സിനിമയോട് എല്ലാക്കാലത്തും എനിക്ക് അകൽച്ചയുണ്ട്: വെട്ടുകിളി പ്രകാശ്

By Web Team  |  First Published Dec 9, 2023, 12:41 PM IST

"എല്ലാ സംഭവങ്ങളും കുറച്ച് കഴിയുമ്പോൾ മടുക്കും. ...നമ്മൾ ഉദ്ദേശിച്ച പോയിന്റിൽ, വിചാരിച്ച പൂർണതയിൽ എത്തിക്കാൻ കഴിയില്ല. ജീവിതത്തിൽ പറ്റില്ല, പിന്നെയാണോ കലയിൽ?"


സിനിമകളിൽ ചെയ്ത കോമഡി കഥാപാത്രങ്ങളെപ്പോലെയല്ല, വെട്ടുകിളി പ്രകാശ് ആഴമുള്ള മനുഷ്യനാണ്. 'ഉറുമ്പുകൾ ഉറങ്ങാറില്ല' സിനിമയുടെ സംവിധായകൻ ജിജു അശോകൻ ക്ഷണിച്ചിട്ടാണ് ഒരിടവേളക്ക് ശേഷം വെട്ടുകിളി പ്രകാശ് വീണ്ടും അഭിനയിക്കാൻ എത്തിയത്, ഏതാണ്ട് അഞ്ച് വർഷത്തോളം നീണ്ട അവധിക്ക് ശേഷം. ജിജു അശോകന്റെ തന്നെ പുതിയ ചിത്രം 'പുള്ളി'യാണ് വെട്ടുകിളി പ്രകാശിന്റെ പുതിയ വേഷം. എന്തേ സിനിമയിൽ നിന്ന് മാറിനിന്നു? "സിനിമ വേണ്ടന്ന് തോന്നി." അധികം ആലോചിക്കാതെ തന്നെ അദ്ദേഹം മറുപടി പറയുന്നു.

എന്താണ് 'പുള്ളി'യിലെ വേഷം?

Latest Videos

undefined

ഒരു സീനിയർ ജയിൽപുള്ളിയുടെ വേഷമാണ്. ജീവിതകാലം മുഴുവൻ ജയിലിൽ കഴിയുന്ന ഒരാൾ. ജയിലിൽ ഒരു​ ​ഗ്രൂപ്പിന്റെ ഒരു ലീഡർ എന്നൊക്കെ പറയുന്നത് പോലെയുള്ള ഒരാളാണ്. സാധാരണ എല്ലാ മനുഷ്യരെയും പോലെ സ്വഭാവങ്ങളൊക്കെയുള്ള ഒരു വ്യക്തി.

എന്തുകൊണ്ടാണ് ഈ വേഷം ചെയ്യാൻ തീരുമാനിച്ചത്, ഒരുപാട് അഭിനയ സാധ്യതകൾ ഇതിനുണ്ടോ?

ഞാൻ തിരക്കഥയൊന്നും വായിച്ചില്ല. എനിക്ക് വേണ്ടപ്പെട്ട, എന്നെ എന്നെക്കാൾ നന്നായി അറിയുന്ന ആളാണ് സംവിധായകൻ ജിജു അശോകൻ. അദ്ദേഹം പറയുന്നത് പോലെ വേഷം ചെയ്യുക എന്നതേയുള്ളൂ. ഞാൻ ചെയ്ത കഥാപാത്രം, പ്രധാന വേഷം ചെയ്യുന്ന ദേവ് മോഹന്റെ കഥാപാത്രവുമായി ഒരു പ്രത്യേക അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ്. സുധി കോപ്പയാണ് എന്റെ കഥാപാത്രത്തിന്റെ ​ഗ്രൂപ്പിലെ മറ്റൊരാൾ. ജയിലിൽ സ്വഭാവികമായും ഉണ്ടാകുന്ന സ്വാതന്ത്ര്യത്തിന്റെ പരിമിതികൾ ഉണ്ടല്ലോ, ആ സാഹചര്യത്തിൽ അതിജീവനത്തിന് വേണ്ടി അവരവരുടെതായ ഒരു കൃത്രിമലോകം സൃഷ്ടിക്കുകയാണ് ജയിൽപുള്ളികൾ. അവിടെ അവർ വിശ്വസിക്കുന്ന മേൽക്കോയ്മ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി അടി, ബഹളം ഒക്കെയുണ്ടാകും. ജയിലിന് പുറത്തുള്ള മനുഷ്യരുടെ ജീവിതത്തിലും ഇതൊക്കെ തന്നെയാണല്ലോ സംഭവിക്കുന്നത്. അങ്ങനെയൊരു വേഷമാണ്. കഥയിൽ ചെറിയ ഒരു ഭാ​ഗമേയുള്ളൂ.

സംവിധായകൻ പറഞ്ഞതുകൊണ്ട് മാത്രം സമ്മതം മൂളി...

അതേ. ചേട്ടൻ ഇത് ചെയ്തേ... എന്നാണ് ജിജു പറഞ്ഞത്. നമ്മളെക്കൊണ്ട് പറ്റാവുന്നത് കൊടുക്കുക എന്നതാണല്ലോ. ജിജു മുൻപ് ചെയ്ത 'ഉറുമ്പുകൾ ഉറങ്ങാറില്ല'യിലും ഞാൻ ഒരു വേഷം ചെയ്തിട്ടുണ്ട്. സൗഹൃദങ്ങളുടെ നിർബന്ധംകൊണ്ടാണ് ആ സിനിമയും ചെയ്തത്. സിനിമ തന്നെ വേണ്ടെന്ന് വച്ച കാലത്തിന് ശേഷം ഞാൻ ചെയ്ത പടമാണത്.

എന്തിനാണ് സിനിമ വേണ്ടന്ന് വച്ചത്?

എല്ലാ സംഭവങ്ങളും കുറച്ച് കഴിയുമ്പോൾ മടുക്കും. എല്ലാ സം​ഗതികളും നമ്മൾ  ഉദ്ദേശിച്ച പോയിന്റിൽ, വിചാരിച്ച പൂർണതയിൽ എത്തിക്കാൻ കഴിയില്ല. ജീവിതത്തിൽ പറ്റില്ല, പിന്നെയാണോ കലയിൽ? ജീവിതത്തിൽ പറ്റുന്നതിന്റെ പകുതിയെ കലയിൽ പറ്റൂ. അപ്പോൾ നമ്മൾ വഴിമാറിപ്പോകും. അതൊക്കെ സ്വാഭാവികമായിട്ട് ഉണ്ടാകുന്നതാ. സിനിമയിൽ താൽപര്യം ഇല്ലാതായി, വേണ്ടന്ന് വച്ചു (ചിരിക്കുന്നു). അത് വേണ്ട... വേറെ വഴികളൊക്കെ ഉണ്ടല്ലോ! നമുക്ക് ചുറ്റും സ്പേസ് ധാരാളം ഉണ്ടല്ലോ. പിന്നീടാണ് ജിജു 'ഉറുമ്പുകൾ...' അഭിനയിക്കാൻ വിളിച്ചത്. അത് പ്രൊഡ്യൂസർ ഒക്കെ ചേർത്തു നിർത്തി അഭിനയിപ്പിച്ചതാണ്. ആകെ രണ്ടു മണിക്കൂറെ വേണ്ടി വന്നുള്ളൂ.

'തൊണ്ടിമുതലും ദൃക്സാക്ഷിയും' ആണ് വലിയൊരു വഴിത്തിരിവായത്, അല്ലേ?

അതേ. 'ഉറുമ്പുകൾ...' അഭിനയിച്ചത് കണ്ടിട്ട് ദിലീഷ് പോത്തന്റെ ചീഫ് അസോസിയേറ്റ് കെ.ആർ. ഉണ്ണിയാണ് എന്നെ സമീപിച്ചത്. ജിജുവിന്റെ അസോസിയേറ്റ് പ്രവീൺ വഴിയാണ് ആ വേഷം കിട്ടുന്നത്. ആ സിനിമയിൽ എത്തിയപ്പോഴാണ് പുതിയ തലമുറയിലെ അഭിനേതാക്കളിലെ വ്യത്യാസം ഒക്കെ മനസ്സിലായത്. അപ്പോൾ തന്നെ ഒരുപാട് 'ചാർജ്' ഒക്കെ വന്നു.

സിനിമ മടുത്തെന്ന് തോന്നാനുള്ള കാരണം എന്താണ്?

സിനിമ വേണ്ട എന്ന് തന്നെ തോന്നി. നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സാധനം അന്യമാകുന്ന അവസ്ഥ ജീവിതത്തിൽ വരാം. അപ്പോൾ എത്ര പട്ട് വിരിച്ച് ക്ഷണിച്ചാലും നമ്മൾ പോകില്ല. അത് സ്വാഭാവികമായിട്ട് സംഭവിക്കുന്നതാണ്. ഇപ്പോൾ തന്നെ, നമുക്ക് വളരെ അടുത്തിരിക്കുന്ന വളരെ പ്രിയപ്പെട്ട ഒരാളോട് നമുക്ക് കാതങ്ങളുടെ അകൽച്ചയുണ്ടാകാം. അതുപോലെയേ ഉള്ളൂ. ഇതൊക്കെ ഒരു തോന്നലാണ്. എന്റെ തുടക്കം മോഹൻസാറിന്റെ (സംവിധായകൻ എം. മോഹൻ) കൂടെയാണ്. നമ്മുടെ സമാനമായ ധാരണകൾ ഉള്ളവരെ കാണുമ്പോൾ ഒരു ഇഷ്ടം, ഐക്യം, സന്തോഷം ഒക്കെയുണ്ടാകും. അന്നും ഞാൻ കൊല്ലത്തിൽ രണ്ട് സിനിമയൊക്കെയെ ചെയ്യാറുള്ളൂ. ഇടക്കാലത്ത് മൂന്നു പടങ്ങൾ ഒരു വർഷം ചെയ്തു. എല്ലാക്കാലത്തും ഈ അകൽച്ചയുണ്ട്. പക്ഷേ, ടി.വി വന്നപ്പോൾ നമ്മുടെ സിനിമകൾ ആവർത്തിച്ച് ആളുകൾ കാണുമല്ലോ, അപ്പോൾ അവർക്ക് നമ്മൾ പരിചിതരാകും. അതുകൊണ്ട് കുറെക്കാലും വിട്ടുനിന്നാലും നമുക്ക് കുഴപ്പം ഒന്നുമില്ല.

സിനിമ ഇല്ലാതിരുന്ന കാലത്ത് ജീവിക്കാൻ എന്ത് ചെയ്തു?

എനിക്ക് 20 കൊല്ലമായി ഒരു എൽ.ഐ.സിയുടെ ഏജൻസിയുണ്ട്. ജീവിക്കണ്ടേ! വ്യക്തിപരമായ വളർച്ചയ്ക്കും മറ്റുള്ളവരുമായുള്ള ബന്ധം രൂപപ്പെടുത്തുന്നതിലും എന്നെ എന്റെ ജോലി സഹായിച്ചിട്ടുണ്ട്. പൊതുവെ അത്തരം കാര്യങ്ങളിലൊക്കെ ഞാനൊരു പരാജയമാണ്. ഒരു കലാകാരൻ എന്ന് പറഞ്ഞാൽ വല്യ സംഭവം ഒന്നുമല്ല. ചെറിയൊരു സംഭവമാണ്. ചിലപ്പോൾ സമൂഹത്തിന് അയാളെ സഹിക്കാൻ തന്നെ പറ്റിയെന്ന് വരില്ല. റിയൽ തലത്തിൽ മറ്റുള്ള വ്യക്തികളോട് ഇടപഴകാനും സംസാരിക്കാനും ഒക്കെ ജോലിയിലൂടെയാണ് ഞാൻ പഠിച്ചത്. മൂന്നു നാല് കൊല്ലം സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചതിനെക്കാൾ കൂടുതൽ ഞാൻ ജീവിതം പഠിച്ചതും വ്യക്തികളെ മനസ്സിലാക്കാൻ പഠിച്ചതും ജോലിയിലൂടെയാണ്. നമുക്ക് ഒട്ടും പറ്റാത്ത ഒരു ജോലിയാണ് പക്ഷേ, അത് നേട്ടങ്ങൾ തരും. ജീവിതം ഇല്ലാത്തവന് എന്ത് കല? ജീവിതം ഉള്ളവർക്കല്ലേ കലയുടെ ആവശ്യമുള്ളൂ. അല്ലാതെ ജീവിതം ഇല്ലാത്തവന്റെ കല കൊണ്ട് ലോകത്തിന് എന്താവശ്യം?

കലയോട് ഒരു 'ലവ്-ഹേറ്റ്' ബന്ധമാണോ?

ഇത് സ്വബോധത്തിൽ നമ്മളിൽ ഉണ്ടാകുന്ന അനലിറ്റിക്കൽ പ്രക്രിയ അല്ല. ഇത് പ്രകൃതിയിൽ ഉണ്ടാകുന്ന മഴ പോലെയോ, വീശുന്ന കാറ്റ് പോലെയൊ ഒക്കെ ഉണ്ടാകുന്ന അവസ്ഥാവിശേഷങ്ങളാണ്. നമ്മൾ കാറ്റ​ഗറൈസ് ചെയ്ത് അധ്യാപകരെപ്പോലെ പഠിപ്പിച്ച്... നമ്മളെക്കൊണ്ട് അത് പറ്റില്ല. കുറെ നന്നാകും, കുറെ മോശമാകും, കുറെ ആളുകൾ ഇഷ്ടപ്പെടും, കുറെ ആളുകൾ വെറുക്കും. നമ്മൾ അതിലൂടെ കടന്നുപോകും. നാളെ ഇപ്പോൾ ഇത് ചെയ്യാൻ പറ്റുമോയെന്ന് അറിയില്ല. പരിചയമുള്ള ആളുകൾ നമുക്ക് ചെയ്യാൻ പറ്റുന്ന തരത്തിലെ വേഷങ്ങൾ തരുമ്പോൾ പറ്റാവുന്നത് പോലെ ചെയ്ത് മിണ്ടാതെയിരിക്കുക.

(അഭിമുഖത്തിന്റെ പ്രസക്തഭാ​ഗങ്ങൾ. വ്യക്തതയ്ക്ക് വേണ്ടി സംഭാഷണം എഡിറ്റ് ചെയ്തിട്ടുണ്ട്.)

 

click me!