ദിവസം 10 മണിക്കൂറെങ്കിലും പഠനത്തിനായി നീക്കിവെക്കുമായിരുന്നു എന്ന് വൈഭവ് പറയുന്നു.
ദില്ലി: കഴിഞ്ഞ വർഷത്തെ സിഎ പരീക്ഷയിൽ ദേശീയ തലത്തിൽ പത്താം റാങ്കോടെയാണ് രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ വൈഭവ് മഹേശ്വരി വിജയിച്ചത്. 2022 നവംബറിൽ നടന്ന പരീക്ഷയിൽ 800 ൽ 589 മാർക്കാണ് വൈഭവിന് ലഭിച്ചത്. ജയ്പൂരിലെ മാൻസരോവരിൽ ചായയും കച്ചോരിയും വിൽക്കുന്ന ചെറിയ കടയുണ്ട് വൈഭവിന്റെ പിതാവിന്. സാമ്പത്തികമായി മുൻപന്തിയിലുള്ള ഒരു കുടുംബത്തിൽ നിന്നല്ല വൈഭവിന്റെ വരവ്. എന്നാൽ തന്റെ സാമ്പത്തിക പരിമിതികളൊന്നും പഠനത്തെ ബാധിക്കാതിരിക്കാൻ ഈ ചെറുപ്പക്കാരൻ എപ്പോഴും ശ്രദ്ധാലുവായിരുന്നു. അച്ഛൻ ഇപ്പോൾ ചെയ്യുന്ന ജോലി ഉപേക്ഷിച്ച്, വിശ്രമജീവിതം നയിക്കണമെന്നാണ് ഇപ്പോൾ വൈഭവിന്റെ ആഗ്രഹം.
ദിവസം 10 മണിക്കൂറെങ്കിലും പഠനത്തിനായി നീക്കിവെക്കുമായിരുന്നു എന്ന് വൈഭവ് പറയുന്നു. ഇത്രയും മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞതിന്റെ പ്രചോദനം സഹോദരനാണെന്നും വൈഭവ് വെളിപ്പെടുത്തുന്നു. അദ്ദേഹം ചാർട്ടേർഡ് അക്കൗണ്ടന്റാണ്. പഠനത്തൊടൊപ്പം ഫിറ്റ്നെസിന്റെ കാര്യത്തിലും വൈഭവ് അതീവ ശ്രദ്ധാലുവാണ്. ഫിസിക്കൽ ഫിറ്റ്നെസ് നിലനിർത്താൻ എല്ലാ ദിവസവും ഫുട്ബോളും ക്രിക്കറ്റും കളിക്കും. സഹോദരനായ വരുൺ രണ്ട് വർഷം മുമ്പാണ് ചാർട്ടേർഡ് അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ചത്. അതോടെ ഈ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. ഇപ്പോൾ സഹോദരന്റെ പാത പിന്തുടർന്ന് പിതാവിന്റെ സ്വപ്നം പൂർത്തീകരിക്കാനുള്ള ആഗ്രഹത്തിലാണ് വൈഭവും.
പഠനസമയത്തെ മടുപ്പ് അകറ്റാൻ വെബ്സീരിസുകൾ കാണും. അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ ചെലവഴിക്കാനും സമയം കണ്ടെത്തുമായിരുന്നു. ഇതിനോടൊപ്പം തന്നെ അയൽപക്കത്തുള്ളവർക്കൊപ്പം നടക്കാനും പോകും. ഇക്കാര്യങ്ങളെല്ലാം തന്നെ പഠനത്തിന്റെ സമ്മർദ്ദം ലഘൂകരിക്കാൻ തന്നെ സഹായിക്കാറുണ്ടായിരുന്നു എന്നാണ് വൈഭവിന്റെ അഭിപ്രായം. 2022 നവംബർ 2 മുതൽ 17 വരെയാണ് സി എ ഇന്റർ എക്സാം നടന്നത്. ഫൈനൽ പരീക്ഷ നവംബർ 1നും.