അഞ്ചു വർഷത്തെ പോസ്റ്റ് ഗ്രാജ്വേഷൻ കോഴ്സിൽ ഒരു ബാച്ചിൽ 20 കുട്ടികൾ വീതമാണ് ഉള്ളത്. ഓരോ വർഷവുമുള്ള സർവകലാശാലയുടെ പ്രവേശന പരീക്ഷയിലൂടെയാണ് കോഴ്‌സിലേക്കുള്ള പ്രവേശനം നൽകുന്നത്.
തിരുവനന്തപുരം: മാർച്ച് 23 ലോക കാലാവസ്ഥ ദിനം."നിങ്ങൾ ശാസ്ത്രത്തിന് പിന്നിൽ ഒന്നിക്കണം. നിങ്ങൾ നടപടിയെടുക്കണം. നിങ്ങൾ അസാധ്യമായത് ചെയ്യണം. കാരണം ഇതിൽ ഉപേക്ഷ വിചാരിക്കുന്നത് ഒരിക്കലും ഒരു നല്ല നിലപാട് ആയിരിക്കില്ല" കാലാവസ്ഥ മാറ്റങ്ങൾക്ക് എതിരെ പ്രവർത്തിക്കാൻ കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബെർഗ് നൽകുന്ന പ്രചോദനദായകമായ വാക്കുകൾ. അതെ, ശാസ്ത്രത്തിന് പിന്നിലാണ് അണിനിരക്കേണ്ടത്, ശാസ്ത്രമാണ് നമ്മെ നയിക്കേണ്ടത്. കാലാവസ്ഥ മാറ്റങ്ങളെ കുറിച്ച് ആധികാരികമായി പഠിക്കാൻ, പ്രസ്താവിക്കാൻ, നയിക്കാൻ കഴിയുന്ന കാലാവസ്ഥ ശാസ്ത്രം പഠിച്ച യുവതലമുറ മുന്നിൽ വരേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നു.
കാലാവസ്ഥ വ്യതിയാന പഠനങ്ങളിൽ ബിരുദവും ബിരുദാനന്തര കോഴ്‌സുകളും നടത്തുന്ന രാജ്യത്തെ ഒരേയൊരു കാലാവസ്ഥ പഠനകേന്ദ്രമാണ് കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കാലാവസ്ഥ വ്യതിയാന പഠന ഗവേഷണ അക്കാദമി. തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. അഞ്ചു വർഷത്തെ പോസ്റ്റ് ഗ്രാജ്വേഷൻ കോഴ്സിൽ ഒരു ബാച്ചിൽ 20 കുട്ടികൾ വീതമാണ് ഉള്ളത്. ഓരോ വർഷവുമുള്ള സർവകലാശാലയുടെ പ്രവേശന പരീക്ഷയിലൂടെയാണ് കോഴ്‌സിലേക്കുള്ള പ്രവേശനം നൽകുന്നത്. അന്തരീക്ഷാവസ്ഥാ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിന് വേണ്ടി അന്തരീക്ഷാവസ്ഥാ നിരീക്ഷണാലയം കൂടെ അക്കാഡമിയുടെ ഉള്ളിൽ സ്ഥാപിച്ചിട്ടുണ്ട്.
undefined
ഡോ. പി.ഒ നമീറാണ് ഇപ്പോൾ അക്കാഡമിയുടെ മേധാവി. കാലാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും വൈദഗ്ദ്യം നേടുന്ന വിധമുള്ള കോഴ്‌സ് ഘടനയാണ് വികസിപ്പിച്ചിരിക്കുന്നത് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. പഠനശേഷം കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഏത് മേഖലയിലും തുടർപഠനം നടത്താൻ ഇത് വിദ്യാർത്ഥികളെ കരുത്തരാക്കും. പഠനം കഴിഞ്ഞിറങ്ങിയ വിദ്യാർഥികൾ അന്താരാഷ്ട്ര തലത്തിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ എഴുപത്തഞ്ചോളം പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും വിവിധ യോഗങ്ങളിലും കോൺഫെറെൻസുകളിൽ പ്രബന്ധാവതരണം നടത്തുകയും ചെയ്തിട്ടുണ്ട്.
കാലാവസ്ഥ മാറ്റങ്ങളോടും ഏറിവരുന്ന ആഗോളതാപനത്തോടും ഭൂമി പൊരുതിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ തന്നെ അസഹനീയമായ ചൂടാണ് കേരളത്തിൽ. വരും ദിവസങ്ങളിൽ വേനൽ അതിന്റെ മൂർദ്ധന്യത്തിലെത്തുന്നതോടെ ചൂടിന്റെ കാഠിന്യവും വർധിച്ചു വരും. അതുപോലെയാണ് പ്രളയവും, നമുക്കൊട്ടും പരിചിതമല്ലാത്തതാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വ്യത്യസ്തമായ അന്തരീക്ഷാവസ്ഥ മാറ്റങ്ങളിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോകുന്നത്. കൊടുങ്കാറ്റ്, പേമാരി, കടുത്ത ചൂട്, ഉഷ്‌ണ തരംഗങ്ങൾ, ശീത തരംഗങ്ങൾ തുടങ്ങി ഡൽഹിയിലും മറ്റുമായി ഉണ്ടായ വായുമലിനീകരണങ്ങൾ വരെ.
മനുഷ്യന്റെ കൈകടത്തലുകളാണ് അന്തരീക്ഷവസ്ഥ-കാലാവസ്ഥ മാറ്റങ്ങളെ ഇത്രകണ്ട് ത്വരിതപ്പെടുത്തുന്നത്. ഇതിനെതിരെ പ്രതികരിക്കുന്ന ഒരു സമൂഹമുണ്ടാക്കി എടുക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. കാലാവസ്ഥ വ്യതിയാന പഠന ഗവേഷണ അക്കാദമിയെ പോലുള്ള പഠന കേന്ദ്രങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുമ്പോൾ ഈ മേഖലയിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന യുവതലമുറയെയാണ്, ഭാവിയിലേക്കുള്ള നമ്മുടെ കരുത്തിനെയാണ് വാർത്തെടുക്കുന്നത്. ഈ കാലാവസ്ഥ വിദഗ്ദ്ധരുടെ സേവനം പഞ്ചായത്തു ലെവലുകളിൽ നിന്ന് തുടങ്ങി ദേശീയ തലത്തിൽ വരെ വിവിധ മേഖലകളിൽ ഉറപ്പുവരുത്തുന്നത് ഭാവിയിലേക്കുള്ള വലിയൊരു മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല. പരിസ്ഥിതിയുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് സംസ്ഥാന-കേന്ദ്ര സർക്കാരുകളെടുക്കുന്ന മുന്നേറ്റങ്ങളിലൂടെ കാലാവസ്ഥ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന ആഘാതങ്ങൾ ഒരുപരിധി വരെ കുറക്കാൻ സാധിക്കും