പതിനെട്ടാമത്തെ വയസ്സിലാണ് തൃശൂർ ജില്ലയിലെ ആനവിഴുങ്ങി വൃന്ദാവൻ അങ്കണവാടിയിൽ കൈരളി ഹെൽപറായി ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീടിങ്ങോട്ട് പഠനത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചുമില്ല, പഠിക്കാനും ശ്രമിച്ചില്ല.
തൃശൂർ: 25 വർഷം മുമ്പ് അവസാനിപ്പിച്ച പഠനം വീണ്ടെടുത്ത്, മിന്നുന്ന വിജയം നേടിയിരിക്കുകയാണ് (Kairali Teacher) കൈരളി എന്ന അങ്കണവാടി അധ്യാപിക. അവസാന വർഷ ബിരുദ പരീക്ഷയെഴുതാൻ പോകുന്ന കൈരളിയുടെയും മകൾ ആതിരയുടെയും വാർത്തയും ചിത്രവും വൈറലായിരുന്നു. കഴിഞ്ഞ ദിവസമാണ് പരീക്ഷഫലം എത്തിയത്. നാട്ടിക ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിനിയായിരുന്ന ആതിരക്ക് ഡിസ്റ്റിംഗ്ഷനുണ്ട്! ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിഎ സോഷ്യോളജി ഫസ്റ്റ് ക്ലാസോടെയാണ് കൈരളി പാസ്സായിരിക്കുന്നത്!
പതിനെട്ടാമത്തെ വയസ്സിലാണ് തൃശൂർ ജില്ലയിലെ ആനവിഴുങ്ങി വൃന്ദാവൻ അങ്കണവാടിയിൽ കൈരളി ഹെൽപറായി ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീടിങ്ങോട്ട് പഠനത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചുമില്ല, പഠിക്കാനും ശ്രമിച്ചില്ല. പിന്നീടെപ്പോഴാണ് പഠിക്കാം എന്ന് തോന്നിയതിനെക്കുറിച്ച് കൈരളി പറയുന്നതിങ്ങനെ, ''പ്രീഡിഗ്രിക്ക് ഒരു വിഷയത്തിന് തോറ്റു. പിന്നീട് എഴുതിയില്ല. വീട്ടിലെ സാഹചര്യവും മോശമായിരുന്നു. അങ്ങനെ 18ാമത്തെ വയസ്സിൽ പഠനം നിർത്തി അംഗൻവാടിയിൽ താത്ക്കാലിക ജോലിയിൽ പ്രവേശിച്ചു. ഈ സമയത്തൊന്നും പഠനം എന്ന് ചിന്തിച്ചിട്ട് പോലുമില്ല. പിന്നീട് ജോലി സ്ഥിരമായതിന് ശേഷം വിദ്യാഭ്യാസം അത്യാവശ്യമാണെന്ന് തോന്നിയ സാഹചര്യങ്ങളെ നേരിടേണ്ടി വന്നപ്പോൾ തോന്നി, പഠനം വീണ്ടും തുടങ്ങിയാലോ എന്ന്. ഓപ്പൺ ഡിഗ്രിക്ക് ചേർന്നു കഴിഞ്ഞാൽ പ്ലസ് ടൂ തോറ്റ വിഷയം എഴുതാം. പിന്നെ നേരിട്ട് ഡിഗ്രിക്ക് ചേരാം എന്നറിഞ്ഞു. അങ്ങനെ 2019 ൽ പ്ലസ് ടൂ എഴുതി പാസ്സായി'', കൈരളി ടീച്ചറിന്റെ ബിരുദപരീക്ഷയിലെ ഫസ്റ്റ് ക്ലാസ് വിജയത്തിലേക്കുള്ള വഴി ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.
43ാമത്തെ വയസ്സിൽ ബിരുദപഠനം, ഒരേ കോളേജിൽ അവസാന വർഷ പരീക്ഷയെഴുതി അമ്മയും മകളും
മകൾ ആതിര ഡിഗ്രിക്ക് പ്രവേശനം നേടിയപ്പോൾ കൈരളിയും വിദൂര വിദ്യാഭ്യാസം വഴി ബിരുദപഠനത്തിന് തീരുമാനിച്ചു. അമ്മയുടെ തീരുമാനത്തിന് സർവ്വ പിന്തുണയും നൽകി മകൾ ആതിര ഒപ്പം നിന്നു. ഒപ്പം കൈരളിയുടെ ഭർത്താവ് മുരളീധരനും. അങ്ങനെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ വിദൂര വിദ്യാഭ്യാസം വഴി ബി എ സോഷ്യോളജിക്ക് ചേര്‍ന്നു. അങ്കണവാടി പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളത് കൊണ്ടാണ് സോഷ്യോളജി പഠനവിഷയമായി തെരഞ്ഞെടുത്തത്. ആദ്യ സെമസ്റ്റർ എഴുതി നോക്കട്ടെ, ജയിക്കുവാണെങ്കിൽ പഠനം തുടരാം എന്നായിരുന്നു ആദ്യതീരുമാനം.
ഒൻപത് മണി മുതൽ നാലുമണി വരെ അങ്കണവാടിയിൽ ജോലിക്ക് പോയി. അവിടുത്തെ ജോലി കഴിഞ്ഞ് വന്ന് പഠിച്ചു. റിസൾട്ട് വന്നപ്പോൾ കഠിനാധ്വാനത്തിന് ഫലവും കിട്ടി. ;ഞാനെങ്ങാനും തോറ്റുപോയാൽ മോൾക്ക് സങ്കടമാകുമോ' എന്ന് ചിന്തിച്ച ഒരമ്മയായിരുന്നു കൈരളി. എന്നാൽ വിദ്യാഭ്യാസം നേടാൻ പ്രായമൊരു പരിധിയേ അല്ലെന്ന് തെളിയിക്കാൻ കൈരളിക്ക് സാധിച്ചു. അമ്മയെക്കുറിച്ച് പറയാന്‍ അഭിമാനമാണെന്ന് ആതിരയും പറയുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടാനുള്ള തീരുമാനത്തിലാണ് ആതിര. തുടർപഠനത്തിന്റെ കാര്യത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് കൈരളി പറയുന്നു.
ആകാശമായവളെ പാടി, ഹൃദയങ്ങള്‍ കീഴടക്കി മിലന്‍; വിശേഷം പറഞ്ഞ് വൈറൽ പാട്ടുകാരനും മാഷും