മറുനാട്ടുകാരന്റെ മലയാള പടം; ചലച്ചിത്ര മേളയിൽ 'വെളിച്ചം തേടി' വന്നതിനെ കുറിച്ച് സംവിധായകൻ

By Nithya Robinson  |  First Published Dec 20, 2024, 5:52 PM IST

വെളിച്ചം തേടി സിനിമയുടെ സംവിധായകന്‍ റിനോഷന്‍ സംസാരിക്കുന്നു. 


29ാമത് ചലച്ചിത്രമേളയ്ക്കിന്ന് തിരശ്ശീല വീഴുകയാണ്. ഒരുപിടി മികച്ച സിനിമകളെയും സംവിധായകരെയും സമ്മാനിച്ചു കൊണ്ടാണ് ഐഎഫ്എഫ്കെ അവസാനിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. വലിയ താരനിരയോ സന്നാഹങ്ങളോ ഇല്ലാതെ മികച്ച പ്രമേയവും തിരക്കഥയുമായെത്തി തിളങ്ങിയ ചിത്രമാണ് വെളിച്ചം തേടി. റിനോഷൻ ആണ് ചിത്രം സംവിധാനം ചെയ്തത്. സംഭാഷങ്ങളിലൂടെ മാത്രം അവതരിപ്പിക്കപ്പെടുന്ന കഥാപാത്രങ്ങളും സാഹചര്യങ്ങളുമായെത്തിയ ചിത്രം വന്ന വഴിയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഒൺലൈനിനോട് സംസാരിക്കുകയാണ് റിനോഷൻ. 

രണ്ടാം തവണ ഐഎഫ്എഫ്കെയിൽ 

Latest Videos

undefined

കഴിഞ്ഞ വർഷം ഫൈവ് ഫസ്റ്റ് ഡേറ്റ് എന്ന സിനിമയുമായി ഞാൻ ഐഎഫ്എഫ്കെയിൽ എത്തിയിരുന്നു. എന്റെ സിനിമ സെലക്ട് ചെയ്യുമെന്ന് ആ വർഷവും  ഈ വർഷവും വിചാരിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. ഡെലി​ഗേറ്റായി മേളയിൽ പങ്കെടുക്കാമെന്നാണ് കരുതിയത്. പക്ഷേ ഫൈവ് ഫസ്റ്റ് ഡേറ്റ് സർപ്രൈസായി തെരഞ്ഞെടുക്കുകയായിരുന്നു. വീണ്ടും ഈ വർഷം എത്തി ഫ്രണ്ട്സ് എല്ലാവരും ചേർന്നെടുത്തൊരു പടമാണ് വെളിച്ചം തേടി. സെലക്ട് ആകണമെന്ന് കരുതി അയച്ചതായിരുന്നില്ല പടം. പക്ഷേ സെലക്ട് ചെയ്തപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. കൺഫേർട്ട് സോണിൽ നിന്നും വിട്ടുകൊണ്ടാണ് ഞങ്ങളീ വെളിച്ചം തേടി ചെയ്യുന്നത്. ആ ചിത്രം ചലച്ചിത്രമേളയിൽ എത്തി അതെല്ലാവരും ഏറ്റെടുത്തപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം. 

ഡ്രാമ ജോണറിലുള്ളൊരു പടമാണ് വെളിച്ചം തേടി. സ്റ്റെപ് ബ്രദർ, സിസ്റ്റർ കഥയാണ് ചിത്രം പറഞ്ഞത്. രണ്ട് സാഹചര്യങ്ങളിൽ വളർന്നവരാണ് ഇവർ. അതിന്റേതായ പ്രശ്നങ്ങളുമുണ്ട്. അമ്മയെ രണ്ട് തരത്തിൽ നോക്കിക്കാണുന്ന മക്കളാണ് ഇവർ. അമ്മ മരിച്ച് വർഷങ്ങൾക്ക് ശേഷം ഇരുവരും നേരിൽ കാണുന്നതും അതിന് പിന്നാലെ നടക്കുന്ന കാര്യങ്ങളുമാണ് വെളിച്ചം തേടി പറഞ്ഞത്. 

അഞ്ച് ദിവസത്തിലെടുത്ത പടം

സിനിമ പാഷനായി കൊണ്ടു നടന്നവരായിരുന്നു വെളിച്ചം തേടിയിൽ പ്രവർത്തിച്ചത്. അതുകൊണ്ട് പ്രൊഡക്ഷൻ വേളയിൽ പ്രശ്നങ്ങളോ കഷ്ടപ്പാടുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എല്ലാ പടത്തിലെയും പോലെ ബജറ്റ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും വളരെ കുറവ് ചെലവ് മാത്രമെ ഞങ്ങൾക്ക് വന്നുള്ളൂ. ആ ബജറ്റിൽ തന്നെ സിനിമ പൂർത്തിയാക്കാനും സാധിച്ചു. ജൂണിലാണ് വെളിച്ചം തേടിയുടെ സ്ക്രിപ്റ്റ് ഞാൻ പൂർത്തിയാക്കുന്നത്. ശേഷം അഭിനേതാക്കൾക്ക് ഇതയച്ച് കൊടുത്തു. പിന്നീട് ആക്ടിംഗ് വർക്ക് ഷോപ്പുകൾ നടത്തി. അഞ്ച് ദിവസമാണ് ഷൂട്ടിനായി വേണ്ടി വന്നത്. അത്രയും ദിവസത്തിൽ പടം പൂർത്തിയാക്കാൻ പറ്റുമോന്ന് ടെൻഷൻ ഉണ്ടായിരുന്നുവെങ്കിലും ഭം​ഗിയായി എല്ലാം ചെയ്യാനായി. കോർപ്പറേറ്റ് ജോലിക്കാരാണ് ഞാൻ ഉൾപ്പടെയുള്ള സിനിമയിലെ അണിയറ പ്രവർത്തകർ. ബാം​ഗ്ലൂരിലാണ് എല്ലാവരും. അവിടെ തന്നെയായിരുന്നു ഷൂട്ടിങ്ങും. 

കമൽഹാസന്റെ വലിയൊരു ആരാധകൻ

പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ഒരു സിനിമയെ കുറിച്ച് ഞാൻ ചിന്തിക്കുന്നത്. ഫ്രണ്ട്സ് എല്ലാവരും ചേർന്നൊരു ഷോർട്ട് ഫിലിം ചെയ്യാമെന്ന് തീരുമാനിച്ചു. പ​ക്ഷേ അന്നത് നടന്നില്ല. അന്ന് മുതൽ ഞാൻ തിരക്കഥകളെ കുറിച്ച് പഠിക്കാൻ തുടങ്ങി. കഥ അല്ലെങ്കിൽ തിരക്കഥ എഴുതുന്നത് വളരെ ഇൻട്രസ്റ്റിങ്ങായി തോന്നി. പിന്നാലെ എഴുതാനും തുടങ്ങി. അത് ഞാൻ എൻജോയ് ചെയ്യാനും തുടങ്ങിയിരുന്നു. കോളേജിൽ കയറിയത് മുതൽ ഷോർട്ട് ഫിലിമുകൾ ഞാൻ എടുക്കാൻ തുടങ്ങി. അവിടം മുതലാണ് എന്റെ സിനിമായാത്ര ആരംഭിച്ചതെന്ന് പറയാം. കുട്ടിക്കാലം മുതൽ കമൽഹാസന്റെ വലിയ ആരാധകനാണ് ഞാൻ. അദ്ദേഹത്തിന്റെ ഒത്തിരി പടങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹമാണെന്റെ പ്രചോദനം.

Exclusive:'ഐഎഫ്എഫ്കെയില്‍ അടുത്ത തവണ ക്യൂ നിന്ന് വലയേണ്ട' : ചലച്ചിത്ര അക്കാദമി പുതിയ സംവിധാനം ആലോചിക്കുന്നു

മലയാളിയല്ല, പക്ഷേ മലയാള സിനിമ എടുത്തു

ഞാൻ ജനിച്ച് വളർന്നത് ​ഗൂഡല്ലൂർ ആണ്. കേരള, കർണാടക, തമിഴ്നാട് ബോർഡറാണ് ഈ സ്ഥലം. അവിടെ നിറയെ മലയാളികളുണ്ടായിരുന്നു. അന്നൊന്നും മലയാളം എനിക്കറിയില്ല. ഇപ്പോഴെനിക്ക് പറയാൻ അറിയില്ല. പക്ഷേ പറയുന്നത് മനസിലാകും. ഫ്രണ്ട്സ് എല്ലാവരും മലയാളികളാണ്. അവരെ വച്ചൊരു പടമെടുക്കണം എന്നുണ്ടായിരുന്നു. അവർക്ക് തമിഴ് അങ്ങനെ അറിയില്ല. ഒടുവിൽ ഞാനൊരു മലയാള സിനിമ എടുക്കാമെന്ന് കരുതി എടുത്തതാണ് വെളിച്ചം തേടി. കഴിഞ്ഞ വർഷം മുതലുള്ള എല്ലാ മലയാള സിനിമകളും എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടിരുന്നു. ഇപ്പോഴും മലയാള സിനിമകൾ തുടരെ കാണാറുണ്ട്. അടുത്തൊരു തമിഴ് സിനിമ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 

ഫെസ്റ്റിവലിന് മാത്രമായി സിനിമയോ ?

കൊമേഷ്യൻ, പരസ്യ, ഫെസ്റ്റിവൽ എന്നിങ്ങനെ സിനിമയെ വ്യത്യാസപ്പെടുത്തുന്നതിനോട് തീരെ താൽപര്യമില്ലാത്ത ആളാണ് ഞാൻ. എന്നിലൊരു ഐഡിയ ഉണ്ട്. അതിനോട് നീതി പുലർത്തി സിനിമ ചെയ്യുക എന്നതാണ്. നാളെയൊരു സിനിമയിൽ ആക്ഷൻ വേണമെങ്കിൽ അത് ഞാൻ ചെയ്യും. ഫെസ്റ്റിവലിന് വേണ്ടി മാത്രം സിനിമ എടുക്കാനും താല്പര്യമില്ല. അടുത്ത സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോൾ.   

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!