300 അപേക്ഷകൾ, 500 മെയിലുകൾ, ഒടുവിൽ സ്വപ്നം കണ്ട ജോലി തേടി വന്നു; പിന്നിട്ട കഷ്ടപ്പാടുകളെ കുറിച്ച് യുവാവ്

By Web Desk  |  First Published Jan 5, 2025, 12:58 AM IST

തൊഴിലില്ലായ്മയുടെ സമ്മർദ്ദവും വിസ കാലാവധി തീരുമോ എന്ന ഭയവും ആകെ തകർത്തു കളഞ്ഞു. കിടപ്പാടമില്ലാതെ പലപ്പോഴും സുഹൃത്തുക്കളുടെ താമസ സ്ഥലങ്ങളിലാണ് ഉറങ്ങിയതെന്ന് യുവ എഞ്ചിനീയർ.


ആഗ്രഹിച്ച ജോലി നേടുക എന്നത് ജീവിതത്തിലെ വലിയ സന്തോഷങ്ങളിൽ ഒന്നാണ്. ആ കടമ്പ കടക്കാൻ താൻ പിന്നിട്ട പ്രയാസങ്ങൾ വിവരിക്കുകയാണ് ഇന്ത്യൻ വംശജനായ യുവാവ്. 300ൽ അധികം അപേക്ഷകൾ അയച്ചു. 500ലേറെ ഇ മെയിലുകൾ അയച്ചു. 10 ഇന്‍റർവ്യൂകളിൽ പങ്കെടുത്തു. ഇതെല്ലാം കഴിഞ്ഞ ശേഷമാണ് തനിക്ക് ടെസ്‍ലയിൽ സ്വപ്നതുല്യമായ ജോലി ലഭിച്ചതെന്ന് എഞ്ചിനീയറായ ധ്രുവ് ലോയ പറഞ്ഞു.

അമേരിക്കയിലാണ് ധ്രുവ് ലോയ ഉപരിപഠനം നടത്തിയത്. തൊഴിലന്വേഷണത്തിനൊപ്പം കർശനമായ വിസ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നെന്ന് ധ്രുവ് ലോയ ലിങ്ക്ഡിനിൽ കുറിച്ചു. ഉയർന്ന മാർക്കും മൂന്ന് ഇൻ്റേൺഷിപ്പുകളും പൂർത്തിയാക്കിയിട്ടും ജോലി ലഭിക്കാൻ പാടുപെട്ടെന്ന് യുവ എഞ്ചിനീയർ പറയുന്നു. തൊഴിലില്ലായ്മയുടെ സമ്മർദ്ദവും വിസ സ്റ്റാറ്റസ് നഷ്ടപ്പെടുമോ എന്ന ഭയവും ആകെ തകർത്തു കളഞ്ഞു. കിടപ്പാടമില്ലാതെ പലപ്പോഴും സുഹൃത്തുക്കളുടെ താമസ സ്ഥലങ്ങളിലാണ് ഉറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. 

Latest Videos

സാഹചര്യങ്ങൾ പ്രതികൂലമായിരുന്നെങ്കിലും ഒരു ജോലിക്കായി ആത്മാർത്ഥമായി ശ്രമം തുടർന്നെന്ന് ധ്രുവ് പറഞ്ഞു. ജോലി കിട്ടാതെ വിസ കാലാവധി തീർന്ന് അമേരിക്കയിൽ നിന്ന് മടങ്ങേണ്ടി വരുമോയെന്ന് ഭയന്നു. ലിങ്ക്ഡിൻ, ഇൻഡീഡ്, ഹാൻഡ്ഷെയ്ക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ തൊഴിൽ അന്വേഷണം തുടർന്നു. ബയോഡാറ്റ ചാറ്റ്ജിപിടി ഉപയോഗിച്ച് മെച്ചപ്പെടുത്തി. അഞ്ച് മാസത്തെ പരിശ്രമത്തിനൊടുവിൽ ടെസ്‍ലയിൽ ടെക്നിക്കൽ സപ്പോർട്ട് സ്പെഷ്യലിസ്റ്റായി ജോലി കിട്ടിയതിന്‍റെ സന്തോഷത്തിലാണ് ധ്രുവ്.

സ്ഥിരോത്സാഹത്തിൻ്റെയും പോസിറ്റീവ് മാനസികാവസ്ഥയുടെയും ആവശ്യകത ഊന്നിപ്പറഞ്ഞാണ് ധ്രുവ് ലോയ കുറിപ്പ് അവസാനിപ്പിച്ചത്. തൊഴിലന്വേഷിച്ച് കിട്ടാതെ വരുമ്പോൾ നിരാശരായി മാനസികാരോഗ്യം നഷ്ടപ്പെടാതെ നോക്കണം. മികച്ച അക്കാദമിക് പശ്ചാത്തലവും ഇൻ്റേൺഷിപ്പും ഉണ്ടായിരുന്നിട്ടും തനിക്ക് ജോലി കിട്ടാൻ സമയമെടുത്തു. വിജയം പലപ്പോഴും ആവർത്തിച്ചുള്ള പരിശ്രമത്തിന് ശേഷമാണ് തേടിവരികയെന്ന് ഈ യുവ എഞ്ചിനീയർ ഓർമിപ്പിക്കുന്നു. 

'രണ്ടര മാസം പഠിച്ചു, കിട്ടി എന്നല്ല'; ഐഇഎസ് പരീക്ഷയിൽ ഈ വർഷം യോഗ്യത നേടിയ ഏക മലയാളി; വിജയ രഹസ്യവുമായി അൽ ജമീല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

click me!