍ത്രീ കഥാപാത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് ആശ ശരത്. മിനി സ്ക്രീനിൽനിന്ന് സിനിമയിലെത്തിയപ്പോഴും കഥാപാത്രങ്ങളുടെ വേറിട്ട തെരഞ്ഞെടുപ്പാണ് താരത്തെ ശ്രദ്ധേയയാക്കിയത്. പുതിയ ചിത്രമായ എവിടെയുടെ പ്രമോഷനായി താരം നടത്തിയ ഒരു വീഡിയോ ഏറെ ചർച്ചയായിരുന്നു. പ്രമോഷൻ വീഡിയോയെ കുറിച്ചും സിനിമയെ കുറിച്ചും ആശ ശരത് ഏഷ്യാനെറ്റ് ഓൺലൈനുമായി സംസാരിക്കുന്നു..
സിനിമയുമായി ബദ്ധപ്പെട്ട് നടത്തിയ പ്രമോഷൻ വീഡിയോ ഏറെ വിവാദങ്ങൾക്കും വിമർശനത്തിനും കാരണമായി. ആളുകളെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു വിമര്‍ശനം?
undefined
പെട്ടെന്ന് ഇങ്ങനൊരു വീഡിയോ കണ്ടപ്പോൾ, എന്നെ സ്നേഹിക്കുന്ന ചിലരെങ്കിലും തെറ്റിദ്ധരിച്ചതിൽ സങ്കടമുണ്ട്. എന്നാൽ ആ വിഡിയോ തുടങ്ങുന്നതിന് മുൻപ് വ്യക്തമായി പറയുന്നുണ്ട് പ്രമോഷൻ വീഡിയോ ആണെന്ന്. സിനിമയിലെ കഥാപാത്രമായ ജെസിയായിട്ടാണ് ഞാൻ വീഡിയോയിൽ വരുന്നത്, അല്ലാതെ ആശ ശരത് എന്ന വ്യക്തിയല്ല. ഞാൻ കട്ടപ്പനക്കാരി അല്ല. എന്റെ ഭർത്താവിന്റെ പേര് സക്കറിയ എന്നല്ല. ഇതെല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സിനിമയിലെ മൊത്തം ടീമിന്റെ തീരുമാനമാണ് പ്രമോഷൻ വീഡിയോ. ഞാൻ പറഞ്ഞ കാര്യങ്ങൾ ചിലർ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു. ഞാനായിട്ട് വീഡിയോ വഴി ആരേയും പറ്റിക്കുകയോ ചതിക്കുകയോ ചെയ്‍തിട്ടില്ല.
കട്ടപ്പനക്കാരി ജെസിയെ കുറിച്ച്?
എവിടെയിലെ നാട്ടിൻ പുറത്തുകാരിയായ ജെസി എന്റെ കരിയറിലെ ഏറ്റവും മികവുറ്റ വേഷമാണ്. ഒരേസമയം ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യയും മക്കളുടെ മുന്നിൽ നിസഹയായ അമ്മയായും അഭിനയിക്കുക ശരിക്കും ഒരു ചലഞ്ചായിരുന്നു. ചില കഥാപാത്രങ്ങൾ എപ്പോഴും ഒരേ ഭാവമായിരിക്കും. എന്നാൽ ജെസി നഷ്‍ടങ്ങളുടെയും പ്രതിക്ഷകളുടെയും നേർചിത്രമാണ്
ബോബി- സഞ്ജയ് ടീമിന്റെ കഥ, സീരിയലുകളിലൂടെ ശ്രദ്ധേയനായ കെ കെ രാജീവിന്റെ സംവിധാനം?
സിനിമയുടെ കഥയാണ് എന്നെ കൂടുതൽ ആകർഷിച്ചത്. കുടുംബപശ്ചാത്തലത്തിൽ മികച്ച സന്ദേശം നൽകുന്ന ചിത്രമാണിത്. കെ കെ രാജീവിന്റെ സംവിധാനം ചിത്രത്തെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്. സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ പൾസ് അറിയാവുന്ന സംവിധായകനാണ് കെ കെ രാജീവ്. അത് ഈ സിനിമയുടെ വിജയത്തിന് നിർണായകമായി.
സിനിമയിലെ മറ്റ് താരങ്ങൾ?
കുട്ടിച്ചൻ എന്ന കഥാപാത്രമായി പ്രേം പ്രകാശ് മികച്ച വേഷമാണ് ചിത്രത്തിൽ ചെയ്‍തിരിക്കുന്നത്. അദ്ദേഹം ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളുകൂടിയാണ്. മനേജ് കെ ജയൻ, ബൈജു, സുരാജടക്കമുള്ള താരങ്ങൾക്കൊപ്പം അഭിനയിക്കാൻ പറ്റിയത് ഭാഗ്യമായി തന്നെ കാണുന്നു. കഥാപാത്രങ്ങളായി അവരെല്ലാം ജീവിക്കുകയായിരുന്നു
ആരോപണങ്ങൾ സിനിമയെ ബാധിക്കുമോ?
ഒരിക്കലുമില്ല. പ്രമേഷൻ വീഡിയോ വഴി ഞാൻ ആരെയും പറ്റിച്ചട്ടില്ല. മറ്റുള്ളവർ ഓർത്തുവയ്ക്കുന്ന സന്ദേശം പകരുന്ന കാലികപ്രസക്തിയുള്ള
ചിത്രമാണിത് അത് പ്രേക്ഷകർക്ക് ഇഷ്‍ടമാവും