മകളെ നെഞ്ചോടുചേർത്ത്, മകനെ കൂടെക്കൂട്ടി ജോലി ചെയ്യുന്ന സൊമാറ്റോ ഡെലിവറി ജീവനക്കാരന്‍; വൈറൽ വീഡിയോ

By Web Team  |  First Published Aug 23, 2022, 4:45 PM IST

കുഞ്ഞുമകളെ ബേബി കാരിയറിൽ നെഞ്ചോട് ചേർത്ത്, മകനെയും ഒപ്പം കൂട്ടിയാണ് ഇയാൾ ഫുഡ് ഡെലിവറി ചെയ്യാനെത്തിയത്. 


ദില്ലി: ദിനം പ്രതി നൂറുകണക്കിന് വാർത്തകളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിലൂടെ നമ്മളിലേക്കെത്തുന്നത്. അവയിൽ ചിരിക്കാനും ചിന്തിക്കാനും ഉള്ളവയുണ്ടാകും.  അപൂർവ്വം ചില ദൃശ്യങ്ങൾ നമ്മുടെ കണ്ണുകളെ ഈറനണിയിക്കും. സൊമാറ്റോ ഡെലിവറി  ജീവനക്കാരന്റെയും  അയാളുടെ രണ്ട് കുഞ്ഞുങ്ങളുടെയും വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിൽ വൈറലാകുന്നത്. ഫുഡ് ഡെലിവറി ജീവനക്കാരെ കുറിച്ചുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും നാം കണ്ടിട്ടുണ്ടെങ്കിലും ഇത് അതിൽ നിന്നെല്ലാം വ്യത്യസ്തമാകുന്നുണ്ട്. 

സൗരഭ് പഞ്ച്വാനി എന്ന ഫുഡ് വ്ലോ​ഗറാണ് ഈ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ഞുമകളെ ബേബി കാരിയറിൽ നെഞ്ചോട് ചേർത്ത്, മകനെയും ഒപ്പം കൂട്ടിയാണ് ഇയാൾ ഫുഡ് ഡെലിവറി ചെയ്യാനെത്തിയത്. രണ്ട് കുഞ്ഞുങ്ങളെയും കൊണ്ടാണ് ഇയാൾ ഫുഡ് ഡെലിവറിക്കായി ഓരോ സ്ഥലത്തും എത്തുന്നത്. മകൻ ജോലിയിൽ സഹായിക്കുമെന്ന് ഇയാൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. അതുപോലെ ജോലിയെക്കുറിച്ചും കുട്ടികളെക്കുറിച്ചും സൗരഭ് പഞ്ച്വാനി ഇയാളോട് ചോ​ദിക്കുന്നുണ്ട്. 

Latest Videos

കുടുംബം നോക്കണം, ഡെലിവറി ബോയിയായി ഏഴു വയസുകാരൻ; വീഡിയോ വൈറൽ, ഇടപെട്ട് സൊമാറ്റോ

''ഈ വീഡിയോ വളരെയധികം പ്രചോദനം നൽകുന്നതാണ്. ദിവസം മുഴുവൻ ഈ കുട്ടികളെയും കൊണ്ട് വെയിലും കൊണ്ടാണ് ഈ സൊമാറ്റോ ജീവനക്കാരൻ ജോലി ചെയ്യുന്നത്. ഒരാൾക്ക് ദൃഢനിശ്ചയമുണ്ടെങ്കിൽ എന്തും ചെയ്യാൻ കഴിയുമെന്ന് ഈ വീഡിയോയിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.'' വീഡിയോ പങ്കുവെച്ചു കൊണ്ട് സൗരഭ് പഞ്ച്വാനി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ വൈറലായി. 'ഈ ജീവനക്കാരന്റെ ഡീറ്റെയിൽസ് പ്രൈവറ്റ് മെസേജായി അയക്കൂ, എന്നാൽ മാത്രമേ തങ്ങൾക്ക് ഈ ജീവനക്കാരനെ സഹായിക്കാൻ കഴിയൂ' എന്നായിരുന്നു സൊമാറ്റോയുടെ പ്രതികരണം. വീഡിയോയ്ക്ക് താഴെ കമന്റായിട്ടാണ് സൊമാറ്റോ ഇക്കാര്യം അറിയിച്ചത്. 79 ല​​ക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. പത്ത് ലക്ഷം പേരാണ് ലൈക്ക് അറിയിച്ചത്. കുടുംബം നോക്കാന്‍ സൊമാറ്റോ ഡെലിവറി ബോയ്  ആയി ജോലി ചെയ്യുന്ന ഏഴുവയസ്സുകാരന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

 

click me!